Boolokam Movies
നിവിൻപോളി നമ്മളുദ്ദേശിച്ച നടനല്ല സാർ…!
സ്വവർഗ്ഗ പ്രണയത്തെ “കോഴിക്കോടനിസം” എന്നും “കുണ്ടനടി” എന്നും പേരിട്ടു വിളിക്കുംവിധം മാനസിക വൈകൃതമുള്ളവർ, “കോഴി” എന്ന സോ കാൾഡ് സേഫ്സോണിൽ തന്നെ നിവിൻപോളി എന്ന നടൻ തന്റെ കരിയർ അവസാനിപ്പിക്കും എന്ന മുൻധാരണ ഉള്ളവർ, അഭിപ്രായങ്ങൾ പറഞ്ഞതിന്റെ
376 total views

സി.കെ. രാഘവൻ
ലൂസിഫറിലെ ഷാജോണിന്റെ ഡയലോഗ് കടമെടുത്തുകൊണ്ട് തന്നെ തുടങ്ങാം:
“നിവിൻപോളി നമ്മളുദ്ദേശിച്ച നടനല്ല സാർ..!”
സ്വവർഗ്ഗ പ്രണയത്തെ “കോഴിക്കോടനിസം” എന്നും “കുണ്ടനടി” എന്നും പേരിട്ടു വിളിക്കുംവിധം മാനസിക വൈകൃതമുള്ളവർ, “കോഴി” എന്ന സോ കാൾഡ് സേഫ്സോണിൽ തന്നെ നിവിൻപോളി എന്ന നടൻ തന്റെ കരിയർ അവസാനിപ്പിക്കും എന്ന മുൻധാരണ ഉള്ളവർ, അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിലും അവകാശങ്ങൾക്കായി നിലകൊണ്ടതിന്റെ പേരിലും വെറുക്കപ്പെട്ടവരായിമാറിയ ഫെമിനിസ്റ്റുകളുടെ നേതാവായ ഗീതുമോഹൻദാസിന്റെ സിനിമ കാണാൻ താല്പര്യമില്ലാത്തവർ എന്നിവർ മൂത്തോനിൽ നിന്നും അകലം പാലിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ഇന്റർനാഷണൽ അപ്പീൽ ഉള്ള സിനിമയാണ് മൂത്തോൻ…!
“ഇതാണ് ഇന്ത്യൻ സിനിമ”, “ഇതാണ് മലയാളസിനിമ” എന്ന് ധൈര്യപൂർവ്വം പരിചയപ്പെടുത്തിക്കൊണ്ട് ലോകത്തിൽ എവിടെയുള്ള സിനിമാപ്രേക്ഷകരുടെ മുന്നിലേക്കും സധൈര്യം കൊണ്ടുപോകാവുന്ന സിനിമ…!
ഉണ്ടയും ജല്ലിക്കെട്ടുമൊക്കെ ഉൾപ്പെടുന്ന ഈ വർഷത്തെ മികച്ച മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് അഭിമാനപൂർവ്വം ചേർത്തു വയ്ക്കാവുന്ന സിനിമ..!
കഥാപുരോഗതിയിൽ ലക്ഷണമൊത്ത സർവൈവൽ/ഫാമിലി ഡ്രാമയായി ഗതിമാറ്റം നടക്കുമ്പോഴും സാമ്പ്രദായിക കച്ചവടസിനിമാശീലങ്ങൾക്കോ സിനിമാറ്റിക് കീഴ് വഴക്കങ്ങൾക്കോ വഴങ്ങിക്കൊടുക്കാൻ തയാറാവാത്ത ഗീതു മോഹൻദാസ് എന്ന സംവിധായികയുടെ, അനുരാഗ് കശ്യപ് എന്ന തിരക്കഥാകൃത്തിന്റെ, നിർമാതാവിന്റെ സിനിമയാണ് മൂത്തോൻ..!
പ്രമേയം ആവശ്യപ്പെടുന്ന പേസിൽ നിന്ന്, ഡാർക്ക് മൂഡിൽ നിന്ന്, റോ ഷെഡുള്ള കഥാപാത്രങ്ങളിൽ നിന്ന്, കഥാപരിസരത്ത് നിന്ന് ഒരു ഘട്ടത്തിലും വ്യതിചലിക്കാത്ത സിനിമ.
1983ലെ രമേശനും ഹേ ജൂഡിലെ ജൂഡ് റോഡ്റീഗസിനും അപ്പുറത്തേക്ക് നിവിൻപോളി എന്ന നടൻ ഉയരില്ല എന്നഭിപ്രായമുള്ളവർ കണ്ടിരിക്കേണ്ട സിനിമയാണ് മൂത്തോൻ..!
ദിലീഷ് പോത്തനും ശോഭിതയും ശശാങ്ക് അറോറയും സുജിത്ത് ശങ്കറും ഉൾപ്പടെയുള്ള എല്ലാ അഭിനേതാക്കളും ഗംഭീരപ്രകടനങ്ങൾ കാഴ്ച വച്ചപ്പോൾ മുല്ലയായി വന്ന സഞ്ജനാ ദീപുവും അമീറായി ജീവിച്ച റോഷൻ മാത്യുവും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നു.
സാഗർ ദേശായിയുടെ സംഗീതം സിനിമയ്ക്കൊപ്പം, സിനിമയുടെ മൂഡിനൊപ്പം നിൽക്കുമ്പോൾ തന്റെ ഫ്രെയിമുകൾ കൊണ്ട് തെരുവുകളെ കൊണ്ടുപോലും കഥ പറയിക്കുന്ന രാജീവ് രവി എന്ന ക്യാമറാ മാന്ത്രികനെ ഒരിക്കൽകൂടി കാണാൻ കഴിയുന്നു.
കാലഹരണപ്പെട്ട ആശയങ്ങൾ കൊണ്ട് അടിത്തറ രൂപപ്പെട്ട മതം, വ്യക്തിസ്വാതന്ത്ര്യത്തിന് മേൽ അധികാരം കണ്ടെത്തുന്ന അതിന്റെ ദുഷിച്ച സാമൂഹ്യസ്വാധീനവും കപടസദാചാരബോധവും, സാഹചര്യങ്ങൾക്ക് മുമ്പിൽ സ്വന്തം രൂപവും വ്യക്തിത്വവും മൂടിവെക്കേണ്ടി വരുന്നവന്റെയും ജീവൻ പകരംകൊടുക്കേണ്ടിവരുന്നവന്റെയും മാനസികസംഘർഷങ്ങൾ, മുറിയാത്ത രക്ത ബന്ധങ്ങളുടെയും നിലനിൽപ്പിനുവേണ്ടി അറുത്തു മാറ്റപ്പെടുന്ന സ്നേഹ ബന്ധങ്ങളുടെയും അസ്ഥിത്വം, അതിജീവനത്തിനായി സ്വയം പരിണാമം നടത്തേണ്ടി വരുന്നവൻ നിസ്സഹായത, ആണിന്റെ ഈ ലോകത്ത് ആണും പെണ്ണും ട്രാൻസ്ജെൻഡറും ഉൾപ്പെടെയുള്ളവർ നേരിടേണ്ടിവരുന്ന സുരക്ഷിതത്വമില്ലായ്മയുടെ ഭീകരത…
മലയാളിയുടെ ആസ്വാദനവഴികളിൽ നിന്നും ശീലങ്ങളിൽ നിന്നും പലയിടങ്ങളിലും മാറിനടക്കുന്ന പ്രസക്തമായ, വ്യക്തമായ രാഷ്ട്രീയം ഉറക്കെ പറയുന്നുണ്ട് മൂത്തോൻ..!
മുംബൈയും ടോറോന്റോയും സൺഡാൻസും ഉൾപ്പെടുന്ന ഫിലിംഫെസ്റ്റിവൽ വേദികളിലെ കൈയടികളിലേക്ക് മാത്രമായി ഒരു മികച്ച സിനിമ ഒതുങ്ങരുത് എന്നാഗ്രഹിക്കുന്ന സിനിമാസ്നേഹികൾക്ക് തീയറ്ററിലേക്ക് പുറപ്പെടാം, മലയാളസിനിമയുടെ ഉയർച്ചയിൽ അഭിമാനംകൊണ്ട് തീയറ്റർവിടാം, നെഞ്ചിൽ കത്തി കുത്തിയിറങ്ങിയ വേദനയോടെ മുല്ലയെയും മൂത്തോനെയും അമീറിനെയും കൂടെ കൊണ്ടുപോകാം…!
വാല് : നന്ദി, വെറും അഞ്ചുപേർക്ക് വേണ്ടി ഷോ ഇട്ടുതന്ന തീയറ്റർ ഉടമയ്ക്കും കമന്റ് അടിയും കൂക്കിവിളിയും കൊണ്ട് സിനിമയുടെ മൂഡ് നശിപ്പിക്കാതിരുന്ന ആ നാലു സിനിമ സ്നേഹികൾക്കും.
377 total views, 1 views today