നാളെ ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ

48

“വിധിയോട് പൊരുതൽ മധുരതരം…നേടുന്ന വിജയം അതി മധുരം “

ഇന്നലെ നമ്മൾ ഒരു വീഡിയോ കണ്ടിരുന്നു.. മൂന്ന് കുട്ടികൾ അവരുടെ അവധിക്കാലം ചെലവഴിക്കുന്ന വീഡിയോ, ബോട്ടിൽ ആർട്ടും, ആടു നോക്കലും, ഡാൻസും കളികളുമായി അവർ വെക്കേഷൻ തകർക്കുകയാണ്. ആൻലിയ, ആൽവിൻ, ആൻമരിയ വീഡിയോ പങ്ക് വെച്ചത് അമ്മ മെൻസി എബ്രഹാം.

ഇനി അവരുടെ ജീവിതത്തിന്റെ പിന്നാമ്പുറ കാഴ്ചകളിലേക്ക്.

മൂന്നു വർഷം മുമ്പ് ഒരു ജനുവരി ഏഴിനാണ് കുട്ടികൾക്ക് അവരുടെ അപ്പച്ഛനെ നഷ്ടമായത് ഒപ്പം മെൻസിയ്ക്ക് ഭർത്താവിനെയും. പോട്ടയിലെ JJ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന എബ്രഹാം, ജോലി കഴിഞ്ഞ് തിരികെ വരും വഴി ഏതോ അജ്ഞാത വാഹനം ഇടിച്ചിടുകയായിരുന്നു അദ്ദേഹത്തെ, സംഭവസ്ഥലത്ത് വെച്ച് തന്നെ എബ്രഹാം മരണപ്പെട്ടു.
ഇടിച്ച വാഹനം ഏതാണെന്ന് അറിയാത്തതിന്നാലും ഡ്രൈവറെയോ വാഹനത്തെ പറ്റിയോ ഇതുവരെ തുമ്പൊന്നും കിട്ടാത്തതിനാലും സർക്കാരിൽ നിന്നോ ഇൻഷുറൻസിൽ നിന്നോ ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ് കേസ് ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു എന്നാൽ എന്തെങ്കിലും ഒരു തുമ്പ് കിട്ടുകയാണെങ്കിൽ കേസ് ഫയൽ റീഓപ്പൺ ചെയ്യാമെന്ന് ഒരു ഉറപ്പും നൽകിയിട്ടുണ്ട് അത് കണ്ണിൽ പൊടിയിടാൻ ആണെന്ന് ആർക്കാണ് അറിയാത്തത്.

ഒരാൾ മരണപ്പെട്ടു എന്ന് എല്ലാവർക്കുമറിയാം അതും ഒരു കുടുംബത്തിലെ ഏക വരുമാനം ആയിരുന്ന ആൾ, നമ്മുടെ സർക്കാർ സിസ്റ്റത്തിന്റെ നൂലാമാലകളിൽ പെട്ട് ഒരു അമ്മയ്ക്കും മൂന്നു മക്കൾക്കും നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.ഈ കേസിന്റെ പുരോഗമനത്തിനായി മെൻസി മുട്ടാത്ത വാതിലുകളില്ല കയറാത്ത ഓഫീസുകൾ (മുഖ്യ മന്ത്രി, DGP, കളക്ടർ ) തന്നെ ഇല്ല എന്ന് വേണം പറയാൻ. പ്രധാനമന്ത്രിക്ക് /രാഷ്‌ട്രപതി വരെ നിവേദനം കൊടുത്തിട്ടും ഫലമുണ്ടായില്ല.
ഉന്നതങ്ങളിൽ പിടിപാട് ഇല്ല, സോഷ്യൽ മീഡിയയിൽ പ്രശസ്ത അല്ല, കൂടെ നിന്ന് പോരാടാൻ ആരുമില്ല രാഷ്ട്രീയ സ്വാധീനവും ഇല്ല, കഴിഞ്ഞ മൂന്നുവർഷമായി ഒറ്റയ്ക്ക് പോരാടി കൊണ്ടിരിക്കുകയാണ് ഈ വീട്ടമ്മ.

എന്നിട്ടും കണ്ണുതുറക്കാത്ത അധികാരികളോട് രണ്ട് വാക്ക്, ഇടയ്ക്ക് പാവങ്ങളോടും കരുണ കാണിക്കണം, രാഷ്ട്രീയ ബലവും പണവും ഉള്ളവരുടെ കേസ് മാത്രം പരിഗണിക്കുന്നതിനിടയിൽ ഇത് പോലുള്ള പാവപ്പെട്ടവരെയും ഒന്ന് കടത്തി വിടുക മനുഷ്യരല്ലേ, അവർക്കും ജീവിക്കണ്ടേ? 100ൽ 1% എങ്കിലും കരുണ അവരോട് കാണിച്ചു കൂടെ.

ഇടിച്ചിട്ട് കടന്നുപോയ ഡ്രൈവറോട് നിങ്ങൾ ആരാണെന്ന് അറിയില്ല ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഭാര്യയും കുട്ടികളുമായി സുഖമായിരിക്കുന്നുണ്ടാവാം, അച്ഛനെ കാത്തിരുന്ന മൂന്ന് മക്കളുടേയും ഒരമ്മയുടെയും മനസ്സിൽ തീക്കനൽ കോരിയിട്ട് അവർക്ക് ഒരിക്കലും തിരിച്ചു പിടിക്കാൻ പറ്റാത്ത അത്ര നഷ്ടം…. ജീവിതത്തിലൊരിക്കലും പകരം വെക്കാനില്ലാത്തതാണ് അച്ഛൻ.. ഒരു നിമിഷത്തെ കൈപ്പിഴ മൂലം നീ നഷ്ടപ്പെടുത്തിതും അത് തന്നെ.

എല്ലാം കഴിഞ്ഞു രക്ഷപ്പെട്ടു എന്ന് കരുതി നീ സന്തോഷിക്കുമ്പോൾ ഒന്നോർക്കുക കാലചക്രം കറങ്ങിക്കൊണ്ടിരിക്കും നാളെ നിന്റെ മക്കൾക്കും ഭാര്യക്കും ഈ ഗതി വരാതിരിക്കട്ടെ. കാരണം ഈയൊരു അവസ്ഥ അതിജീവിക്കാൻ ഒട്ടും എളുപ്പമല്ല. ഒരു നല്ല ഡ്രൈവർ അപകടം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുക എന്നുള്ളതാണ്, ഒരുപക്ഷേ എബ്രഹാമിനെ ഇടിച്ച ഡ്രൈവർ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.

ക്യാമറകൾ ഹൈവേകളിൽ മാത്രമുള്ളത് ഈ കേസിന് ഒരു ബലക്കുറവ് ആയി വന്നിരിക്കാം കാരണം ഇടിച്ചിട്ട വണ്ടി അടുത്ത് ക്യാമറ പോയിന്റിൽ എത്തുന്നതിന് മുൻപ് ഏതോ പോക്കറ്റ് വഴി കേറി രക്ഷപെടാൻ ആണ് സാധ്യത.ചെറിയ വഴികളിലും കാമറകൾ ഉണ്ടെങ്കിൽ ഒരു പരിധി വരെ കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെ കണ്ടെത്താൻ സാധിച്ചേക്കും.

കുട്ടികൾ മൂന്ന് പേരും വിദ്യാർത്ഥികൾ ആണ് ആൻലിയ പത്താം ക്‌ളാസ്സിലും മകൻ ആൽവിൻ എട്ടാം ക്‌ളാസ്സിലും ഇളയ മകൾ ആൻ മരിയ ആറാം ക്‌ളാസ്സിലും ആണ് പഠിക്കുന്നത്. ഈ അമ്മയുടെ ഏക പ്രതീക്ഷയും ഈ മക്കൾ ആണ്.. തന്നെ കൊണ്ടാവുന്ന വരെ.. മക്കൾക്ക് പഠിക്കാൻ പറ്റുന്ന വരെ… പഠിപ്പിക്കാൻ ഈ അമ്മ ഒരുക്കമാണ്…അമ്മയെയും അവസ്ഥയെയും മനസിലാക്കുന്ന മക്കൾ മാത്രമാണ് മെൻസിയുടെ കരുത്ത്.

മെൻസി പൊങ്ങത്തുള്ള നൈപുണ്യ ഇന്സ്ടിട്യൂട്ടിൽ ക്ലാർക് ആയി ജോലി നോക്കുന്നു, താമസം കൊടകരയ്ക്കടുത്ത് പാറേക്കാട്ടുകര.തൃശൂരിലെ പേര് കേട്ട ഒരു ക്ലബ്, മെൻസിയുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് കൊണ്ട് ഒരു പത്ര വാർത്ത പ്രസിദ്ധീകരിക്കുകയും ആദ്യ ഗഡുവായ 5000 രൂപ വീതം കുട്ടികൾക്ക് നല്കുകയുമുണ്ടായി, അതിന് ശേഷം ഒരു തരത്തിലുമുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല തന്നെയുമല്ല പേപ്പർ വാർത്ത വന്നത് കൊണ്ട് വേറെ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്..

ഇത് പോലെ പ്രസിദ്ധിമാത്രം ഉദ്ദേശിച്ചു വരുന്നവരോട്, ഒരാളെ രണ്ട് രീതിയിൽ ആണ് നിങ്ങൾ വഞ്ചിക്കുന്നത്. ഒന്ന് നിങ്ങൾ ഏറ്റെടുത്തത് പൂർത്തിയാക്കുന്നില്ല രണ്ടാമത്തേത് അവർക്ക് മറ്റെവിടെ നിന്നെങ്കിലും കിട്ടാനുള്ള സഹായം നിങ്ങൾ മൂലം തിരസ്കരിക്കപ്പെടുന്നു.

ലോൺ എടുത്ത് പണിത വീട്ടിൽ ഒരു വർഷമേ കുടുംബമായി കഴിയാനായുള്ളു അപ്പോഴാണ് ആ ദുരന്തം സംഭവിക്കുന്നത്… ഇപ്പോഴും തന്റെ തുച്ഛമായ ശമ്പളത്തിൽ നിന്ന് കുട്ടികളുടെ വിദ്യാഭ്യാസവും വീടിന്റെ ലോണും അടയ്ക്കാനുള്ള ബന്ധപ്പാടിലാണ് മെൻസി.കുട്ടികളുടെ സപ്പോർട്ടോട് കൂടി കുറച്ച് വളർത്തു മൃഗങ്ങളെയും പരിപാലിക്കുന്നുണ്ട് അവറ്റയുടെ ചിലവും മെൻസി തന്നെ കണ്ടെത്തുന്നു.

സോഷ്യൽ മീഡിയയുടെ ഒരു ശക്തി നമ്മൾക്കെല്ലാവർക്കും അറിയാമല്ലോ, പ്രളയത്തിനും കൊറോണയ്ക്കും ഒക്കെ മുൻപിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന നമ്മൾക്ക് മുൻപിൽ ഈ അമ്മയും കുട്ടികളും വഴിമുട്ടി നിൽക്കുകയാണ്.ഇവർ നമ്മുടെ സ്വന്തം സഹോദരിയും മക്കളും ആണെന്ന് കരുതി വേണ്ട സഹായം ചെയ്ത് കൊടുക്കുക .ഇത്രയൊക്കെ ബോൾഡ് ആയിട്ടും.. നാളത്തെ ഈ കുട്ടികളുടെ ഭാവിയെ കുറിച്ചോർത്ത് വ്യാകുലപ്പെടുകയാണ് ഈ അമ്മ..മനുഷ്യാവകാശ കമ്മീഷൻ ഈ കേസ് re-open ചെയ്യാൻ 2019 സെപ്റ്റംബർ മാസം ഉത്തരവിട്ടിട്ടും ഇത് വരെയും പൊടി തട്ടി വയ്ക്കാൻ പോലും ആ ഫയലുകൾ പുറത്തെടുത്തിട്ടില്ല.

സുഹൃത്തുക്കളെ… ഈ കേസിലെ പ്രതികൾ ആരായാലും പിടിക്കപ്പെടാനും സർക്കാർ സംവിധാനത്തിൽ ഇവരുടെ കേസിന് പ്രത്യേക പരിഗണനമൂലം നിയമാനുകൂല്യം നൽകി, ഇവർക്ക് കിട്ടേണ്ട ന്യായമായ ആനുകൂല്യങ്ങൾ ലഭിക്കാനും വേണ്ട നടപടികൾ എടുക്കാനും വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കാൻ താൽപര്യപ്പെടുന്നു , അഭ്യർത്ഥിക്കുന്നു. നാളെ ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ… ഇനിയും മെൻസിമാർ കേരളത്തിൽ ഉണ്ടാവാതിരിക്കാൻ