യക്ഷിയെയും മറുതയെയും ദൈവത്തെയും നേരിട്ട് കണ്ടവര്‍

0
790

 

 

 

 

 

 

 

ദൈവാനുഭവം ശാസ്ത്രം സ്ഥിരീകരിക്കുമ്പോൾ !

ദൈവസങ്കല്പങ്ങളിലേക്കും പ്രവാചകസങ്കല്പങ്ങളിലേക്കും മനുഷ്യനെ നയിക്കുന്ന അപാരമായ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചറിയണ്ടേ…സായി കിരണിന്റെ (Szai Kiran)ഈ പോസ്റ്റ് വായിക്കൂ

ദൈവികാനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന്‍ അവകാശപ്പെടുന്നവര്‍ മുഴുവന്‍ കള്ളം പറയുന്നവരാണോ? സാധാരണ മനുഷ്യര്‍ മുതല്‍ പ്രവാചകരും മനുഷ്യദൈവങ്ങളും വരെ -ദൈവത്തെ കണ്ടെന്ന് വരെ പറയുന്നവര്‍ മുഴുവന്‍ നുണയന്മാരാണോ? അല്ല എന്നാണ് ഉത്തരം.

എന്റെ ബാല്യകാലത്ത്‌ നാട്ടിലെ ഒരു സ്ത്രീ ബ്രഹ്മരക്ഷസ്സിനെ കണ്ട് ഭയന്ന് മാനസികനില തെറ്റി ഏറെക്കാലം ചികില്‍സയിലായിരുന്നു. ആ ബ്രഹ്മരക്ഷസ്സ് ഇപ്പോള്‍ എന്റെ വീടിന്റെ തൊട്ടുപിന്നിലുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ കൂടിയാണ്.! ഇല്ലത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത ബ്രാഹ്മണസ്ത്രീയായിരുന്നു ബ്രഹ്മരക്ഷസ്. അതുപോലെ ഈയിടെ അപകടത്തില്‍ പെട്ട് മരണാസന്നനായി ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന യുവാവ്‌ യേശുകൃസ്തുവിനെ കണ്ട കാര്യം മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. വ്യക്തിയുടെ അറിവിന്റെ യോഗ്യതയനുസരിച്ച് ദൈവാനുഭവങ്ങളില്‍ വരെ വ്യത്യാസങ്ങളുണ്ടാവുന്നതും കാണാം. എന്തുകൊണ്ട്?
”ഓ… വെറും നുണയും വ്യാഖ്യാനക്കസര്‍ത്തുകളും” എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ.

ജീവിച്ചിരിക്കുന്ന അഞ്ച് വ്യത്യസ്ത വ്യക്തികളിലേക്ക് പോവാം –
(1). സിയോണ്‍ എന്ന ധനാഡ്യനായൊരു മനുഷ്യൻ ദൈവവുമായി സംഭാഷണത്തിലേർപ്പെട്ട് പ്രപഞ്ചത്തിന്റെ അര്‍ത്ഥവും, കാഴ്ച്ചകള്‍ക്കപ്പുറത്തെ ഗഹനമായ സത്യവും ആത്മാര്‍ത്ഥമായി നമുക്ക്‌ മുന്നില്‍ തുറന്നിടുന്നു. പ്രവാചകനോ സന്യാസിയോ ഒന്നുമല്ല, ഒരു സാധാരണ മനുഷ്യൻ. ഈ ലോകം ദൈവികസന്ദേശങ്ങളാല്‍ ഇഴചേർന്നിരിക്കുന്നതാണെന്നും ആ സന്ദേശങ്ങള്‍ സൂക്ഷ്മമായി ട്യൂണ്‍ ചെയ്തെടുത്താൽ നമുക്കത് അനുഭവവേദ്യമാവുമെന്നും അദ്ദേഹം ഉറപ്പ്‌ തരുന്നു. ആ മനുഷ്യന്റെ അനുഭവങ്ങളെല്ലാം സത്യസന്ധമാണെന്ന് ആധുനികശാസ്ത്രം വിധിയെഴുതിയാല്‍ ?

Szai Kiran

(2). അന്തരീക്ഷത്തില്‍ നിന്ന് അദൃശ്യ ശബ്ദനിര്‍ദ്ദേശങ്ങള്‍ കേട്ടതനനുസരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു മനുഷ്യന്‍. അയാള്‍ ആകാശത്ത്‌ നിന്ന് ഉപദേശങ്ങളും ആജ്ഞകളും കേള്‍ക്കുന്നു, അനുസരിക്കുന്നു, ഏറെ ത്യാഗം സഹിച്ചും ആ അശരീരികള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഏതറ്റം വരെയും പോവുന്നു. ജനങ്ങള്‍ ഒരുപക്ഷെ അയാളെ പ്രവാചകന്‍ എന്ന് വിശേഷിപ്പിച്ചേക്കാം. അയാളുടെ അവകാശവാദങ്ങള്‍ സത്യസന്ധമെന്ന്‍ ശാസ്ത്രം വിധിയെഴുതിയാല്‍ ? (ഇത് മതവിശ്വാസികള്‍ കാര്യമായി ശ്രദ്ധിക്കേണ്ട മേഖലയാണ്. മുഴുവന്‍ വായിക്കൂ).

(3). ഈ ലോകത്ത് കാർട്ടൂണുകളെ നേരിട്ട് കാണാന്‍ കഴിയുന്ന നഴ്സാണ് അടുത്ത വ്യക്തി. നഴ്സിന്റെ മുന്നിലിരുന്ന് സംസാരിക്കുന്നവരുടെ മടിയിൽ പോലും കയറിയിരിക്കുന്ന മിക്കി മൗസിനെയൊ ടോമിനെയോ ജെറിയെയോ ആള്‍ക്ക് നേരിട്ട് കാണാം! എനിക്ക് നിങ്ങളെ കാണാനാവുന്നത് പോലെ യഥാർത്ഥമനുഷ്യരുടെ പോലും കാർട്ടൂണ്‍ രൂപങ്ങൾ ഈ ലോകത്ത് ഓടി നടക്കുന്നതായി കാണുന്നു. കണ്മുന്നിൽ കാണുന്നത് അവിശ്വസ്സിക്കുന്നതെങ്ങനെ ?

(4). ആർതര്‍ എന്ന മനുഷ്യന് മുന്നില്‍ അദ്ദേഹത്തിന്റെ അച്ഛനമ്മമാരെ പോലെ രൂപസാദൃശ്യമുള്ള മറ്റാരോ വേഷം മാറി വന്ന് കബളിപ്പിക്കുന്നതായി അയാൾക്ക് കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഭ്രാന്താണെന്ന് വിധിയെഴുതിയ ഈ മനുഷ്യന് യഥാര്‍ത്ഥത്തില്‍ ഭ്രാന്തില്ലെന്ന് തിരിച്ചറിയാന്‍ ന്യൂറോസയന്‍സിന്റെ സഹായം തേടേണ്ടി വരികയും ചെയ്‌താല്‍ ?!

(5). മറ്റൊരു വ്യക്തിയെ നോക്കാം. ഒരു കൈ നഷ്ടപ്പെട്ട അത് ലറ്റാണ് ഇദ്ദേഹം. കൈ നഷ്ടപ്പെട്ടെങ്കിലും അതവിടെ തന്നെയുള്ളതായി അദ്ദേഹം അനുഭവിക്കുന്നു. ഇല്ലാത്ത ആ കൈ ചിലപ്പോൾ വേദനിക്കുന്നു. ഇല്ലാത്ത വിരലുകള്‍ ഉപയോഗിച്ച് സ്പര്‍ശിക്കാന്‍ സാധിക്കുന്നു ! ഐസ് ക്യൂബിന്റെ തണുപ്പ് കൈവിരൽ തുമ്പിൽ അനുഭവിച്ച് പലതവണ കൈകള്‍ പിന്‍വലിച്ചിരിക്കുന്നു.!

– ഈ അഞ്ച് മനുഷ്യരും ഭ്രാന്തന്മാരല്ല. സൈക്കാട്രിസ്റ്റുകളുടെ അടുത്ത് ചികിത്സ തേടുന്നത് അർത്ഥശൂന്യമാവാമെന്ന് ന്യൂറോശാസ്ത്രജ്ഞർ തന്നെ പറയുന്നു. (None of these people is ”crazy” ; sending them to psychiatrists would be a waste of time – ന്യൂറോസയന്റിസ്റ്റിന്റെ വാക്കുകള്‍ ). സിഗ്മണ്ട് ഫ്രോയിഡാദിയായവരുടെ മന:ശാസ്ത്രസിദ്ധാന്തങ്ങളനുസരിച്ച് അസാധാരണമായ മനുഷ്യസ്വഭാവങ്ങളും പെരുമാറ്റങ്ങളും രോഗിയുടെ ബാല്യകാലത്തെ ദുരനുഭവങ്ങളിലും വളര്‍ച്ചാദോഷത്തിലുമൊക്കെ ആരോപിക്കുകയാണ് സൈക്കാട്രിസ്റ്റുകള്‍ ചെയ്തുപോരുന്നത്. എന്നാല്‍ ഇത്തരം വിശദീകരണങ്ങള്‍ക്ക് നേരെ വിപരീതമായ കണ്ടെത്തലുകളാണ് മസ്തിഷ്കശാസ്ത്രത്തില്‍ കനത്ത സംഭാവനകള്‍ നല്‍കിയ ഡോ. വി.എസ് രാമചന്ദ്രന്‍റെയും സാന്ദ്ര ബ്ലേക്ക്‌സ്ലീയുടെയും ‘ഹ്യൂമണ്‍ നാച്ച്വര്‍ & ആര്‍ക്കിടെക്ച്ചര്‍ ഓഫ് മൈന്‍ഡ്‌’ല്‍ (മുകളില്‍ ‍) ലിസ്റ്റ് ചെയ്ത മെഡിക്കല്‍ കേസുകളിലൂടെ വിശദീകരിക്കുന്നത്. (They can pick up where Sigmund Freud left off !)

മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ അവയവം :

മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടാമത്തെ അവയവമെന്ന് വുഡി അലന്‍ വിശേഷിപ്പിച്ച നമ്മുടെ മസ്തിഷ്കത്തെ സംബന്ധിക്കുന്ന വസ്തുതകള്‍ മിക്കതും ഇരുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വരെ രഹസ്യം തന്നെയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലാണ് മസ്തിഷ്ക്കശാസ്ത്രം ഏറ്റവും മികച്ച നിലയിലേക്ക് വികസിച്ചതും പുതിയ കണ്ടെത്തലുകൾ നടത്തിയതും. അതായത്‌ ഈ ശാസ്ത്രം അതിന്റെ ശൈശവഘട്ടത്തില്‍ പോലും ഷെര്‍ലക് ഹോംസ് കഥകളെക്കാള്‍ ജിജ്ഞാസയുണര്‍ത്തുന്ന വസ്തുതകളാണ് കണ്ടെത്തുന്നത്‌. അതുവരെ സിഗ്മണ്ട് ഫ്രോയിഡും, ചേഷ്ടാസിദ്ധാന്തവുമൊക്കെയായി അരങ്ങുവാണ മന:ശാസ്ത്രസിദ്ധാന്തങ്ങള്‍ മിക്കതും ഊഹാപോഹവിശ്വാസങ്ങളായി മാറുകയാണ്. മസ്തിഷ്ക ശാസ്ത്രത്തിന്റെ വളര്‍ച്ച തുടങ്ങുന്നിടത്ത് ഫ്രോയിഡ് ഇരുളിലേക്ക് മറഞ്ഞു തുടങ്ങി.

നമ്മള്‍ കേള്‍ക്കുന്നതും കാണുന്നതും അനുഭവിക്കുന്നതും തലച്ചോറിലെ വ്യത്യസ്ത ഇടങ്ങളാണ് രേഖപ്പെടുത്തുന്നത്. അവയില്‍ എതെങ്കിലുമൊന്നിന് കേട് വന്നാല്‍ മസ്തിഷ്ക്കത്തിന് എല്ലാം കൂടി ഏകോപിപ്പിച്ചു ഫലം തരാന്‍ കഴിയില്ല. അതോടെ നമ്മുടെ അനുഭവസത്യങ്ങള്‍ കീഴ്മേല്‍ മറിയും. സ്വന്തം ഭാര്യയെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത, എന്നാല്‍ ശബ്ദം കേട്ടാല്‍ തിരിച്ചറിയുന്ന ഒരു ‘രോഗി’ മസ്തിഷ്കശാസ്ത്രത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്‌ ഇതിന്റെ കൂടി ഉദാഹരണമായിട്ടാണ്. ശബ്ദം തിരിച്ചറിയുന്നു, രൂപം തിരിച്ചറിയുന്നില്ല. രൂപം അറിയാം, പക്ഷെ സമാനമായ മറ്റൊരു രൂപമായി തെറ്റിദ്ധരിക്കുന്നു. കണ്മുന്നിലുള്ള മൃഗം ആടാണോ പട്ടിയാണോ എന്ന് തിരിച്ചറിയാന്‍ മസ്തിഷ്ക്കം ബുദ്ധിമുട്ടുന്നു. (ഒരു രോഗിയോട് പൂവ്‌ വരയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൂവിന്റെ ഇടതുഭാഗം മാത്രം വരയ്ക്കാന്‍ സാധിക്കുകയും അതേ മാതൃകയിലുള്ള വലതുഭാഗം എത്ര ശ്രമിച്ചിട്ടും വരയ്ക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്ത കാര്യം മുമ്പൊരു പോസ്റ്റില്‍ ഇവിടെ പറഞ്ഞിരുന്നു). മസ്തിഷ്കം നമ്മുടെ ഇന്ദ്രിയാനുഭവങ്ങളെ സ്കാന്‍ ചെയ്ത് വെറുതെ കാണിച്ചുതരികയല്ല ചെയ്യുന്നത് – സ്വതന്ത്രമായി ഊഹാപോഹങ്ങള്‍ നടത്താനുള്ള കഴിവ്‌ മസ്തിഷ്ക്കത്തിനുണ്ട്. നമ്മളിലൂടെ സ്വീകരിച്ച് സൂക്ഷിച്ച് വെക്കുന്ന അനേകം ഡാറ്റകളുടെ അടിസ്ഥാനത്തില്‍ മസ്തിഷ്കം സ്വതന്ത്രമായി നടത്തുന്ന ഊഹങ്ങളാണ് അനുഭവങ്ങളും വിശ്വാസങ്ങളുമായി നമ്മുക്ക് മുന്നിലെത്തുന്നത്. ദൈവവിശ്വാസത്തിലെ സുപ്രധാന സംഗതിയായ പാറ്റേണ്‍ സീക്കിംഗ് ഇതിന്റെ അനുബന്ധമാണ്. നമ്മളൊക്കെ ജീവിക്കുന്നത് മസ്തിഷ്കം നിയന്ത്രിക്കുന്ന ലോകത്താണ് അഥവാ മസ്തിഷ്കമാണ് നമ്മള്‍ !

എന്‍റെ അമ്മയുടെ അച്ഛന് ഒരു പ്രശ്നമുണ്ടായിരുന്നു. പെട്ടന്നായിരുന്നു പ്രശ്നം തുടങ്ങിയത്. കാണുന്ന വസ്തു യഥാര്‍ത്ഥത്തില്‍ ആ വസ്തു സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരിക്കില്ല ഉണ്ടാവുക. ഒരു കസേരയില്‍ ഇരിക്കണമെങ്കില്‍ കസേര വെച്ച സ്ഥലത്തിന്റെ ഏതാനും മീറ്റര്‍ മാറിയാണ് കസേരയുള്ളതായി കാണുക. നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും അന്ന് കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെ നാളുകള്‍ക്ക്‌ ശേഷം പുറത്തുള്ള ഒരു സ്പെഷ്യലിസ്റ്റ് കണ്ടെത്തിയത്‌, എപ്പോഴോ തലയിടിച്ചപ്പോള്‍ തലക്കുള്ളില്‍ ഒരു ചെറിയ ഭാഗത്ത്‌ രക്തം കട്ട പിടിച്ച് കിടന്നത് ക്രമേണ തടസ്സമായി മാറിയത്‌ കൊണ്ടായിരുന്നുവെന്നാണ്. മസ്തിഷ്ക്കത്തിന്റെ ചില ഭാഗത്ത്‌ തടസ്സം മൂലം കൃത്യമായ പ്രോസസിംഗ് നടന്നില്ല. കാണുന്ന വസ്തുക്കളുടെ ഏകദേശദൂരം മസ്തിഷ്ക്കം നിര്‍ദ്ധരിച്ച് തെറ്റായ ഫലങ്ങള്‍ കൊടുക്കാന്‍ തുടങ്ങി. ഒരു ഓപ്പറേഷനിലൂടെ സംഗതി സുഖപ്പെടുത്തി.

പ്രവാചകത്വം മുതല്‍ അവതാരങ്ങള്‍ വരെ :-

മുകളില്‍ ആദ്യഭാഗത്ത് അക്കമിട്ട രണ്ടാമത്തെ വ്യക്തിയിലെ അസുഖത്തിന്റെ ലക്ഷണങ്ങള്‍ മതവിശ്വാസികള്‍ കാര്യമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. സതേണ്‍ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ പ്രൊഫസറും ഗവേഷകനുമായ ഫ്ലോയ്ഡ് എല്‍ റുക്ക് രോഗികളുടെ ഉദാഹരണങ്ങളിലൂടെ ഇതിന്റെ ലക്ഷണങ്ങളെ പറ്റി കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഈ അസുഖം ബാധിച്ചവര്‍ക്ക്‌ തുടര്‍ച്ചയായി മായികഭ്രമം അനുഭവപ്പെടും. ഇത്തരം മായികാനുഭവങ്ങള്‍ അദൃശ്യമായ ശബ്ദങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. ഉപദേശം മുതല്‍ ആജ്ഞ വരെയുള്ള അസാധാരണമോ സംഭ്രമജനകമോ ആയ ശബ്ദങ്ങള്‍ കേള്‍ക്കും. മായക്കാഴ്ച്ചയും ശബ്ദവുമായി അയാള്‍ ദീര്‍ഘനേരം സംസാരിക്കും. പനിയോ വിറയലോ അസാധാരണമായ വിയര്‍ക്കലോ ഒക്കെയായി ഈ സംസാരം അവസാനിച്ചേക്കാം. സ്വാനുഭവങ്ങള്‍ നൂറുശതമാനവും സത്യമാണെന്ന ഉറച്ച വിശ്വാസത്തില്‍ പുതിയ അവകാശവാദങ്ങളിലേക്ക് അതയാളെ കൊണ്ടെത്തിക്കുന്നു. കേട്ട് വളര്‍ന്ന കഥകളോ ജീവിതങ്ങളോ അന്ധവിശ്വാസങ്ങളോ അങ്ങനെ മസ്തിഷ്കം സൂക്ഷിച്ച് വെച്ചിരിക്കുന്ന എന്തുമാവാം വരിക.! കാര്‍ട്ടൂണുകള്‍ മുതല്‍ മാലാഖമാരും ദൈവങ്ങളും പ്രേതങ്ങളുമൊക്കെ ഇതിന് അകമ്പടി സേവിച്ചേക്കും. എന്ത് ത്യാഗം സഹിച്ചും തന്റെ അനുഭവങ്ങളെ ജനസമക്ഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ദൈവദൂതരും പ്രവാചകരുമുണ്ടാവുന്നതിങ്ങനെയാണ്‌, സമ്പത്തുണ്ടാക്കാന്‍ ജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ മന:പൂര്‍വ്വം മുതലെടുക്കുന്നവര്‍ ഒഴികെ. മസ്തിഷ്ക ലോകത്തെ യാഥാര്‍ത്ഥ്യമറിയാത്ത ജനത അവര്‍ക്ക്‌ ജയ്‌ വിളിക്കുകയോ മനുഷ്യബോംബാവുകയോ ചെയ്യുന്നു !!

”ദൈവത്തോട്” സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയുടെയും, കാര്‍ട്ടൂണുകളോടൊപ്പം ജീവിക്കുന്ന
വ്യക്തിയുടെയും പ്രശ്നം ടെമ്പറല്‍ ലോബ്‌ സിഷര്‍ മുതല്‍ കാപ്ഗ്രാസ് സിന്‍ഡ്രോം, നെഗ്ലെക്റ്റ്‌ സിന്‍ഡ്രോം വരെയുള്ള രോഗാവസ്ഥകളുടെ വ്യത്യസ്ത ഏടുകളാണ്. ഇതുമായി ബന്ധപ്പെട്ട ടെമ്പറല്‍ ലോബ്‌ വ്യക്തിത്വമെന്ന അവസ്ഥയെ കുറിച്ച് മറ്റൊരു പോസ്റ്റില്‍ പറയാന്‍ ശ്രമിക്കാം. കണ്ണിന്റെ ഒപ്റ്റിക് ഞരമ്പുകളുമായി ബന്ധപ്പെട്ട സെല്ലുകളുടെ തകരാര്‍ മൂലം കാഴ്ച്ചയുടെ സിഗ്നലുകള്‍ ഇടയ്ക്കിടെ മസ്തിഷ്ക്കത്തിന്റെ പ്രോസസിങ്ങില്‍ ഉള്‍പ്പെടാതെ വരുമ്പോള്‍ അപൂര്‍ണ്ണമായ രൂപങ്ങളോ പകരം നേരത്തെയുള്ള ബന്ധമില്ലാത്ത ഡാറ്റകളോ നിര്‍ദ്ധരിച്ച് നമ്മുടെ കണ്മുന്നില്‍ ഉള്ളതുവെച്ച് കാണിച്ചു തരുന്നു. എന്തുതരം രൂപങ്ങളും ഇവരുടെ മുന്നില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യും. കാര്‍ട്ടൂണുകള്‍ , മൃഗങ്ങള്‍ മുതല്‍ ദൈവങ്ങള്‍ വരെ ! അവ നിത്യജീവിതത്തില്‍ കണ്ടവരാകാം, വായനയിലൂടെ രൂപപ്പെട്ടവരാകാം, പരമ്പരാഗത അന്ധവിശ്വാസത്തില്‍ നിന്ന് ഭാവനയില്‍ രൂപപ്പെട്ടവരാകാം. എന്തുമാവാം, ആരുമാവാം! ഇങ്ങനെ യക്ഷിയെയും മറുതയെയും ദൈവത്തെയും നേരിട്ട് കണ്ടവര്‍ അനവധി.

കാഴ്ച്ചക്കും മസ്തിഷ്കത്തിന്റെ പ്രോസസിങ്ങിനുമൊപ്പം നമ്മളില്‍ വികാരങ്ങളുണ്ടാക്കുന്ന ന്യൂറോ കെമിക്കലുകള്‍ ഉണ്ടാവുന്നുണ്ട്. വികാരങ്ങള്‍ ഉണ്ടാക്കുന്ന എന്‍ഡോജീനസ്മോർഫീൻ, ഹൈഡ്രോക്സൈട്രൈപ്റ്റമിൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളെ കുറിച്ചും, സെറോടോണിന്റെ പ്രവർത്തനഫലമായി നാം വിഷണ്ണരാവുന്നതിനെ കുറിച്ചും, പ്രതിബദ്ധതയും സമർപ്പണവും ഉണ്ടാക്കുന്ന മസ്തിഷ്കത്തിലെ ഹൈപ്പൊത്തലാമസ് സൃഷ്ടിക്കുന്ന ഓക്സിറ്റോസിൻ, എന്‍ഡോര്‍ഫീൻ തുടങ്ങിയ ന്യൂറോട്രാൻസ്മിറ്ററുകളെ കുറിച്ചും പഴയൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. മസ്തിഷ്കം നല്‍കുന്ന അനുഭവങ്ങള്‍ക്കനുസൃതമായി ഉണ്ടാവുന്ന ഇത്തരം വിവിധ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനഫലമായി ഈ വ്യക്തികളിലെ വികാരാനുഭവലോകം യാഥാര്‍ത്ഥ്യലോകത്തെ വെല്ലുന്നു.

”പാടാനുള്ള കഴിവ് ദൈവം നൽകിയതാണ്” :

മറ്റൊരു പ്രബലമായ അന്ധവിശ്വാസം. നമ്മുടെ നാട്ടിലെ കലാകാരന്മാർക്കിടയില്‍ കേട്ട് വരാറുള്ള വാക്കുകള്‍ . ഈ കഴിവുകളെ ദൈവസമക്ഷം അവതരിപ്പിക്കലാണ് അടുത്ത പടി. പാടുമ്പോൾ ദൈവികത അനുഭവിക്കുന്നു എന്ന വിശ്വാസവും നമുക്കിടയിലുണ്ട്. ഇന്ത്യയില്‍ കലയെന്നാല്‍ ദൈവത്തിന്റെ പര്യായമാണ്. മസ്തിഷ്കത്തിലെ സെറിബ്രൽ കോർട്ടക്സിലെ പാരിയെറ്റൽ ലോബിന്റെ വലതുഭാഗമാണ് കലയുടെ ഉറവിടം. പാട്ടുപാടലും, ചിത്രം വരയ്ക്കലും ക്രിയേറ്റിവിറ്റിയുമൊക്കെ അടങ്ങിയ ദൈവം നൽകിയ കഴിവ് ഈ ലോബിലെ ഏതാനും ചില സെല്ലുകൾ നശിപ്പിച്ചാൽ നഷ്ടപ്പെടുകയോ ഉദ്ദീപിപ്പിച്ചാല്‍ വഴിമാറുകയോ ചെയ്യാമെന്നർത്ഥം. വലതുഭാഗം കലാവാസനക്കും അടുത്തഭാഗം ഗണിതവാസന പോലുള്ള ഗഹനമായ കാര്യങ്ങള്‍ക്കും ലോബിലെ ഗൈറസ് സെല്ലുകൾ ഉപയോഗിക്കുന്നു. ഇവയിലേതെങ്കിലുമൊന്ന് നശിക്കുമ്പോൾ കഴിവ് നഷ്ടമാവുന്നു. ആൽബർട്ട് ഐൻസ്റ്റീന് സാധാരണ മനുഷ്യരേക്കാൾ വളരെയേറെ അധികം ഗൈറസുകൾ ഉണ്ടായിരുന്നതാണ് അദ്ദേഹത്തെ ‘അമാനുഷിക കഴിവുള്ള’ പ്രതിഭയാക്കാൻ സഹായിച്ചതത്രെ. പറഞ്ഞുവന്നത് ഇത്രയുമാണ് – അമാനുഷികത, കലാവാസന തുടങ്ങിയവ പ്രകടിപ്പിക്കുന്നവരിലേക്ക് നീളുന്ന ആരാധനയുടെ പിന്നിൽ വിശേഷിച്ചൊന്നുമില്ല. ആരാധകരുടെ പാരിയെറ്റൽ ലോബുകളെ ‘ഉണര്‍ത്തിയാല്‍ ‍’ ആരാധ്യമൂര്‍ത്തിയേക്കാള്‍ നന്നായി പെര്‍ഫോം ചെയ്തേക്കും. ഫാൻസുകാർ ജാഗ്രതൈ. (കലാസ്വാദനത്തിനും ലോബുകളാണ് പങ്കുവഹിക്കുന്നത്. മറ്റൊരു വിഷയമായതിനാൽ തല്‍ക്കാലം ഒഴിവാക്കുന്നു).

ഓട്ടിസം എന്ന അസുഖവും കലാകാരന്മാരുടെ ദൈവികതയും :

ഓട്ടിസം പോലുള്ള അസുഖങ്ങളുടെ പഠനങ്ങളിൽ നിന്ന് പ്രതീക്ഷക്ക് വക നൽകുന്ന പുതിയ കണ്ടെത്തലുകൾ വന്നുകഴിഞ്ഞു. ഓട്ടിസമുള്ളവരില്‍ ചിലര്‍ക്ക് പ്രത്യേക കഴിവുകൾ കൂടുതലായി കണ്ടുവരാറുണ്ട്. ഓട്ടിസം ഭേദമാവുമ്പോൾ ആ കഴിവുകൾ അപ്രത്യക്ഷമായതായ കേസുകൾ കൂടുതൽ നിരീക്ഷണങ്ങൾക്ക് വഴിവെച്ചു. തലച്ചോറിലെ ഇടതും വലതുമുള്ള പാരിയെറ്റൽ ലോബിന്റെ ആക്ടിവിറ്റിയനുസരിച്ചാണ് ഈ കഴിവുകളുടെ അനുപാതം സ്ഥിതി ചെയ്യുന്നത്. ഇതിൽ എതെങ്കിലുമൊന്ന് നശിക്കുമ്പോൾ ഒരു ഭാഗത്തെ ലോബ് ആക്റ്റീവാവുന്നു. ചിത്രം വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെട്ട് അത്ഭുതാവഹമായ കണക്കു കൂട്ടാനുള്ള കഴിവ് നേടാൻ അതിലെ പാരിയെറ്റൽ ലോബ് ആക്റ്റീവായാൽ മതി. ഡാവിഞ്ചിയെക്കാള്‍ നന്നായി ചിത്രം വരയ്ക്കുന്ന, ഓട്ടിസം ബാധിച്ച ഒരു പെണ്‍കുട്ടിയെ മസ്തിഷ്ക്കശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്. ഓട്ടിസം ഭേദമായതോടെ അവൾക്ക് ചിത്രം വരയ്ക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു ! പല കാരണങ്ങളാൽ ഒരു ഭാഗത്തെ പാരിയെറ്റൽ ലോബ് ക്രമേണ നശിക്കുകയോ സെല്ലുകളുടെ ശ്രദ്ധ ഏതെങ്കിലുമൊരു പാരിയെറ്റൽ ലോബിലേക്ക്
കേന്ദ്രീകരിക്കുന്നതോ ആണ് കാരണം.

ആയിരം രതിമൂര്‍ച്ച ഒരുമിച്ചനുഭവിക്കാന്‍ ഹെല്‍മെറ്റ്‌ ;)

മുകളിലെ വിശദീകരണങ്ങളില്‍ തൃപ്തരാവാത്തവര്‍ക്ക്‌ ഒരു ഹെല്‍മെറ്റ്‌ പരിചയപ്പെടുത്താം. സയന്‍സ് ഫിക്ഷനൊന്നുമല്ല. തലയോട്ടി വഴി അതിശക്തമായ കാന്തികമണ്ഡലങ്ങള്‍ മസ്തിഷ്കത്തിലെ ചെറുകോശങ്ങളില്‍ കടത്തി വിട്ട് ആ ഭാഗത്തെ ഉദ്ദീപിപ്പിക്കുന്ന ഹെല്‍മെറ്റ്. ഉദാഹരണത്തിന് തലച്ചോറിലെ മോട്ടോര്‍ കോര്‍ട്ടെക്സിലെ ചില ഭാഗങ്ങള്‍ ഉദ്ദീപിപ്പിക്കുകയാണെങ്കില്‍ ശരീരത്തിലെ പല മസിലുകളും സങ്കോചിക്കും. വിരലുകള്‍ കോച്ചി വലിക്കും. അറിയാതെ തോള്‍ വെട്ടിക്കും. ഈ ഹെല്‍മെറ്റ്‌ വെച്ച് ജന്മനാ അന്ധത ബാധിച്ച് ജനിക്കുന്നവരിലെ മസ്തിഷ്ക്കത്തില്‍ നിര്‍ജീവമായിരിക്കുന്ന ഏതാനും വിഷ്വല്‍ കോര്‍ട്ടെക്സുകളെ ഉദ്ദീപിപ്പിക്കുകയാണെങ്കില്‍ ”നിറം” എന്നാല്‍ എന്താണെന്നോ കാണുക എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നോ അറിയിച്ച് കൊടുക്കാം. സമാനാമായ രീതിയില്‍ ഓരോ ഇടവും ഉദ്ദീപിപ്പിക്കുക വഴി വികാരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. മസ്തിഷ്ക്കത്തിന്റെ നടുഭാഗത്ത് തലാമസിന്റെ മുന്നിലെ ഒരു ചെറുകൂട്ടം സെല്ലുകള്‍ ഉദ്ദീപിപ്പിക്കുക വഴി ആയിരം രതിമൂര്‍ച്ച പോലെയുള്ള അനുഭൂതി പങ്കുവെക്കുന്നുണ്ട്. ടെമ്പറല്‍ ലോബിലെ ഏതാനും സെല്ലുകളെ ഉദ്ദീപിപ്പിച്ച് ദൈവത്തെ കണ്ട സംഭവവും ശാസ്ത്രലോകത്ത്‌ ഉണ്ടായിക്കഴിഞ്ഞു. മറ്റൊരു പോസ്റ്റില്‍ വിശദമാക്കാം.

എല്ലാം തലയിലെഴുത്ത്‌ !

ജനകീയമായൊരു ഭാഷാപ്രയോഗമാണിതെങ്കിലും സംഗതി മറ്റൊരര്‍ത്ഥത്തില്‍ സത്യമായി വരികയാണ്. ‘വിധിയുടെ അവയവം’ എന്നാണ് പ്രശസ്ത ന്യൂറോസര്‍ജന്‍ വൈല്‍ഡര്‍ പെന്‍ഫീല്‍ഡ്‌ മസ്തിഷ്കത്തെ വിശേഷിപ്പിച്ചത്‌. തലയിലെഴുത്ത്‌ തുടങ്ങിയിട്ട് അത്രയധികം വര്‍ഷങ്ങളൊന്നുമായിട്ടില്ല. നമ്മുടെ അടുത്ത പൂര്‍വ്വികരുടെ മസ്തിഷ്കം ഈ ആകൃതിയിലും ബുദ്ധിപ്രാപ്തിയിലും എത്തിയിട്ട് ഏകദേശം മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അതില്‍ തന്നെ കലയും സംഗീതവും ഭാഷാജ്ഞാനവും നിര്‍മ്മാണവൈദഗ്ദ്യവുമൊക്കെ കൈവരിച്ചിട്ട് വെറും 75,000 വര്‍ഷങ്ങള്‍ മാത്രം. പരിണാമശാസ്ത്രത്തെ ഒഴിവാക്കി കൊണ്ട്, ശാസ്ത്രത്തിലെ ഒരു കാര്യവും ഇന്ന് നിര്‍വചിക്കാന്‍ കഴിയില്ലല്ലോ. So, സകല സ്തുതിയും ഡാര്‍വിന്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇന്ന് പ്രത്യേക റാങ്ക് അനുഭവിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ അതിനുവേണ്ടിയല്ല പരിണമിച്ചത് എന്ന വസ്തുത
മനസ്സിലാക്കലാണ്.

പക്ഷികളിലെ ആവരണത്തിന് വേണ്ടി പൊറ്റകളില്‍ നിന്ന് പരിണമിച്ചുണ്ടായ തൂവലുകളാണ് പറക്കാന്‍ സഹായിക്കുന്നത്‌. നടക്കാന്‍ വേണ്ടി രൂപപ്പെട്ട മുന്‍കാലുകളാണ് വവ്വാലിന് ചിറകിലേക്കുള്ള പരിണാമത്തിലേക്ക് വഴി തുറന്നത്. നമ്മുടെ ശ്വാസകോശം മത്സ്യത്തിന്റെ നീന്തല്‍സഞ്ചിക്ക് വേണ്ടി പരിണമിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് ”ശ്വാസകോശം സ്പോഞ്ച് പോലെ” ആയത്. അതായത്‌ ശ്വാസകോശത്തിന്റെ ആവശ്യവും റാങ്കും മാറി. മസ്തിഷ്കത്തിന്റെ സകല തലയിലെഴുത്തും ഇങ്ങനെയാണ് പരിണമിച്ചത്‌. ‘അഹം ബ്രഹ്മാസ്മി’ ബോധത്തിന് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ഒന്നല്ല മനുഷ്യമസ്തിഷ്കം :/ ഇന്ന് പ്രത്യേക റാങ്ക് അനുഭവിക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍
അതിനുവേണ്ടിയല്ല പരിണമിച്ചത് എന്നര്‍ത്ഥം.

മസ്തിഷ്ക വളര്‍ച്ചയെയും പരിണാമത്തെയും നിയന്ത്രിക്കുന്ന ജീനുകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതി നിര്‍ദ്ധാരണമാണ് പൂര്‍വ്വമസ്തിഷ്കത്തില്‍ നിന്നുള്ള മാറ്റങ്ങള്‍ക്ക്‌ കാരണമെന്ന് വ്യത്യസ്ത ഡിഎന്‍എ ശ്രേണികളുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. അമ്പത്‌ കോടി വര്‍ഷങ്ങള്‍ക്കപ്പുറത്തെ നമ്മുടെ പൂര്‍വ്വികരായ ആദ്യകാലമത്സ്യങ്ങളില്‍ ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ്‌, ഭക്ഷണം തേടാനുള്ള കഴിവുകള്‍ തുടങ്ങിയ അടിസ്ഥാനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മസ്തിഷ്കത്തിന്റെ ആദ്യകാലഘടന കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ മിക്ക ജീവിവര്‍ഗ്ഗങ്ങളിലും പരിണാമത്തിനിടയിലും ഇത് നിലനിന്നുപോരുന്നു. ഒട്ടേറെ പരിണാമങ്ങള്‍ക്ക് വിധേയമായ ഇന്നത്തെ നമ്മുടെ മസ്തിഷ്കത്തില്‍ പോലും പൂര്‍വ്വഘടന സ്ഥിതി ചെയ്യുന്നുണ്ട് ! ഈ പൂര്‍വ്വകാലഭാഗമാണ് ഇപ്പോഴും അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നമ്മെ നിലനിര്‍ത്തുന്നത്. രണ്ടര കോടി വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയൊരു മേഖല മസ്തിഷ്കത്തില്‍ പരിണമിച്ചുണ്ടായിട്ടുണ്ട്. ഇവിടം മുതലാണ് വികാരവിചാരങ്ങള്‍ , ലൈംഗികസ്വഭാവരീതികള്‍ തുടങ്ങിയവയുടെ ഉല്‍ഭവം. പരിണാമത്തിനനുസരിച്ച് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക് പോയ മനുഷ്യമസ്തിഷ്കം ഒരു ഭീകരനിയന്താവായി രൂപപ്പെടുകയാണുണ്ടായത്. മികച്ച ഭക്ഷണങ്ങള്‍ , താടിയെല്ലിന്റെ ഘടനാമാറ്റം വഴി തലച്ചോറിന് വളരാനുള്ള സ്ഥലലഭ്യത തുടങ്ങിയ പലവക കാരണങ്ങളാല്‍ അടുത്തകാലത്ത്‌ നടന്ന, ഏറ്റവും വലിയ പരിണാമം നിയോ കോര്‍ട്ടെക്സിലാണ്. അതോടെയാണ് ഭാഷ, ഭാവന, ചിന്ത, വിവിധവിജ്ഞാനപ്രക്രിയകള്‍ തുടങ്ങിയവയുടെ തുടക്കം. മുകളില്‍ വിശദീകരിച്ച ദൈവിക പ്രശ്നങ്ങളുടെ ഹേതുവും അതുതന്നെ. സാമൂഹ്യപരമായ വമ്പിച്ച മാറ്റത്തിലേക്ക് വഴിവെച്ചതും ഇതുതന്നെ- അല്ലാതെ മാര്‍ക്സിസ്റ്റുകാര്‍ വിശ്വസിക്കുന്നത് പോലെ (എംഗല്‍സ് എഴുതിയ പോലെ) പണിയുപകരണങ്ങളുടെ കണ്ടുപിടുത്തം അല്ല.