“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല”

0
161
“ഇത്ര അപഹാസ്യമായ രീതിയിൽ എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല.” പിരിയുന്നതിന് മുന്പ് അയാൾ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യാ ഫോട്ടോഗ്രാഫർ അനിന്ദ്യ ചതോപാധ്യായയുടെ അനുഭവം. കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ.

ഉച്ചയ്ക്ക് പന്ത്രണ്ടേ കാലിന് മൌജ്പൂർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ മുതലാണ് എന്റെ ഭീകരമായ അനുഭവങ്ങൾ ആരംഭിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജോലി കൂടുതൽ എളുപ്പമാവാന് സഹായിക്കും എന്ന അവകാശവുമായി ഒരു ഹിന്ദു സേനാ അംഗം എന്റെ നെറ്റിയില് തിലകം ചാർത്താൻ ശ്രമിച്ചു. കയ്യിലിരുന്ന കാമറകൾ ഞാൻ ഒരു ഫോട്ടോ ജേർണലിസ്റ്റ് ആണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. അയാൾ അത്ര പെട്ടെന്ന് പിന്തിരിയാൻ തയ്യാറായിരുന്നില്ല.
“നിങ്ങള് ഒരു ഹിന്ദുവല്ലേ സഹോദരാ? അതിലെന്താണ് തകരാറ്?”
അതായിരുന്നു ആ മനുഷ്യന്റെ ചോദ്യം.
ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും രണ്ടു സംഘങ്ങള് തമ്മില് കല്ലേറ് ആരംഭിച്ചു.
“മോദി .. മോദി“
ചെകിടടയ്ക്കുന്ന മുദ്രാവാക്യം വിളികൾക്കിടയിൽ അല്പ്പം ദൂരെയായി ആകാശത്തേക്ക് ഉയരുന്ന കറുത്ത പുക ഞാൻ കണ്ടു. തീ ഉയരുന്ന ദിശയിലേക്ക് കുതിച്ച എന്നെ ഒരു ശിവമന്ദിറിന്റെ സമീപത്തു വച്ച് കുറെപ്പേർ തടഞ്ഞു നിറുത്തി. ഫോട്ടോ എടുക്കാൻ വേണ്ടിയാണ് എന്നു പറഞ്ഞിട്ടും അങ്ങോട്ടു പോകണ്ട എന്നു തന്നെയായിരുന്നു അവരുടെ നിലപാട്.
“സഹോദരാ, നിങ്ങളും ഒരു ഹിന്ദുവാണ്. എന്തിനാണ് അങ്ങോട്ടു പോകുന്നത്? ഇന്ന് ഹിന്ദു ഉണർന്ന ദിവസമാണ്.”
അവരിലൊരാൾ പറഞ്ഞു.
അൽപസമയത്തേക്ക് മാറിനിന്നുവെങ്കിലും ബാരിക്കേഡുകൾക്കിടയിലൂടെ അവിടെയെത്തുന്നതിൽ ഞാന് വിജയിച്ചു. ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴേക്കും മുളവടികളും കമ്പികളും ചുഴറ്റിക്കൊണ്ട് എന്നെ ചിലര് സമീപിച്ചു. അവർ എന്റെ കാമറ തട്ടിപ്പറിക്കാൻ ശ്രമിച്ചുവെങ്കിലും ഞങ്ങളുടെ റിപ്പോർട്ടർ ശക്തിചന്ദ് എന്റെ മുന്നിൽ കയറി നിന്ന് അവരെ തടയുകയും എന്നെ തൊട്ടാൽ വിവരമറിയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് കണ്ടതോടെ അവർ സ്ഥലം വിട്ടു.
പക്ഷേ കുറച്ചു നേരത്തിനുള്ളിൽ തന്നെ അവർ എന്നെ പിന്തുടരുകയാണ് എന്നെനിക്കു മനസ്സിലായി. ഒരു ചെറുപ്പക്കാരൻ എന്നെ സമീപിച്ച ശേഷം ചോദിച്ചു.
“സഹോദരാ.. നിങ്ങള് വളരെ സമർത്ഥനാണ് എന്നു തോന്നുന്നല്ലോ! നിങ്ങള് ഹിന്ദുവാണോ അതോ മുസ്ലീമാണോ?”
എന്റെ പാന്റ്സ് അഴിച്ചു മാറ്റി സംശയം തീർക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഞാൻ വളരെ സാധാരണക്കാരനായ ഒരു ഫോട്ടോ ഗ്രാഫർ മാത്രമാണ് എന്നു കൈകൂപ്പിക്കൊണ്ട് അവരോടു പറയേണ്ടി വന്നു. അത് ഫലിച്ചു. ചില ഭീഷണികൾ മുഴക്കിയതിന് ശേഷം അവരെന്നെ പോകാനനുവദിച്ചു.

എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതിയെന്നായി എനിക്ക്. എന്റെ ഓഫീസിലെ വണ്ടി അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങുമതുണ്ടായിരുന്നില്ല. നിരാശനായി ഞാന് ജഫ്രാബാദിലേക്കുള്ള വഴിയിലൂടെ നടന്നു. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഓട്ടോറിക്ഷ കാണാനിടയായി. ഡ്രൈവർ എന്നെ ടൈംസ് ഓഫ് ഇൻഡ്യയുടെ ഓഫീസിൽ എത്തിക്കാം എന്നു വാഗ്ദാനം ചെയ്തു.
ഓട്ടോയുടെ മേലുണ്ടായിരുന്ന പേര് ഞങ്ങളെ കുഴപ്പത്തിൽ ചാടിച്ചേക്കും എന്നെനിക്ക് തോന്നാതിരുന്നില്ല. വിധി പോലെ, അധികദൂരം പോകും മുന്പ് നാലുപേർ ഞങ്ങളെ തടഞ്ഞു. കോളറിൽ പിടിച്ചു അവര് രണ്ടുപേരെയും തൂക്കിയെടുത്തു പുറത്തിട്ടു. പത്രപ്രവർത്തകനാണെന്നും ഡ്രൈവർ നിരപരാധിയാണെന്നും പറഞ്ഞു കൊണ്ട് ഞങ്ങളെ വിട്ടയക്കാൻ ഞാൻ കേണപേക്ഷിച്ചു. അവസാനം അവർ വഴങ്ങി.ലക്ഷ്യസ്ഥാനത്തെത്തിയപ്പോഴാണ് ഭയം കൊണ്ട് അടിമുടി വിറച്ച ഡ്രൈവറിന്റെ പരിതാപകരമായ അവസ്ഥ എനിക്ക് മനസ്സിലായത്. “ഇത്ര അപഹാസ്യമായ രീതിയില് എന്റെ മതത്തെപ്പറ്റിയുള്ള ചോദ്യം ചെയ്യൽ ഈ ജന്മത്ത് നേരിടേണ്ടി വന്നിട്ടില്ല.” പിരിയുന്നതിന് മുന്പ് അയാൾ പറഞ്ഞു.

സ്വതന്ത്ര പരിഭാഷ: ഹരിത സാവിത്രി