കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഓപ്ര വിന്‍ഫ്രെയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സിനിമാ സെറ്റില്‍ വചച്ച് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. അടിവസ്ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകന് ആവശ്യപ്പെട്ടത്. പിറ്റേന്ന് താന്‍ ആ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറയുന്നു. അന്ന് ആ സംവിധായകനോട് തിരിച്ചൊന്നും പറയാനായില്ല എന്നതില്‍ തനിക്ക് ഇന്നും കുറ്റബോധമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.
എന്നാല്‍ സംവിധായകന്റ പേര് താരം വെളിപ്പെടുത്തിയില്ല. മാതാപിതാക്കള്‍ നല്കിയ പിന്തുണയും ധൈര്യവുമാണ് എല്ലാത്തിനെയും നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയതെന്ന് പ്രിയങ്ക പറയുന്നു. ‘എനിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ അമ്മ എന്നോട് പറഞ്ഞു നീ ജീവിതത്തില്‍ എന്ത് ചെയ്താലും ശരി സാമ്പത്തികമായി ആരെയും ആശ്രയിക്കാന്‍ ഇടവരുത്തരുതെന്ന്.അതുപോലെ എന്റെ ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന ഒരു സംഘം ആളുകള്‍ക്കിടയില്‍ വ്യക്തമായ നിലപാട് എനിക്കുണ്ടാകണമെന്ന്. സ്വന്തമായി ശബ്ദം ഉണ്ടാവണമെന്ന്…അന്ന് ആ സംവിധായകനോട് ഒന്നുമെനിക്ക് പറയാന്‍ സാധിച്ചില്ല. ഞാന്‍ വല്ലാതെ ഭയന്നിരുന്നു. അയാള്‍ ചെയ്തത് തെറ്റാണെന്ന് വിളിച്ചു പറയാന്‍ എനിക്കായില്ല.അതിലിന്നും എനിക്ക് കുറ്റബോധമുണ്ട്. ആ സാഹചര്യം കൈകാര്യം ചെയ്യാന്‍ ഒരു വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. അതില്‍ നിന്നും ഇറങ്ങിപ്പോരുക. ഞാനത് ചെയ്തു’, പ്രിയങ്ക പറയുന്നു.