Connect with us

Featured

കോവൂരിന്റെ സ്വന്തം നടൻ വിനോദ് കോവൂരിന്റെ അഭിനയ വിശേഷങ്ങൾ

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ വിനോദ രംഗത്ത് അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. നാടകം, സിനിമ, ഷോർട്ട് മൂവി , സീരിയൽ

 93 total views

Published

on

കോവൂരിന്റെ സ്വന്തം നടനാണ് പ്രേക്ഷകരുടെ പ്രിയങ്കരനായ വിനോദ് കോവൂർ. ഇതിനോടകം തന്റേതായ അഭിനയശൈലി കൊണ്ട് ദൃശ്യ വിനോദ രംഗത്ത് അദ്ദേഹം വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. നാടകം, സിനിമ, ഷോർട്ട് മൂവി , സീരിയൽ മേഖലകളിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയ അദ്ദേഹം അനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഹാസ്യ രംഗത്ത് പ്രേക്ഷകർ സ്വീകരിച്ച ശ്രദ്ധേയങ്ങളായ വേഷങ്ങൾ കൈകാര്യം ചെയ്തതുകൊണ്ടു ഒരു ഹാസ്യനടൻ എന്ന ലേബൽ ഉണ്ട് എങ്കിലും അദ്ദേഹം കൈകാര്യം ചെയ്യാത്ത വേഷങ്ങൾ ഇല്ല എന്നുതന്നെ പറയാം. വിനോദ് കോവൂർ എന്ന അഭിനേതാവിന്റെ കൂടുതൽ വിശേഷങ്ങൾ നമുക്ക് ചോദിച്ചറിയാം. ബൂലോകം ടീവിക്ക്‌ വേണ്ടി അദ്ദേഹത്തിനെ ഇന്റർവ്യൂ ചെയുന്നത് രാജേഷ് ശിവ .

***
ചോദ്യം : വിനോദ് കോവൂർ എന്ന നടൻ മലയാളികൾക്ക് സുപരിചിതനാണ്. അതുകൊണ്ടുതന്നെ മറ്റൊരു ആമുഖത്തിന്റെ ആവശ്യം ഇല്ല. എന്നാൽ ഒരു അഭിനേതാവിലേക്കുള്ള വഴി പ്രേക്ഷകർക്ക് വേണ്ടി ഒന്ന് പങ്കുവയ്ക്കുമോ ?

ഉത്തരം : എന്റെ കുട്ടിക്കാലം വളരെ സമ്പന്നമായിരുന്നു. എന്റെ ‘അമ്മ ഒരു ആക്ട്രസ് ആയിരുന്നു, അച്ഛൻ കലയെ ഒരുപാട് സ്നേഹിക്കുന്ന ഒരു വ്യക്തിയായിരുന്നു. കലാകാരന്മാർ ആയിരുന്നു അച്ഛന്റെ കൂട്ട്. എന്റെ ചേട്ടന്മാർ രണ്ടുപേരും കലാരംഗത്തു ഒക്കെ ഷൈൻ ചെയ്യുന്നവർ ആയിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽക്കു തന്നെ എന്നിൽ കല ഉണ്ടായിരുന്നു. അറിയാവുന്ന നാടകക്കാർക്ക് എല്ലാം അച്ഛൻ എന്നെ പരിചയപ്പെടുത്തുമായിരുന്നു. ഞാൻ അപ്പോൾ മിമിക്രി ഒക്കെ ചെയ്തു നടക്കുകയായിരുന്നു. നാടകത്തിൽ എന്നെ ബാലനടനായൊക്കെ കാസ്റ്റ് ചെയ്തു. അമ്മയും ഞാനും ഒന്നിച്ചു അഭിനയിച്ച നാടകങ്ങൾ ഉണ്ട്. ഞാൻ ഫോർത്ത് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ‘പാട്ടബാക്കി’ ‘പാഠം രണ്ട് ഭാരതം’, ‘കരിനിഴൽ’, ‘ചന്ദ്രോത്സവം’, ‘ശകുനി’ ഇങ്ങനെ കുറെ നാടകങ്ങളിൽ അഭിനയിച്ചു. ഫിഫ്ത് സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ചന്ദ്രോത്സവം എന്ന നാടകത്തിനു ആൾ കേരള നാടക മത്സരത്തിൽ മികച്ച ബാലനടനുള്ള അവാർഡ് കിട്ടി. അതൊക്കെ കലാരംഗത്തു എനിക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന നാളുകൾ ആയിരുന്നു.

പിന്നങ്ങോട്ട് സ്‌കൂൾ കലോത്സവങ്ങൾ, സ്‌കൂൾ നാടകങ്ങൾ അങ്ങനെ വളരെ സജീവമായി കലയിൽ മുഴുകാൻ സാധിച്ചു. കുട്ടിക്കാലം മുതൽ പ്രഗത്ഭരായ അഭിനേതാക്കളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു . അതാണ് എന്റെ സംബന്ധിച്ച് ഏറ്റവും വലിയൊരു ഭാഗ്യമായി കരുതുന്നത്. അങ്ങനെ കലയിൽ വളരെ സമ്പന്നമായൊരു കാലം എനിക്കുണ്ടായി. അതായിരുന്നു എന്റെ യൂണിവേഴ്സിറ്റി. അല്ലാതെ ഞാൻ മറ്റൊരിടത്തും പോയി അഭിനയം ഒന്നും പഠിച്ചിട്ടില്ല. കോളേജിൽ എത്തിയപ്പോൾ അവിടെ ഒരു താരമായി മാറാൻ സാധിച്ചു. മിമിക്രി, മോണോ ആക്റ്റ്, നാടകം, സംഗീതം , ഡാൻസ് ..അങ്ങനെ എല്ലാത്തിലും കയറി പയറ്റി. ഞാൻ പഠിച്ച കോഴിക്കോട് Zamorin’s Guruvayurappan College ആണ് എന്നെ ഞാൻ ആക്കിയത്. കലയെ അത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു കോളേജ് അന്ന് കോഴിക്കോട് ജില്ലയിൽ വേറെയില്ലായിരുന്നു. ആ കോളജിലെ മൂന്നുവർഷത്തെ പഠനം ആണ് വഴിത്തിരിവ്. അവിടെ നിന്നിറങ്ങുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു, ജീവിക്കുകയാണെങ്കിൽ ഒരു കലാകാരൻ ആയിട്ടേ ഞാൻ ജീവിക്കൂ..മറ്റൊരു ഫീൽഡിലേക്കും പോകില്ല എന്ന്. അത് ഇന്ന് ഞാൻ പ്രാവർത്തികമാക്കി. ഇന്ന് കലാകാരനായി തന്നെ ജീവിക്കാൻ സാധിക്കുന്നു.


ചോദ്യം : ഒരു ഹാസ്യനടൻ ആണ് ഏറ്റവുമധികം വെല്ലുവിളികൾ അഭിമുഖീകരിക്കുന്നത്. കാരണം അവന്റെ ഹാസ്യം കണ്ടു ജനം ചിരിച്ചില്ലെങ്കിൽ പണിപാളും. സെന്റിയോ വില്ലത്തരമോ ഒക്കെ തട്ടിമുട്ടി ചെയ്തുപോകാം. ഹാസ്യവേഷങ്ങൾ കൈകാര്യം ചെയുമ്പോൾ ഇത്തരമൊരു വെല്ലുവിളിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെ അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നു ?

ഉത്തരം : ശരിക്കും എന്റെ അഭിപ്രായത്തിൽ ഹാസ്യനടൻ എന്നൊരു നടൻ ഇല്ല. അങ്ങനെയൊരു അവാർഡ് കൊടുക്കാനേ പാടില്ല. ഒരു നടൻ എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാൻ കഴിവുള്ളവൻ ആയിരിക്കണം. സീരിയസ് മാത്രം ചെയ്യാനൊരു നടൻ, ഹാസ്യം മാത്രം ചെയ്യാനൊരു നടൻ, വില്ലൻ വേഷം മാത്രം ചെയ്യാനൊരു നടൻ അങ്ങനെയൊരു കാറ്റഗറിയുടെ ആവശ്യമേയില്ല. എന്നെ സംബന്ധിച്ചടുത്തോളം, ഞാൻ ചെയുന്ന കോമഡി പ്രേക്ഷർക്ക് ഇഷ്ടമായതുകൊണ്ടു ഞാൻ അത്തരം വേഷങ്ങൾ ചെയുന്നു. അതേസമയം, എനിക്ക് അവാർഡ് കിട്ടിയ നാടകങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഞാൻ വളരെ സീരിയസ് ആയ വേഷങ്ങളാണ് ചെയ്തത്. അതിലൊന്നും ഒരു ഹാസ്യവുമില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയ ‘അതേ കാരണത്താൽ ‘ എന്ന ഷോർട്ട് ഫിലിമിലെ എന്റെ അഭിനയം കണ്ടിട്ട്, കോമഡികൾ ഒക്കെ ചെയ്യുന്ന അതേ ആൾ തന്നെയാണോ ഇത് ചെയ്തത് എന്ന് എത്രയോ പേർ ചോദിച്ചിട്ടുണ്ട്. ഹാസ്യം ഫലിപ്പിക്കാൻ വലിയ പ്രയാസമാണ്. ഗൾഫ് ഷോയിൽ പങ്കെടുക്കുമ്പോൾ പത്തു നാല്പത്തായ്യിരത്തോളം പ്രേക്ഷകരുടെ മുന്നിൽ നമ്മൾ ഷോ ചെയ്യേണ്ടിവന്നിട്ടുണ്ട് . അത്രയും പ്രേക്ഷകരെ ചിരിക്കാൻ സാധിക്കുക എന്നത് വലിയൊരു കാര്യമായി തോന്നിയിട്ടുണ്ട്. ഞാനും സുരഭി ലക്ഷ്മിയും അവിടെ പോയി ഉണ്ടാക്കിയ ചിരിപ്പടക്കങ്ങൾ വളരെ വലുതായിരുന്നു. അതൊക്കെ കോഴിക്കോടൻ ഭാഷയുടെ ഒരു ലാളിത്യമായിട്ടാണ് ഞാൻ കാണുന്നത്. കോഴിക്കോടൻ ഭാഷയാണ് എന്നെ ഏറ്റവുമധികം സപ്പോർട്ട് ചെയ്തിട്ടുള്ള ഒരു ഘടകം. അതിൽ വെറുതെ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ ചിരിക്കുന്ന അവസ്ഥയാണ്. അതൊക്കെ ഒരു ഭാഗ്യമായി കാണുകയാണ്.


ചോദ്യകർത്താവ് : വിനോദേട്ടൻ പറഞ്ഞത് ശരിയാണ്. ഒരു നടൻ എല്ലാത്തരം വേഷവും ചെയ്യണം. കോമഡി ചെയ്ത ആ നടൻ തന്നെയാണോ ഈ സീരിയസ് വേഷത്തിലും ഉജ്ജ്വലമായി അഭിനയിച്ചത് എന്ന് പ്രേക്ഷകർ അത്ഭുതത്തോടെ ചോദിക്കുമ്പോൾ ആണ് ആ നടൻ യഥാർത്ഥത്തിൽ അംഗീകരിക്കപ്പെടുന്നത് .

ഉത്തരം : അതെ..അതെ… സുരാജേട്ടൻ ആയാലും ഇന്ദ്രൻസേട്ടൻ ആയാലും സലിംകുമാർ ചേട്ടൻ ആയാലും ഇവരെല്ലാം തമാശയിൽ നിന്നും വന്നിട്ട് സീരിയസ് നടന്മാർ ആയവരാണ്.


ചോദ്യം : ഒരു നടനിലെ കഥാപാത്ര രുപീകരണം അല്ലെങ്കിൽ കഥാപാത്രത്തെ തന്നിലേക്ക് സന്നിവേശിക്കുന്ന രീതി , വിനോദ് കോവൂർ എന്ന നടൻ അതിനു സ്വീകരിക്കുന്ന രീതി എന്താണ് ? സ്വന്തം ശൈലിയിൽ ചെയ്തു പോകുന്നതാണോ അതോ ബോധപൂർവ്വമുള്ള ചില വ്യക്തി നിരീക്ഷണങ്ങൾ നടത്തുന്നതിലൂടെയാണോ ?

ഉത്തരം : കുട്ടിക്കാലത്തു എനിക്ക് ഏറ്റവുമധികം സമ്മാനങ്ങൾ കിട്ടിയിട്ടുള്ളത് മിമിക്രിയിൽ ആയിരുന്നു. മിമിക്രി എന്നത് തന്നെ മറ്റുള്ളവരെ അനുകരിക്കുന്നത് ആണല്ലോ. നാലാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എന്റെ അധ്യാപകനെ ക്ലാസിൽ അനുകരിച്ചു കയ്യടി മേടിച്ചിട്ടുണ്ട്. വീട്ടിൽ ഒരാൾ അച്ഛനെ കാണാൻ വന്നാൽ അയാൾ പോയ ഉടനെ അയാളെ അനുകരിച്ചു കാണിക്കാറുണ്ടായിരുന്നു. മീൻ വിൽക്കാൻ വരുന്നവരെയൊക്കെ ഞാൻ നിരീക്ഷിക്കും . അവർ കൂവുന്നത് എങ്ങനെയാണ് , നടക്കുന്നത് എങ്ങനെയാണ് ….അങ്ങനെ ആ ഒരു നിരീക്ഷണപാടവം നേരത്തെ ഉണ്ടായിരുന്നു. ബസിൽ കയറിയാൽ ലോട്ടറി വിൽക്കാൻ വരുന്ന ആളുടെ ഓരോ മാനറിസങ്ങളും ഞാൻ ശ്രദ്ധിക്കും. വീട്ടിൽ ചെന്ന് അനുകരിച്ചു കാണിക്കും. അപ്പോൾ അമ്മയും അച്ഛനും ചിരിക്കും. അവർ ചിരിച്ചുകഴിഞ്ഞാൽ എനിക്കറിയാം ഇത് സക്സസ് ആയി എന്ന്. അത്തരം നിരീക്ഷണപാടവം കഥാപാത്ര രൂപീകരണത്തിന് വലിയ സഹായകമായിട്ടുണ്ട്.

Advertisement

ഇപ്പൊ സിനിമയിൽ ഒരു വേഷമുണ്ട് എന്ന് പറഞ്ഞാൽ , ഉടനെ ജീവിതത്തിൽ ആ കഥാപാത്രത്തിന് സമാനമായി എന്നെ സ്വാധീനിച്ച ഒരാളെ മനസിലേക്ക് സ്വാംശീകരിക്കും. ഇപ്പോഴത്തെ ഒരു സന്തോഷം, മറിമായം സീരിയലിൽ ഞാൻ ചെയ്യാത്ത വേഷം ഇല്ല എന്നുതന്നെ പറയാം. ഇനിയിപ്പോ സിനിമയിലേക്ക് ഏതു വേഷത്തിലേക്ക് വിളിച്ചാലും മാറിമായത്തിലെ ഏതെങ്കിലും ഒരു കഥാപാത്രമാകും അവിടെയും, അതിനെ ആവാഹിച്ചാൽ മതിയാകും . പത്തുവർഷത്തിനിടെ എന്തെല്ലാമായി… ഡോക്ടറായി, എൻജിനീയറായി, കലക്ടറായി, വക്കീലായി, മുടന്തനായി, പൊട്ടനായി… അങ്ങനെ എല്ലാ വേഷങ്ങളും ചെയ്തു. ശരിക്കും അതൊരു കളരിയാണ്, അതാണ് ഞങ്ങളുടെ യൂണിവേഴ്സിറ്റി.


ചോദ്യം : ഹാസ്യ സിനിമകളുടെ സുവര്ണകാലമുണ്ടായിരുന്നു. എന്നാൽ ഹാസ്യ സിനിമകൾ പരിധിവിട്ട് ഒടുവിൽ പരിഹാസമാകുന്ന അവസ്ഥയുണ്ടായി . പിന്നീട് ഹാസ്യ സിനിമകൾ അധികം ഉണ്ടാകുന്നുമില്ല. മലയാളി ചിരിക്കാൻ മറന്നതുകൊണ്ടാണോ അതോ കാലം മാറിയപ്പോൾ സീരിയസ് വിഷയങ്ങൾ ആണ് റിലീസിംഗ് പ്ലാറ്റ് ഫോമുകൾക്കു വേണ്ടതെന്ന ചിന്തയിൽ ഹാസ്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞതാണോ ?

ഉത്തരം : സിനിമകളിൽ എവിടെയെങ്കിലുമൊക്കെ അല്പം ഹാസ്യം കടന്നുവരുമെന്നല്ലാതെ ഹാസ്യത്തിന് വേണ്ടി മാത്രമായി ഇപ്പോൾ സിനിമകൾ വരാത്തത് വലിയൊരു നഷ്ടമാണ്. പഴയകാലത്തെ പൂച്ചക്കൊരു മൂക്കുത്തി പോലുള്ള ഒരു സിനിമയൊക്കെ ഇപ്പോൾ വന്നാൽ ഭയങ്കര സ്വീകാര്യത ഉണ്ടാകും. ജനങ്ങൾ എല്ലാം വലിയ ടെൻഷനിലാണ്. അവർക്കു ചിരിക്കാൻ മോഹമുണ്ടാകും. മാറിമായത്തിന്റെയും എം80 മൂസയുടേയുമൊക്കെ പഴയ എപ്പിസോഡുകൾ ആളുകൾ ആസ്വദിക്കുന്നുണ്ട്. ആളുകൾക്ക് ചിരിക്കാനാണ് താത്പര്യം. നല്ലൊരു ശതമാനം പ്രേക്ഷകരും ഹാസ്യ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നവർ ആണ്.


ചോദ്യം : ഇപ്പോൾ ഹാസ്യം കാണാൻ കഴിയുന്നതു ടെലിവിഷൻ പരമ്പരകളിൽ ആണ്. ഉപ്പുമുളകും, ചക്കപ്പഴം, തട്ടീംമുട്ടീം , മറിമായം, M80 മൂസ ഇവയിലൊക്കെ തന്നെ സാധാരണ മെഗാസീരിയലുകളുടെ നാടകീയത മുറ്റുന്ന അഭിനയത്തേക്കാൾ സ്വാഭാവിക അഭിനയങ്ങൾ ആണ് കാണാൻ കഴിയുന്നത്. ഒരു നടൻ എന്ന നിലയിൽ വിനോദ് ചേട്ടന് പറയാനുള്ളത്..

ഉത്തരം : സീരിയസ് ആക്റ്റിങ് , ഈസി ആക്റ്റിങ് ഇവ തമ്മിലുള്ള വ്യത്യാസമായിട്ടാണ് എനിക്ക് തോന്നുന്നത്. ചില മെഗാസീരിയലുകൾ കാണുമ്പൊൾ , അതിലെ ഡയലോഗുകൾ കേൾക്കുമ്പോൾ നമുക്ക് സങ്കടം തോന്നും.. ഇവർക്കൊന്നും ഇതുവരെ ഒരു മോചനം കിട്ടിയില്ലല്ലോ എന്നോർത്ത്. എന്നാൽ അതിനും പ്രേക്ഷകരുണ്ട് , കുടുംബ പ്രേക്ഷകർ ഒരുപാടുപേർ ഇതിനുവേണ്ടി കാതോർത്തിരിക്കുന്നവരാണ്. ശരിക്കും ഈസി ആക്ടിങ് പോലൊരു മാറ്റം കൊണ്ടുവന്നത് മറിമായം ആണ്. ലൈവ് റെക്കോർഡിങ് എന്ന പരീക്ഷണം കൊണ്ടുവന്നതേ മറിമായം ആണ്. അതിന്റെയൊക്കെ വിജയത്തിന് ശേഷമാണ് പിന്നെ തട്ടീംമുട്ടീം , ഉപ്പുമുളകും അങ്ങനെയുള്ളതൊക്കെ വരാൻ തുടങ്ങിയത്. മറിമായം ശരിക്കും സീരിയലുമല്ല സിനിമയുമല്ല നാടകവുമല്ല. ഇവ മൂന്നിന്റേയും ഇടയിലുള്ളൊരു സംഭവമായിട്ടാണ് തോന്നുന്നത്. സിനിമയിലെ രണ്ടുമൂന്നുപേർ മാറിമായത്തിൽ അഭിനയിക്കാൻ വന്നിട്ട് അവർക്കു പറ്റാതെ പോയിട്ടുണ്ട്. ഞങ്ങൾ അഹങ്കാരം പറയുന്നതല്ല. “അയ്യോ ഞങ്ങൾക്കിത് ശരിയാകില്ല കേട്ടോ, ഇത് നിങ്ങൾക്കേ പറ്റൂ…” എന്ന് പറഞ്ഞു പോയ സിനിമാക്കാർ ഉണ്ട്.


ചോദ്യം : വിനോദ് ചേട്ടന് കവിതകളോടുള്ള താത്പര്യം കൂടുതലെന്ന്‌ തോന്നിയിട്ടുണ്ട്. നന്നായി ചൊല്ലാനുള്ള കഴിവ് ഈയിടെ ഒരു വിഡിയോയിൽ കണ്ടിരുന്നു. ഓര്മ്മകളുടെ ഓണം എന്ന ചുള്ളിക്കാട് കവിത അതിന്റെ ഭാവങ്ങൾ ആവാഹിച്ചു ചൊല്ലുന്ന ഒരു വീഡിയോ. നാടകത്തിലും സിനിമയിലും സീരിയലുകളിലും അല്ലാത്തൊരു വിനോദ് കോവൂർ ഉള്ളിൽ ഉണ്ടോ ?

ഉത്തരം : ഉണ്ട്, എനിക്ക് സാഹിത്യം വളരെ ഇഷ്ടമാണ്. നന്നായി വായിച്ചിരുന്നു. ഇപ്പോൾ കലയിലൊക്കെ വലിയ തിരക്കായ കാരണം അങ്ങനെ വായിക്കാൻ സാധിക്കുന്നില്ല. അതിന്റെ ഒരു സങ്കടവും ഉണ്ട്. കോളേജ് കാലത്തു ചുള്ളിക്കാടിന്റെ ഒക്കെ വലിയ ഫാനായിരുന്നു ഞാൻ. ചുള്ളിക്കാടിന്റെ എല്ലാ കവിതകളും കളക്റ്റ് ചെയുക ചൊല്ലുക എല്ലാം ചെയ്തിരുന്നു. അതുപോലെ കഥകളും വലിയ ഇഷ്ടമായിരുന്നു. ചുള്ളിക്കാട് കോളേജിൽ ഒരു ഇനാഗറേഷന് വന്നപ്പോൾ അദ്ദേഹത്തിന് ‘ഓർമയിലെ ഓണം’ ചൊല്ലാൻ ഞാനാണ് എഴുതി കൊടുത്തത്.. എന്റെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹം അന്ന് പാടിയത്. അതെന്റെ മനസ്സിൽ പതിഞ്ഞിരുന്നു. അതുപോലെയാണ് ഞാൻ പലയിടത്തും വേദികളിൽ അത് പാടിയിട്ടുള്ളത്. വയലാറിന്റെയും ജി ശങ്കര കുറിപ്പിന്റെയും കവിതകളോടൊക്കെ വല്ലാത്തൊരു ഇഷ്ടമാണ്. ഞാൻ മലയാളം ഐച്ഛിക വിഷയമായി എടുത്തുപഠിച്ച ഒരാളാണ്. അതുകൊണ്ടുതന്നെ മലയാളത്തോട് വല്ലാത്തൊരു താത്പര്യം ഉണ്ട്.

മറ്റൊരുകാര്യം, ഒരു അധ്യാപകൻ എന്ന നിലയ്ക്ക് ഞാൻ കുട്ടികളെ ഏറ്റവുംകൂടുതൽ പഠിപ്പിച്ചത് മോണോ ആക്റ്റ് എന്ന ഐറ്റമാണ്. എനിക്ക് ഏറ്റവുമധികം സമ്മാനങ്ങൾ കിട്ടിയതും ഏകാഭിനയത്തിൽ ആണ്. ഒരു കലാകാരന്റെ എല്ലാ കഴിവുകളും വിനിയോഗിക്കാൻ പറ്റുന്ന ഏക ഐറ്റമാണ് മോണോ ആക്റ്റ്. അതിൽ എട്ടോ പത്തോ കഥാപാത്രങ്ങളെ നമുക്ക് ചെറിയൊരു സമയത്തിൽ അവതരിപ്പിക്കാം. ഈ കഥാപാത്രങ്ങൾക്ക് പാട്ടുപാടം, ഡാൻസ് ചെയ്യാം, മിമിക്രി കളിക്കാം.. എന്തുംചെയ്യാം. അതാണ് മോണോ ആക്റ്റ് എന്ന കലാരൂപത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആ ഇനത്തിൽ സമ്മാനം നേടി നേടി ഞാൻ പിന്നെ കുട്ടികളെ അത് പഠിപ്പിക്കാൻ തുടങ്ങി. ഒരുദിവസം പത്തും പതിനാറും കുട്ടികളെ വരെ വീട്ടിൽ പോയി ട്രെയിൻ ചെയ്യിക്കുന്ന സമയമുണ്ടായിരുന്നു. പിന്നെ തിരക്കായപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ സാധിക്കാതെ വന്നപ്പോൾ ഞാൻ കുട്ടികൾക്കുവേണ്ടി രണ്ടു പുസ്തകങ്ങൾ എഴുതി. മോണോ ആക്റ്റ് എന്ന കലയ്ക്കു വേണ്ടി ആദ്യമായി പുസ്തകമെഴുതിയത് ഞാനാണ്. ഷാർജ ബുക്ക് ഫെസ്റ്റിൽ ഒക്കെ നന്നായി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ ആണ്. ‘ഏകാഭിനയ സമാഹാര’വും ‘കലോത്സവ മോണോ ആക്റ്റുകളും’ .ഇപ്പോൾ മൂന്നാമത്തെ പുസ്തകത്തിന്റെ രചനയിൽ ആയിരുന്നു. അത് കോവിഡ് കാരണം മുടങ്ങി നിൽക്കുകയാണ്. എന്റെ കലാജീവിതത്തിലെ അനുഭവങ്ങൾ ആയി മാതൃഭൂമി പത്രത്തിൽ കോവൂർ ടൈംസ് എന്നപേരിൽ ഇരുപതോളം എപ്പിസോഡുകൾ എഴുതി. ഈ സാഹിത്യാനുഭവങ്ങൾ അഭിനയത്തിൽ വളരെ സ്വാധീനിക്കുന്നുണ്ട്. ഞാൻ ലൊക്കേഷനിൽ പോയാൽ താരങ്ങളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ കവിതകൾക്കും പാട്ടുകൾക്കും ഒക്കെ സാധിച്ചിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമാണ്.

കുട്ടിക്കാനത്തു ഒരു സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ പഴയകാല നടനായ രാഘവൻ ചേട്ടനൊപ്പം ഇടപഴകാൻ അവസരം ലഭിച്ചിരുന്നു. അദ്ദേഹം 56 കൊല്ലം മുമ്പ് സിനിമയിൽ വന്ന ആളാണ്. അത്രയും സീനിയർ ആയ ഒരാളോടൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മൂന്നു ദിവസം അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു. ആ മൂന്നുദിവസം കൊണ്ട് ഞാനദ്ദേഹത്തിന്റെ മനസ്സിൽ കയറി ഇരുന്നു. അദ്ദേഹം പറയുന്ന പാട്ടുകളും കവിതകളും എല്ലാം ചൊല്ലിക്കൊടുത്തു. ഞാൻ അദ്ദേഹത്തിന് അത്രമാത്രം പ്രിയപ്പെട്ട ഒരാളായി. അത് വലിയ ഭാഗ്യമായി കരുതുന്നു. അതിപ്പോൾ ‘മാറിമായ’ത്തിൽ ആയിരുന്നാലും കവിതകളോടും പാട്ടുകളോടും ഇഷ്ടമുള്ള ഒരാൾ ഞാൻ തന്നെ. പിന്നെ നാടൻ പാട്ടുകളോടും വലിയ താത്പര്യമാണ്. ഇപ്പോൾ റിലീസ് ആകാൻ പോകുന്ന രണ്ടു സിനിമകളിൽ ഞാൻ നാടൻപാട്ടുകൾ പാടി.


ചോദ്യം : വിനോദ് കോവൂർ എന്ന നടന്റെ സിനിമയിലെ എക്സ്പീരിയന്സുകൾ എന്തെല്ലാമാണ് ? ഒരു നടൻ എന്ന നിലയിൽ സഹപ്രവർത്തകരിൽ നിന്നും സീനിയർ നടന്മാരിൽ നിന്നും ഒക്കെ അനവധി പ്രശംസകൾ ഏറ്റുവാങ്ങുന്ന ആളാണ് വിനോദ് ചേട്ടൻ. അത്തരത്തിൽ ഏറ്റവും സന്തോഷിപ്പിച്ച സിനിമാനുഭവങ്ങൾ എല്ലാം ഒന്ന് പങ്കുവയ്ക്കാമോ ?

Advertisement

ഉത്തരം : കുട്ടിക്കാലം മുതൽ മനസ്സിൽ സിനിമയുണ്ട്, പക്ഷെ ഞാൻ സിനിമയിൽ എത്തുന്നത് മുപ്പത്തി അഞ്ചാമത്തെ വയസിൽ ആണ്. അതുവരെ സിനിമയെ സ്വപ്നം കണ്ടു നടന്ന ആളാണ്. അതെ സമയം മിമിക്രി ആയിട്ടും നാടകമായിട്ടും സീരിയലായിട്ടും ഞാൻ സജീവമായി തന്നെ ഉണ്ടായിരുന്നു. നാല്പത്തി അഞ്ചിലേറെ സിനിമകളിൽ ഞാൻ അഭിനയിച്ചു. എങ്കിലും കാതലായ എടുത്തുപറയത്തക്ക വേഷങ്ങൾ ഒന്നും ഞാൻ ചെയ്തിട്ടില്ല. എല്ലാം കൊച്ചുകൊച്ചു വേഷങ്ങളാണ്. മനസിന് സംതൃപ്തി തന്നത് ‘വർഷം’ എന്ന മമ്മുക്കയുടെ സിനിമയിലെ വേഷമാണ്. അതിലെ അസ്‌ലം എന്ന കഥാപാത്രം മമ്മുക്ക എനിക്ക് വച്ചുനീട്ടുന്നത് എന്റെ ഒരു ഷോർട്ട് മൂവി കാരണമാണ്. ‘അതേ കാരണത്താൽ’ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് 2014 -ൽ എനിക്ക് ദേശീയ പുരസ്‌കാരം കിട്ടുകയുണ്ടായി . ആ സമയത്തു എന്നെ നേരിട്ട് വിളിച്ചു പ്രശംസിച്ച ആൾ മമ്മുക്കയാണ്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ആ വർഷത്തെ സിനിമയിലേക്ക് എനിക്കൊരു വേഷവും തന്നത്. അതെനിക്ക് കിട്ടിയ വലിയൊരു ഭാഗ്യമായി കാണുകയാണ്. അതുപോലെതന്നെ, ഞാൻ ഏറ്റവുമധികം സ്വപ്നം കണ്ടിരുന്ന ഒരു സംവിധായകൻ സത്യൻ അന്തിക്കാട് ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണം എന്നത് വലിയൊരു മോഹമായിരുന്നു. അഭിനയമോഹം മനസ്സിൽ ഉണ്ടായിരുന്നപ്പോഴും ഞാൻ ഒരൊറ്റ സംവിധായകനെയും പോയി കണ്ടിരുന്നില്ല. ഒരു വേഷം തരണം എന്നൊക്കെ പറയാൻ എനിക്ക് വലിയ ജാള്യതയായിരുന്നു. അവരുടെ റിയാക്റ്റ് എങ്ങനെ ആയിരിക്കും എന്നൊന്നും അറിയില്ലല്ലോ.

എന്നെ സ്നേഹിക്കുന്ന എന്നിലെ കലാകാരനെ സ്നേഹിക്കുന്ന അനവധിപേർ പറഞ്ഞിട്ടുണ്ട്, നിങ്ങൾ സത്യൻ അന്തിക്കാടിന്റെ ഒന്നുപോയി കാണാൻ. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ വന്നാൽ നിങ്ങൾ രക്ഷപെടും. എന്നൊക്കെ അവർ പറഞ്ഞു. അതുപ്രകാരം ഞാൻ അദ്ദേഹത്തെ കാണാൻ മൂന്നുനാലുവട്ടം ശ്രമിച്ചു, അന്തിക്കാടുള്ള വീട്ടിൽ ഒക്കെ പോയി. എന്നാൽ ആ ശ്രമങ്ങൾ എല്ലാം വിഫലമായിരുന്നു. ഇനി ശ്രമിക്കേണ്ട, നാലുതവണയൊക്കെ ശ്രമിച്ചില്ലേ…എന്നൊക്കെ കരുതി ഇരിക്കുമ്പോൾ സത്യൻ അന്തിക്കാടിന്റെ വിളിവന്നു. എനിക്ക് നിന്നെ ഇപ്പോൾ തന്നെ കാണണം വിനോദേ …വിനോദ് ഇപ്പോൾ ഇവിടെയുണ്ട് ? അപ്പോൾ ഞാൻ പറഞ്ഞു ഇപ്പോൾ ഞാൻ കോഴിക്കോടാണ്. ഒന്ന് തൃശൂർ വരെ വരാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. അപ്പൊത്തന്നെ ഞാൻ പുറപ്പെട്ടു. അങ്ങനെ സത്യൻ അന്തിക്കാടിനെ ആദ്യമായി ഞാൻ കാണുന്നു. അദ്ദേഹത്തിന്റെ കാറിൽ തന്നെ ഞാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയതും. അദ്ദേഹം എന്നെ വിളിക്കുന്നത് ‘ജാലിയൻ കണാരൻ’ എന്ന എന്റെ ഒരു സ്കിറ്റ് കണ്ടിട്ടാണ്. അതിന്റെ സ്ക്രിപ്റ്റ് എഴുതിയതും ഞാൻ തന്നെയായാണ്. അമൃത ടീവിയിൽ നിന്നാണ് അദ്ദേഹം കണ്ടത്. അദ്ദേഹം തന്റെ അടുത്ത സിനിമയ്ക്ക് സ്ക്രിപ്റ്റ് ഞാൻ എഴുതണം എന്നാണു പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, സാറെ സിനിമയുടെ സ്ക്രിപ്റ്റ് ഒന്നും എന്റെ മനസ്സിൽ ഇല്ല. ഞാൻ കൊച്ചുകൊച്ചു തമാശകൾ എഴുതുമെന്നല്ലാതെ സിനിമാ സ്ക്രിപ്റ്റ് എഴുതാനുള്ള വലിപ്പം ഒന്നും ഇല്ല , അഭിനയത്തോടാണ് എനിക്ക് മോഹം . സാറിന്റെ സിനിമയിൽ അഭിനയിക്കണം എന്നത് ജീവിതാഭിലാഷമാണ്. അതൊന്നു സാധിപ്പിച്ചു തരണം. അങ്ങനെ അദ്ദേഹത്തിന്റെ ‘പുതിയ തീരങ്ങൾ’ എന്ന സിനിമയിൽ എനിക്ക് മനോഹരമായൊരു വേഷം തന്നു. വിക്കൻ ചന്ദ്രൻ എന്ന വേഷം. വർഷത്തിലെയും പുതിയ തീരങ്ങളിലെയും കഥാപാത്രങ്ങൾ ആണ് സിനിമയിലെ നല്ല വേഷങ്ങൾ ആയി ചെയ്തതും പലരും എന്നെ അഭിനന്ദിച്ചതും.


ചോദ്യം : ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലമതിക്കുന്ന പുരസ്‌കാരം എന്താണ് ?

ഉത്തരം : ഏറ്റവും വലിയ പുരസ്‌കാരം ‘ അതേ കാരണത്താൽ ‘ എന്ന ഷോർട്ട് മൂവിയിലെ അഭിനയത്തിന് കിട്ടിയ ദേശീയ അംഗീകാരം തന്നെയാണ്. ആ മൂവിക്കു മൊത്തം മുപ്പതു അവാർഡുകൾ കിട്ടിയിട്ടുണ്ട്. അതിൽ പതിനാറു അവാർഡുകൾ എനിക്ക് കിട്ടിയ ബെസ്റ്റ് ആക്ടർ അവാർഡ് ആണ്. അതിലൊന്നാണ് മേല്പറഞ്ഞ ദേശീയ പുരസ്‌കാരം. അതുപോലെ തന്നെ സന്തോഷം ഉളവാക്കുന്ന മറ്റൊന്ന്, ഞാൻ ആദ്യമായി രചനയും സംവിധാനവും അഭിനയവും നിർവഹിച്ച ഷോർട്ട് മൂവിയാണ് ‘ആകസ്മികം’ . ആ സിനിമ ഞാൻ ആദ്യമായി കാണിക്കുന്നത് മമ്മുക്കയെ ആണ്. കാരണം കലാജീവിതത്തിൽ എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ , എന്റെ റോൾ മോഡൽ എല്ലാം മമ്മുക്കയാണ്. അദ്ദേഹവുമായി വലിയൊരു ആത്മബന്ധം സ്ഥാപിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്റെ സിനിമയുടെ ഷൂട്ടിങ് തീർന്നപ്പോൾ അദ്ദേഹത്തെ ഞാൻ ബന്ധപ്പെട്ടിരുന്നു. മമ്മുക്ക ഈ സിനിമ കാണണം , അഭിപ്രായം പറയണം എന്നിട്ടു മാത്രമേ ഞാൻ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നുള്ളൂ. അങ്ങനെ മമ്മുക്ക എന്നോട് ചെല്ലാൻ പറഞ്ഞു. എറണാകുളത്തെ ഒരു സ്റ്റുഡിയോയിൽ ഇരുന്നു ഞാനും മമ്മുക്കയും ആ സിനിമ കാണുന്നു. പത്തു മിനിറ്റ് ദൈർഘ്യമുള്ള സിനിമയാണ്. അത് കണ്ടു കഴിഞ്ഞിട്ട് എന്നോട് പത്തുമിനിറ്റോളം അദ്ദേഹം ആ സിനിമയെ കുറിച്ച് സംസാരിക്കുകയുണ്ടായി. നീയിനി സിനിമ ചെയ്യണം ഷോർട്ട് ഫിലിം ചെയ്യണ്ട എന്ന് എന്നോട് അദ്ദേഹം പറഞ്ഞു. ആ സിനിമയ്ക്ക് ആദ്യത്തെ രണ്ടുമാസത്തിനുള്ളിൽ രണ്ടു ബെസ്റ്റ് ആക്ടർ അവാർഡുകൾ എനിക്ക് വന്നു. ദേശീയ അംഗീകാരം നേടിയ, മരിച്ചുപോയ രണ്ടു പ്രഗത്ഭരായ നടന്മാരുടെ പേരിലുള്ള അവാർഡുകൾ. മമ്മുക്കയെ ഞാൻ വിളിച്ചുപറഞ്ഞു, മമ്മുക്കാ എനിക്ക് രണ്ടു ബെസ്റ് ആക്ടർ അവാർഡുകൾ ലഭിച്ചു എന്ന്. അപ്പോൾ മമ്മുക്ക പറഞ്ഞു, കഴിഞ്ഞിട്ടില്ല ഇനിയും പത്തെണ്ണം കൂടി വരാനുണ്ട് എന്ന്. പറഞ്ഞതുപോലെ വീണ്ടും കിട്ടി ഒരു പത്ത് അവാർഡുകൾ. പന്ത്രണ്ടു ബെസ്റ്റ് ആക്ടർ അവാർഡുകൾ കിട്ടിയ സിനിമയാണ് ആകസ്‌മികം.


ചോദ്യം : ഒരുപക്ഷെ മലയാള പ്രേക്ഷകർ ഒരുപാട് തെറ്റിദ്ധരിച്ച നടനാണ് മമ്മുക്ക. അഹങ്കരിയെന്നും തലക്കനം പിടിച്ചവനെന്നും എന്നൊക്കെ ഒരുകാലത്തു പലരും പറയുന്നതായി കേട്ടിട്ടുണ്ട്. എന്നാൽ കൂടെ നിൽക്കുന്നവരെ കൈപിടിച്ചുയർത്തുന്ന അദ്ദേഹത്തിന്റെ മനസ് പലരും കാണാതെ പോയതാണ് പ്രശ്നം. അദ്ദേഹം വിനോദ് ചേട്ടനെ ചേർത്ത് പിടിച്ചു എന്നും വിനോദ് ചേട്ടൻ എടാ എന്നോ മറ്റോ വിളിച്ചതിന്റെ പേരിൽ ഷൂട്ടിങ് നിർത്തിയെന്നും ഒക്കെ ഗോസിപ്പുകളുടെ പ്രളയമായിരുന്നു. അതെന്താണ് അങ്ങനെ ഒക്കെ ചിലർ എഴുതാനുണ്ടായ കാരണം ?

ഉത്തരം : അതിപ്പോൾ യുട്യൂബ് ചാനലുകാർ അവരുടെ തമ്പ്നെയിലിൽ ആണ് രക്ഷപെട്ടു പോകുന്നത്. അത് കണ്ടിട്ടാണ് ആളുകൾ ലിങ്കിലേക്കു കയറുന്നത്. നമ്മൾ ലിങ്കിൽ ക്ലിക് ചെയ്താൽ പിന്നെ അവർക്കു കാശും സബ്സ്ക്രൈബേസും കിട്ടും. അവർ ഇന്റർവ്യൂ എടുത്തുപോകുമ്പോൾ ഞാൻ അവരോടു പറയും തമ്പ്നെയിൽ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം എന്ന്. ചിലതൊക്കെ കാണുമ്പൊൾ നമുക്ക് സങ്കടം വരും. ഞാൻ ‘അതേ കാരണത്താൽ ‘ എന്ന സിനിമ യുട്യൂബിൽ ഇട്ടപ്പോൾ യുട്യൂബിൽ തമ്പ്നെയിൽ വന്നത് ‘ഒരച്ഛൻ മകളോട് ഇങ്ങനെ ചെയ്യാമോ ” എന്നായിരുന്നു. അത് കാണുമ്പൊൾ ആളുകൾക്ക് അത് തുറന്നുനോക്കാൻ തോന്നും. ഒരച്ഛൻ മകളോട് എന്താണ് ചെയ്തത് എന്ന ആകാംഷ അവർക്കുണ്ടാകുമല്ലോ സ്വാഭാവികമായും. . ഞാൻ ഉടനെ അവരെ വിളിച്ചുപറഞ്ഞു ആ തമ്പ്നെയിൽ മാറ്റണം എന്ന്. നിങ്ങളുദ്ദേശിക്കുന്ന പോലൊരു സിനിമ അല്ല അത്, ആ രീതിയിൽ ആ സിനിമ ആളുകൾ കാണണ്ട എന്ന് അവരോടു കർക്കശമായി തന്നെ പറഞ്ഞു അത് മാറ്റിച്ചു. അങ്ങനെ കുറച്ചു ആളുകൾ നമുക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. എന്റെ ഭാര്യയെ പതിനേഴു വര്ഷങ്ങള്ക്കു ശേഷം ഞാൻ ഒന്നുകൂടി കല്യാണം കഴിച്ച കാര്യം . അതും തമ്പ്നെയിൽ ഒക്കെ കൊടുത്തു ചില ആളുകൾ വളരെ മോശമാക്കി. വിനോദ് കോവൂർ വീണ്ടും കെട്ടി, ആരെയെന്നു പറയുന്നില്ല, അച്ഛൻ മക്കളെ സാക്ഷിനിർത്തി വീണ്ടും കെട്ടിയെന്ന് . എന്റെ ചേട്ടന്റെ മക്കളും കൂടെ ഉണ്ടായിരുന്നു. അവരെ എന്റെ മക്കൾ ആക്കിയിട്ടു അച്ഛൻ മക്കളെ സാക്ഷിനിർത്തി വീണ്ടും കിട്ടിയെന്ന് പ്രചരിപ്പിച്ചു. ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കൽ ആണ് അവരുടെ പരിപാടി.


ചോദ്യം : എനിക്ക് അല്പം ചെടിഭ്രാന്ത് ഉണ്ട്. കുറച്ചു കാലം മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു വിനോദേട്ടന്റെ വീട്ടിൽ പൂത്തുലഞ്ഞു നിൽക്കുന്ന മുല്ല. വിനയവും സ്നേഹവും ആവോളമുള്ള ഒരു കലാകാരനു പ്രകൃതിയൊരുക്കിയ സമ്മാനം ആണ് അതെന്നു തോന്നിയിട്ടുണ്ട്. ഇങ്ങനെയൊരു വസന്തം അധികം ഞാൻ കണ്ടിട്ടില്ല. ഒരുപാടുപേർ അത് കാണാൻ വന്നിരുന്നു എന്നും കേട്ടിട്ടുണ്ട്. ആ അനുഭവം ഒന്ന് പങ്കുവയ്ക്കാമോ ?

ഉത്തരം : ഏഴെട്ടു വർഷമായി എല്ലാ ഡിസംബർ മാസങ്ങളിലും വീട്ടിലൊരു വസന്തം തന്നെയാണ്. കോവൂരിലെ തറവാട് വീടിനോടു ചേർന്ന് ചേട്ടനും ഒരു വീട് പണിതു. ചേട്ടന്റെ വീടിന്റെ ടെറസിൽ ആണ് ഇത് പടർന്നു പന്തലിച്ചു കിടക്കുന്നത്. പക്ഷെ ആളുകൾ എല്ലാം വിനോദ് കോവൂരിന്റെ വീട്ടിലെ പൂക്കൾ എന്ന നിലയ്ക്കാണ് വരുന്നത്. കഴിഞ്ഞ കുറേവര്ഷങ്ങളായി എല്ലാ ചാനലുകളും ഇതെടുത്തു കൊടുക്കാൻ തുടങ്ങി. കേരളത്തിന്റെ നാനാഭാഗത്തു നിന്നും ആളുകൾ അത് കാണാൻ വേണ്ടി വരുന്നു. ഇത്തരമൊരു കാഴ്ച വേറെ എവിടെയുമില്ല. അത്രമാത്രം വിസ്മയമാണ് അത്. പലരും ഇവിടെവന്നു അതിന്റെ കൊമ്പ് കൊണ്ടുപോയി നട്ടുപിടിപ്പിച്ചു പൂവിട്ട കാര്യം വിളിച്ചു പറയാറുണ്ട്. പ്രോഗ്രാം ആവശ്യത്തിന് അമേരിക്കയിൽ പോയപ്പോൾ അവിടത്തെ മലയാളികളും ഈ പൂവിന്റെ കാര്യം ചോദിക്കുകയുണ്ടായി. ഡിസംബറിൽ വിരിഞ്ഞാൽ ഒരു പത്തുപതിനഞ്ചു ദിവസമേ അതിനു ആയുസുള്ളൂ. ബാക്കി മാസങ്ങൾ എല്ലാം അത് പൂവില്ലാതെ പച്ചയായി തന്നെയാണ് കാണപ്പെടുന്നത്.


ചോദ്യം : വിനോദ് ചേട്ടൻ ഷോർട്ട് ഫിലിമുകളിൽ ഒരുപാട് അഭിനയിച്ചിട്ടുണ്ട് . സീരിയലുകളും സിനിമകളും ഏറ്റെടുക്കാൻ ചാനലുകൾ , ഒടിടി പ്ലാറ്റ്‌ഫോമുകൾ തുടങ്ങി അനവധിയായ ഇടങ്ങൾ ഉള്ളപ്പോൾ ഷോർട്ട് മൂവീസ് പലപ്പോഴും കിതച്ചു നിൽക്കുകയാണ് എന്ന് തോന്നിയിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യതകൾ ആണ് പലർക്കും അതുണ്ടാക്കുന്നത് . ഷോർട്ട് മൂവീസിന്റെ ഭാവി ശുഭകരം ആണോ ? അതിലെ അനുഭവങ്ങൾ ഒന്ന് പങ്കു വയ്ക്കുമോ ?

ഉത്തരം : ഷോർട്ട് ഫിലിമിന് അങ്ങനെയൊരു പ്ലാറ്റ്ഫോം വന്നിട്ടില്ല. എല്ലാരും യുട്യൂബിലൂടെയാണ് റിലീസ് ചെയുന്നത്. വരുമാനം കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ഇല്ല. അതുകൊണ്ടുതന്നെ ഷോർട്ട് ഫിലിമിന് കാശുമുടക്കാൻ പലർക്കും മടിയാണ്. ഞാൻ ചെയ്ത രണ്ടു ഷോർട്ട് ഫിലിമുകളും ഞാൻ തന്നെ നിർമ്മിച്ചതാണ്. ഞാൻ ഷോർട്ട് ഫിലിമുകൾ ചെയ്യാനുള്ള കാരണം , എന്നിലെ സീരിയസ് ആയ നടനെ മറ്റുളളവർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി മാത്രമാണ്. എല്ലാരും എന്നെയൊരു കൊമേഡിയൻ ആയിട്ടാണ് കാണുന്നത്. എന്നാൽ ഞാൻ അതുമാത്രമല്ല എന്നിൽ ഇങ്ങനെയും ഒരു നടനുണ്ട് എന്ന് കാണിച്ചു കൊടുക്കണമല്ലോ. അങ്ങനെയാണ് മമ്മൂക്കയും സത്യൻ അന്തിക്കാടും ഒക്കെ എന്നെ തിരിച്ചറിയുന്നത്. അങ്ങനെ പലരും എന്നെ മനസിലാക്കിയത് ഈ ഷോർട്ട് മൂവീസ് കാരണമാണ്. എന്നെ വച്ചു സിനിമ ചെയ്യാൻ നാലഞ്ചുപേർ റെഡി ആയി വന്നിട്ടുണ്ട്. ‘ചായം പൂശുന്നവർ’ എന്ന ഒരു സിനിമ ഞാൻ ചെയ്തുകഴിഞ്ഞു. പൗരത്വബില്ലുമായി ബന്ധപ്പെട്ട വളരെ സീരിയസ് ആയ ഒരു വിഷയം.


ചോദ്യം : ഏറ്റവും സ്വാധീനിച്ചത് ആരുടെ അഭിനയമാണ് ?

Advertisement

ഉത്തരം : അഭിനയത്തിൽ എന്റെ റോൾ മോഡൽ എന്ന് പറയാവുന്നത് നെടുമുടി വേണു ചേട്ടൻ ആണ്. എന്റെ കുട്ടിക്കാലത്തു അദ്ദേഹത്തിന്റെ അപ്പുണ്ണി എന്ന സിനിമ കണ്ടതു മുതൽ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. അദ്ദേഹം നായകനായി ഒന്നും വന്ന ആളല്ല. ഒരുപാട് കാരക്റ്റർ റോളുകൾ ചെയ്തു വന്ന ഒരാളാണ് . അയാൾ തമാശ ചെയ്യും, സീരിയസ് ചെയ്യും, പാട്ടുപാടും, മൃദംഗം വായിക്കും , കവിത ചൊല്ലും, നന്നായി സംസാരിക്കും . അദ്ദേഹത്തെ വളരെ ആകാംഷയോടെ എന്നും നോക്കി നിന്ന ഒരാളാണ് ഞാൻ. താളവട്ടത്തിൽ അദ്ദേഹം ചെയ്ത ഡോക്ടർ കഥാപാത്രം മനസ്സിൽ നിന്നും മായില്ല. ‘തകര’യിലെ ചെല്ലപ്പനാശാരി നമ്മിൽ ഇന്നും കത്തിജ്വലിച്ചു നിൽക്കും. അങ്ങനെ ഓരോ സിനിമ എടുത്താലും വേണുച്ചേട്ടൻ വല്ലാത്തൊരു സംഭവമാണ്. അദ്ദേഹത്തിന്റെകൂടെ ഒരു സിനിമയിൽ എങ്കിലും അഭിനയിക്കണം, അനുഗ്രഹം മേടിക്കണം എന്നതും എന്റെ വലിയൊരു ആഗ്രഹമായിരുന്നു. അതും സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ദേശീയ അംഗീകാരം നേടിയ ‘ആദാമിന്റെ മകൻ അബു’ വിൽ ഞാനും വേണുച്ചേട്ടനും ഒരുമിച്ചു രണ്ടു സീനുകളിൽ അഭിനയിച്ചു. വേണുച്ചേട്ടന്റെ അനുഗ്രഹം മേടിക്കാനും സാധിച്ചു. അദ്ദേഹത്തോടുള്ള എന്റെ ആരാധന ഉൾപ്പെടെ ഞാൻ എന്റെ ഉള്ളിലുള്ള എല്ലാം അദ്ദേഹത്തോട് തുറന്നുപറഞ്ഞു. പണ്ടൊക്കെ ഞാൻ മിമിക്രി ചെയുമ്പോൾ താരങ്ങളെ അനുകരിക്കുമ്പോൾ എനിക്ക് ഏറ്റവുമധികം കയ്യടി കിട്ടുന്നത് വേണുച്ചേട്ടനെ അനുകരിക്കുമ്പോൾ ആയിരുന്നു. കാരണം എന്റെ ആത്മാവിൽ വേണുച്ചേട്ടൻ ഉണ്ട്. ഞാൻ വേണുച്ചേട്ടന്റെ ഡയലോഗ് പറയാൻ തുടങ്ങുമ്പോഴേ ജനം കയ്യടിക്കും. വേണുച്ചേട്ടന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ മുന്നിലും ഞാനതു ചെയ്തു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. അതിനുശേഷം ‘പുതിയ തീരങ്ങൾ’ എന്ന സിനിമയിലും ഞങ്ങൾ ഒന്നിച്ചു. അടുത്തകാലത്ത് വേണുച്ചേട്ടന്റെ ഒരു നാടൻപാട്ട് അദ്ദേഹത്തിന്റെ പിറന്നാളിന്റെ അന്ന് ഞാൻ പാടി ഫേസ്ബുക്കിൽ ഇട്ടു, അദ്ദേഹത്തിന് അയച്ചുകൊടുത്തു. അത് കേട്ടിട്ട് അദ്ദേഹം എന്നെ വിളിച്ചു ഒരുപാട് അഭിനന്ദിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധമുണ്ട് .

പിന്നെ കുട്ടിക്കാലം മുതൽ ഇഷ്ടമുള്ള ഒരു നടൻ കമൽ ഹാസനാണ്. അദ്ദേഹവും എല്ലാത്തരം വേഷങ്ങളും ചെയ്യും. കോമഡി, സീരിയസ്, ഗാനം, ഡാൻസ് ..ഇങ്ങനെ എല്ലാം ചെയ്യും. മദനോത്സവം, രാസലീല ഒക്കെ കണ്ടിട്ട് അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു. അക്കാലത്തു കോളേജിൽ എന്റെ ഫ്രണ്ട്സ് എന്നെ വിളിച്ചിരുന്നത് കോഴിക്കോടിന്റെ കമൽ ഹസൻ എന്നായിരുന്നു. കാരണം കോളേജിലും ഞാൻ, പാട്ടിലും ഡാൻസിലും അഭിനയത്തിലും തമാശയിലും അങ്ങനെ എല്ലാത്തിലും ഉണ്ടായിരുന്നു . കമൽ ഹാസന്റെകൂടെ അഭിനയിക്കാനും വലിയ മോഹമാണ് .


ചോദ്യം : കോവൂർ എന്ന സ്ഥലത്തിന്റെ പേര് കൂടുതൽ അറിയപ്പെട്ടത് വിനോദ് കോവൂർ എന്ന നടനിലൂടെയാണ്. അതിന് കോവൂർ സ്വദേശികളിൽ നിന്നും സ്നേഹവാത്സല്യങ്ങൾ ലഭിച്ചിട്ടണ്ടോ ? ആരെങ്കിലും അത് നേരിൽ പറഞ്ഞിട്ടുണ്ടോ ?

ഉത്തരം : ഒരുപാടുപേർ എന്നോട് അത് പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചു എന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് അത്. സിനിമാരംഗത്തു മമ്മുക്കയുൾപ്പെടെ പലരും എന്നെ കോവൂരേ എന്നാണ് വിളിക്കുന്നത്. വേണുച്ചേട്ടനെ നമ്മൾ നെടുമുടി എന്ന് വിളിക്കുന്നതുപോലെ എന്നെ കോവൂരേ എന്ന് വിളിക്കുന്നത് വലിയൊരു ഭാഗ്യം തന്നെയാണ്. അമേരിക്കയിൽ പോയാലും ഓസ്‌ട്രേലിയയിൽ പോയാലും അവിടെയുള്ള ഏതെങ്കിലും കോവൂരുകാരൻ വന്നെന്നെ കെട്ടിപ്പിടിക്കും. മാള എന്ന സ്ഥലം അറിയപ്പെടുന്നത് മാള അരവിന്ദന്റെ പേരിൽ അല്ലെ.. അങ്ങനെ എത്രയോ നടൻമാർ സ്വന്തം സ്ഥലത്തെ ലോകത്തിന് പരിചയപ്പെടുത്തി. അങ്ങനെ എനിക്കും ഭാഗ്യം ഉണ്ടായി.


[videopress 6fVyCp4y]

റിലീസിങ്ങിന് തയ്യാറായ ” കബരി” എന്ന ഷോർട്ട് ഫിലിമിന്റെ ടീസർ

ചോദ്യം : ഇപ്പോൾ ഷോട്ട് മൂവീസിലെ പ്രതിഭകളെ ചേർത്തുപിടിക്കാൻ ബൂലോകം നടത്തുന്ന പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു ?

ഉത്തരം : ശരിക്കും ഞാനതു ആഗ്രഹിക്കുന്നുണ്ട്. ഷോർട്ട് മൂവീസിനു വേണ്ടി ഒരു പ്ലാറ്റ് ഫോം വന്നാൽ അത് വളരെ നല്ലതുതന്നെ. ഇപ്പോൾ ഷോർട്ട് മൂവീസിനു ഒരുപാട് പ്രധാന്യമുള്ള ഒരു കാലമാണ്. ചില ഷോർട്ട് ഫിലിം നമ്മുടെ കണ്ണ് തുറപ്പിക്കുന്നുണ്ട്. മമ്മുക്കയുടെ വർഷം എന്ന മൂവിയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എന്നെ വിളിച്ചു ഒരു തമിഴ് ഷോർട്ട് ഫിലിം കാണിച്ചു. നാലുമിനിറ്റ് മാത്രം ദൈർഘ്യം. മമ്മുക്ക എന്നോട് ചോദിച്ചു കണ്ടിട്ട് എന്ത് തോന്നി എന്ന്. ഞാൻ മിഴിച്ചു നിന്നപ്പോൾ അദ്ദേഹം പറഞ്ഞു, ഇതല്ലേ നമ്മുടെ സിനിമ എന്ന്. സത്യത്തിൽ വർഷം സിനിമയുടെ അതെ തീം ആയിരുന്നു അത്. തമിഴിൽ മൂന്നോനാലോ മിനിറ്റ് കൊണ്ട് കാണിച്ചത് നമ്മൾ രണ്ടുമണിക്കൂർ കൊണ്ട് കാണിക്കാൻ പോകുകയാണ്.

Advertisement

ചോദ്യം : നിലവിൽ അഭിനയിക്കുന്ന പരമ്പരകൾ അല്ലാതെ അടുത്ത പ്രോജക്റ്റുകൾ എന്തൊക്കെയാണ് ?

ഉത്തരം : നിലവിൽ ഞാൻ അഭിനയിച്ച അഞ്ചു സിനിമകൾ റിലീസ് ആകാനുണ്ട്. ഒറ്റപ്പാലത്തു നാളെ പുതിയൊരു സിനിമയുടെ ഷൂട്ടിങ് തുടങ്ങുകയാണ്. എന്നെ നായകനാക്കി സിനിമ ചെയ്യാൻ അഞ്ചുപേർ കാത്തിരിക്കുന്നുണ്ട്. അതൊക്കെ പൂവണിഞ്ഞാൽ എനിക്ക് വലിയൊരു ഭാഗ്യമാകും. രണ്ടു സിനിമകളിൽ ഞാൻ പിന്നണി പാടിയിട്ടുണ്ട്. ലോക് ഡൌൺ കാലത്തു കിട്ടിയ ഒരു ഭാഗ്യമാണ് അത്.


ചോദ്യം : കോവിഡ് പ്രതിസന്ധികൾ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു ?

ഉത്തരം : അയ്യോ…പിന്നില്ലേ… എനിക്ക് സാമ്പത്തിക ഭദ്രത ഒക്കെ ഉണ്ടാകുന്നതു ഗൾഫ് പ്രോഗ്രാമുകളിൽ നിന്നാണ്. ഗൾഫിലെ ഓരോ ഷോയും നമുക്ക് വലിയ മെച്ചമാണ്. കഴിഞ്ഞ മൂന്നുവർഷം ഗൾഫിൽ പോകാൻ സാധിച്ചിട്ടില്ല..ഒരു വരുമാനവും ഇല്ല. ഒരൊറ്റ സിനിമയുടെ ഷൂട്ടിങ് നടന്നില്ല. സ്റ്റേജ് ഷോകളും ഉദ്‌ഘാടനങ്ങളും ഉണ്ടായില്ല. തുടർച്ചയായി പൊക്കോണ്ടിരുന്ന ‘മറിമായം’ വരെ അഞ്ചുമാസം മുടങ്ങി. അങ്ങനെ ശരിക്കും പാപ്പരാകുന്ന അവസ്ഥ. മറ്റൊരു ജോലിയും നമുക്ക് അറിയുകയുമില്ല. എന്ത് ചെയ്യും.. ഇനി എന്നാണ് ഇതിൽ നിന്നും മോചനം കിട്ടുന്നത്…ആകെ പ്രതിസന്ധി. അനവധി ആർട്ടിസ്റ്റുകളെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ കൈയിലുള്ള പണം മുടക്കി ഞാൻ ആർട്ടിസ്റ്റ് എന്നൊരു ഷോർട്ട് മൂവി ചെയ്തു. അതൊക്കെ വലിയൊരു അനുഭവമാണ്. അങ്ങനെയൊരു മൂവി ചെയ്യണം എന്നും അതിലേക്കു പ്രതിസന്ധി അനുഭവിക്കുന്ന കലാകാരന്മാരെ എത്തിക്കണം എന്നു ചിന്തിച്ചതും …അങ്ങനെ എല്ലാം. ലോക്‌ഡൌൺ വല്ലാത്തൊരു അനുഭവമാണ്. നമ്മൾ അതിലൂടെ പലതും പഠിച്ചു. അടുത്തമാസം 22 ന് ദുബായിലേക്ക് ഒരു ഷോ പറഞ്ഞിട്ടുണ്ട്. അത് നടക്കണേ എന്നുള്ള പ്രാർത്ഥനയിൽ ഇരിക്കുകയാണ്.


ചോദ്യം :വിനോദേട്ടന്റെ കുടുംബത്തെ കുറിച്ച് രണ്ടുവാക്ക്

ഉത്തരം : പതിനേഴു ദിവസം മുൻപ് ആണ് എന്റെ ‘അമ്മ എന്നെ വിട്ടുപോയത്. എന്റെ കലാജീവിതത്തിൽ ഏറ്റവും എന്നെ സപ്പോർട്ട് ചെയ്ത ആൾ എന്റെ അമ്മയായിരുന്നു. അച്ഛൻ വളരെ നേരത്തെ മരിച്ചുപോയി. പിന്നെ, എനിക്ക് മൂന്നു സഹോദരന്മാർ ആണുള്ളത്. അവരുടെ ഭാര്യമാർ അവരുടെ മക്കൾ , പിന്നെ ഞാനും എന്റെ ഭാര്യ ദേവുവും . ദേവു കലയെ ഒരുപാട് സ്നേഹിക്കുന്ന ആളാണ്. എന്റെ ഏറ്റവും നല്ല വിമർശകയും എന്റെ ഭാര്യയാണ്.


ചോദ്യം : പ്രേക്ഷകരോടും വായനക്കാരോടും പറയാനുള്ളത്

ഉത്തരം : നല്ലതു കാണുക, നല്ലതിനെ പ്രോത്സാഹിപ്പിക്കുക . തിയേറ്ററിൽ സിനിമ വരണം, എല്ലാരും തിയേറ്ററിൽ പോയി സിനിമ കാണണം. അതാണ് ഏറ്റവും ആഗ്രഹിക്കുന്നത്. പിന്നെ ഈ കാലം എത്രയും വേഗം മാറി നമ്മളെല്ലാം ഒത്തുകൂടിയിരിക്കുന്ന ഒരു കാലം വരട്ടെ. അതിനുവേണ്ടി എല്ലാരും ഗവണ്മെന്റിനെ അനുസരിച്ചു ആരോഗ്യ വകുപ്പിനെ അനുസരിച്ചു പ്രോട്ടോക്കോളോക്കെ പാലിച്ചു നിയമങ്ങളൊന്നും തെറ്റിക്കാതെ ജീവിക്കുക എന്നാണു എല്ലാരോടും പറയാനുള്ളത്.


 94 total views,  1 views today

Advertisement
Advertisement
Entertainment2 hours ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment23 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement