പ്രിയപ്പെട്ട ബൂലോകം ടിവി ആസ്വാദകരേ , വായനക്കാരെ…
നിങ്ങളേവരും കാത്തിരുന്ന ബൂലോകം ടിവി ഷോർട്ട് ഫിലിം മത്സര ഫലങ്ങൾ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്. വലിയ സ്വീകാര്യതയും ജനപിന്തുണയും ലഭിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഒരു മഹത്തായ കാൽവയ്‌പ്പ് തന്നെയായിരുന്നു. കഴിവുള്ള കലാകാരന്മാരെ ഉയർത്തികൊണ്ടു വരിക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം. പരിമിതമായ സൗകര്യങ്ങളിൽ നിന്നുകൊണ്ട് ആശയം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കാണിച്ച അർപ്പണബോധത്തിനും കലാബോധത്തിനും ഏവരും അഭിനന്ദനം അർഹിക്കുന്നു. വലിയ ബാനറുകളും വലിയ ബജറ്റുകളും എന്നതിലുപരി ആയി ഞങ്ങൾ പരിഗണിച്ചത് ഉയർന്നുവരാൻ സാധ്യതയും കഴിവും ഉണ്ടെന്നു ബോധ്യപ്പെട്ട കലാകാരന്മാരെ ആയിരുന്നു. ഒന്നിനൊന്നു വ്യത്യസ്തവും മികച്ചതുമായ നാനൂറോളം ചിത്രങ്ങൾ മത്സരത്തിനായി സമർപ്പിക്കപ്പെട്ടതിൽ നിന്നും വളരെ ദുഷ്കരമായ ഒന്നുതന്നെയായിരുന്നു വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ തിരഞ്ഞെടുക്കുക എന്നത്. മറ്റു ഫെസ്ടിവലുകളിൽ നിന്നും വ്യത്യസ്തമായി യാതൊരു എൻട്രി ഫീസും ഈടാക്കാതെയാണ് ഞങ്ങൾ മത്സരം സംഘടിപ്പിച്ചത് എന്നതുകൊണ്ടുതന്നെ ഒട്ടനവധി പേർക്ക് അവരുടെ സൃഷ്ടികൾ സമർപ്പിക്കാൻ സാധിച്ചു. ജൂറി ഐക്യകണ്ഠമായി ആണ് വിധിയെഴുതു നടത്തിയത്. ഞങ്ങൾ ഇവിടെ ഫലപ്രഖ്യാപനം ഔദ്യോഗികമായി നടത്തുകയാണ്
ഒന്നാം സ്ഥാനം റോളിംഗ് ലൈഫിന്
ഒന്നാം സ്ഥാനം നേടിയത് ‘റോളിങ് ലൈഫ് ‘ എന്ന ഷോർട്ട് മൂവിയാണ് . 25000/- രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സ്വന്തമാക്കിയ റോളിംഗ് ലൈഫ് സംവിധാനം ചെയ്തത് ശ്യാം ശങ്കർ ആണ് . ഒരു സംവിധായകനും അഭിനയിക്കാൻ അവസരം ചോദിച്ചു വരുന്ന ആളും തമ്മിലുള്ള സംഭാഷണമാണ് ഈ സിനിമ. ഒരു കട്ടിനപ്പുറം കാര്യങ്ങൾ തലകീഴായി മറിയുകയാണ്. അവിടെയാണ് സംവിധായകൻ ആ സത്യം നിങ്ങളോടു വിളിച്ചുപറയുന്നത്. ‘റോളിംഗ് ലൈഫ് ‘ ആണ് നമ്മുടേതെന്നു. മുന്നിൽ സഹായഹസ്തവുമായി വരുന്നവനെയോ നമ്മിൽ താഴ്ന്നവനെയോ പുച്ഛിച്ചാൽ, ഹീനമായി അവഗണിച്ചാൽ ഒരിക്കൽ നാം അവന്റെ മുന്നിൽ സഹായത്തിനു കൈനീട്ടാൻ ചെന്നുകൂടാ എന്നില്ല. സണ്ണിചാക്കോയുടെയും അഷ്‌കർ അലിയുടെയും സ്വാഭാവിക അഭിനയം എടുത്തുപറയേണ്ട ഒന്നാണ്.
രണ്ടാംസ്ഥാനം നേടിയത് ബ്ലാക്ക് മാർക്ക്
രണ്ടാംസ്ഥാനം നേടിയത് ‘ ബ്ലാക്ക് മാർക്ക് ‘ എന്ന ഷോർട്ട് മൂവിയാണ്. 15000/- രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സ്വന്തമാക്കിയ ബ്ളാക്ക് മാർക്കിന്റെ സംവിധായകൻ ഗോകുൽ അമ്പാട്ട് ആണ്. ഒരു ഷോർട്ട് മൂവിക്ക് നമ്മുടെ കണ്ണുകളെ ഈറനണയിക്കാൻ കഴിയുകയും അതിന്റെ ആശയം ആഗോളപ്രസക്തമായി എവിടെയും ചർച്ച ചെയ്യപ്പെടേണ്ട വിഷയമെങ്കിൽ അതിനെ ഉദാത്തമായ കലയെന്നു തന്നെ വിശേഷിപ്പിക്കാം. പ്രതിഭയുള്ള ഈ സംവിധായകൻ കണ്ടെത്തുന്ന ആശയങ്ങൾ എല്ലാ മനുഷ്യരും കണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നതിൽ അതിശയോക്തിയില്ല. ബ്ളാക് മാർക് ഒരു ഫീൽ ഗുഡ് മൂവിയാണ്. ലോകമെങ്ങും വംശീയതയ്ക്കു ഇരയാകുന്ന ജനകോടികൾ ഉണ്ട്. വിശാല ഭൂഖണ്ഡങ്ങളിൽ നിന്നും വർണവിവേചനം ചില തുരുത്തുകളിൽ മാത്രമായി എന്ന് എന്നൊക്കെ പറയുമെങ്കിലും മനുഷ്യ മനസുകളിൽ അത് ഭൂഖണ്ഡങ്ങൾ ആയി തന്നെ നിലനിൽക്കുകയാണ് .അങ്ങനെയുള്ളൊരു നാട്ടിലാണ് ഒരു ബാലൻ തന്റെ പാഠപുസ്തക വിപ്ലവം കൊണ്ട് അധ്യാപകന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നത്.
മൂന്നാം സ്ഥാനം നേടിയത് ‘പാത്തുമ്മയുടെ ആട്’
മൂന്നാം സ്ഥാനം നേടിയത് ‘പാത്തുമ്മയുടെ ആട് ‘ എന്ന ഷോർട്ട് മൂവിയാണ്. 10000 രൂപയുടെ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സ്വന്തമാക്കിയ പാത്തുമ്മയുടെ ആട് സംവിധാനം ചെയ്‌തത് ഷംലാദ് ആണ്. ഇതിൽ പ്രണയവും സ്നേഹവും മൃഗങ്ങളോടുള്ള സ്നേഹവും എല്ലാം പ്രധാന വിഷയങ്ങളാണ്. ഒരു ആടിന്റെ കണ്ണിലൂടെയാണ് ഇവിടെ കഥ പറയുന്നത്. അലിയുടെ അനുജന്റെ സുന്നത് കല്യാണത്തിന് അതിഥികളെ സൽക്കരിക്കാൻ ബിരിയാണി ഉണ്ടാക്കാൻ അറുക്കാൻ മേടിച്ച ആടാണ് പാത്തു . അലിയാണ് ആഘോഷദിവസം വരെ ആടിനെ പരിപാലിക്കാൻ നിയോഗിക്കപ്പെട്ടത് . അങ്ങനെ അജപാലകൻ ആയി കുന്നിലും പുൽമേടിലും വിലസി നടന്ന അവനു യാദൃശ്ചികമായി ഒരു കൂട്ടുകാരിയെ കിട്ടുന്നു. അവളുടെ പേരും പാത്തു (ഫാത്തിമ ) എന്നായിരുന്നു .ക്രമേണ അലിയും ഫാത്തിമയും ഉറ്റ ചങ്ങാതിമാർ ആകുന്നു, അവരെന്നെ രണ്ടു കരകൾക്കിടയിലെ ശാന്തമായിരുന്ന തടാകത്തിൽ പറയാനറിയാത്ത വികാരത്തിന്റെ ഓളങ്ങൾ ജനിച്ചു . അത് അവരിലേക്ക് മെല്ലെമെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. പാത്തുവിനെ മേയ്ക്കാൻ അലി ദിവസവും അവിടെ വരികയും ഫാത്തിമയെ കാണുകയും ചെയുന്നു. ആട് അവർക്കിടയിലെ ബന്ധത്തെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയാകുന്നു.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ മാത്യുവിന്
മികച്ച സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിൻ മാത്യുവിനാണ് . അദ്ദേഹം സംവിധാനം ചെയ്ത ടെൻ മിനിറ്റ്സ്, ദി പൊർട്ടൻറ്, വാണ്ടർ ഹർ വേ എന്നീ മൂന്നു ചിത്രങ്ങൾ ആണ് പുരസ്‌കാരത്തിന് അർഹനാക്കിയത്. ഇടുക്കി കട്ടപ്പനയാണ് ജസ്റ്റിന്റെ സ്വദേശം . സിനിമാമേഖലയിൽ അദ്ദേഹം സജീവമായി ഉണ്ട്. സിനിമ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹങ്ങളുമായി അതിന്റെ പണിപ്പുരയിലാണ്.

‘ടെൻ മിനിട്ട്സ്’ (പത്തു മിനിറ്റുകൾ ) വ്യക്തമായൊരു അവബോധം ലക്ഷ്യമിട്ടുള്ള ഷോർട്ട് മൂവിയാണ്. ഈ കൊച്ചു സിനിമ കണ്ടു കഴിയുമ്പോൾ നമ്മിൽ നിരാശയാണ് സമ്മാനിക്കുന്നത്. കഥാപാത്രത്തിന്റെ ദുരവസ്ഥയെ ആലോചിച്ചുള്ള ആ ‘നിരാശ’ തന്നെയാണ് ഈ സിനിമയുടെ വിജയവും. ആ നിരാശ പ്രേക്ഷകരിലേക്ക് പടർന്നു കയറുമ്പോൾ ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ‘സമയത്തിന് മാറ്റം വരും, മാറ്റേണ്ട തീരുമാനങ്ങൾ മാറ്റാൻ സാധിക്കാതെ ആകരുത് ‘.
‘The Portent’ . ഒരു ദുസൂചനയെന്നോ അസാധാരണത്വം തോന്നുന്ന എന്തെങ്കിലും കാര്യമെന്നോ ഒക്കെ അർത്ഥമുള്ള വാക്ക് ഈ ത്രില്ലർ ടൈപ്പ് മൂവിക്കു അനുയോജ്യം തന്നെയാണ്. ഒരു സിനിമ കാണുന്ന പ്രതീതിയിൽ കാണാൻ സാധിക്കുന്ന എല്ലാ ചേരുവകളും ഇതിലുണ്ട്. സംവിധാനവും കാമറയും എഡിറ്റിങ്ങും മ്യൂസിക്കും എല്ലാം മികച്ചു നിൽക്കുന്നു.
WANDER HER WAY ഒരു ട്രാവൽ ഡോക്ക്യൂമെന്ററി ആയാണ് എടുത്തിരിക്കുന്നത്. പ്രകൃതിയും പ്രണയവും കാല്പനികമായ വാക്കുകളായി സമ്മേളിക്കുമ്പോൾ കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനോഹാരിത നൽകുന്നു. മനോഹരമായ ഭൂപ്രകൃതി, കാമറ, കാല്പനികത തുളുമ്പുന്ന കവിതാപരമായ എഴുത്ത് .. എല്ലാം സമ്മേളിക്കുന്ന മനോഹരമായൊരു വീഡിയോ. വിവിധ കാമറ ടെക്നിക്കുകൾ കാണിക്കാൻ വേണ്ടിയുള്ള ഒരു ശ്രമം കൂടി ആയിരുന്നു.
ഓഡിയൻസ് പോളിൽ ഒന്നാം സ്ഥാനക്കാർക്ക് പതിനായിരം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 9000 രൂപയും അങ്ങനെ പത്താം സ്ഥാനക്കാർക്ക് 1000 വരെയുള്ള പ്രോത്സാഹന സമ്മാനങ്ങൾ. മൊത്തം 55000 രൂപയുടെ സമ്മാനങ്ങൾ.
1 ആരാച്ചാരും ചെകുത്താനും (10000/-)
2 ഒരു ജാതി പ്രണയം (9000/-)
3 മൊട്ടുസൂചിയും കുപ്പിച്ചില്ലും (8000/-)
4 പത്താഴം (7000/-)
5 വിക്ടിമ (6000/-)
6 കാണാതീരത്ത് (5000/-)
7 മഞ്ഞപ്പല്ല് (4000/-)
8 ദി സൈലൻസ് (3000/-)
9 ഹാൻഡ് ഓഫ് ഗോഡ് (2000/-)
10 മിസിൽ (1000/-)
ജൂറി മെൻഷൻ
മികച്ച കലാമൂല്യ ചിത്രം (ജൂറി മെൻഷൻ) > ഹരിച്ചാലും ഗുണിച്ചാലും ഒന്ന്
മികച്ച ത്രില്ലർ (ജൂറി മെൻഷൻ) > മെൻ അറ്റ് മൈ ഡോർ
മികച്ച റൊമാന്റിക് മൂവി (ജൂറി മെൻഷൻ) > കാമിതം
മികച്ച നവോഥാനചിത്രം (ജൂറി മെൻഷൻ) > കാലമാടൻ & അതിഥി
മികച്ച സാമൂഹികപ്രതിബദ്ധമായ ആശയം (ജൂറി മെൻഷൻ) > കറുവരയിൻ കനവുകൾ
മികച്ച കൺസപ്റ്റ് (ജൂറി മെൻഷൻ) > ബിയോണ്ട് ദി വാൾ
ലിംഗസമത്വ ആശയം (ജൂറി മെൻഷൻ) > മണിമേഖല
വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മികച്ച സിനിമ (ജൂറി മെൻഷൻ) > പ്ലസ് ടു ബീറ്റ്‌സ്
മികച്ച സംഗീതാത്മകചിത്രം (ജൂറി മെൻഷൻ ) > രാജകുമാരി
മികച്ച ഫീൽ ഗുഡ് മൂവി (ജൂറി മെൻഷൻ ) > ദി ബിയോണ്ട്
എല്ലാ അവാർഡ് ജേതാക്കൾക്കും ബൂലോകം ടീവിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
***