തയ്യാറാക്കിയത് രാജേഷ് ശിവ
ആരോഗ്യത്തിന് ഒരു കലയും താളവും ഒക്കെയുണ്ട്. അത് അറിയുന്നവനാണ് ഒരു ഡോക്ടർ. അതുകൊണ്ടുതന്നെ ഡോക്ടർ മനസുകൊണ്ട് ഒരു കലാകാരനും ആണ്. എന്നാൽ അതിനൊക്കെ പുറമെ ഡോക്ടർമാരിൽ നല്ല കലാകാരൻമാർ തന്നെയുണ്ട്. അവർ സിനിമയിലും സംഗീതത്തിലും ചിത്രകലയിലും എന്നുവേണ്ട എല്ലാ മേഖലകളിലും അവരുടെ കഴിവ് തെളിയിക്കുന്നു. സ്തെതസ്കോപ്പും സ്ഫിഗ്മോമാനോമീറ്ററുകളും സർജിക്കൽ ഉപകരണങ്ങളും പിടിക്കുന്ന കൈകൾക്കു പേനയും ക്യാമറയും ബ്രഷും വയലിനും …അങ്ങനെ എല്ലാം വഴങ്ങുമെന്ന് പലരും തെളിയിച്ചിട്ടുള്ളതാണ്. അതിലൊരാളാണ് ഡോക്ടർ ജിസ് (Dr Jiss Thomas Palukunnel). അദ്ദേഹമൊരു പീഡിയാട്രീഷ്യൻ ആണ്. നാളത്തെ പൗരന്മാർ ആയ കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന ഡോകട്ർ സമൂഹത്തിനും നൽകുന്നുണ്ട് കലയിലൂടെ ചില സന്ദേശങ്ങളുടെ ചികിത്സകൾ. നമുക്ക് ഡോക്ടറോട് സംസാരിക്കാം. ബൂലോകം ടീവിക്കുവേണ്ടി ഡോകട്ർ ജിസിനെ ഇന്റർവ്യൂ ചെയ്തത് രാജേഷ് ശിവ.

ഡോകട്ർ ജിസ് കലാജീവിതം വായനക്കാർക്ക് വേണ്ടി പങ്കുവയ്ക്കുമോ ?
ഞാൻ പ്രീഡിഗ്രി വരെ പാലായിൽ ആണ് പഠിച്ചത്. പാല സെന്റ് തോമസ് കോളേജിൽ . അതിനുശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ജോയിൻ ചെയുന്നത്. 2003 അവരെ അവിടെ ഉണ്ടായിരുന്നു. അവിടെ വച്ചാണ് കലാജീവിതം കുറച്ചൊക്കെ പരിപോഷിപ്പിക്കാൻ സാധിച്ചത്. സ്കിറ്റ് ചെയുക, സ്ക്രിപ്റ്റുകൾ എഴുതുക, അഭിനയിക്കുക, മോണോ ആക്റ്റ് , മിമിക്രി പോലുള്ള പരിപാടികളിൽ പാർട്ടിസിപ്പേറ്റ് ചെയുക … അങ്ങനെയൊക്കെ മുന്നോട്ടുപോയി. പിന്നെ ഇന്റർ കോളേജിയേറ്റ് മത്സരങ്ങളിൽ ഒക്കെ പോയി കുറച്ചു സമ്മാനങ്ങൾ ഒക്കെ കിട്ടി. എല്ലാവർഷവും, നമ്മുടെ ബാച്ചിന്റെ ആയാലും കോളജിന്റെ ആയാലും സ്‌കിറ്റുകളുടെ ഒക്കെ സ്ക്രിപ്റ്റുകൾ ചെയ്തുകൊണ്ടിരുന്നത് ഞാനായിരുന്നു. പ്രധാനമായും സ്ക്രിപ്റ്റും ഡയറക്ഷനും ആണ് ചെയ്തുകൊണ്ടിരുന്നത് .
അതുകഴിഞ്ഞിട്ടു ഓൾ ഇന്ത്യ വഴി പോസ്റ്റ് ഗ്രാജുവേഷൻ, ഒറീസയിൽ ആയിരുന്നു മൂന്നുകൊല്ലം പീഡിയാട്രിഷ്യൻ ചെയ്തത്. ഒറീസയിൽ ആയതുകൊണ്ടുതന്നെ കലാമേഖലയിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല… വായനയൊക്കെ നടന്നു എന്നല്ലാതെ… പിന്നെ തിരിച്ചുവന്നു എറണാകുളം പിവിഎസിൽ ഒരു വര്ഷം ഉണ്ടായിരുന്നു. പിന്നെ ജോയിൻ ചെയ്തത് കോട്ടയം കാരിറ്റാസിൽ ആയിരുന്നു.
ശ്രദ്ധിക്കപ്പെട്ട ഒരു പ്രോജക്റ്റ് ആയിരുന്നു Baby The Turtle , അതിനെക്കുറിച്ച് ഡോക്ടർ പറയുന്നു
ആ സമയത്ത് ജിമ്മിൽ വന്നുകൊണ്ടിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു, ഒരു മെൽവിൻ ജോണി. ഞങ്ങൾ ഓരോ സിനിമകളെ കുറിച്ച് ഡിസ്കഷൻ നടത്തുകയും. ഓരോരോ ചെറിയ ചെറിയ കഥകൾ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും പറയുകയൊക്കെ ചെയ്തു. മോഡേൺ ജെനറേഷൻ ആണല്ലോ ഇപ്പോൾ . അച്ഛനും അമ്മയും വലിയ തിരക്കിൽ ആയിരിക്കും. കുട്ടികളുടെ കാര്യമൊന്നും നോക്കാൻ ആർക്കും സമയമില്ല. കുട്ടികളുടെ കാര്യം നോക്കുക വല്ല ജോലിക്കാരിയോ ആയമാരോ വീട്ടിലെ

വൃദ്ധരോ ഒക്കെ ആയിരിക്കും. അങ്ങനത്തെ ഒരു കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ ഒരു ഷോർട്ട് ഫിലിമിന്റെ കാര്യം കടന്നുവന്നു. ഒരുകുട്ടി, അപ്പനും അമ്മയും വീട്ടിൽ വഴക്കാണ്. അപ്പന്റെ അനിയത്തിയുടെ കൂടെയാണ് കൊച്ചു നിൽക്കുന്നത്. വീട്ടിൽ വേലക്കാരിയുണ്ട്. കുട്ടിയെ ശ്രദ്ധിക്കാൻ മാതാപിതാക്കൾക്ക് സമയമില്ല. എന്നും വഴക്കാണ്. ഈ കൊച്ചിന് ഗ്രാൻഡ്‌പായുടെ അടുത്തുവന്നപ്പോൾ ഒരു കുഞ്ഞു നക്ഷത്ര ആമയെ കിട്ടി. ഒരു ബൗളിൽ ഒക്കെ ഇട്ടുവയ്ക്കുന്ന കുഞ്ഞു നക്ഷത്ര ആമ .
അച്ഛനും അമ്മയും നിരന്തരം വഴക്കിട്ടു വിവാഹമോചനം നേടിയെന്നൊക്കെ കേട്ട് വിഷമിച്ചു ഈ കുട്ടി കിടക്കുമ്പോൾ, പിറ്റേന്ന് രാവിലെ കുട്ടിക്ക് പനി വരുന്നു. അതു കൂടി fits വന്നു കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. അപ്പോഴും കൊച്ചിന് പനി കുറയുന്നില്ല..പിച്ചുംപേയും പറഞ്ഞുകൊണ്ടിരിക്കുന്നു. ജോലിക്കാരി മാത്രമാണ് കൂടെയുള്ളത്. കൊച്ചിന് സീരിയസ് എന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയും വരുന്നു. ആശുപത്രിയിൽ വച്ച് കൊച്ചിന്റെ അടുത്തുവച്ചും അവർ വഴക്കു കൂടുകയാണ്. ഇത് ഡോക്ടർ കാണുന്നു . ഡോകട്ർ അവരെ രണ്ടുപേരെയും വിളിച്ചു ചോദിക്കുമ്പോൾ ആണ് അവർ തമ്മിലുള്ള പ്രശ്നങ്ങൾ അറിയുന്നത്. അപ്പോൾ ഡോകട്ർ അവരോടു പറയുകയാണ്, നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ നിങ്ങളെക്കാളും ബാധിച്ചിരിക്കുന്നത് നിങ്ങളുടെ കുഞ്ഞിനെയാണ് എന്ന്. അതാണ് കൊച്ചിന് പനികുറയാത്തത് . കൊച്ചു എന്തോ പിച്ചുംപേയും പറയുന്നുമുണ്ട്.
എന്നാൽ ജോലിക്കാരിക്ക് മനസ്സിലാകുന്നുണ്ട്, കൊച്ച് പറയുന്നത് ആമയെ കുറിച്ചാണ് എന്ന്. അങ്ങനെ അവൾ വീട്ടിൽ ചെന്ന് നോക്കുമ്പോൾ കട്ടിലിനടിയിൽ കൊച്ച് ഒരു ആമയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന് മനസിലാക്കുന്നു. അതെടുത്തുകൊണ്ടുവന്നു കൊച്ചിന് കൊടുക്കുമ്പോൾ കൊച്ചു കണ്ണുതുറക്കുന്നു , സന്തോഷിക്കുന്നു , പനി കുറയുന്നു, അവളുടെ മാതാപിതാക്കൾ ഇതുകണ്ടുകൊണ്ടാണ് വരുന്നത് . അങ്ങനെ അവർക്കൊരു തിരിച്ചറിവ് ഉണ്ടാകുന്നു. കാരണം ആ കൊച്ച് ഇവരോട് അറ്റാച്മെന്റ്റ് കാണിക്കാതെ ആമയോടാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ആമയെ കണ്ടപ്പോൾ പനി മാറുന്നത്. അങ്ങനെ അവർ ഒന്നിക്കുന്നു. അങ്ങനെ ഒരു സംഭവത്തിലേക്കു വന്നാണ് ആ കഥ ഏൻഡ് ചെയുന്നത്. Baby The Turtle എന്ന പേരില് ആണ് ഷോർട്ട് മൂവി റിലീസ് ചെയ്തത്. ഞാൻ തന്നെയാണ് നായകനായി അഭിനയിച്ചതും. സ്ക്രിപ്റ്റ് ഞാനും മെൽവിനും ചേർന്നാണ് രൂപപ്പെടുത്തുന്നത്. അത് നമ്മൾ യുട്യൂബിൽ റിലീസ് ചെയ്തു, അത്യാവശ്യം നല്ല കാഴ്ചക്കാരും ഉണ്ടായി. ജനംടീവിയുടെ ഷോട്ട്കട്ട് എന്ന പരിപാടിയിലേക്ക് അത് സെലക്റ്റ് ചെയുകയും നല്ല ഷോർട്ട് മൂവി ആയി തിരഞ്ഞെടുക്കുകയും ചെയ്തു. നമ്മളെ അവർ ഇന്റർവ്യൂ ചെയ്യാനൊക്കെ വിളിച്ചു. അരമണിക്കൂറോളം ഇന്റർവ്യൂ ചെയ്തു. അത്യാവശ്യം വൈറലായ ഒരു ഷോർട്ട് മൂവിയാണ് അത്.
വാക്സിനേഷന്റെയും ഇമ്മ്യൂണൈസെഷന്റെയും ആവശ്യകതയെ കുറിച്ച് പറയുന്ന ഷോർട്ട് മൂവി വളരെ പ്രസക്തമായിരുന്നു. സർക്കാർ തന്നെ ഏറ്റെടുത്ത ആ ഷോർട്ടമൂവിയെ കുറിച്ച് ?
അങ്ങനെ മേല്പറഞ്ഞ മൂവി നമ്മുടെ പീഡിയാട്രി ഗ്രൂപ്പുകളിൽ ചർച്ചാവിഷയം ആകുമ്പോൾ പീഡിയാട്രിക് അസോസിയേഷൻ കേരള എന്ന ഗ്രൂപ്പിൽ ഉള്ളവർ ഒരുകാര്യം

സൂചിപ്പിച്ചു. കുത്തിവയ്‌പിനെതിരെയുള്ള ചില പ്രചാരണങ്ങൾ മലപ്പുറം -കോഴിക്കോട് ഏരിയകളിൽ ശക്തമാണ് . കുത്തിവയ്പ്പ് എടുത്താൽ കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്നും കുത്തിവയ്പ്പ് എടുക്കരുത് എന്നും പറഞ്ഞിട്ട് മലപ്പുറം – കോഴിക്കോട് ഏരിയകളിൽ വാപകമായൊരു പ്രചാരണം ഉണ്ടായിരുന്നു . നമ്മുടെ പീഡിയാട്രിക് അസോസോയേഷൻ കേരളയുടെ ആളുകൾ എന്നോട് ചോദിച്ചു ഈ വിഷയത്തെ കുറിച്ചൊരു ബോധവത്കരണം ചെയ്യാമോ എന്ന്. അങ്ങനെ അവർ ഒരു ഫണ്ടും അനുവദിക്കുന്നു. അങ്ങനെ അവർക്കു വേണ്ടി ഞാനൊരു ഷോർട്ട് ഫിലിം ചെയ്തു. ‘realisation film of immunisation’. പ്രധാനമായും കുട്ടികൾക്ക് എടുക്കുന്ന കുത്തിവയ്പ്പ് DPT vaccine ആണ് . ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീ മൂന്നു രോഗങ്ങൾ ആണ് കുട്ടികൾക്ക് പ്രധാനമായും വരാൻ സാധ്യതയുള്ളത്. ഇതിൽ മാരകമായതു ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് എന്ന രോഗമാണ്. അതുവന്നുകഴിഞ്ഞാൽ കുട്ടിയുടെ ഹാർട്ടിനെ ബാധിക്കാം ലങ്സിനെ ബാധിക്കാം മറ്റു അവയവങ്ങളെ ബാധിക്കാം..അങ്ങനെ കൊച്ചു മരണപ്പെടാം. അങ്ങനെയാണ് റിയലൈസേഷൻ എടുത്തത്. അതിൽ കുത്തിവയ്പ്പ് എടുക്കാൻ മടികാണിക്കുന്ന ഒരു അച്ഛൻ , ആ അച്ഛൻ ഓഫീസിൽ ചെല്ലുമ്പോൾ ആണ് അറിയുന്നത് , തന്റെ സഹപ്രവർത്തകൻ വന്നില്ല എന്ന്. കാരണം അയാളുടെ കുഞ്ഞിന് വാക്സിൻ എടുത്തിരുന്നില്ല. ആ കൊച്ചിന് ഡിഫ്തീരിയ വന്നു മെഡിക്കൽ കോളേജിൽ കുറേദിവസമായി ചികിത്സയിൽ ആയിരുന്നു, അത് ഹാർട്ടിനെ ബാധിച്ചു കുഞ്ഞു മരണപ്പെട്ടു . അങ്ങനെ ഇയാൾ സ്‌കൂളിൽ ചെല്ലുന്നു. അവിടെ ആരോഗ്യപ്രവർത്തകർ ഒക്കെ വന്നിട്ട് സ്‌കൂൾ ഇമ്മ്യൂണൈസേഷൻ പ്രോഗാം നടക്കുകയാണ് . അയാൾ നോക്കുമ്പോൾ എല്ലാ കുട്ടികളും ഇഞ്ചക്ഷൻ എടുക്കാൻ പോയി, ഇയാളുടെ മകൾ മാത്രം ഇഞ്ചക്ഷൻ എടുക്കാൻ പോകാതെ ക്ലാസ് റൂമിൽ വിഷമിച്ചു ഇരിക്കുകയാണ്. അയാൾ കുഞ്ഞിനെ എടുത്തുകൊണ്ടു ഇമ്മ്യൂണൈസേഷൻ പ്രോഗാം നടക്കുന്ന സ്ഥലത്തു പോകുകയാണ്..ഡോകട്ർ എന്റെ കുഞ്ഞിനും ഇഞ്ചക്ഷൻ എടുക്കണം എന്ന് അയാൾ പറയുകയാണ്. അങ്ങനെ ഡോകട്ർ വാക്സിന്റെ ആവശ്യകതയെ കുറിച്ച് അയാളോട് പറയുകയാണ്. അതിൽ ഡോകട്ർ ആയി അഭിനയിച്ചത് ഞാൻ തന്നെയാണ്.

ആ ഷോർട്ട് മൂവിയിലെ പ്രവചനം പോലെ തന്നെ സംഭവിച്ചു, അതെന്തെന്നു ഡോകട്ർ വിശദമാക്കുന്നു
ആ ഷോർട്ട് ഫിലിം ഇറങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോൾ ഡിഫ്തീരിയ വന്നു മൂന്നു മരണങ്ങൾ ആണ് മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിൽ നടന്നത്. അത് വലിയ പ്രശ്നമായി, ഈ ഷോർട്ട് ഫിലിം വൈറലായി. കാലിക്കറ്റ് കളക്‌ടർ ആയിരുന്ന പ്രശാന്ത് ബ്രോ ആ ഷോർട്ട് മൂവി ഷെയർ ചെയുകയും നല്ല രീതിയിൽ ജനശ്രദ്ധയിലേക്കു കൊണ്ടുവരികയും ചെയ്തു. ഗവൺമെന്റും ഈ ഷോർട്ട് മൂവി ഏറ്റെടുത്തു. അതിനകത്തു ഒരു ഡയലോഗ് ഉണ്ട്, ‘ജനിച്ചുവീഴുന്ന ഓരോ കുട്ടിയോടും ഉള്ള ഔദാര്യമല്ല, മറിച്ചു അവരുടെ ജന്മാവകാശമാണ് പ്രതിരോധ കുത്തിവയ്പ്പ് ‘ . ദിശയ്ക്കു വേണ്ടി മോഹൻലാൽ ചെയ്‌ത പരസ്യത്തിലും ആ ഡയലോഗ് ഏറ്റുപറയുന്നുണ്ട്. അങ്ങനെ ആ ഷോർട്ട് മൂവി നല്ല രീതിയിൽ വൈറൽ ആകുകയും ചെയ്തു.
കളനീക്കം എന്ന ഷോർട്ട് മൂവിയിലേക്കു എത്തിയ സാഹചര്യം ?
അങ്ങനെയിരിക്കുമ്പോൾ Dr. Nishara Mohammed എന്നോടുപറഞ്ഞു അഭിനയിക്കാൻ താത്പര്യമുണ്ട് എന്ന്. അങ്ങനെ പുള്ളിക്ക് വേണ്ടിയൊരു ഷോർട്ട് മൂവി എഴുതി, ‘കളനീക്കം’ എന്ന പേരിൽ. ‘അമ്മ മകൻ റിലേഷ് ഷിപ്പിനെ ബേസ് ചെയ്തുള്ള ഷോർട്ട് മൂവിയാണ്. ഒരു അലമ്പനായ മകൻ, അവന്റെ മോശം ജീവിതം , അമ്മയോട് ഉത്തരവാദിത്വമോ സ്നേഹമോ ഇല്ല..ഒടുവിൽ ഒരു സുപ്രഭാതത്തിൽ അവനൊരു തിരിച്ചറിവ് ഉണ്ടായി അമ്മയെ സ്നേഹിക്കുന്ന സാഹചര്യത്തിലേക്ക് വരുന്നു.
ശ്രദ്ധേയമാകാൻ പോകുന്ന, താരസമ്പുഷ്ടമായ ട്രോജൻ എന്ന മൂവിയെ കുറിച്ച് ഡോക്ടർ ജിസ് പറയുന്നു

അങ്ങനെ അതുമായി ബന്ധപ്പെട്ട് ഇരിക്കുമ്പോൾ ഒന്നുരണ്ടു സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ചില കഥകൾ ഡിസ്കസ് ചെയ്തു. കൊറോണയ്ക്കു മുൻപുള്ള സമയമായിരുന്നു . ആ സമയത്തു ഹർത്താൽ എന്നൊരു വിഷയത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്തു. ഒരു ഹർത്താൽ ദിനം, നാല് സുഹൃത്തുക്കൾ, അതിൽ ഒരാളുടെ കല്യാണമാണ്. എന്നാൽ ഒരു സാഹചര്യത്തിൽ അയാൾക്ക് കല്യാണത്തിന്റെ തലേദിവസം കൊച്ചിയിൽ നിൽക്കേണ്ടിവരുന്നു. എന്നാൽ കല്യാണം നടക്കുന്നത് നായികയുടെ നാടായ ഇടുക്കി വെള്ളത്തൂവൽ ആണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾ അവിടെ പെട്ടുപോകുന്നു. കൊച്ചിയിൽ നിന്നും ട്രാവൽ ചെയ്തു വെള്ളത്തൂവൽ വരെ എത്തണം , ആ മുഹൂർത്തസമയത്ത് ഈ നാലുപേർ ട്രാവൽ ചെയ്തു അവിടെ എത്തുമോ ..എത്തിയാൽ തന്നെ കല്യാണം നടക്കുമോ … ഇതിലെ നായകൻ വർക്ക് ചെയുന്നത് അയാളുടെ അമ്മാവന്റെ ബാങ്കിലാണ്. ആ ബാങ്കിൽ വലിയൊരു മോഷണം നടക്കുന്നുണ്ട്. 55 കോടിയുടെ ഒരു ബ്ളാക് മണി റോബറി നടക്കുകയാണ്. ഇതെല്ലം ചേർത്തുകൊണ്ട് ആ യാത്രയുമായി ബന്ധപ്പെട്ടുള്ള ചില ട്വിസ്റ്റുകൾ ഒക്കെയുള്ള ഒരു കഥ ഡെവലപ് ചെയ്യുന്നു . ആ കഥയാണ് ട്രോജൻ എന്ന പേരിൽ ഇപ്പോൾ സിനിമയായത്. റിലീസ് ചെയ്യാൻ പോകുന്ന സിനിമ.
ഡോക്ടർ അബ്ദുൾ ഹമീദ് എന്ന എന്റെയൊരു സുഹൃത്ത് , അദ്ദേഹം ഒരു യൂറോളജിസ്റ്റ് ആണ്. പുള്ളിക്ക് ഈ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. എങ്കിൽ നമുക്ക് ചെയ്യാമെന്ന് പറയുന്നു. ഏറ്റുമാനൂരിൽ ഒരു സുഹൃത്തുണ്ട് ഷിജോ കുര്യൻ. പുള്ളി പണ്ടേ അഭിനയിക്കാൻ താത്പര്യമുള്ള ആളാണ്. ഇതിലൊരു വില്ലൻ റോളുണ്ട് .ഒരു എമ്മെല്ലെയുടെ റോൾ . പുള്ളി പറഞ്ഞു ഞാനതു ചെയ്യാം എന്ന്, പിന്നെ പുള്ളിക്ക് പ്രൊഡക്ഷനിലും താത്പര്യം ഉണ്ടായിരുന്നു. പിന്നെ ആ ചർച്ചകൾ അങ്ങനെ മുന്നോട്ടു പോയി. അങ്ങനെയാണ് പ്രേമത്തിൽ നിവിൻ പോളിയുടെ കൂടെ അഭിനയിച്ച കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ ഒക്കെ ഇതിൽ വന്നത്. പ്രേമത്തിൽ കൃഷ്ണ ശങ്കർ ‘കോയ’ ആയിട്ടും ശബരീഷ് വർമ്മ ‘ശംഭു’ ആയിട്ടുമാണ് അഭിനയിച്ചത്. പിന്നെ ജൂഡ് ആന്റണി ജോസഫ് .. അവരെയൊക്കെ കഥ കേൾപ്പിക്കുകയും അവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയുന്നു. അങ്ങനെയാണ് ഈ സിനിമ ജന്മം കൊള്ളുന്നത്. കോവിഡ് കാരണം അല്പം നീണ്ടുപോയെങ്കിലും ഇപ്പോൾ എല്ലാം ശരിയായി, സെൻസറിങ് ഒക്കെ കഴിഞ്ഞു. പാട്ടുകൾ ഒക്കെ മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്യുകയാണ്. അങ്ങനെ അതിന്റെ കാര്യങ്ങളൊക്കെ ആയിട്ട് മുന്നോട്ടു പോകുന്നു.
അടുത്ത പ്രധാന പ്രോജക്റ്റ് ?
കൊറോണയുടെ സമയത്തു രണ്ടു സ്ക്രിപ്റ്റുകൾ കൂടി എഴുതിയിട്ടുണ്ട്. ഒരെണ്ണം താന്തോന്നിയുടെ സംവിധായകൻ George Varghese സംവിധാനം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട് . ഏപ്രിൽ -മെയ്യോടു കൂടി ഷൂട്ടിങ് തുടങ്ങാമെന്ന് വിചാരിക്കുന്നു. .
ആതുരസേവനത്തിന്റെ ഫീൽഡും കലാമേഖലയും, ഒന്ന് ഉപജീവനവും മറ്റേതു അതിജീവനവുമാണ്. അത് രണ്ടും പരസ്പരം ഹെല്പ് ആകുന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ ?
തീർച്ചയായും. ഇപ്പോൾ ഒരു ദിവസം അമ്പതോ അറുപതോ പേര് നമ്മളെ കാണാൻ വരുന്നു. അവരോടു സംസാരിക്കുമ്പോൾ അവരുടെ കാര്യങ്ങൾ എല്ലാം നമ്മളോട് പറയുന്നുണ്ട്. അങ്ങനെ ഒത്തിരി ജീവിതങ്ങളും കഥകളും അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. വര്ഷങ്ങളായി ഇങ്ങനെ അടുത്തറിയുന്നവരുണ്ട്. അങ്ങനെ ഒരുപാട് കഥകളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും മറ്റും കടന്നുപോകാൻ പറ്റിയിട്ടുണ്ട്. സിനിമ വലിയ ക്യാൻവാസിൽ ചെയുമ്പോൾ ഒരുപാട് ആളുകൾക്ക് നല്ലൊരു സന്ദേശം കൈമാറാൻ സാധിക്കാറുണ്ട്.ഹർത്താൽ ദിനം കൊണ്ട് ജനത്തിനുണ്ടാകുന്ന വിഷയങ്ങൾ ഒക്കെ നമ്മൾ ട്രോജനിൽ ചർച്ച ചെയുന്നുണ്ട്. സിനിമ ബേസിക്കലി ഒരു ത്രില്ലർ മൂഡിൽ ആണ് ചെയ്‌തിട്ടുള്ളത്. എങ്കിലും ഹർത്താലിന് എതിരെയുള്ള സന്ദേശം കൂടിയാണ് സിനിമ. അത് നമ്മുടെ വളർച്ചയെ തന്നെ എങ്ങനെ കടിഞ്ഞാണിടുന്നു എന്നൊക്കെ സിനിമ പറയുന്നുണ്ട്.
അഭിമുഖം ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Dr Jiss Thomas Palukunnel” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/drjiss.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
സാമൂഹിക പ്രതിബദ്ധതയിൽ വരുമ്പോൾ കലയോടോ ആശയത്തോടോ ആസ്വാദനത്തോടോ കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നില്ലേ ?
ശരിക്കും പറഞ്ഞാൽ പ്രൊഡ്യൂസറിന്റെ താത്പര്യം ആണല്ലോ സിനിമ. പ്രൊഡ്യൂസർ മുടക്കുന്ന കാശ് തിരിച്ചുകിട്ടാൻ ആഗ്രഹിക്കുന്ന ആളാണ്. സാമൂഹ്യപ്രതിബദ്ധതയിൽ വരുമ്പോൾ എല്ലാരും ആസ്വദിക്കുന്ന ഒരു സിനിമയെടുക്കാൻ സാധിക്കണം എന്ന് വരില്ല. ആൾക്കാർ ഇഷ്ടപ്പെടുന്ന രീതിയിലെ ആശയം എടുക്കണം എങ്കിൽ , കുറച്ചൊക്കെ കോമ്പ്രമൈസ് ചെയേണ്ടിവരും. അവർക്കിഷ്ടമുള്ള കാര്യം കുറച്ചൊക്കെ ഉൾപ്പെടുത്തേണ്ടിവരും. നൂറുശതമാനം സാമൂഹ്യപ്രതിബദ്ധത ഇറക്കിയാൽ ആളുകൾക്ക് ഇഷ്ടപ്പെടണം എന്നില്ല. കാശുമുടക്കിയ പ്രൊഡ്യൂസർക്കു തിരിച്ചുകിട്ടണം എന്നില്ല. ജനപ്രിയം ആകണമെങ്കിൽ കോമ്പ്രമൈസ് ചെയ്യേണ്ടിവന്നേക്കാം. പാട്ടുകൾ, ചില സീനുകൾ , ചില സന്ദർഭങ്ങൾ അതൊക്കെ നമ്മൾ കുറച്ചൊക്കെ ആഡ് ചെയേണ്ടിവരും.

ഏറ്റവും വിലമതിക്കുന്ന അംഗീകാരങ്ങൾ ?
ആദ്യത്തെ ഷോർട്ട് മൂവി Baby The Turtle കണ്ടിട്ട് വ്യക്തിപരമായി എന്നെ ഒരാൾ വിളിച്ചു . എനിക്ക് പരിചയമില്ലാത്തൊരാൾ ആണ്. പുള്ളി അമേരിക്കയിൽ നിന്ന് ഇവിടെ വന്നു താമസിക്കുകയാണ്. ഭാര്യയുമായി പ്രശ്നങ്ങൾ ആയിട്ടാണ് നാട്ടിൽ വന്നു താമസിക്കുന്നത്. അയാളുടെ അനുഭവം ആണ് പറഞ്ഞത് . അതായത് മൂവി കണ്ടു ചില തിരിച്ചറിവുകൾ ഉണ്ടായി തിരിച്ചുപോകുകയാണ് എന്ന് പറഞ്ഞു. മറ്റു പലരും മൂവി കണ്ടിട്ടു കൊള്ളാമെന്നൊക്കെ പറഞ്ഞതല്ലാതെ ഇത്തരമൊരു അനുഭവം പറഞ്ഞില്ല. നമ്മുടെ ഒരു സൃഷ്ടി കണ്ടിട്ട് ജീവിതത്തിൽ ഒരാൾക്കെങ്കിലും ചില തിരിച്ചറിവുകൾ ഉണ്ടാകുക എന്നത് വലിയ കാര്യമായി കരുതുന്നു. രണ്ടാമത്തെ ഷോർട്ട് ഫിലിം നമ്മൾ വിചാരിച്ചതിലും അപ്പുറത്തു മുകളിൽ പോയി. അതായതു ഇമ്മ്യൂണൈസേഷനെ കുറിച്ചുള്ള ആ മൂവി. നമ്മൾ ഡിഫ്തീരിയയെ കുറിച്ച് എടുക്കുകയും മൂന്നു മരണങ്ങൾ നടക്കുകയും ഒക്കെ ചെയ്തപ്പോൾ ഇതിലെ പ്രവചനം പോലെ ആയി. അത് ഭയങ്കരമായി വൈറലായി, ഗവണ്മെന്റ് പോലും ഏറ്റെടുത്തു , വളരെ കർശനമായി വാക്സിനേഷൻ നടപ്പാക്കി ..മലപ്പുറത്തു പോലും നൂറുശതമാനം വാക്സിനേഷൻ നിര്ബന്ധമായി നടപ്പാക്കി. വാക്സിൻ വിരുദ്ധ പ്രചാരണങ്ങളെ മൊത്തം നിഷ്പ്രഭമാക്കികളഞ്ഞു ആ ഷോർട്ട് ഫിലിം. അതൊക്കെ വളരെ വലിയ റിവാർഡിങ് ആയി അനുഭവപ്പെട്ടു എന്റെ കലാജീവിതത്തിൽ.
കോവിഡ് പ്രതിസന്ധിയും കലാകാരന്മാരും , രോഗങ്ങളെ മനസിലാക്കുന്ന ഒരു ഡോക്ടർ തന്നെ കലാകാരൻ കൂടി ആകുമ്പോൾ അതേക്കുറിച്ചു പറയാനുള്ളത് ?
ഞാൻ ഷോർട്ട് ഫിലിം ചെയ്തുതുടങ്ങിയെങ്കിലും സിനിമ ഫീൽഡിലേക്കു ഇറങ്ങിയിരുന്നില്ല..ഇപ്പോൾ ഈ സിനിമ ചെയ്തു അടുത്ത സിനിമയിലേക്ക് പോയി…അങ്ങനെയൊക്കെ ഓരോ പ്രൊജക്റ്റുകളിലേക്കൊക്കെ വന്നപ്പോൾ ആണ് സത്യത്തിൽ കലാകാരന്മാരെയും അവരുടെ പ്രതിസന്ധികളെയും അടുത്തറിയാൻ സാധിച്ചത്. ഒരു ഡയറക്റ്റർ എന്ന നിലക്ക് ഒരു പ്രോജക്റ്റ് കഴിഞ്ഞു അടുത്ത പ്രോജക്റ്റ് കിട്ടാൻ മിനിമം മൂന്നു-നാലു മാസം കഴിയുന്നു. അതും…ഒരു സിനിമ ഹിറ്റ് ആയാൽ തന്നെ… ആദ്യത്തെ സിനിമയിൽ ഒക്കെ ഇവർക്ക് വളരെ തുച്ഛമായ പ്രതിഫലം ആണ് കിട്ടുക. അതിപ്പോൾ എല്ലാ ടെക്‌നീഷ്യന്മാർക്കും ഒരുപോലെ തന്നെ. ഡയറക്റ്റർ ആയാലും മ്യൂസിക് ഡയറക്റ്റർ ആയാലും എല്ലാം. ഡൈലി ബാറ്റയിൽ വർക്ക് ചെയ്യുന്നവർക്ക് പിന്നെയും കുഴപ്പമില്ല. ഒരു ഡയറക്റ്ററിന് ആദ്യ പ്രൊജക്റ്റിൽ ഒന്നോ രണ്ടോ ലക്ഷം രൂപയൊക്കെ ആകുംകിട്ടുക. പിന്നെ പ്രൂവ് ചെയ്‌താൽ മാത്രമേ കൂടുതൽ കിട്ടിയുകയുള്ളൂ. അവർക്കൊരു സ്റ്റെഡി ഇൻകം ലഭിക്കുന്നില്ല. എനിക്കൊക്കെ ആണെങ്കിൽ ഇപ്പോൾ ഒരു ജോലി ഉള്ളതുകൊണ്ട് കുഴപ്പമില്ല. മാസംതോറും നമുക്ക് ഒരു നിശ്ചിത ശമ്പളം കിട്ടുന്നുണ്ട്. കല ഉപജീവനം ആക്കി എടുക്കുന്നവർക്ക് ഈ കോവിഡ് കാലത്തോട് ഭയങ്കര പ്രതിസന്ധിയാണ്. ഓപൺ ഷൂട്ടിങ്ങോ ഇൻഡോർ ഷൂട്ടിങ്ങോ പോലും പറ്റാത്ത കാലമാണ്. സ്റ്റേജ് ആർട്ടിസ്റ്റുകൾക്കു വളരെ വലിയ പ്രശ്നമാണ് നേരിടേണ്ടിവന്നിരിക്കുന്നത്. ഒത്തിരി ആത്മഹത്യകൾ കൂടി , ഗവണ്മെന്റിനു ഒന്നും ചെയ്യാനും സാധിച്ചിരുന്നില്ല. ഇത്തരം കലാകാരന്മാർക്ക് പലർക്കും യൂണിയൻ പോലും ഇല്ല . അവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താൻ പോലും സാധിച്ചില്ല. വലിയ ആർട്ടിസ്റ്റുകൾക്കു അവരുടെ യൂണിയൻ ഉണ്ട്..’അമ്മ ആയാലും ഫെഫ്ക ആയാലും . എന്നാൽ …യൂണിയൻ ഇല്ലാത്ത സ്റ്റേജ് ആർട്ടിസ്റ്റുകൾ എന്തുചെയ്യും… കലാകാരന്മാർക്ക് മാത്രമല്ല.. എല്ലാ മേഖലയിൽ ഉള്ള അസംഘടിത തൊഴിലാളികൾക്കും കഷ്ടപ്പാടുകൾ തന്നെ. വാക്സിനേഷനോടെ കൊറോണ വെല്ലുവിളിമാറി ഈ പ്രശ്നങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാസമ്പന്നരായ അധ്യാപകർ പോലും വാക്സിനേഷനോട് മുഖം തിരിഞ്ഞു നിൽക്കുന്നത് വാർത്തകളിൽ വന്നിരുന്നു. അത് പലതരം ആശയം കാരണമാകാം. ഒന്ന്, പ്രകൃതിവാദികൾ, രണ്ടു മതവാദികൾ അതെ കുറിച്ച് ?
അതിപ്പോൾ ഗവണ്മെന്റ് തന്നെ വളരെ സ്ട്രിക്റ്റ് ആയി അത് ഏറ്റെടുത്തിട്ടുണ്ട്. വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് ആഴ്ചതോറും കോവിഡ് ടെസ്റ്റ് നടത്തിയിട്ടേ ക്ലാസ് എടുക്കാൻ പാടുള്ളൂ എന്നൊക്കെയുള്ള നിബന്ധനകൾ കൊണ്ടുവന്നു. എന്നാൽ അത് വളരെ തെറ്റായ സമീപനമാണ്. ഒന്നുകിൽ കോവിഡ് എല്ലാര്ക്കും വന്നുപോകണം. അപ്പോൾ ഹേർഡ് ഇമ്മ്യൂണിറ്റി കിട്ടും. ഇപ്പോൾ 85 ശതമാനം പേർക്കെങ്കിലും ഒരു ഡോസ് വാക്സിൻ കിട്ടിയവർ ആണ്. 30 -40 ശതമാനം ആളുകൾക്ക് രണ്ടു ഡോസ് വാക്സിൻ കിട്ടിയതാണ്. രണ്ടു ജില്ലകളിൽ ഒഴികെ എല്ലായിടത്തും വാക്സിനേഷൻ ത്വരിതഗതിയിൽ നടക്കുന്നുണ്ട്. പ്രകൃതിവാദികൾ ആണെങ്കിൽ കോവിഡ് സ്വാഭാവികമായും വന്നുപൊക്കോട്ടെ എന്ന് കരുതുന്നവർ ആണ്. മതവാദികൾ ആണെങ്കിൽ അവരുടെ വിശ്വാസം കൊണ്ടും. എന്നാൽ ഗവൺമെന്റ് വളരെ കർശനമായ സമീപനം ആണ് എടുക്കുന്നത്. അലർജി ഉള്ളവർക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ ആവശ്യം. എന്നാൽ അതും ഒരു കാരണമല്ല.. കാരണം ഒരു വാക്‌സിനോട് അലർജി ഉണ്ടെങ്കിൽ മറ്റുള്ള വാക്സിനുകളോട് അത്ര അലർജി കാണില്ല. ജോലിക്കു അപേക്ഷിക്കണമെങ്കിലോ വിദേശത്തു പോകണമെങ്കിലോ ഒക്കെ കോവിഡ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ്. എടുക്കാത്തവർക്കു യാതൊരു രീതിയിലെ പരിഗണനയും കൊടുക്കരുത്. എല്ലാരും വാക്സിൻ എടുത്താൽ മാത്രമേ ആകെയൊരു രക്ഷയുള്ളൂ… ഈ മഹാമാരിക്കെതിരെ…
കലാമേഖലയിൽ സ്വാധീനിച്ച വ്യക്തികൾ ആരൊക്കെയാണ് ? അതിപ്പോൾ അഭിനയം ആയാലും സംവിധാനം ആയാലും…. ?
അങ്ങനെ ഒത്തിരിയുണ്ട്. ഞാൻ പഠിക്കുന്ന സമയത്താണ് സ്ഫടികം എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്നത്. ഞങ്ങളുടെ പാലാക്കാരൻ ആയിട്ടുള്ള ഭദ്രൻ ആണല്ലോ അതിന്റെ സംവിധായകൻ. എന്റെ ചെറുപ്പകാലത്ത് അത്രമാത്രം സ്വാധീനിച്ചിട്ടുള്ള ഒരു സിനിമയാണ് സ്ഫടികവും പിന്നെ Bhadran Mattel എന്ന പേരും . വളർന്നു ഒരു കലാകാരൻ ആകുമ്പോൾ അതുപോലൊരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചത്. ഇപ്പോഴും ആ ആഗ്രഹം മനസിലുണ്ട്. പക്ഷെ അന്നത്തെ കാലത്തിന്റെ ആ സിനിമ ഇന്ന് ചെയുമ്പോൾ ന്യു ജനറേഷൻ ആയി ചെയ്യേണ്ടതുണ്ട്.

ബൂലോകം ഒടിടി ആപ്പിലൂടെയും വെബ് ആപ്പിലൂടെയും ഒക്കെ…കലാകാരന്മാരെ ചേർത്തുപിടിക്കാൻ നടത്തുന്ന ശ്രമങ്ങളെ എങ്ങനെ കാണുന്നു ?
തീർച്ചയായും അത് വലിയൊരു കാര്യമാണ്. കാരണം നമ്മളൊരു സിനിമ ചെയ്‌തിട്ടു അത് വില്പനയ്ക്ക് വയ്ക്കുന്ന സാഹചര്യം വരുമ്പോൾ ആണ് അതിന്റെയൊരു പ്രതിസന്ധികളും പ്രശ്നങ്ങളും കൂടുതൽ മനസിലാകുന്നത്. വലിയ വലിയ ബാനറുകളുടെ സിനിമകൾ, വലിയ വലിയ ആർട്ടിസ്റ്റുകളുടെ സിനിമകൾ ഒക്കെ വിറ്റുപോകാൻ വലിയ എളുപ്പമാണ്. മോഹൻലാൽ, മമ്മൂട്ടി , ദുൽഖർ ,ഫഹദ് , പൃഥ്വിരാജ് …ഇങ്ങനെ കുറച്ചുപേർക്ക് മാത്രമേ ഉള്ളൂ സാറ്റലൈറ്റ് വാല്യൂ . ജയസൂര്യ പോലുള്ളവർക്ക് പോലും സാറ്റലൈറ്റ് വാല്യൂ ഇല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ഒന്നുരണ്ടുകോടിക്ക് സിനിമ ചെയുന്ന പ്രൊഡ്യൂസർമാർക്ക് വലിയ ഗുണമൊന്നും ഇല്ല.. അവർക്ക് സിനിമയോടുള്ള പാഷൻ കൊണ്ടുമാത്രമാകും സിനിമ പിടിക്കുന്നത്. ആ ഒരു സിനിമ ചെയ്തു നല്ല രീതിയിൽ പോയെങ്കിൽ മാത്രമേ അവർ അടുത്ത സിനിമ പിടിക്കുകയുള്ളൂ. കുറച്ചു വലിയ താരങ്ങൾ മാത്രം മതിയോ …. കഴിവുള്ള ചെറിയ താരങ്ങൾക്കും നിലനിൽക്കണം എങ്കിൽ ഇതുപോലുള്ള സിനിമകൾ കൂടി ഉണ്ടായാലേ പറ്റൂ. അങ്ങനെ നോക്കുമ്പോൾ ബൂലോകം ടീവി പോലുള്ള പ്ലാറ്റ്‌ഫോമുകൾ ചെയുന്നത് വളരെ നല്ല കാര്യമാണ്.
താരങ്ങളുമായി ഇടപഴകുമ്പോൾ ഉള്ള അനുഭവങ്ങൾ ?
താരങ്ങളുടെ അനുഭവസമ്പത്ത് ഒക്കെ കേട്ടിരിക്കാറുണ്ട്, എങ്കിലും ഞാൻ ഒരുപാട് സീനിയർ താരങ്ങളുമായൊന്നും അങ്ങനെ വർക്ക് ചെയ്തിട്ടില്ല. ഞങ്ങളുടെ സിനിമയിൽ അഭിനയിച്ചത് എല്ലാം തന്നെ ന്യുജനറേഷൻ താരങ്ങൾ ആണ്. ആകെക്കൂടി സീനിയർ എന്ന് പറയാൻ ദേവൻ ചേട്ടൻ മാത്രമാണ്, പിന്നെ മുകുന്ദൻ മേനോൻ …എല്ലാരുമായും നല്ല സൗഹൃദത്തോടെ സംസാരിച്ചതാണ് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.
ഭാവിയിലെ വലിയ സ്വപ്നം ?

അവാർഡ് സിനിമകളേക്കാൾ കൂടുതൽ ജനങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന സിനിമകൾ എടുക്കണം എന്നാണു ആഗ്രഹം. അതുകൊണ്ടുതന്നെ സ്ഫടികം പോലൊരു വലിയ സിനിമ എടുക്കാൻ ആണ് ആഗ്രഹിക്കുന്നത്. നല്ല മാസ്സ് ആയി ജനപ്രിയമായൊരു സിനിമ ചെയ്തു ജനങ്ങളിലേക്ക് എത്തുക, നല്ലൊരു പേരുണ്ടാക്കുക , കുറച്ചു നല്ല പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാൻ പറ്റുക , പ്രൊഡ്യൂസ് ചെയുന്ന ആൾക്ക് നല്ല ലാഭം ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കുക, എന്നൊക്കയുള്ള ആഗ്രഹങ്ങളാണ് എന്റെ മനസ്സിൽ.
ഒരു കലാകാരൻ എന്ന നിലക്കും ഡോക്ടർ എന്ന നിലക്കും ബൂലോകം ടീവി ആസ്വാദകരോട് പറയാനുള്ളത് ?
കലാകാരൻ എന്ന നിലക്കും ഡോക്ടർ എന്ന നിലക്കും പറയാനുള്ളത് , ഒത്തിരി കഴിവുള്ള നല്ല നല്ല ചെറുപ്പക്കാർ ഉണ്ട് അവരുടെ കൈയിൽ നല്ല നല്ല ആശയങ്ങളുണ്ട്. പുതിയ ആശയങ്ങളുമായി വരുന്ന കൊച്ചുകൊച്ചു സിനിമകളെ കണ്ടു പ്രോത്സാഹിപ്പിക്കുക, എങ്കിൽ മാത്രമേ ഇപ്പോൾ തമിഴ് സിനിമകൾക്ക് ഒക്കെ ഉള്ള നല്ല ഡെവലപ്മെന്റ് മലയാളത്തിനും ഉണ്ടാകൂ. പുതിയ കലാകാരൻമാർ വരുന്നു, പുതിയ സംവിധായകർ വരുന്നു …അങ്ങനെ നല്ലൊരു വളർച്ച മലയാള സിനിമയ്ക്ക് ഉണ്ടാകണമെങ്കിൽ വരുന്ന കൊച്ചുകൊച്ചു സിനിമകളെ നല്ല രീതിയിൽ സ്വീകരിക്കുക, കാണുക, പ്രോത്സാഹിപ്പിക്കുക . ടെലിഗ്രാം പോലുള്ള പൈറസി സൈറ്റുകളെ തഴയുകയും ഒടിടി പ്ലാറ്റ്‌ഫോമിൽ മാത്രം കണ്ടു ആ സിനിമകളെ വിജയിപ്പിക്കയും ചെയ്യണം. കൊച്ചുകൊച്ചു സിനിമകൾ കയ്യടിച്ചു വളർത്തുക.
കുടുബത്തിൽ നിന്നുള്ള സപ്പോർട്ടുകൾ ?
എന്റെ വൈഫ് ഗൈനക്കോളജിസ്റ്റ് ആണ്. ഞങ്ങൾക്ക് ഒരു മകൾ ആണ്. ഇപ്പോൾ എട്ടുവയസ്സായി. പിന്നെ ഒത്തിരി കോമ്പ്രമൈസ് ചെയ്യേണ്ടിവരുന്നുണ്ട്. കാരണം അഞ്ചുമണിവരെ ജോലി ചെയ്യണം,പിന്നെ ചില ദിവസങ്ങളിൽ ഡ്യൂട്ടി ഉള്ള ദിവസം ഹോസ്പിറ്റലിൽ നിൽക്കേണ്ടിവരുന്നുണ്ട്. . കോമ്പ്രമൈസ് ചെയ്താണ് സിനിമയിലേക്കുള്ള ഓട്ടങ്ങൾ നടത്തുന്നത്. കുടുംബത്തിൽ നല്ല സപ്പോർട്ട് ഉണ്ട്..അതുകൊണ്ടുതന്നെയാണ് മുന്നോട്ടു പോകാൻ സാധിക്കുന്നത് . രണ്ടു അനിയന്മാർ ആണ് എനിക്കുള്ളത് , പപ്പയും മമ്മിയും ടീച്ചേഴ്‌സ് ആണ്. റിട്ടയർ ആയി തറവാട്ടിൽ തന്നെയുണ്ട്. എല്ലാരും സപ്പോർട്ട് ചെയുന്നുണ്ട്. എന്റെ ചില സ്ക്രിപ്റ്റുകൾ , നാടകങ്ങൾ ഒക്കെ കണ്ടു അവർക്കു ഇഷ്ടപ്പെട്ടിട്ടുണ്ട്. നല്ല ഒരു ഫിലിം മേക്കർ ആയി ഞാൻ വളരണമെന്ന് അവർക്കൊക്കെ ആഗ്രഹമുണ്ട്…. സമൂഹത്തിനു നല്ല സന്ദേശങ്ങൾ നൽകുന്ന സിനിമകൾ ചെയ്യണം എന്ന് അവർക്കു ആഗ്രഹമുണ്ട്. അത് പാലിക്കാൻ കഴിയട്ടെ..അതിനാണ് ഞാനും ശ്രമിക്കുന്നത്.
എല്ലാ വിധ ആഗ്രഹവും സഫലമാകട്ടെ..കലാജീവിതം മുന്നോട്ടു മുന്നോട്ടു കൂടുതൽ ഉയർച്ചകൾ താണ്ടട്ടെ… പുരോഗമനപരമായി മുന്നോട്ടു പോകാൻ ഇടവരട്ടെ…കൂടുതൽ കൂടുതൽ നല്ല പ്രോജക്റ്റുകൾ ചെയ്യാൻ ഇടവരട്ടെ… കൂടുതൽ കൂടുതൽ അംഗീകാരങ്ങൾ തേടിവരട്ടെ… സ്ഫടികം പോലെയോ അതിനും മുകളിലോ നിൽക്കുന്ന വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ…എല്ലാവിധ ആശംസകളും….
താങ്ക് യു….
***