റാണി അബ്ബക്ക, അറിയപ്പെടാതെ പോയ വീരാംഗന

ഇന്ത്യയുടെ പശ്ചിമ തീരവും അറേബ്യയും തമ്മിലുള്ള വ്യാപാര ബന്ധം 7 ആം നൂറ്റാണ്ടിൽ ശക്തമായിരുന്നു. ഈ വ്യാപാര ശ്രംഖലയിൽ കണ്ണും നട്ട് ഇന്ത്യയിലേക്ക് നേരിട്ട് കടൽപ്പാത കണ്ടെത്തുവാൻ യൂറോപ്യൻ ശക്തികൾ ശ്രമിക്കുന്ന കാലം. 1498 ൽ, വാസ്കോ ഡി ഗാമ കാപ്പാട് കപ്പലിറങ്ങിയതോടെ പോർട്ടുഗീസ് ഈ ഉദ്യമത്തിൽ വിജയിച്ച ആദ്യ യൂറോപ്യൻ ശക്തിയായി മാറി.

5 വർഷങ്ങൾക്കു ശേഷം 1503 ൽ പോർട്ടുഗീസുകാർ ഇന്ത്യയിലെ അവരുടെ ആദ്യത്തെ കോട്ട കൊച്ചിയിൽ കെട്ടിപ്പൊക്കി. പിന്നീട് ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിൽ കോട്ടകളുടെ ഒരു വലയം തന്നെ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ, മസ്ക്കറ്റ്, മൊസാംബിക്, ശ്രീലങ്ക, ഇന്തോനേഷ്യ, മക്കാവു എന്നിവിടങ്ങളിലൊക്കെ കോട്ടകൾ പണിയപ്പെട്ടു.

Image result for PRINCES ABBAKKA16 ആം നൂറ്റാണ്ട് വരെ ഇന്ത്യയിൽ പോർച്ചുഗീസ് ആധിപത്യം വെല്ലുവിളികളില്ലാതെ നിലകൊണ്ടു. ഇക്കാലയളവിൽ അവരോട് എതിരിട്ട തദ്ദേശീയ ശക്തികളൊക്കെയും പരാജയം രുചിച്ചു.

1526 ൽ മംഗലാപുരം കോട്ട പിടിച്ചെടുത്ത പോർച്ചുഗീസുകാരുടെ അടുത്ത ലക്ഷ്യം ഉള്ളാൾ പിടിച്ചെടുക്കുക എന്നതായി. ചൗത(Chowta) രാജവംശത്തിലെ തിരുമലരായർ മൂന്നാമന്റെ തലസ്ഥാന നഗരി കൂടിയായിരുന്നു ഉള്ളാൾ.

താവഴി ഭരണക്രമം (matrilineal rule) പിൻതുടർന്നിരുന്ന രാജവംശത്തിൽ, അടുത്ത അവകാശി തിരുമലരായന്റെ ഇളയ അനന്തരവളായ അബ്ബക്ക ആയിരുന്നു. വാൾപ്പയറ്റ്, അമ്പെയ്ത്ത്, കുതിരപ്പയറ്റ്, എന്നു വേണ്ട ഭരണതന്ത്രത്തിൽപ്പോലും കഴിവു തെളിയിച്ച വനിതയായിരുന്നു അബ്ബക്ക. ഉള്ളാളിന്റെ രാജ്ഞിയായി അധികാരം ഏറ്റെടുത്ത അബ്ബക്ക, വളർന്നു വരുന്ന പോർച്ചുഗീസ് ശക്തിയെക്കുറിച്ച് അതീവ ശ്രദ്ധാലുവായിരുന്നതിനാൽ അതിനെ ഏത് വിധേനയും പ്രതിരോധിക്കണമെന്ന് തീർച്ചപ്പെടുത്തി.

തിരുമലരായർ തന്റെ മരണത്തിന് മുന്നേ, മംഗലാപുരം രാജാവായ ലക്ഷ്മപ്പ ബംഗരാജ (Lakshmappa Bangaraja) യുമായി അബ്ബക്കയുടെ വിവാഹം നടത്തിയിരുന്നു. എന്നാൽ, ഉള്ളാളിന്റെ ഭരണാധികാരിയായിരുന്നതിനാൽ തന്റെ മൂന്ന് മക്കൾക്കൊപ്പം ഉള്ളാളിൽ തന്നെയായിരുന്നു അബ്ബക്ക കഴിഞ്ഞിരുന്നത്. പോർച്ചുഗീസുകാരുമായി ഒത്തുതീർപ്പിലെത്തിയ ലക്ഷ്മപ്പയുമായി ബന്ധം തുടരാൻ താത്പ്പര്യമില്ലാതിരുന്ന അവർ വൈകാതെ ഭർതൃബന്ധം ഉപേക്ഷിച്ചു.

Image result for PRINCES ABBAKKAരാജ്ഞിയുടെ കാര്യപ്രാപ്തി മൂലം തഴച്ചു വളർന്ന ഉള്ളാളിലെ കച്ചവടത്തിൽ കണ്ണുവെച്ച പോർച്ചുഗീസുകാർ, നികുതി ഈടാക്കാൻ ശ്രമം നടത്തിക്കൊണ്ടിരുന്നു. പക്ഷേ, അവരുടെ ഒരു ആവശ്യവും അംഗീകരിക്കാൻ റാണി തയ്യാറായില്ല.

രാജ്ഞിയുടെ ധാർഷ്ഠ്യത്തിൽ രോഷാകുലരായ പറങ്കികൾ ഉള്ളാളിനെ ആക്രമിക്കാനുള്ള ശ്രമം നിരന്തരം നടത്തിക്കൊണ്ടിരുന്നു. ആദ്യ ആക്രമണം 1556 ൽ നടന്നു. അഡ്മിറൽ ഡോൺ അൽവാരോ ഡി സിൽവേരാ( Admiral Don Alvaro Dsilveira) നയിച്ച പോർച്ചുഗീസ് നാവികപ്പടക്ക് നിൽക്കക്കള്ളിയില്ലാതെ യുദ്ധവിരാമത്തിന് നിർബന്ധിതരാകേണ്ടി വന്നു.

Image result for PRINCES ABBAKKAരണ്ടു വർഷങ്ങൾക്കു ശേഷം ശക്തമായ നാവികപ്പടയുമായി വീണ്ടുമെത്തിയ പറങ്കികൾ ഉള്ളാളിലെ
അധിവാസ പ്രദേശങ്ങൾ കൊള്ളയടിക്കുന്നതിൽ ഒരു പരിധിയോളം വിജയിച്ചു. എന്നാൽ അറബി മൂറുകളും (മൊറോക്കൻ അറബികൾ) സാമൂതിരിയുമായി നയതന്ത്രബന്ധം സ്ഥാപിച്ചെടുത്ത അബ്ബക്ക ഇത്തവണയും പറങ്കികളെ പ്രതിരോധിച്ചു.

അടുത്ത ഉദ്യമത്തിൽ ജൊവാവോ പീക്സോട്ടോ(João Piexoto) നയിച്ച പറങ്കിപ്പട ഉള്ളാൾ ആക്രമിക്കുകയും രാജകൊട്ടാരം കൊള്ളയടിക്കുകയും ചെയ്തു. പറങ്കികൾക്ക് പിടികൊടുക്കാതെ റാണി രക്ഷപ്പെട്ടു.
200 സൈനികർക്കൊപ്പം അർദ്ധരാത്രി പോർച്ചുഗീസ് ക്യാംപ് ആക്രമിച്ച അബ്ബക്ക, ജനറൽ പിക്സോട്ടോയേയും 70 പടയാളികളേയും കൊലപ്പെടുത്തി. പെട്ടന്നുള്ള ആക്രമണത്തിൽ ഭയചകിതരായ ശേഷിച്ച പടയാളികൾ തങ്ങളുടെ കപ്പലുകളിലേക്ക് ഓടി രക്ഷപ്പെട്ടു.

നിരന്തരമായ ആക്രമണങ്ങൾ കൊണ്ട് റാണിയെ കീഴ്പ്പെടുത്താനാവില്ലെന്നു ബോധ്യം വന്ന പറങ്കികൾ പുതിയൊരു പദ്ധതി ആവിഷ്കരിച്ചു. റാണിയുമായി ഏതൊരു വിധത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ശാസനങ്ങൾ പുറപ്പെടുവിച്ചു. റാണിയെ സഹായിക്കാനായി സൈന്യത്തെ അയച്ചാൽ തലസ്ഥാന നഗരി അഗ്നിക്കിരയാക്കും എന്ന് ഉത്തരവിറക്കി റാണിയുടെ ഭർത്താവായ ബംഗരാജയെ അവർ ഭീഷണിപ്പെടുത്തി.

Image result for PRINCES ABBAKKAഏതു വിധേനയും ഉള്ളാൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ഗോവ വൈസ്രോയിയായിരുന്ന ആന്റണി നൊറോണ(Anthony D Norohna) യെ ഉള്ളാളിലേക്കയച്ചു. 1581 ൽ, 3000 വരുന്ന സൈനികർക്കൊപ്പം ആൻറണി ഉള്ളാളിനെ അതി വെളുപ്പിന് ആക്രമിച്ചു. കുടുംബക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങി വരവേ ഈ വാർത്ത കേട്ട റാണി അബ്ബക്ക നേരെ പടക്കളത്തിലേക്ക് പാഞ്ഞു.

ഈയവസരത്തിൽ രാജ്ഞി പടയാളികളോടായി നടത്തിയ ആഹ്വാനം ശ്രദ്ധേയമാണ്. ” ജന്മഭൂമിയെ രക്ഷിക്കൂ. കരയിലും കടലിലും അവരോട് പടവെട്ടൂ. തെരുവുകളിലും കടൽക്കരയിലും അവരോട് പടവെട്ടൂ. അവരെ കടലിലേക്ക് പിന്തള്ളൂ”. രാജ്ഞിയുടെ ആഹ്വാനത്തിൽ ആവേശഭരിതരായ സൈന്യം തീയമ്പുകൾ കൊണ്ട് പറങ്കിക്കപ്പലുകൾ ആക്രമിച്ചു.നിരവധി കപ്പലുകൾ അഗ്നിക്കിരയാക്കപ്പെട്ടെങ്കിലും ആക്രമണത്തിൽ പരുക്കേറ്റ റാണിയെ ചതിയിൽപ്പെടുത്തി പറങ്കിപ്പട്ടാളം പിടികൂടി. അവസാന നിമിഷം വരെ പറങ്കി അധിനിവേശത്തെ സധൈര്യം വെല്ലുവിളിച്ച ആ ധീരവനിത തടവിൽ വെച്ച് അന്ത്യശ്വാസം വലിച്ചു.

റാണിയോടുള്ള ആദരസൂചകമായി 2003 ൽ ഇന്ത്യൻ തപാൽ വകുപ്പ് പ്രത്യേക സ്റ്റാംപ് പുറത്തിറക്കുകയുണ്ടായി. തങ്ങളുടെ ഒരു പട്രോൾ കപ്പലിന് റാണി അബ്ബക്കയുടെ പേരിട്ട് 2015 ൽ ഇന്ത്യൻ നേവിയും അവരെ ആദരിച്ചു.

(പോസ്റ്റിന് കടപ്പാട്)

Image result for PRINCES ABBAKKA

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.