2007 ഏപ്രില്‍ അഞ്ചിന് കോഴിക്കോട് മിഠായിത്തെരുവ് സ്ഫോടനത്തില്‍ പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിമൂന്നുകാരന് പയ്യന്. മനു എന്ന് വിളിക്കാം. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഥ പുറത്ത് വന്നത്.
നഗരത്തിലെ പകല്‍ മാന്യന്മാരെ സത്കരിക്കുന്ന എണ്ണം പറഞ്ഞ പയ്യന്മാരിലൊരാളായിരുന്നു മനു. തിരുവനന്തപുരം ജില്ലയിലാണ് വീട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വോളിബോള്‍ താരമായിരുന്നു അച്ഛന്. അമ്മക്കും ഉയര്‍ന്ന ഉദ്യോഗം. സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും ജീവിതം മടുത്ത് വീട് വിട്ടിറങ്ങി. എത്തിപ്പെട്ടത് കോഴിക്കോട്ടെ സെക്സ് റാക്കറ്റിന്റെ കൈക്കുമ്പിളില്‍
അവര്‍ അവനെ ദത്തെടുത്തു. 150 രൂപ ദിവസ വാടകയുള്ള ലോഡ്ജില്‍ താമസം. ആവശ്യപ്പെടുന്ന ഭക്ഷണം. വില കൂടിയ മദ്യം. വീര്യം കൂടിയ ലഹരിവസ്തുക്കള്‍. എല്ലാം എത്തിച്ചുകൊടുത്തു. ദിവസം അഞ്ച് മാന്യന്മാരെ തൃപ്തിപ്പെടുത്തണം. അത്രമാത്രം.
കുട്ടിയെത്തേടി ബന്ധുക്കളെത്താതായതോടെ ആശുപത്രി അധികൃതര്‍ കസബ പോലീസിലറിയിച്ചു. അവരാണ് കോഴിക്കോട്ടെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലെത്തിച്ചത്. മനുവിനെ നഷ്ടമായതോടെ അവന്റെ ഭരക്ഷകര്’ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അവര്‍ ചൈല്‍ഡ് ലൈനിലുമെത്തി. തങ്ങളുടെ കൂടെ അയക്കണമെന്നായിരുന്നു ഏഴംഗ സംഘത്തിന്റെ ആവശ്യം. മനുവിനെപ്പോലെ 20 കുട്ടികള്‍ ഉണ്ടായിരുന്നുവത്രെ ആ സംഘത്തില്‍.
അവരെ കണ്ടെത്താനായില്ല. ഒടുവില്‍ തിരുവനന്തപുരത്തുള്ള അമ്മയെ വിവരമറിയിക്കുകയും അവര്‍ മകനെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ കോ ഓര്‍ഡിനേറ്റര്‍ ബി അജീഷ് പറഞ്ഞു.
കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വിഷമ ഘട്ടങ്ങളില്‍ അവരെ സഹായിക്കാനായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനുകളിലെത്തുന്ന കേസുകളില്‍ 12 ശതമാനവും പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ 83 നഗരങ്ങളിലും കേരളത്തില്‍ 9 ഇടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളിലെത്തിയ കേസുകളെക്കുറിച്ചുള്ള കണക്കാണിത്. എന്നാല്‍ മലപ്പുറത്തും കോഴിക്കോട്ടുമെത്തുമ്പോള്‍ ഇതിന്റെ തോത് ഗണ്യമായി കൂടുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് കേന്ദ്രത്തില്‍ ആകെയെത്തിയ ഫോണ്‍കോളുകളില്‍ 500ല്‍ 250 എണ്ണവും പ്രകൃതിവിരുദ്ധപീഡനവുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടുന്നു അജീഷ്.
രണ്ട ്വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തുണ്ടായ ഒരു ഡസനിലേറെ കൊലപാതകങ്ങളെങ്കിലും പ്രകൃതി വിരുദ്ധ പീഡനവുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ പോലീസ് അന്വേഷണങ്ങള്‍ ഒരിക്കലും ആ ദിശയിലേക്ക് നീങ്ങിയിട്ടേയില്ലെന്ന് പറയുന്നു കണ്ണൂരിലെ ജീവനസംസ്കൃതിയിലെ ഫാദര്‍ ജെ ജെ പള്ളത്ത്. പത്ത് വര്‍ഷത്തിലധികമായി സ്വവര്ഗാനുരാഗികള്ക്കിടയില് പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്നാണ് അദ്ദേഹമിത് സാക്ഷ്യപ്പെടുത്തുന്നത്. ചെറിയ കുട്ടികളെ വില്‍ക്കുന്ന ചില റാക്കറ്റുകളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സജീവമായ അന്പത്തഞ്ചുകാരന് വര്‍ഷങ്ങളായി ഇത്തരമൊരു റാക്കറ്റിന്റെ അധിപനാണ്. ഇന്നും വിപുലമാണ് വ്യാപാരം. ഇരുപതോളം കുട്ടികള്‍ ഏത് സമയവും ഇയാള്‍ക്കരികില്‍ റെഡി. നഗരത്തിലേയും പരിസരങ്ങളിലേയും ഹൈസ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പഠിക്കുന്നവരാണ് കുട്ടികള്‍. വയനാട്ടിലേയും മലപ്പുറത്തേയും കണ്ണൂരിലേയും കുട്ടികളുമുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ നീളുന്നു ഇയാളുടെ ഉപഭോക്താക്കള്‍. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ മലപ്പുറം ,കാസര്‍ക്കോട്ട് ജില്ലകളിലാണ്. വിദേശികള്‍ക്കും കുട്ടികളെ എത്തിച്ചുകൊടുക്കുന്നു. പതിനായിരം മുതല്‍ മേലോട്ടാണ് ഇവരില്‍ നിന്നും ഈടാക്കുക. ആയിരം രൂപ കുട്ടികള്‍ക്ക്. ഹോട്ടലുകള്‍ക്കും ചില ശിങ്കിടികള്‍ക്കും നക്കാപ്പിച്ചയും കൊടുക്കും.
ചില ട്രാവല്‍ ഏജന്‍സികള്‍ വഴി വിദേശ കസ്റ്റമേഴ്സിനെ കണ്ടെത്തുന്നു. വിദേശത്തേക്ക് വീട്ടുജോലിക്കായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന പരിപാടിയും ഇയാള്‍ക്കുണ്ട്. അതും ട്രാവല്‍ ഏജന്‍സികളുമായുള്ള ബന്ധം സുദൃഢമാക്കുന്നു. കുട്ടികളില്‍ പലരും ലഹരിക്കടിമകളാണ്. അപ്പോള്‍ മാത്രമേ അവര്‍ ഉദ്ദേശിക്കുന്ന തരത്തിലേക്കവരെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
അവര്‍ക്ക് സ്വപ്നം കാണാന്‍പോലും സാധിക്കാത്ത ഓഫറുകളാണ് നല്‍കുന്നത്. വമ്പന്മാര്ക്ക് ഹൈടെക് രീതി, സാധാരണക്കാര്‍ക്ക് മീഡിയം. ലോക്കല്‍ കസ്റ്റമേഴ്സിന് ആ നിരക്കിലും. ഒരു നേരത്തേക്കും ഒരു ദിവസത്തേക്കും ആഴ്ചത്തേക്കുമെല്ലാം ഇവരുടെ സേവനം ലഭ്യമാക്കുന്നു. പോലീസിന് അതീവ രഹസ്യമായി നടത്തുന്ന ഈ റാക്കറ്റിനെക്കുറിച്ച് സൂചനപോലും ലഭിച്ചിട്ടില്ല. വന്‍ നഗരങ്ങള്‍ക്കൊപ്പം ചെറുകിട നഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ ചുവടുറപ്പിക്കുന്നതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.
ഇത്രയും വിവരങ്ങള്‍ ഇയാളുടെ വിശ്വസ്തനില്‍ നിന്ന് ചോര്‍ത്താന്‍ രണ്ടാഴ്ചയോളമാണ് പിറകെ നടന്നത്. പലതവണ ടെലഫോണില്‍ വിളിച്ചും നേരില്‍ സമീപ്പിച്ചും സൗഹൃദം സ്ഥാപിച്ചപ്പോഴാണ് സുഹൃത്ത് വിവരം തരാന്‍ തയ്യാറായത്. കോഴിക്കോട്ടെ ഒരു പ്രമുഖ റിസോര്‍ട്ട് കേന്ദ്രീകരിച്ച് വിദേശ ടൂറിസ്റ്റുകള്‍ക്ക് കുട്ടികളെയും മദാമ്മമാര്‍ക്ക് സുമുഖന്മാരായ ചെറുപ്പക്കാരെയും സപ്ലൈ ചെയ്യുന്ന ചിലരെക്കുറിച്ചും ഇയാള്‍ വെളിപ്പെടുത്തുന്നു.
പെരിന്തല്‍മണ്ണയിലെയും പരിസരങ്ങളിലേയും ചില ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാക്കറ്റിലെ അഞ്ചുപേര്‍ അറസ്റ്റിലായത് 2009 ഡിസംബര്‍ 16നായിരുന്നു. അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാര്‍ഥികളായിരുന്നു ഇരകള്‍. നല്ല ഭക്ഷണം വാങ്ങിക്കൊടുത്തും പുതിയ സിനിമകള്‍ കാണിച്ച്കൊടുത്തുമായിരുന്നു പയ്യന്മാരെ വീഴ്ത്തിയിരുന്നത്. സംഘത്തിന്റെ പ്രധാനി വിവിധ കവര്‍ച്ചകേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ശിക്ഷ അനുഭവിച്ച മഞ്ചേരി സ്വദേശി ഷാജി എന്ന ബാബുവായിരുന്നു. ഒന്നാം പ്രതി മണ്ണാര്‍ക്കാട്ടുകാരനായ മുഹമ്മദ് ഹനീഫയും മറ്റൊരാള്‍ കണ്ണൂര്‍ തളിപ്പറമ്പിലെ പൂവത്തൂര്‍ വീട്ടില്‍ വിഷ്ണുവും. പെരിന്തല്‍മണ്ണ പരിയാപുരത്തെ ഇര്‍ഷാദ്, നിയാസ്, ആശിഖ് എന്നീ വിദ്യാര്‍ഥികളായിരുന്നു പരാതിക്കാര്‍. ഏഴുപേരെയും പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വൈകാതെ എല്ലാവരും ജാമ്യത്തിലിറങ്ങിയതായും ഇവരെ പിടികൂടിയ എ എസ് ഐ നരേന്ദ്രന് പറഞ്ഞു. ഇപ്പോഴും സംഘം വ്യാപാരം കൊഴിപ്പിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.
പറയുന്ന സ്ഥലത്തും സമയത്തും ആണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്ന സംഘത്തിന് സ്ത്രീകള്‍ പോലും നേതൃത്വം നല്‍കുന്നുണ്ട്. ആറ് മാസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശത്തു നിന്നുമെത്തിയ അജ്നാസ് എന്ന 13കാരനെ ബംഗ്ലൂരുവില്‍ നിന്നും പിടികൂടുന്നത്. അവിടെ സെക്സ് മാഫിയയിലെ ഒരംഗമായിരുന്നു. ഈ സംഘത്തില്‍ മുപ്പതോളം കുട്ടികളുണ്ടായിരുന്നുവത്രെ. ബംഗ്ലൂരു പോലീസ് അവനെ കോഴിക്കോട്ടെ ജുവനൈല്‍ ഹോമിന് കൈമാറി. ഒരുമാസത്തിന് ശേഷം വയനാട്ടിലുള്ള ഡോണ്‍ബോസ്കോയിലേക്ക് പഠിക്കാനായി വിട്ടു. അതിനിടയില്‍ മുങ്ങി. മുങ്ങിയതോ പൊക്കിയതോ എന്നത് അജ്ഞാതം. പൊങ്ങിയത് ബംഗ്ലൂരുവില്‍ തന്നെ. എന്നാല്‍ അധികൃതരുടെ കണക്കില്‍ അവന് ഇപ്പോഴും എവിടെയുണ്ടെന്നറിയില്ല. ബംഗ്ലൂരുവിലെ മെജസ്റ്റിക്കില്‍ വെച്ച് ചില മലയാളികള്‍ കണ്ടതായി പറയുന്നു. അവന് തന്നെ ഉപയോഗിച്ചിരുന്ന പഴയ സംഘത്തിന്റെ അരികില്‍ തിരിച്ചെത്തിയിട്ടുണ്ടെന്ന് കോഴിക്കോട് ജുവനൈല്‍ഹോമിലെ ഉദ്യോഗസ്ഥന് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്ഥനയോടെ പറഞ്ഞു.
ഇതൊന്നും ഒറ്റപ്പെട്ടകഥകളല്ല, മനുവിനെയും അജ്നാസിനെയും ഇര്‍ഷാദിനെയും നിയാസിനെയും ആശിഖിനെയും പോലെ, കോഴിക്കോട്ടും തിരൂരും തൃശൂരും പെരിന്തല്‍മണ്ണയിലും ബംഗഌരുവിലും കോവളത്തും ഊട്ടിയിലും മൈസൂരിലും ചെന്നൈയിലും മുംബൈയിലും എല്ലാം ഉണ്ട് ഇത്തിരിപ്പോന്ന പയ്യന്മാര്. നഗരത്തിലെ തെരുവില്‍ ഇരുപത്തിയഞ്ച് രൂപക്കും ഹോട്ടല്‍ മുറികളില്‍ ആയിരം രൂപക്കും ഒരുനേരത്തേക്ക് വിലപറയുന്നവര്‍ മാത്രമല്ല. ഉപഭോക്താവ് ആഗ്രഹിക്കുന്ന സേവനം ചെയ്യാന്‍ ഒരുക്കമുള്ള കുട്ടികളെ എത്രവേണമെങ്കിലും എത്തിച്ചുകൊടുക്കുന്ന സംഘങ്ങളുമുണ്ട്. അതീവ രഹസ്യമായാണ് പ്രവര്‍ത്തനം. കൃത്യമാണ് ലക്ഷ്യങ്ങള്‍. നഗരരാത്രികളിലെ പകല്‍ മാന്യന്മാര്ക്ക് കിടക്ക വിരിക്കാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ആണ്‍കുട്ടികളെയാണ്. അതാവുമ്പോള്‍ എവിടേയും എളുപ്പത്തില്‍ സാധ്യമാകുന്നു. പോലീസ് റെയ്ഡോ കേസോ ഒന്നുമുണ്ടാവില്ല.
കോഴിക്കോട് നഗരത്തില്‍ തന്നെ വേറെയും നാല് സംഘങ്ങള്‍ പയ്യന്മാരെ സപ്ലൈ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുന്ദമംഗലത്തുകാരന്റെ വിശ്വസ്തന് പറഞ്ഞു. അവര്‍ പരസ്പരം സഹകരിക്കുന്നു. പുതിയാപ്പയിലും കുറ്റിച്ചിറയിലും ജാഫര്‍ഖാന്‍ കോളനിയിലുമുള്ള ചിലരാണ് നേതാക്കള്‍. അവര്‍ കോഴിക്കോട് നിന്നുതന്നെയാണ് വൃത്തികേടിന്റെ ആദ്യാക്ഷരങ്ങള്‍ സ്വായത്തമാക്കിയത്. ഇവരുടെ കീഴിലും ഇരുപതോളം പയ്യന്മാര് സേവനം ചെയ്യുന്നുണ്ട്. ലഹരിവില്‍പ്പനയും തകൃതിയായി നടത്തുന്നുണ്ട്. അതിന് ഉപയോഗിക്കുന്നതും ഈ കുട്ടികളെയാണ്. അവരാകുമ്പോള്‍ സംശയിക്കില്ലല്ലോ.. സങ്കല്പ്പിക്കാന് പോലും സാധിക്കുന്നതിനപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ഇതിന്റെ ആദ്യ സസ്പെന്‍സ് തകര്‍ന്ന് വീണത് കഴിഞ്ഞ ജൂണ്‍ 19നായിരുന്നു. കോഴിക്കോട്ട് പിടിയിലായ 23ലേറെ കുട്ടിമോഷ്ടാക്കളുടെ വിചിത്രമായ സാഹസിക കൃത്യങ്ങളാണ് നമ്മള്‍കേട്ടത്. നൂറോളം കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും പോലീസ് പിടിയിലായികൊണ്ടിരിക്കുന്നു. മറ്റൊരധ്യായമായിരുന്നു ലഹരിഗുളികാ റാക്കറ്റിലെ രണ്ടുപേര്‍ പിടിയിലായതോടെ അഴിഞ്ഞു വീണത്. സ്കൂള്‍ വിദ്യാര്‍ഥികളാണ് തങ്ങള്‍ക്കുവേണ്ടി മൈസൂരില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നും ഗുളിക എത്തിച്ച് തരുന്നതെന്നാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം പരസ്പരപൂരകങ്ങളായ കഥകളാണ്. ഒറ്റക്കും ചെറുകൂട്ടവുമായുള്ള സംഘങ്ങള്‍ വേറെയുമുണ്ട്. പാളയത്തും കെ എസ് ആര് ടി സിക്കടുത്തും രണ്ടാം ഗേറ്റിങ്കലുമുള്ള ചില ലോഡ്ജുകളും ഇവരുടെ വിഹാര കേന്ദ്രമാണ്. ലോഡ്ജുകാരും അറിഞ്ഞുകൊണ്ടുള്ള കൂട്ടുകച്ചവടമാണിതെന്നും കുന്ദമംഗലത്തുകാരന്റെ വിശ്വസ്തന് പറയുന്നു. ചില ഇരകളായ പയ്യന്മാരെയും അദ്ദേഹം പരിചയപ്പെടുത്തിതന്നു. ആ കഥ ഉടന്‍….