ഒന്നുകിൽ കടലിൻ്റെ അടിത്തട്ടിൽ, അല്ലെങ്കിൽ ഭൂമിക്ക്‌ പുറത്ത്

490

Arun Kottarakkara എഴുതുന്നു

ഒന്നുകിൽ കടലിൻ്റെ അടിത്തട്ടിൽ, അല്ലെങ്കിൽ ഭൂമിക്ക്‌ പുറത്ത്

————————————————————————-
ഈ ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവികൾ ഉണ്ടോ? വളരെ കാലമായി ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന ചോദ്യമാണത്. ഉണ്ടാവാം എന്നല്ലാതെ വ്യക്തമായ ഒരു ഉത്തരം ഇന്നേവരെ ആരും നല്‌കിയിട്ടുമില്ല.
നമ്മുടെ ആകാശഗംഗയിൽ മാത്രം ഏകദേശം 4000 കോടി ഗ്രഹങ്ങൾ സൂര്യനെ പോലെയുള്ള

Arun Kottarakkara 
Arun Kottarakkara 

നക്ഷത്രങ്ങളുടെ ഹാബിറ്റബിൾ സോണിൽ⁽¹⁾ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്⁽²⁾. അവിടെ എവിടെയെങ്കിലും ജീവൻ ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. എങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത സ്ഥിതിക്ക് ഇതിൻ്റെ ഉത്തരം ‘ഇല്ല’ എന്ന് തന്നെ പറയേണ്ടി വരും.

അങ്ങനെയെങ്കിൽ ഈ സൗരയൂഥത്തിൽ? ഏയ്, എന്തായാലും ഉണ്ടാവാൻ വഴിയില്ല. ചന്ദ്രൻ, ചൊവ്വ, ശുക്രൻ എന്ന് വേണ്ട എല്ലാ ഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും മനുഷ്യൻ പേടകം എത്തിച്ചിട്ടുണ്ട്⁽³⁾. എന്നാൽ എവിടെയും ബുദ്ധിവികാസമുള്ള(Intelligible) ജീവികൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. (ഇല്ലാത്തതിനെയും കണ്ടെത്തിയിട്ടില്ല കേട്ടോ, ഉണ്ടെങ്കിൽ എളുപ്പമായിരുന്നു, അത്ര തന്നെ).
ചന്ദ്രയാൻ
⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻
2019 ജൂലൈ22 ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 ഇപ്പോൾ ചാന്ദ്രഭ്രമണപഥത്തിലാണ്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്ന ഒരു ബൃഹദ് പദ്ധതിയാണ് ചന്ദ്രയാൻ-2⁽⁴⁾. 14 ഉപകരണങ്ങൾ ആണ് ചന്ദ്രനിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്⁽⁵⁾. ഇപ്പോൾ (August 24, 2019) ചന്ദ്രന് ചുറ്റും 118 km x 4412 km വലിപ്പത്തിലുള്ള ഓർബിറ്റിൽ⁽⁶⁾ സഞ്ചരിക്കുന്ന ചന്ദ്രയാനിൽ ഉള്ള വിക്രം ലാൻഡർ, ശേഷിക്കുന്ന ചില പ്രക്രിയകൾ കൂടി കടന്നാൽ സെപ്റ്റംബർ 7-നു ചന്ദ്രോപരിതലത്തിൽ ഇറങ്ങും. പ്രഗ്യാൻ റോവർ അവിടെ സഞ്ചരിക്കുകയും ഭൂമിയിലേക്ക് വിവരങ്ങൾ അയക്കുകയും ചെയ്യും.
ഈ പദ്ധതി വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ദക്ഷിണ ധ്രുവത്തിനോടടുത്ത് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യവും⁽⁷⁾⁽⁸⁾.
എന്തുകൊണ്ടാണ് ലാൻഡ് ചെയ്യാൻ ISRO ദക്ഷിണ ധ്രുവം തിരഞ്ഞെടുത്തത്? 2008-ൽ വിക്ഷേപിച്ച ചന്ദ്രയാൻ-1 നൽകിയ അറിവുകളാണ് അതിന് അടിസ്ഥാനം. ദക്ഷിണ ധ്രുവത്തിൽ ഹാർഡ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-1 ലെ മൂൺ ഇമ്പാക്ട് പ്രോബ് (MIP) അവിടെ ഖരജലം (Water Ice) ഉണ്ടെന്നതിന് സൂചന നൽകി⁽⁹⁾⁽¹⁰⁾. പേടകത്തിൽ ഉണ്ടായിരുന്ന NASA യുടെ Moon Mineralogy Mapper ജലത്തിന്റെ സാന്നിധ്യം വ്യക്തമാക്കി⁽¹¹⁾. പത്തു വർഷങ്ങൾക്ക് ശേഷം, 2018 ആഗസ്റ്റിൽ, ചന്ദ്ര ധ്രുവങ്ങളിൽ ഖരജലം വലിയ അളവിൽ ഉണ്ടെന്ന് NASA സ്ഥിരീകരിച്ചു⁽¹²⁾. (1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ-24 പേടകം ചന്ദ്രനിൽ നിന്ന് കൊണ്ട് വന്ന സാമ്പിളുകളിൽ 0.1 % ജലം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു⁽¹³⁾).
അപ്പൊ വെള്ളം ഓക്കേ. അങ്ങനെയെങ്കിൽ അവിടെ വല്ല ജീവികളും ഉണ്ടാവുമോ? അന്തരീക്ഷവും മർദ്ദവും ഇല്ലാതെ, കഴിക്കാൻ ഒന്നും കിട്ടാതെ, റേഡിയേഷനും അടിച്ച് ആര് ജീവിക്കാൻ. ഇനി അഥവാ ആ അവസ്ഥയിൽ അവിടെ ജീവിക്കണമെങ്കിൽ അത് ആരായാലും ഒരു ഭീകരൻ ആയിരിക്കണം. കൊടും ഭീകരൻ.
ബെരശീത്ത്(Beresheet)
⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻
2007-ൽ ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിൾ സ്പോൺസർ ചെയ്ത മത്സരം ആയിരുന്നു GLXP (Google Lunar X-Prize)⁽¹⁴⁾. ചന്ദ്രോപരിതലത്തിൽ ഒരു റോബോട്ടിനെ ഇറക്കുക, 500 മീറ്റർ സഞ്ചരിക്കുക, ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കുക – ഇതായിരുന്നു മത്സരം. ആദ്യം ഈ നേട്ടം കൈവരിക്കുന്നവർക്ക് 20 മില്യൺ ഡോളർ സമ്മാനം. ലോകമെമ്പാടു നിന്നും നിരവധി സംഘടനകൾ ഇതിൽ പങ്കെടുത്തു. പക്ഷേ അവസാന കാലാവധി ആയ 2014 ഡിസംബറിൽ കാര്യമായ പുരോഗതി നേടാൻ മത്സരാർഥികളിൽ ആർക്കും കഴിഞ്ഞില്ല. കാലാവധി 2015 ലേക്കും പിന്നീട് 2017 ലേക്കും നീട്ടിയെങ്കിലും ലോഞ്ച് കോൺട്രാക്ട് നേടിയ ശേഷിച്ച 5 ടീമുകളും പദ്ധതി നടപ്പാക്കുന്നതിൽ വിജയിച്ചില്ല. ഒടുവിൽ 2018 മാർച്ച് 31 ന് വിജയികളില്ലാതെ മത്സരം അവസാനിച്ചു⁽¹⁵⁾⁽¹⁶⁾.
അവസാന റൗണ്ടിലെത്തിയ 5 ടീമിൽ ഒന്നായിരുന്നു ഇസ്രായേലിൽ നിന്നുള്ള SpaceIL എന്ന സ്വകാര്യ കമ്പനി. മത്സരം അവസാനിച്ചെങ്കിലും പദ്ധതിയുമായി അവർ മുമ്പോട്ട് പോയി (ജപ്പാനിൽ നിന്നുള്ള ടീം ഹകുട്ടോ 2020 ൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നു, ഇന്ത്യയിൽ നിന്നുള്ള ടീം ഇൻഡസും പദ്ധതി ഉപേക്ഷിച്ചിട്ടില്ല⁽¹⁷⁾⁽¹⁸⁾).
തങ്ങളുടെ ലാൻഡറിന് SpaceIL ഇട്ട പേര് സ്പാരോ (Sparrow) എന്നാണ്. GLXP അവസാനിച്ചപ്പോൾ ഈ പേര് മാറ്റി‘ബെരശീത്ത്’ എന്നാക്കി. ഹീബ്രുവിൽ ഇതിന് ‘ആദിയിൽ’ (In the Beginning) എന്നാണ് അർത്ഥം. ഇതിൽ റോവറിനോടൊപ്പം ശാസ്ത്രീയ ഉപകരണങ്ങൾ, ക്യാമറ എന്നിവ ഉണ്ടായിരുന്നു. കൂടാതെ അമേരിക്ക ആസ്ഥാനമായുള്ള ‘ആർച്ച് മിഷൻ ഫൗണ്ടേഷൻ’ എന്ന കമ്പനി നൽകിയ 25 നിക്കൽ പാളികളുള്ള പെട്ടിയും ഇതിൽ ഉൾപ്പെടുത്തി. 3 കോടിയോളം പേജുകൾ വരുന്ന ചരിത്രം, വിക്കിപീഡിയ, തോറ, ഡിക്ഷ്ണറികൾ, കുട്ടികളുടെ പെയിന്റിങ്ങുകൾ, മനുഷ്യ DNA യുടെ സാമ്പിളുകൾ, സാഹിത്യസൃഷ്ടികൾ, മറ്റനവധി വിവരങ്ങൾ എന്നിവ ഉയർന്ന റെസല്യൂഷനിൽ സൂക്ഷ്മമായി ഈ പാളികളിൽ ആലേഘനം ചെയ്തിരുന്നു⁽¹⁹⁾.
അങ്ങനെ, എല്ലാവരുടെയും പിന്തുണയും, ഇസ്രായേലി സ്‌പേസ് ഏജൻസിയായ IAI യുടെ സഹായവും കൂടി ആയപ്പോൾ 2019 ഫെബ്രുവരി 22 ന് യു.എസിലെ SpaceX ൻ്റെ ഒരു ഫാൽക്കൺ 9 റോക്കറ്റിൽ ബെരശീത്ത് ചന്ദ്രനിലേക്ക് യാത്രയായി⁽²⁰⁾. ഏപ്രിൽ 4 ന് ചാന്ദ്രഭ്രമണപഥത്തിൽ എത്തുകയും ഏപ്രിൽ 11 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുകയും ആയിരുന്നു ലക്‌ഷ്യം.
എന്നാൽ ഏപ്രിൽ 11 ന്, നിർദിഷ്ട ഭ്രമണ പഥത്തിൽ നിന്നും വേഗത കുറച്ച് താഴേക്ക് വരുന്നതിനിടയിൽ ബെരശീത്തിൻ്റെ മെയിൻ എൻജിൻ പ്രവർത്തന രഹിതമായി. ഭൂമിയിലുള്ള മിഷൻ കൺട്രോളർമാർ സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് എൻജിൻ പ്രവർത്തിപ്പിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പേടകം അപ്പോഴേക്കും ഉയർന്ന വേഗതയിൽ തെറ്റായ ദിശയിൽ ചന്ദ്രോപരിതലത്തിന് 149 മീറ്റർ അടുത്ത് എത്തിയിരുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ, മണിക്കൂറിൽ ഏകദേശം 480 കി.മീ. വേഗതയിൽ ബെരശീത്ത് ചന്ദ്രനിലേക്ക് ഇടിച്ചമർന്നു⁽²¹⁾⁽²²⁾⁽²³⁾⁽²⁴⁾.
ടാർഡിഗ്രേഡുകൾ(Tardigrades)
⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻⁻
വെള്ളത്തിലും പായലിലും മറ്റും വളരുന്ന ഒരു സൂക്ഷ്മ ജീവിയാണ് ടാർഡിഗ്രേഡ്. സൂക്ഷ്മദർശിനിയിലൂടെയുള്ള ചിത്രം കണ്ടാൽ ഭീകരനാണെന്നു തോന്നുമെങ്കിലും ആള് ഇത്തിരിയെ ഉള്ളൂ. വെറും 0.5 മില്ലിമീറ്റർ മാത്രം പരമാവധി വലിപ്പം വയ്ക്കുന്ന ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ തന്നെ പ്രയാസമാണ്. എട്ടു കാലുള്ള, ജന്തുവംശത്തിലുളള ഈ ജീവിയെ വ്യത്യസ്തനാക്കുന്നത് പക്ഷേ, മറ്റു ചില പ്രത്യേകതകൾ ആണ്.
ടാർഡിഗ്രേഡ് എന്ന വാക്കിന്റെ അർത്ഥം ‘മെല്ലെപ്പോക്കുകാരൻ’ എന്നാണ്. 1773 -ലാണ് ഇവയെ കണ്ടെത്തുന്നത്. ഭൂമിയിലെ ഏറ്റവും അതിജീവന ശേഷിയുള്ള ജീവികളിൽ ഒന്നായി ടാർഡിഗ്രേഡ് കണക്കാക്കപ്പെട്ടിരിക്കുന്നു. Water Bear എന്നും അറിയപ്പെടുന്ന ഇവയെ ഹിമാലയത്തിൽ 6000 മീറ്റർ ഉയരത്തിലെ കൊടും തണുപ്പിലും കടലിന്റെ അടിത്തട്ടിൽ 4000 മീറ്റർ താഴ്ചയിലും കണ്ടെത്തിയിട്ടുണ്ട്⁽²⁵⁾. ചില സ്പീഷീസുകൾ -270 ഡിഗ്രീ തണുപ്പിലും മറ്റു ചിലവ 150 ഡിഗ്രീ ചൂടിലും കഴിയാൻ ശേഷി ഉള്ളവയാണ്⁽²⁶⁾. 0 atm മർദ്ദം(vacuum) മുതൽ 6000 atm മർദ്ദം പോലും കക്ഷിക്ക് നിസ്സാരം ആണ്⁽²⁷⁾. ഇത് മറിയാന ട്രെഞ്ചിന്റെ അടിത്തട്ടിൽ ഉള്ളതിന്റെ ആറിരട്ടി മർദ്ദം ആണെന്ന് ഓർക്കണം! ചെറു സസ്യങ്ങളും ബാക്ടീരിയകളും ടാർഡിഗ്രേഡിലെ തന്നെ മറ്റു ചെറിയ സ്പീഷീസുകളും ആണ് ഇവയുടെ ആഹാരം. ഇനി വെള്ളമോ ആഹാരമോ ഇല്ലെങ്കിലോ പ്രതികൂല സാഹചര്യങ്ങൾ ആണെങ്കിലോ, ആശാൻ ഒരു പ്രോട്ടീൻ ഉപയോഗിച്ച് ശരീരം ഗ്ലാസ് ആക്കുകയും ഒരു ഡോർമെൻറ് അവസ്ഥയിലേക്ക് മാറുകയും ചെയ്യും. പിന്നീട് അനുകൂല സാഹചര്യങ്ങൾ തിരികെ വരുമ്പോൾ അവയുടെ ശരീരം പ്രവർത്തിക്കാൻ ആരംഭിക്കുകയും ഇരതേടലും പ്രത്യുൽപ്പാദനവും തുടരുകയും ചെയ്യുന്നു. ഈ ഡോർമെൻറ് അവസ്ഥയിൽ ഇവയുടെ ആയുസ്സ് കുറയുന്നില്ല എന്നതും അദ്‌ഭുതമാണ്. അതായത് സാധാരണ സാഹചര്യങ്ങളിൽ 2 വർഷത്തോളം ജീവിക്കുന്ന ടാർഡിഗ്രേഡ്, 10 വർഷം ഡോർമെൻറ് ആയാൽ 12 വർഷം ജീവിക്കുമെന്നർത്ഥം! -20 ഡിഗ്രീ തണുപ്പിൽ കുറഞ്ഞത് 30 വർഷം ഡോർമെൻറ് അവസ്ഥയിൽ കഴിയാൻ ഇവയ്ക്ക് ആവും എന്നാണ് നിഗമനം⁽²⁸⁾⁽²⁹⁾⁽³⁰⁾.
ഭൂമിയിൽ ഉണ്ടായ എല്ലാ കൂട്ടവംശ നാശവും (Mass Extinctions) തരണം ചെയ്ത ജീവി വർഗം ആണ് ടാർഡിഗ്രേഡ് എന്ന് കരുതപ്പെടുന്നു. 500 മില്യൺ വർഷങ്ങൾക്കു മുമ്പുള്ള കാംബ്രിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ടാർഡിഗ്രേഡുകളുടെ ഫോസിലുകൾ വടക്കേ അമേരിക്കയിലെ മഞ്ഞുപാളികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്⁽³¹⁾.
തീർന്നില്ല, ഇവയുടെ മറ്റൊരു പ്രത്യേകത ആണ് റേഡിയേഷൻ തടുക്കാനുള്ള കഴിവ്. മറ്റു ജന്തുക്കളെക്കാൾ 1000 മടങ്ങ് ശേഷി റേഡിയേഷൻ പ്രതിരോധിക്കാൻ ഇവയ്ക്ക് ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. 2007 സെപ്റ്റംബറിൽ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ റീ-എൻട്രി മിഷൻ ആയ FOTON -M3 യുടെ ഭാഗമായി ഒരു സംഘം നിർജ്ജലീകരിച്ച(Dehydrated) ടാർഡിഗ്രേഡുകളെയും ഒരു സംഘം നിർജ്ജലീകരിക്കാത്ത ടാർഡിഗ്രേഡുകളേയും 10 ദിവസം ലോ എർത്ത് ഓർബിറ്റിൽ കോസ്മിക് കിരണങ്ങളും ശൂന്യമർദ്ദവും ഏൽപ്പിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. ഇവയെ സജ്ജലീകരിച്ചപ്പോൾ 68% നിർജ്ജലീകരിച്ച ജീവികളും പുനർ ജീവിക്കുകയും പ്രത്യുത്പാദനം തുടരുകയും ചെയ്തു⁽³²⁾ (എന്നാൽ നിർജലീകരിക്കാത്തവയിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് പുനർ ജീവിച്ചത്). നാസയുടെ എൻഡവർ എന്ന സ്‌പേസ് ഷട്ടിലിൽ വച്ച് 2011 മേയിൽ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ മൈക്രോ ഗ്രാവിറ്റിയും കോസ്മിക് കിരണങ്ങളും ടാർഡിഗ്രേഡുകളെ ബാധിക്കുന്നില്ല എന്ന് കണ്ടെത്തി⁽³³⁾⁽³⁴⁾. 2011 ഡിസംബറിൽ റഷ്യയും ചൈനയും ചേർന്നുള്ള ഫോബോസ്-ഗ്രണ്ട് എന്ന മിഷനിൽ കുറെ ടാർഡിഗ്രേഡുകളെ ചൊവ്വയുടെ ഒരു ഉപഗ്രഹമായ ഫോബോസിലേക്ക് അയച്ചിരുന്നു⁽³⁵⁾. എന്നാൽ റോക്കറ്റിനു പേടകത്തെ ചൊവ്വയിലേക്കുള്ള പാതയിൽ എത്തിക്കാൻ കഴിയാതെ വരികയും മിഷൻ പരാജയപ്പെടുകയും ചെയ്തതോടെ പേടകത്തോടൊപ്പം ടാർഡിഗ്രേഡുകളും തിരികെ കടലിൽ പതിച്ചു⁽³⁶⁾.
മറ്റൊരു രസകരമായ ഒരു കാര്യം കൂടി പറഞ്ഞിട്ട് ടാർഡിഗ്രേഡുകളോട് തല്ക്കാലം വിട പറയാം. ഈ അടുത്തയിടെ നടന്ന ഒരു റിസർച്ച് അനുസരിച്ച് ടാർഡിഗ്രേഡുകൾ ബാക്ടീരിയകളുടെ ജീനുകൾ മോഷ്ടിക്കാറുണ്ടത്രേ! ഏറ്റവും കൂടുതൽ മോഷ്ടിച്ച ജീനുകൾ ഉള്ളത് ടാർഡിഗ്രേഡ് വംശത്തിൽ ആണെന്നാണ് വിലയിരുത്തൽ⁽³⁷⁾⁽³⁸⁾.
—————————————————————–
ബെരശീത്തിലേക്ക് മടങ്ങി വരാം. കൃത്യമായി പറഞ്ഞാൽ അതിലെ ടൈം കാപ്സ്യൂളിലേക്ക്. സത്യത്തിൽ ടൈം കാപ്സ്യൂളിലെ 3 കോടി പേജുകൾ ആലേഘനം ചെയ്തിരിക്കുന്നത് അതിലെ നാലു പാളികളിൽ മാത്രമാണ്. ബാക്കി 21 പാളികൾ ഒരു റെസിൻ ഷീറ്റ് കൊണ്ട്‌ വേർതിരിച്ചിരിക്കുന്നു. ഇവയ്ക്ക് ഇടയിൽ ആയിരക്കണക്കിന് നിർജ്ജലീകരിച്ച ടാർഡിഗ്രേഡുകളെയും വിതറിയിരുന്നു!⁽³⁹⁾ ഈ രഹസ്യം ആർച്ച് മിഷൻ ഫൗണ്ടേഷൻ്റെ മേധാവി പുറത്തു വിട്ടത് ലോഞ്ചിന് വെറും രണ്ടാഴ്ച്ച മുമ്പ് മാത്രമാണ്.
അതോടെ ബെരശീത്തിനൊപ്പം ആയിരക്കണക്കിന് ടാർഡിഗ്രേഡുകളും ചന്ദ്രനിൽ ഇറങ്ങിയിരിക്കുന്നു⁽⁴⁰⁾. എന്നാൽ അന്തരീക്ഷവും ജലവും ഇല്ലാത്ത മേഖല ആയതിനാൽ അവ ‘ഉയിർത്തെഴുന്നേൽക്കാൻ’ സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ പറയുന്നത്. എങ്കിലും അവ ഡോർമെൻറ് അവസ്ഥയിൽ ചന്ദ്രനിൽ ‘ജീവനോടെ’ ഉണ്ടാവും എന്നാണ് ആർച്ച് മിഷൻ ഫൗണ്ടേഷൻ മേധാവി നോവാ സ്പിവാക്കിന്റെ പ്രതീക്ഷ⁽⁴¹⁾.
ഒന്നോർത്തു നോക്കിയേ, ബെരശീത്ത് ദക്ഷിണ ധ്രുവത്തിലാണ് വീണതെങ്കിൽ? അവിടെ വെള്ളം ഉണ്ടെങ്കിൽ? ഒരു പക്ഷേ ടാർഡിഗ്രേഡുകൾ ഇപ്പോൾ ചന്ദ്രനിൽ താമസം തുടങ്ങിയേനെ. അങ്ങനെയെങ്കിൽ മനുഷ്യനേക്കാൾ മുമ്പ് മറ്റു ഗ്രഹങ്ങളിൽ കാലുകുത്തുന്നത് ഈ ‘മെല്ലെപ്പോക്കുകാരൻ’ തന്നെ ആയിരിക്കും.
ഭീകരനാണവൻ. കൊടും ഭീകരൻ!
ഇനി പറയൂ, ഭൂമിക്ക് പുറത്ത് ജീവികൾ ഉണ്ടോ??