ലോക് ഡൌൺ കാലത്തെ കൂലിപ്പണിക്കാരന്റെ ജീവിതം എന്തെന്നറിയണം, കൊറോണയെക്കാൾ ഭീകരമാണ്

53

Bos Vithura എഴുതുന്നു 

രണ്ട് മാസത്തെ വീട്ട് വാടക – 5000+5000. സംഘങ്ങൾ ചേർന്നെടുത്ത ചെറിയ ചെറിയ ലോണുകൾ. എന്നായാലും തിരിച്ചു അടക്കേണം. റേഷൻ അരി ഉണ്ട്. മറ്റു സാധനങ്ങൾക്ക് ക്ഷാമം. കുഞ്ഞു കുട്ടിയുണ്ട്. പാല് വാങ്ങാൻ നിവർത്തിയില്ലാതെ വിഷമിക്കുന്നു. ആർക്കും കൊടി പിടിക്കാൻ പോകാത്തത് കൊണ്ട് ഇത് വരെയും കിറ്റുകൾ ഒന്നും മുറ്റത്തേയ്ക്ക് വന്നിട്ടില്ല. വീട്ടിലെ എല്ലാവരും ആരോഗ്യമുള്ളവരാണ്- കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം കിട്ടില്ല. മീൻ വരുന്നതിന്റെ ഊത്തു കേൾക്കാറുണ്ട്. കേട്ടതായി നടിക്കാറില്ല. വില കേൾക്കാൻ ഇത് വരെ പോയില്ല. പച്ചക്കറി വാങ്ങാൻ നിവർത്തിയില്ല. ചൂട് കൂടുതൽ.. എപ്പോഴും ഫാൻ ഉപയോഗിക്കുന്നു. Tv ഉണ്ട്. കുഞ്ഞിനെ ഒതുക്കാൻ എപ്പോഴും TV. വൈദ്യുതി bill ഭയപ്പെടുത്തുന്നുമുണ്ട്. ഗ്യാസ് തീർന്നു. പുതിയത് എടുക്കാൻ നിവർത്തി ഇല്ല. വിറക് കിട്ടാൻ മാർഗങ്ങൾ ഇല്ല. കൃഷി ചെയ്യാൻ മണ്ണില്ല. മുറ്റമില്ല. കുഞ്ഞു വാടക വീട്ടിനു മുന്നിൽ മറ്റെന്തു ചെയ്യാൻ?

ഓരോ വീടും ഓരോ മതിൽ കെട്ടിനുള്ളിൽ. പലയിടങ്ങളിൽ നിന്നായി മതിലുകൾ ചാടി ഒഴുകി എത്തുന്ന പലതരം കറികളുടെ മണം. മണമനുസരിച്ചു ചിക്കൻ, പപ്പടം എന്നിങ്ങനെ ആവശ്യപ്പെടുന്ന കുഞ്ഞുങ്ങൾ. ദിവസ വരുമാനം ദിവസേന ചിലവഴിച്ചു കാലിയായ കീശ. ജോലി ഇല്ല. ജോലിക്കാരും വിളിക്കുന്നില്ല. ഇങ്ങനെയിങ്ങനെ എത്ര നാൾ മുൻപോട്ട് പോകും. എങ്ങനെ മറ്റുള്ളവരുടെ മുൻപിൽ പോയി യാചിക്കും. യാചിക്കാൻ പലവട്ടം മുറ്റത്തിറങ്ങി. പിന്നെയും അകത്തു കയറി. പറ്റുന്നില്ല. വെറുതേ കൂട്ടുകാരെ, ബന്ധുക്കളെ ഒക്കെ വിളിച്ചു. എന്നിട്ടും ദാരിദ്ര്യ മെന്ന് പറയാൻ പറ്റിയില്ല. ജന പ്രതി നിധികൾ ആരും ക്ഷേമം അന്വേഷിച്ചു വന്നില്ല. എപ്പോൾ വേണമെങ്കിലും പൊട്ടി പോകാവുന്ന അഭിമാനവുമായി എത്ര നാൾ മുൻപോട്ട് ജീവിക്കും? ഇങ്ങനെ എത്രയോ കുടുംബങ്ങൾ ഇരുട്ടിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വേണ്ട പെട്ടവർ, അധികാരികൾ അറിയുന്നുണ്ടോ? ഓട്ടോറിക്ഷാ തൊഴിലാളികൾ, കെട്ടിട പണിക്കാർ, ഹോട്ടൽ ജീവനക്കാർ, തട്ട് കട ഇട്ടിരുന്നവർ, സെയിൽസ് girls/ man ജോലി ചെയ്തിരുന്നവർ etc… 90% പേരും ക്ഷേമ നിധി ഉള്ളവർ ആയിരിക്കില്ല.
.
ഒരു ജീവനും മരണത്തിലേക്ക് തള്ളി വിടരുത്. പ്രത്യേകിച്ചും തിരുവനന്തപുരം നഗരത്തിനുള്ളിൽ വാടകക്ക് താമസിക്കുന്ന ദിവസ വേതനക്കാരായ ആയിരത്തിൽ അധികം കുടുംബങ്ങൾ. അവരുടെ മാനസിക സംഘർഷങ്ങൾ സർക്കാർ ശ്രദ്ധിക്കണം. കൊറോണ വന്നു ചാവാൻ അനുവദിക്കാതെ, കുടുംബമായി മരണത്തിലേക്ക് തള്ളി വിടരുത്. വീട് വാടക, ലോൺ, കുഞ്ഞുങ്ങൾക്കുള്ള പോഷക ആഹാരം, ഒറ്റപ്പെട്ടു പോകുന്ന അവസ്ഥകൾ, വൈദ്യുതി ബിൽ, രോഗികൾക്കുള്ള സൗജന്യ മരുന്നുകൾ എന്നിവയിൽ വേണ്ടതായ തീരുമാനങ്ങൾ അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്നു. അല്ലായെങ്കിൽ എത്രയും പെട്ടന്ന് ജോലി സാധ്യത ഉറപ്പാക്കി കൊടുക്കുക. വരാൻ പോകുന്ന വലിയ വിപത്തുകൾ ഒഴിവാക്കുക.