ക്രൂരതയുടെ വാർത്തകൾ കേരളത്തിന്റെ തല താഴ്ത്തുമ്പോൾ പുതിയ പ്രതീക്ഷയുടെ ഉയരങ്ങൾ കാട്ടിത്തരുകയാണ് ചിലർ

  239

  അറന്നൂറ്റിമംഗലം സ്വദേശിയായ റിങ്കു സുകുമാരൻ മുഖത്തു അടികൊണ്ട് നടന്നകന്നത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ടാണ് യുവതി ജനങ്ങൾ നോക്കിനിൽക്കേ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യയെ 10 ദിവസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു .

  ‘ഉടൻ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അമ്മ ഒരു വർഷത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു..’ ആ വാക്കുകൾ ചെവിയിലെത്തി കുറച്ച് സമയങ്ങൾക്കുള്ളിലാണ് റിങ്കു എന്ന ചെറുപ്പക്കാരനെ ഒരു കാരണവുമില്ലാതെ യുവതി മുഖത്തടിച്ചത്. അടി കൊണ്ടതാകട്ടെ ചെവിയിലും. ഇന്നും ആ വേദന മാറിയിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് റിങ്കു എന്ന എൻജിനീയറിങ് വിദ്യാർഥി കൂടിയായ യുവാവ് ഒരു സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്.

  എൻജിനീയറിങ് കോളജുകാർ തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കണം, അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയ നടത്തണം. ഫീസ് അടയ്ക്കാൻ പണമില്ലാതെ എൻജിനീയറിങ് പഠനം നിർത്തി റിങ്കുവിന്റെ സ്വപ്നങ്ങളിങ്ങനെയാണ്. ഈ ചെറുപ്പക്കരാനെയാണ് ആര്യ എന്ന യുവതി പരസ്യമായി മുഖത്തടിച്ചത്. കേസിൽ നിന്നും രക്ഷപെടാൻ റിങ്കുവിനെ പ്രതിയാക്കുമെന്നും ആര്യ ഭീഷണിയും മുഴക്കിയിരുന്നു. ആ സാഹചര്യത്തിൽ ആണ് കേരള ഹോട്ടൽ തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ മനോജ് മനോഹരൻ കൂടുതൽ മെച്ചപ്പെട്ട ജോലി റിങ്കുവിന് ഓഫർ ചെയുന്നത്.

  ക്രൂരതയുടെ വാർത്തകൾ കേരളത്തിന്റെ തല താഴ്ത്തുമ്പോൾ പുതിയ പ്രതീക്ഷയുടെ ഉയരങ്ങൾ കാട്ടിത്തരുകയാണ് ചിലർ. റിങ്കു എന്ന യുവാവിന്റെ ജീവിതത്തിലേറ്റ ആ അടി സമൂഹത്തിൽ വലിയ ചർച്ചയായി. ഇതിന് പിന്നാലെ കേരളം അയാൾക്കൊപ്പമാണെന്ന് തെളിയിക്കുകയാണ് കുറേ മനുഷ്യർ. മനോരമ ന്യൂസ് ഡോട്ട്കോം ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച റിങ്കുവിന്റെ വാർത്തയ്ക്ക് ചുവട്ടിൽ‌ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത് ഒട്ടേറെ പേരാണ്. ഇക്കൂട്ടത്തിൽ മനോജ് മനോഹരൻ എന്ന വ്യക്തിയുടെ കമന്റ് ഏറെ ശ്രദ്ധേയമാണ്.

  ‘റിങ്കുവിന് എന്റെ കേരള ഹോട്ടൽ തിരുവനന്തപുരം എന്ന സ്ഥാപനത്തിൽ ജോലി നൽകാൻ തയാറാണ്. ഭക്ഷവും താമസവും 16000 രൂപ ശമ്പളവും നൽകാം.’ മൊബൈൽ ഫോൺ നമ്പർ ഉൾപ്പെടെ പങ്കുവച്ചാണ് മനോജ് മനോരമ ന്യൂസ് പേജിന്റെ കമന്റ് ബോക്സിൽ കുറിപ്പിട്ടത്. ഇതിന് പിന്നാലെ മനോജുമായി ബന്ധപ്പെട്ടപ്പോൾ ഹൃദ്യമായ മറുപടിയാണ് ലഭിച്ചത്.

  കമന്റ് കണ്ടിട്ട് റിങ്കുവുമായി പരിചയമുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നെന്നും. ഉടൻ തന്നെ റിങ്കുവുമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കാമെന്നും സുഹൃത്ത് പറഞ്ഞതായി മനോജ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. സമാനജീവിത സാഹചര്യത്തിലുള്ള 18 പേരാണ് മനോജിന്റെ ഹോട്ടലിൽ ജോലി ചെയ്യുന്നത്. ഇവരെ എല്ലാം സമൂഹമാധ്യമങ്ങളിൽ നിന്നാണ് കണ്ടെത്തിയതെന്നും മനോജ് പറയുന്നു. തിരുവനന്തപുരം കഴക്കൂട്ടം ആക്കുളത്തിന് സമീപമാണ് മനോജിന്റെ കേരള ഹോട്ടൽ.