കലാനിലയം നാടകവേദിയുടെ ബ്രഹ്മരക്ഷസ് ഉടനെ ആരംഭിക്കുന്നതാണ്

226

Sebastian Xavier

ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും കൃത്യമായ വിന്യാസം കൊണ്ടും സാങ്കേതികത്തികവുകൊണ്ടും ഹൊറർ സിനിമകളെപ്പോലും കവച്ചുവയ്ക്കുംവിധം കാണികളെ ഭയചകിതരാക്കിയ ഒരേയൊരു നാടകമേ മലയാള നാടകചരിത്രത്തിൽ ഉണ്ടായിട്ടുള്ളു.. കണ്ടിട്ടുള്ളവരാരും ഒരു കാലത്തും മറക്കാത്ത ‘രക്തരക്ഷസ്സ് ‘ എന്ന ആ നാടകം കലാനിലയം നാടകവേദിയുടെ മാസ്റ്റർപീസായി അറിയപ്പെടുന്നുവെങ്കിൽ, അതിനു കാരണം വെറും കാഴ്ച എന്നതിനപ്പുറം ആ കലാസൃഷ്ടിയെ ഒരു അനുഭവമായിത്തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ അതിന്റെ അരങ്ങിലും അണിയറയിലുമുള്ളവർക്ക് കഴിഞ്ഞു എന്നതു തന്നെയാണ്.
‘കടമറ്റത്തു കത്തനാർ’ എന്ന നാടകത്തിൽ, പാലപ്പൂ മണക്കുന്ന രാവുകളിൽ, നിലാവും നിഴലും പതിഞ്ഞ കാട്ടുവഴിയിൽ, തിളങ്ങുന്ന കണ്ണുകളും, മുറുക്കിച്ചുവന്ന ചുണ്ടുകളുമായി ഉന്മാദിനിയായി രാത്രിസഞ്ചാരികൾക്കു മുന്നിൽ പ്രത്യക്ഷയാവുന്ന നീലിയും അവളെ തളയ്ക്കാനെത്തുന്ന തേജസ്വിയും മഹാസിദ്ധനുമായ കത്തനാരും നാടകപ്രേമികളുടെ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു..
കായംകുളം കൊച്ചുണ്ണിയുടെ അഭ്യാസവിദ്യകൾ, ‘നാരദൻ കേരളത്തി’ലെ സിനിമയെപ്പോലും വെല്ലുന്ന സ്വപ്നരംഗങ്ങൾ, രക്തരക്ഷസിന്റെ വേദിയിൽ പറന്നിറങ്ങുന്ന പടുകൂറ്റൻ വിമാനവും, സ്റ്റേജിലൂടെ ചീറിപ്പായുന്ന കാറുകളും.. പൗർണ്ണമി രാവിൽ വിരൂപയായി നീരാട്ടിനിറങ്ങി രൂപവതിയായി പരിണമിക്കുന്ന നായികയുടെ നിഴൽദൃശ്യങ്ങൾ.. അങ്ങനെയങ്ങനെ നാടകവേദിയുടെ പരിമിതികൾക്കപ്പുറത്തേക്ക് സഞ്ചരിച്ച, പകരംവയ്ക്കാനാവാത്തവിധം അനുഭവേദ്യമായ എത്രയെത്ര രംഗങ്ങൾ..
ഒരു സ്ഥിരം നാടകവേദി എന്ന നിലയ്ക്കുള്ള ഉദ്യമങ്ങൾ കേരളത്തിൽ ആദ്യമായി ആരംഭിച്ചത് ഷെവലിയർ ആർട്ടിസ്റ്റ് P J ചെറിയാന്റെ നേതൃത്വത്തിലുള്ള സന്മാർഗ്ഗ നാടക കലാസഭ ആയിരുന്നുവെന്ന് ചരിത്രം പറയുന്നു. ഈ നാടകസംഘത്തിന്റെ ‘മിശിഹാ ചരിത്രം ‘ തുടങ്ങിയ നാടകങ്ങൾ വളരെ പോപ്പുലർ ആയിരുന്നു. എന്നാൽ സ്ഥിരംനാടകവേദി എന്ന ആശയത്തിന്റെ ആദ്യത്തെ സമഗ്രമായ ആവിഷ്കരണം എന്ന നിലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് 1963 ഫെബ്രുവരിയിൽ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് കലാനിലയത്തിന്റെ സ്റ്റേജ് ഉയർന്നത്.. അത് മലയാളിയുടെ നാടകാസ്വാദനശീലങ്ങളെയും നാടകത്തിന്റെ വാണിജ്യ സാധ്യതകളെയും പുനർനിർവചിക്കുവാൻ പോന്ന ഒരു മഹാമേരുവായി വളർന്നത് വളരെപ്പെട്ടെന്നാണ്.. പാശ്ചാത്യരാജ്യങ്ങളിലും മറ്റും പിന്തുർന്നിരുന്ന സ്ഥിരം നാടകവേദി എന്ന ആശയം അപ്പോഴും കേരളിയരെ സംബന്ധിച്ചിടത്തോളം കൗതുകകരവും പുതുമയാർന്നതുമായ ഒന്നായിരുന്നു.. ഒരു സ്ഥലത്ത് തന്നെ കുറച്ചേറെ കാലം തമ്പടിച്ച് സ്ഥിരമായി നാടകങ്ങൾ അവതരിപ്പിക്കുക എന്ന രീതിയാണ് കലാനിലയം കൈക്കൊണ്ടത്.. പിൽക്കാലത്ത് കലാനിലയം കൃഷ്ണൻനായർ എന്നറിയപ്പെട്ട കൃഷ്‌ണൻ നായരും അദ്ദേഹത്തിന്റെ പത്നി കൊടുങ്ങല്ലർ അമ്മിണിയമ്മയും ചേർന്ന് തുടങ്ങിയ ഈ നാടകകമ്പനി പിന്നീട് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സ്ഥിരം നാടകവേദിയായി മാറി എന്നതാണ് ചരിത്രം..
നമ്മൾ കേട്ടു ശീലിച്ചതും അല്ലാത്തതുമായ ഐതീഹ്യങ്ങളും പുരാണങ്ങളും ചരിത്രകഥകളുമൊക്കെ ആണ് കലാനിലയം നാടകങ്ങളുടെ പ്രമേയങ്ങളാക്കിയത്. കാവാലം നാരായണപ്പണിക്കർ രചന നിർവ്വഹിച്ച് കൃഷ്ണൻനായർ സംവിധാനം ചെയ്ത ‘കുരുക്ഷേത്ര’ എന്ന ബാലെയാണ് പുത്തരിക്കണ്ടത്തെ നിറഞ്ഞ സദസ്സിനു മുന്നിൽ ആദ്യമായി അരങ്ങേറിയത്.. ചരിത്രം സൃഷ്ടിച്ച ‘രക്തരക്ഷസ്സ് ‘ ആദ്യമായി അരങ്ങിലെത്തുന്നത് 1973 ലാണ്.. ഇവ കൂടാതെ അലാവുദീനും അൽഭുതവിളക്കും, ശ്രീ ഗുരുവായൂരപ്പൻ, ഉമ്മണിത്തങ്ക, നരകാസുരൻ, ശ്രീകൃഷ്ണാവതാരം, താജ്മഹൽ, നാരദൻ കേരളത്തിൽ, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, മലബാർ ലഹള തുടങ്ങിയ അനവധി നാടകങ്ങൾ.
സ്റ്റേജിന്റെ പരിമിതസാധ്യതകളെ ഇത്രയും വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയ മറ്റൊരു നാടകക്കമ്പനി മലയാളിയുടെ ഓർമ്മയിലുണ്ടാവില്ല.. സാങ്കേതികമായ മേന്മകൊണ്ടും, ആർട്ട് വർക്കിലെയും ശബ്ദപ്രകാശ വിന്യാസങ്ങളിലെയും കൃത്യത കൊണ്ടും കലാനിലയത്തിന്റെ നാടകങ്ങൾ കാണികളിൽ വിസ്മയം തീർത്തു.. ഒരു പ്രമേയം അവതരിപ്പിക്കുന്നതിൽ സിനിമയെ അപേക്ഷിച്ച് ഒത്തിരി പരിമിതികൾ ഉള്ള ഒരു കലാരൂപമാണ് നാടകം.. എന്നാൽ സിനിമയെ വെല്ലുന്ന ദൃശ്യശ്രാവ്യ അനുഭവമാക്കി അതിനെ എങ്ങനെ വേദിയിൽ അവതരിപ്പിക്കാം എന്ന് കലാനിലയം ഡ്രാമാസ്കോപ്പ് വേദികൾ നമുക്ക് കാണിച്ചു തന്നു.. ഓരോ കാലഘട്ടത്തിലും നാടകരംഗത്ത് ലഭ്യമായിരുന്ന അത്യാധുനിക സാങ്കേതികവിദ്യ തന്നെ ഉന്നത ഗുണനിലവാരത്തിൽ തങ്ങളുടെ പ്രൊജക്ടുകളിൽ ഉപയോഗിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കാൻ ഈ നാടകവേദിക്ക് കഴിഞ്ഞു.
ജഗതി എൻ.കെ. ആചാരിയാണ് ‘രക്തരക്ഷസ്സ് ‘ അടക്കം കലാനിലയത്തിന്റെ ഒട്ടുമുക്കാൽ നാടകങ്ങളുടെയും രചന നിർവ്വഹിച്ചത്.. സംവിധാനം കൃഷ്ണൻ നായരും. അദ്ദേഹത്തിന്റെ പത്നി അമ്മിണിയമ്മയാണ് ‘കള്ളിയങ്കാട്ടു നീലി’യടക്കമുള്ള നായികാ വേഷങ്ങളിൽ ആദ്യകാലത്ത് അഭിനയിച്ചത്.. കലാനിലയം നാടകങ്ങളുടെ അവതരണഗാനം രചിച്ചത് പാപ്പനംകോട് ലക്ഷ്മണനും സംഗീതം നൽകിയത് ദക്ഷിണാമൂർത്തി സ്വാമികളുമാണ്.. കമുകറ പുരുഷോത്തമനും സംഘവും പാടിയ ‘സൽക്കലാ ദേവിതൻ’ എന്ന ആ ഗാനം പല തലമുറകൾ ഏറ്റുപാടി ഇന്നും ജനപ്രിയഗാനമായി നിലനിൽക്കുന്നു.. ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, മീന, വിൻസന്റ്, CI പോൾ, പൂജപ്പുര രവി തുടങ്ങിയവരൊക്കെ കലാനിലയത്തിൽ വേഷമിട്ടിട്ടുള്ളവരാണ്..
കാലം പിന്നീട് നാടകവേദികൾക്കും നാടകസംസ്കാരത്തിനുമേൽപ്പിച്ച മങ്ങൽ ചെറുതായെങ്കിലും കലാനിലയത്തെയും ബാധിച്ചു എന്നുവേണം കരുതാൻ.. കൃഷ്ണൻ നായർ സിനിമാവിതരണത്തിലേക്കും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇതിനൊരു കാരണമാവാം.. 1980 ൽ കൃഷ്ണൻ നായർ അന്തരിച്ചു.. കലാനിലയത്തിന്റെ ദൃശ്യവിസ്മയങ്ങൾ പിന്നീട് പതിറ്റാണ്ടുകളോളം മലയാളികളുടെ ഓർമ്മയിൽ മാത്രമായി അവശേഷിച്ചു..
എന്നാൽ, തീപിടുത്തം പോലുള്ള കെടുതികളെ അതിജീവിച്ച് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചിതയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള ചരിത്രമുള്ള കലാനിലയം വീണ്ടുമൊരിക്കൽക്കൂടി ഉയർത്തെഴുന്നേൽക്കുന്നതിന് പുതിയ സഹസ്രാബ്ദം സാക്ഷിയായി.. കൃഷ്ണൻ നായരുടെ പുത്രൻ അനന്തപദ്മനാഭൻ, ജഗതി എൻ.കെ. ആചാരിയുടെ മകൻ നടൻ ജഗതി ശ്രീകുമാർ എന്നിവർ ചേർന്ന് 2003ൽ കലാനിലയം ഡ്രാമാവിഷൻ എന്ന പേരിൽ സമിതി പുനരുജ്ജീവിപ്പിക്കുകയും പഴയ പ്രതാപം വീണ്ടെടുക്കുകയും ചെയ്തു എന്നത് ചരിത്രം. അങ്ങനെ പുതുതലമുറയ്ക്കും കലാനിലയത്തിന്റെ നാടകാനുഭവം സാധ്യമായി. കലൂർ മണപ്പാട്ടിപ്പറമ്പ് മൈതാനത്ത് ‘രക്തരക്ഷസ്സ് ‘ കളിച്ചു കൊണ്ടായിരുന്നു ഈ തിരിച്ചുവരവിന് തുടക്കം കുറിച്ചത്… ആ ദിവസങ്ങളിലെ കലൂരിലെ വൻജനത്തിരക്കും ട്രാഫിക്ക് ബ്ലോക്കും ഓർമ്മയിലുണ്ട്.. പള്ളുരുത്തി വെളിഗ്രൗണ്ടിൽ രണ്ടുതവണ കലാനിലയം ഡ്രാമാവിഷൻ ക്യാംപ്ചെയ്തപ്പോഴും നാടകങ്ങൾ കണ്ടാസ്വദിക്കാനുള്ള അവസരംലഭിച്ചത് മറക്കാനാവാത്ത അനുഭവമായി അവശേഷിക്കുന്നു.. പാതിരായ്ക്കു ശേഷവും തുടങ്ങുന്ന ഷോകൾക്കായി ആളുകൾ കൂടുംബസമേതം തടിച്ചുകൂടുന്ന കാഴ്ച നിത്യസംഭവമായിരുന്നു..
അതിനൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ കലാനിലയം ഗതകാലപ്രൗഢി തിരിച്ചുപിടിച്ച് മുന്നേറുന്നതിനിടയിലാണ് ജഗതി വാഹനാപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാവുന്നത്.. ശേഷം അനന്തപദ്മനാഭൻ ‘ഹിഡിംബി’ പോലുള്ള പുതിയ പ്രൊജക്ടുകളുമായി മുന്നോട്ടു പോയെങ്കിലും ജഗതി ശ്രീകുമാർ എന്ന അതികായന്റ അസാന്നിധ്യം സൃഷ്ടിച്ച വിടവ് നിലനിൽക്കുന്നു.. ആ അർത്ഥത്തിൽ അദ്ദേഹത്തിനുണ്ടായ ദുര്യോഗം മൂലം സിനിമയ്ക്കു മാത്രമല്ല നാടകകലയ്ക്കും കനത്ത നഷ്ടം തന്നെ ഉണ്ടായിട്ടുണ്ട്..
പല തലമുറകളെ വിസ്മയത്തിൽ ആറാടിച്ച, ഉദ്യേഗഭരിതരാക്കിയ, മായക്കാഴ്ചകളാൽ അമ്പരപ്പിച്ച, അവരുടെ നെഞ്ചിടിപ്പുകൂട്ടിയ, സംഭ്രമം ജനിപ്പിക്കുകയും സംഭീതരാക്കുകയുമൊക്കെ ചെയ്ത കലാനിലയം, കേരളത്തിന്റെ നാടകചരിത്രത്തിൽ വേറിട്ടൊരദ്ധ്യായമായി നിലകൊള്ളുന്നു.. ആഖ്യാനത്തിന്റെ നിലവാരം വാനോളമുയർത്തി ആസ്വാദനത്തിന്റെ വേറിട്ട തലങ്ങൾ സമ്മാനിച്ച് നാടകവേദിയിൽ നിന്ന് നൂറുമേനി കൊയ്തെടുത്ത ഖ്യാതിയുമായി..

Advertisements