രാജേഷ് ശിവ
പുഷ്പ തെലുങ്കിൽ ഇറങ്ങിയ മസാലപപടങ്ങളിൽ നിന്നും വ്യത്യസ്തമല്ലെങ്കിലും കണ്ടിരിക്കാൻ പോന്ന എന്തെങ്കിലും അനുഭവപ്പെടുന്നു എങ്കിൽ അത് അല്ലു അർജുൻ ഒരു നടനെന്ന നിലക്ക് നടത്തിയ ഉടച്ചുവാർക്കൽ കൊണ്ടുതന്നെയാകും. മലയാളികളെ സംബന്ധിച്ചടുത്തോളം അല്ലു അർജുൻ കേരളത്തിൽ നേടിയ സ്വീകാര്യതയ്ക്കു പുറമെ ഫഹദ് ഫാസിലിന്റെ സാന്നിധ്യവും ഈ സിനിമ കാണുന്നതിന് ഒരു ഉണർവ് നൽകാൻ പോന്നതാണ്. ഈ സിനിമയെ വേണമെങ്കിൽ തെലുങ്കിന്റെ കെജിഎഫ് എന്ന് വിശേഷിപ്പിക്കാം . ഒന്ന് സ്വർണ്ണവും മറ്റൊന്ന് രക്തചന്ദനവും എന്ന വ്യത്യാസം മാത്രം .ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ നൽകിയ തെലുങ്ക് സിനിമാ ഇൻഡസ്ട്രി വലിയ ബഡ്ജറ്റ് സിനിമകൾ ചെയ്യുന്നതിലുള്ള പ്രാവീണ്യം പണ്ടേ തെളിയിച്ചിട്ടുള്ളതുകൊണ്ടുതന്നെ കെജിഎഫിനെ അപേക്ഷിച്ചു പുഷ്പയുടെ നിലവാരക്കുറവ് ചർച്ച ചെയ്യപ്പെട്ടേക്കാം. എന്നാൽ അഭിനയപ്രകടനം കൊണ്ട് യാഷിന്റെ റോക്കിയെ വെല്ലുന്നതായി അല്ലു അർജുന്റെ പുഷ്പരാജ് എന്ന് നിസംശയം പറയാം.
ഒരുപക്ഷെ ബാഹുബലി പല ഇന്ത്യൻ സിനിമകൾക്കും ഒരു ദിശാസൂചിയായിരുന്നു. ബിഗ്ബഡ്ജറ്റ് എന്ന നിലയ്ക്കല്ല , മറിച്ച് ആദ്യഭാഗം കഴിയുമ്പോൾ രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള കാലങ്ങളോളമുള്ള കാത്തിരിപ്പ്. പഴക്കം ചെല്ലുന്ന വീഞ്ഞിനു വീര്യംകൂടുമെന്നു പറയുന്നപോലെ ഈ കാത്തിരിപ്പുകൾക്കു എത്രമേൽ ദൈർഘ്യം ഉണ്ടാകുന്നുവോ അത്രമേൽ വിജയസാധ്യതയും കൂടുന്നു. കാത്തിരിപ്പിന്റെ ഓരോ ദിവസവും സിനിമയ്ക്ക് കിടന്ന ബോണസ് ആയി മാറ്റുന്ന ആ ഒരു സമീപനം പിന്നീട് പലരും ഏറ്റുപിടിച്ചു. മലയാളത്തിൽ പോലും ആ സമീപനം പലരും പരീക്ഷിക്കുകയാണ്. അതാണ് ദൃശ്യത്തിലൂടെ നമ്മൾ കണ്ടതും മിന്നൽ മുരളിയിലൂടെ ആവർത്തിക്കുന്നതും . സിനിമയുടെ രണ്ടാംഭാഗങ്ങൾ പലകാലത്തും ഉണ്ടായിട്ടുണ്ട് എങ്കിലും അതിനൊന്നും വേണ്ടി ആരും കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടുണ്ടാകില്ല . മാർക്കറ്റിങ് തന്ത്രങ്ങളുടെ വളർച്ചയോടെയാണ് കാത്തിരിപ്പ് എന്നത് ഏറ്റവും വലിയ മാർക്കറ്റിങ് തന്ത്രമായത്.
അക്കാര്യത്തിൽ ബാഹുബലിക്ക് ശേഷം കെജിഎഫ് തന്നെയാണ് വിജയിച്ചു നിൽക്കുന്നത്. തെരുവിൽ വളർന്ന് അമ്മയുടെ ‘ഗീതോപദേശങ്ങളിൽ’ നിന്നും ഊർജ്ജം കണ്ടെത്തി തോൽക്കാതിരിക്കാൻ പഠിച്ചുവളർന്നു ഗ്യാങ്സ്റ്റർ ആയി മാറിയ റോക്കിയുടെ വളർച്ചയുടെ പാതയാണ് ഒന്നാംഭാഗത്തിൽ. ഗരുഡനിഗ്രഹത്തോടെ അവസാനിക്കുന്ന ഒന്നാം ഭാഗം ഇന്ത്യൻ സിനിമയുടെ തന്നെ മാറ്റത്തിന്റെ നാഴികക്കല്ലായി. സിനിമാരാധകർ അധികം പ്രതീക്ഷ വച്ചുപുലർത്താതിരുന്ന സാൻഡൽ വുഡ് ഫിലിം ഇൻഡസ്ട്രിയുടെ കുതിപ്പ് കൂടിയായി കെജിഎഫ്. കോളാർ സ്വർണ്ണഖനിയും അതിന്റെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും അവിടത്തെ അടിമ പണിക്കാരുടെ ദുരിതങ്ങളും ഖനിമാഫിയയുടെ ക്രൂരതകളും അനാവരണം ചെയുന്ന കെജിഎഎഫിന്റെ രണ്ടാംഭാഗം ഈ വര്ഷം (2022) ഏപ്രിലിൽ പുറത്തിറങ്ങുകയാണ്. അതൊരു ചരിത്രസംഭവമാകും എന്നതിൽ സംശയമില്ല. കെജിഎഫിനെ പോലെ തന്നെ പുഷ്പയും അത് വർത്തമാനകാലത്തു നടക്കുന്നതായല്ല തുടങ്ങി വയ്ക്കുന്നത്. കാലഘട്ടത്തെ മനസിലാക്കാൻ വസ്ത്രധാരണം, വാഹനങ്ങൾ തുടങ്ങി പേജർ വരെയുള്ള ചില സൂചകങ്ങൾ അതിൽ ചേർക്കുന്നുണ്ട്.
ബാഹുബലിയും കെജെഫും പോയ വഴിയേ തന്നെയാണ് പുഷ്പയും സഞ്ചരിക്കുന്നത്. എന്നാൽ അത്രമാത്രം പുഷ്പ അതിൽ വിജയിച്ചുവോ എന്നതിൽ സംശയമാണ്. അല്ലുവിനെ പുഷ്പയും ഫഹദിന്റെ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഈഗോകളും കള്ളനുംപോലീസും കളിയുമാകും രണ്ടാംഭാഗത്തിൽ. അതിനുവേണ്ടിയുള്ള ആകാംഷ ഒന്നാം ഭാഗമവസാനിക്കുമ്പോൾ ബാക്കിവയ്ക്കുന്നുണ്ട്. ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിന് ? ഗരുഡ നിഗ്രഹത്തോടെ റോക്കി കെജിഎഫിന്റെ നിയന്ത്രണം കയ്യടക്കുമോ ? എന്നൊക്കെയുള്ള രണ്ടാംഭാഗം ആകാംഷകളുടെ അത്രയും വരുന്നില്ലെങ്കിലും….
പുഷ്പരാജ് ആയി കസറുന്ന പ്രകടനം തന്നെയാണ് അല്ലു അർജ്ജുൻ കാഴ്ചവച്ചിരിക്കുനന്ത്. പുഷ്പ കാണുന്നതിന് മുൻപ് എനിക്ക് അല്ലുവിനോട് യാതൊരു താത്പര്യവും ഇല്ലായിരുന്നു. ഒരു വികൃതിയായ കാമുകൻ എന്നതിനപ്പുറത്ത് അയാളുടെ ഇമേജുകൾ ഒരുകാലത്തും മാറിയിരുന്നില്ല മനസ്സിൽ. എന്നാൽ പുഷ്പ കണ്ടതിനു ശേഷം അതിനെ മാറ്റിപ്രതിഷ്ഠിക്കാൻ കാരണമായി. അയാളിൽ ഇരുത്തം വന്ന ഒരു നടൻ ഉണ്ട് എന്ന് ബോധപ്പെടുന്നു.
ജപ്പാനിൽ ഉള്ള സവിശേഷമായ ഒരു വയലിനിൽ നിന്നാണ് കഥ തുടങ്ങുന്നത് . വിവാഹസമയത്ത് വരൻ വധുവിന് സമ്മാനം നൽകുന്ന തികച്ചും സവിശേഷതയുള്ള വയലിൻ. ഒരു വയലിന് എട്ടുലക്ഷത്തോളം രൂപയുണ്ട് വില. കാരണം അത് നിർമ്മിച്ചിരിക്കുന്നത് ഒരു പ്രത്യകതരം തടി കൊണ്ടാണ്. മറ്റൊന്നുമല്ല നമ്മളൊക്കെ കേട്ടിട്ടുള്ള രക്തചന്ദനം. ‘ഭൂമിയിൽ മുളയ്ക്കുന്ന പൊന്ന് ‘ എന്നാണ് അതിന്റെ വിളിപ്പേര്. കാരണം, ലോകത്തു ആകെ രക്തചന്ദനം ലഭിക്കുന്ന ഇടം ഇന്ത്യയിൽ ആണ്. അതാകട്ടെ റായൽ സീമയിലുള്ള ശേഷാചലം കാടുകൾ മാത്രമാണ്. തികച്ചും ദുര്ലഭമായ ഒന്ന് എന്നതുകൊണ്ടാണത്രെ ആ മരത്തിനു ഇത്രയും വിലയുള്ളത്. അവിടെ നിന്നും ആ രക്തചന്ദനം ലോകമെങ്ങും അനധികൃതമായി കയറ്റി അയക്കപ്പെടുന്നു. ഇനി പറയാനുണ്ടോ ശേഷാചലം കാടുകൾ കേന്ദ്രീകരിച്ചു മാഫിയകൾ രൂപപ്പെടാനും സംസ്ഥാനരാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ശക്തിയാകാനും അധോലോക പോരാട്ടങ്ങൾ തുടങ്ങാനും.അവിടത്തെ ഒരു ചന്ദനംവെട്ടു കൂലിക്കാരനാണ് പുഷ്പ. അവൻ എങ്ങനെയാണ് രക്തചന്ദനമാഫിയയെ നിയന്ത്രിക്കുന്ന ശക്തി ആകുന്നത് ?

സമൂഹത്തിനു പലപ്പോഴും രണ്ടു മുഖങ്ങൾ ഉണ്ടല്ലോ . സാത്വകമായ ഘടനയും അതിനു നേർ വിപരീതമായ ഒരു ക്രിമിനൽഘടനയും. ആദ്യത്തേതിൽ തന്നെയാണ് പലരും ജീവിക്കാൻ ശ്രമിക്കുന്നത് എന്നിരുന്നാലും രണ്ടാമത്തേതിലേക്കു എങ്ങനെയാണ് വഴുതിവീഴുന്നത് ? അവിടെ വ്യക്തികളെയല്ല അവരുടെ കുട്ടിക്കാലത്തെയാണ് നമ്മൾ നോക്കേണ്ടത്. അനവധി അപകർഷതകളും അവഗണകളും അവഹേളനങ്ങളും അപമാനങ്ങളും അരക്ഷിതബോധവും അനുഭവിക്കുന്ന ഒരു കുട്ടിയിൽ നിന്നും ഒരു നല്ല പൗരനെ സൃഷ്ടിക്കപ്പെടുകയില്ല. അതുതന്നെയാണ് കെജിഎഫിൽ റോക്കിയും പറഞ്ഞത്. അവിടെ പക്ഷെ അവന്റെ ‘അമ്മ തന്നെയാണ് ഉപദേശങ്ങൾ കൊണ്ട് വാർത്തെടുത്തൊരു ആയുധം അവനു നൽകുന്നത് . അവന്റെ വഴികളിൽ ഉടനീളം അവന്റെ അമ്മയുടെ വാക്കുകളുടെ ശക്തിയുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ പോരാളിയാണ് ‘അമ്മ എന്ന് അവൻ പറയുന്നതുതന്നെ അമ്മയുടെ പോരാട്ടവീര്യം അവനു പകർന്നു നൽകിയ ആയോധനകലകളെ കുറിച്ചുള്ള അറിവുകൾ കൂടി കൊണ്ടുതന്നെയാണ്. ഇവിടെ പുഷ്പയും അമ്മയും സമാനമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയതെങ്കിലും പുഷ്പയുടെ വഴികളിൽ ഒരു ഗുരുനാഥയാകാൻ അമ്മയ്ക്ക് സാധിക്കുന്നില്ല, മറിച്ചു ഒട്ടും ആർജ്ജവമില്ലാത്ത ഒരു ദുര്ബലസ്ത്രീയാണ് അവന്റെ ‘അമ്മ. അമ്മയും താനും പേറുന്ന ‘വിലാസമില്ലായ്മ’ യെ മായ്ചുകളഞ്ഞു ജീവിക്കാനുള്ള ധനസമ്പാദനവും ആരു കേട്ടാലും ഭയക്കുന്ന കള്ളക്കടത്തു ലോകത്തെ ഗ്യാങ്സ്റ്റർ ആകുകയുമായിരുന്നു അവന്റെ ലക്ഷ്യം.
ഒരർത്ഥത്തിൽ അനുഭവങ്ങൾ എന്ന ശില്പി അഭിമാനവും ദുരഭിമാനവും കൊണ്ട് വാർത്തെടുത്ത നായകനാണ് പുഷ്പ. അതുമാത്രം മതിയല്ലോ അയാൾക്ക് ഒരു പ്രദേശത്തിന്റെ മൊത്തം മാഫിയയെയും നിയന്ത്രിക്കാനുള്ള ശക്തി നൽകാൻ. പുഷ്പ എന്ന് കേൾക്കുമ്പോൾ ഒരു പൂവിനെ സങ്കല്പിച്ചുകൊണ്ടു ഈ സിനിമ കാണരുത്. അഥവാ ആണെങ്കിൽ തന്നെ പുഷ്പ ലാവയിൽ വിരിഞ്ഞ പൂവാണ് .തന്റെ ഷോൾഡർ ഒരു ഭാഗം കൊണ്ട് ചരിച്ചാണ് പുഷ്പയുടെ നടപ്പ്. പക്ഷെ അതിനൊരു കാരണം പറയുന്നുണ്ട്. കുട്ടിക്കാലത്തു നടന്നൊരു സംഭവം. അവന്റെയും അമ്മയുടെയും അഭിമാനത്തെ വ്രണപ്പെടുത്തിയ സംഭവം. അല്ലുവിനെ ഇന്നോളം കാണാത്ത രൂപഭാവങ്ങൾ നിങ്ങള്ക്ക് പുഷ്പയിൽ കാണാം. അയാളുടെ അഭിനയചാതുര്യം മുഴുവൻ പിഴിഞ്ഞെടുത്തിട്ടുണ്ട് ആര്യ, രംഗസ്ഥലം പോലുള്ള വമ്പൻ ഹിറ്റുകൾ സംവിധാനം ചെയ്തു കഴിവ് തെളിയിച്ചിട്ടുള്ള സുകുമാർ. ആര്യ 2 വിനു ശേഷം ഉള്ള അല്ലു-സുകുമാർ കോമ്പോ ആണ് പുഷ്പ.
സിനിമയിൽ വെടിവെച്ചും വെട്ടിയും കൊന്നും പിന്നങ്ങോട്ടുള്ള പോരാട്ടങ്ങൾ എല്ലാം തന്നെ നമ്മൾ പ്രതീക്ഷിക്കുന്നത് തന്നെയാണ്. നായകനും പ്രതിനായകനും അസംഖ്യം ശിങ്കിടികളും തമ്മിലുള്ള ഫൈറ്റുകൾ ഒരു തികഞ്ഞ ആക്ഷൻ പടത്തിന്റെ എല്ലാ ചേരുവകളോടും കൂടിയാണ് സംവിധായകൻ അണിയിച്ചൊരുക്കിയത്. ഈ ചിത്രത്തിന്റെ മറ്റൊരു മേന്മ , തെലുങ്ക് സിനിമകളിൽ സാധാരണ കണ്ടുവരുന്ന അവിശ്വസനീയമായ രംഗങ്ങൾ അധികം ഇല്ല എന്നതാണ്. പുഷ്പ ഒരു മനുഷ്യകഥാപത്രം തന്നെയാണ്. രശ്മിക മന്ദാനയുടെ ശ്രീവള്ളി എന്ന കഥാപാത്രം അത്ര നന്നായി തോന്നിയില്ല എങ്കിലും ഒരു ഡമ്മി കഥാപാത്രത്തിൽ ഒതുങ്ങിയില്ല എന്നത് ആശ്വാസകരമാണ്. പ്രതിനായക കഥാപാത്രമായ മംഗളം ശ്രീനു ആയി വന്ന സുനിൽ , മംഗളം ശ്രീനുവിന്റെ ഭാര്യ ദാക്ഷായണിയായി വന്ന അനസൂയ ഭരദ്വാജ് , ജോളി റെഡ്ഢി ആയി വന്ന ധനഞ്ജയ, ഭൂമി റെഡ്ഢി സീതപ്പ നായിഡു ആയി വന്ന റാവു രമേഷ് , ഭണ്ഡാരി ആയി വന്ന ജഗദീഷ്, കൊണ്ട റെഡ്ഢി ആയി അഭിനയിച്ച അജയ്ഘോഷ് ,പുഷ്പയുടെ അമ്മയായി വന്ന കല്പലത , DSP ഗോവിന്ദപ്പ ആയി വന്ന ശത്രു…. ഇവരെല്ലാം തന്നെ വേഷങ്ങൾ ഭംഗിയാക്കി . നായികയായ രശ്മിക മന്ദാനയുടെ ഐറ്റം ഡാൻസുകൾ അനവധിയുള്ളപ്പോൾ തന്നെ സാമന്തയെ വെറുതെ കൊണ്ടുവരേണ്ടിയിരുന്നില്ല എന്ന് തോന്നി.
ഒരാളെ വിട്ടുപോയി അല്ലെ ? മനഃപൂർവ്വം ആ ലിസ്റ്റിൽ പെടുത്താത്തതു തന്നെയാണ്. മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ.. അല്ല ഭൻവർ സിംഗ് ശെഖാവത് IPS . പുഷ്പയുടെ റിലീസിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരിൽ ആകാംഷയും പ്രതീക്ഷയും ഉണർത്തിയിരുന്നു ഫഹദിന്റെ വേഷം. എന്നാൽ ഒന്നാംഭാഗത്തിന്റെ അവസാനമായപ്പോൾ കടന്നുവന്ന കഥാപാത്രം ആയതുകൊണ്ടുതന്നെ കാണാൻപോകുന്ന പൂരം ആയി മാത്രമേ ഫഹദിന്റെ വേഷത്തെ കുറിച്ച് പറയാൻ സാധിക്കുന്നുളൂ. അനവധി കൊലകൊമ്പന്മാരെ നിഷ്പ്രഭമാക്കിയ പുഷ്പയ്ക്കു പറ്റിയ എതിരാളി ആയിട്ടാണ് അയാൾ കടന്നുവരുന്നത്. താനൊരു സത്യസന്ധൻ ഒന്നും അല്ല എന്നയാൾ കാണിച്ചുതരുന്നുണ്ട്. എന്നാൽ ക്രിമിനലുകൾ നിയന്തിക്കുന്ന പാവയാകാൻ തന്നെ കിട്ടില്ല എന്നാണ് അയാൾ പറഞ്ഞുവയ്ക്കുന്നത്. താൻ നിയന്ത്രിക്കുന്ന, തന്റെ അണ്ടറിൽ നിൽക്കുന്ന തന്റെ അനുചരന്മാർ ആകണം പുഷ്പ ഉൾപ്പെടെയുള്ളവർ എന്ന് പറയുന്നതിലൂടെ പുഷ്പയ്ക്കു പറ്റിയ എതിരാളി ആയി അയാൾ സ്ഥാപിക്കപ്പെടുന്നു.ഒന്നാം ഭാഗം അവസാനിക്കുമ്പോൾ അടുത്ത ഭാഗത്തേക്കുള്ള ഊർജ്ജം കരുതാനും ഒരു പ്രതിനായകൻ ആകാനും ഭൻവർ സിംഗ് ശെഖാവത്തിനു പുഷ്പയിൽ നിന്നും കിട്ടിയ മുറിവുകൾ തന്നെ ധാരാളം. ആ മുറിവകൾ ശരീരത്തിൽ അല്ല എന്നുമാത്രം. ഒട്ടനവധി ഈഗോകളും മാനസികപ്രശ്നങ്ങളും ഉള്ള കഥാപാത്രമായുള്ള ഫഹദിന്റെ പ്രകടനം ഒരുപക്ഷെ അദ്ദേഹത്തിന്റെ ചില സിനിമകളിലെ കഥാപാത്ര ആവർത്തനമായി തോന്നാം. എന്നാൽ അത്തരമൊരു കഥാപാത്രത്തെ തന്നെയാണ് പുഷ്പ എന്ന സിനിമ അർഹിക്കുന്നതെന്നു വരുംഭാഗത്തിലൂടെ അദ്ദേഹം തെളിയിക്കും എന്ന് ഉറപ്പുണ്ട്.
പോളിഷ് സിനിമാട്ടോഗ്രാഫറായ Mirosław Kuba Brożek ആണ് പുഷ്പയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് . അദ്ദേഹം വളരെ ഭംഗിയായി തന്നെ അത് നിർവഹിച്ചിട്ടുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായിട്ടും പുഷ്പയുടെ VFX പരമദയനീയം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.ചില ഷോട്ടുകൾ ഇന്ത്യൻ സിനിമയുടെ വിഎഫ്എക്സ് പരാജയങ്ങളുടെ തുടർക്കഥ തന്നെയാകുന്നു. പുഷ്പയുടെ സംഗീതം മോശമായാണ് അനുഭവപ്പെട്ടത്. ഡിഎസ് പി (Devi Sri Prasad) തികഞ്ഞ പരാജയമായി . കൊറിയോഗ്രാഫി മോശമായില്ല. മൂന്ന് മണിക്കൂറോളമുള്ള സിനിമ കാണികളെ എന്റർടൈൻ ചെയ്യിക്കും എന്നതിൽ സംശയമില്ല. ധൈര്യമായി ഒരു മാസ് മൂവി കാണാൻ നിങ്ങള്ക്ക് ടിക്കറ്റെടുക്കാം. അതിനും അപ്പുറം എന്തെങ്കിലും പ്രതീക്ഷിച്ചുപോയാൽ മറ്റാരും ഉത്തരവാദിയല്ല.
3 out of 5
****