ധീരതയ്ക്കുള്ള അവാർഡ് നേടിയ എലി എവിടെയാണുള്ളത് ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
കഥകളിലും സിനിമകളിലുമെല്ലാം സൂപ്പര്‍ ഹീറോസ് ആയിട്ടുള്ള അനേകം മൃഗങ്ങളെ കണ്ടിരിക്കും. എന്നാല്‍ അങ്ങനെയൊരു എലിയുണ്ട്. ഗോള്‍ഡ് മെഡല്‍ വരെ നേടിയ എലിയാണ് മഗാവ. ഒരു ‘ലാന്ഡ്മൈന് ഡിറ്റെന്‍ഷന്‍ റാറ്റ്’ ആണ് മഗാവ. അതായത് ഭൂമിക്കടിയില്‍ പൊട്ടാതെ കിടക്കുന്ന മൈനുകള്‍ തിരിച്ചറിയുന്ന എലി.
കംബോഡിയയില്‍ മനുഷ്യരുടെ ജീവന് രക്ഷിക്കുന്ന മഗാവയ്ക്ക് പിഡിഎസ്എ (People’s Dispensary for Sick Animals) ധീരതയ്ക്കും , ജോലിയോടുള്ള അര്‍പ്പണ മനോഭാവത്തിനുമുള്ള ആദരപൂര്‍വം ഗോള്‍ഡ് മെഡല്‍ സമ്മാനിക്കുകയായിരുന്നു. ചാരിറ്റിയുടെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മൃഗത്തിന് പിഡിഎസ്എ അവാര്‍ഡ് ലഭിക്കുന്നത്. ടാന്‍സാനിയയില്‍ APOPO എന്ന എന്‍ജിഒ -യാണ് ലാന്ഡ്മൈനുകള് കണ്ടെത്തുന്നതിനായി മഗാവയെ പരിശീലിപ്പിച്ചെടുത്തത്. വളരെ ചെറിയ പ്രായത്തിലാണ് മഗാവയെ ലാന്ഡ്മൈനുകള് കണ്ടെത്തുന്നതിനായി പരിശീലിപ്പിക്കാന്‍ തുടങ്ങിയത്.
അതിനുശേഷമുള്ള ടെസ്റ്റുകളിലെല്ലാം വിജയിച്ചാണ് മഗാവ ജോലിയില്‍ പ്രവേശിച്ചത്. 1970 മുതല്‍ ആറ് മില്ല്യണ്‍ ലാന്ഡ്മൈനുകള് കംബോഡിയയില്‍ മാത്രം പൊട്ടാതെ കിടപ്പുണ്ടായിരുന്നു. അതില്‍ മൂന്നു മില്ല്യണെങ്കിലും ഇനിയും കണ്ടെത്താനുണ്ട്. അറുപതിനായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഈ ലാന്ഡ്മൈനുകളില് നിന്നും പരിക്കേറ്റിരിക്കുന്നത്. അത് കണ്ടെത്തി നിര്‍വീര്യമാക്കുന്ന ജോലി സജീവമായി നടക്കുന്നുണ്ട്. അവിടെയാണ് മഗാവ ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അതില്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്ന അംഗം കൂടിയാണ് മഗാവ. ഏഴ് വര്‍ഷമായി മഗാവ ഇതേ ജോലി ചെയ്യുന്നു. മനുഷ്യരായ സഹപ്രവര്‍ത്തകര്‍ ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലി വെറും അര മണിക്കൂറിനുള്ളില്‍ മഗാവ പൂര്‍ത്തിയാക്കുന്നു .
ലാന്ഡ്മൈന് ഉണ്ട് എന്ന് മനസിലാക്കിക്കഴിഞ്ഞാല്‍ ഉടനെത്തന്നെ മഗാവ സിഗ്നല്‍ കൈമാറും. എവിടെനിന്നാണ് മഗാവ സിഗ്നല്‍ തരുന്നതെന്ന് അവര്‍ കൃത്യമായി മനസിലാക്കുകയും ആ ലാന്ഡ്മൈന് നശിപ്പിച്ചുകളയുകയുമാണ് ചെയ്യുന്നത്. 39 ലാന്‍ഡ്മൈനുകളും ഏത് നിമിഷവും പൊട്ടാവുന്ന 28 വെടിക്കോപ്പുകളുമാണ് ഇതുവരെയായി മഗാവ കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്തെ ജനങ്ങള്‍ക്കായി ഇങ്ങനെ 141,000 സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് മഗാവ സുരക്ഷിതമാക്കി നല്‍കിയത്. മനുഷ്യരുടെ നല്ല ഭാവിക്കായി ഒരു കുഞ്ഞുജീവിക്ക് പോലും ചിലപ്പോള്‍ വലിയ കാര്യങ്ങള്‍ ചെയ്യാനാവും എന്ന് തെളിയിക്കുകയാണ് മഗാവ. മാത്രവുമല്ല, സഹപ്രവര്‍ത്തകരെ അപേക്ഷിച്ച് ഏറ്റവും വിജയകരമായി ജോലി ചെയ്യുന്ന അംഗം കൂടിയാണ് മഗാവ. അതിനുള്ള അംഗീകാരം കൂടിയാണ് ഈ ഗോള്‍ഡ് മെഡല്‍.ഓരോ തവണ ലാന്ഡ്മൈന് മഗാവ കണ്ടെത്തി വിവരം നല്കുമ്പോഴും എത്രയോ സ്ത്രീകളും, കുട്ടികളും പുരുഷന്മാരുമാണ് മരണത്തില്‍ നിന്നും രക്ഷപ്പെടുന്നത്.
കംബോഡിയ ലോകത്തിലെ തന്നെ ലൈന്ഡ്മൈനുകള് കാരണം അപകടം പറ്റിയ ജനങ്ങള്‍ ഏറിയ പങ്കും താമസിക്കുന്ന ഇടങ്ങളിലൊന്നാണ്. ഏതായാലും വിരമിക്കുന്നതുവരെ മഗാവ തന്റെ ജോലി ഇതുപോലെ ആത്മാര്‍ത്ഥമായും, ധീരമായും ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം അവന് വിശ്രമജീവിതം നയിക്കാം. ബ്രിട്ടീഷ് ചാരിറ്റി സിവിലിയൻ അവാർഡ് ആണ് മഗാവ എന്ന് പേരുള്ള ഇത്തിരിക്കുഞ്ഞൻ എലി സ്വന്തമാക്കിയിരിക്കുന്നത്.
കംബോഡിയയിൽ ഇനിയും പൊട്ടിത്തെറിക്കാത്ത ലാൻഡ് മൈനുകൾ കണ്ടെത്താൻ സഹായിക്കുന്നതിനാണ് മഗാവയ്ക്ക് ഗോൾഡ് മെഡൽ ലഭിച്ചത്.1917-ൽ സ്ഥാപിച്ച PDSA പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് അനിമൽസ് ആണ് 1943 മുതൽ ജന്തുലോകത്ത് ധീരമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങൾക്കായി ഈ അവാർഡ് ആരംഭിച്ചത് . PDSA അവാർഡ് നേടുന്ന ആദ്യ ഏലിയാണ് മഗാവ. രണ്ടാംലോക മഹായുദ്ധത്തിൽ സ്ഥാപിക്കപ്പെട്ടു എന്ന് കരുതുന്ന 39 ലാൻഡ് മൈനുകളും, 28 പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പദാർത്ഥങ്ങളും കണ്ടുപിടിക്കാൻ അധികൃതരെ മഗാവ കഴിഞ്ഞ 7 വർഷത്തിനുള്ളിൽ സഹായിച്ചിട്ടുണ്ട് .
ഹീറോറാറ്റ് എന്ന പദവിയാണ് മഗാവയ്ക്ക്. 2014 നവംബർ 5-ന് ടാൻസാനിയയിൽ ജനിച്ച ആഫ്രിക്കൻ പൗച്ഡ് റാറ്റ് ഇനത്തിൽപെട്ട ഏലിയാണ് മഗാവ. 70 സെന്റിമീറ്റർ നീളവും, 1.23 കിലോഗ്രാം ഭാരവുമുള്ള മഗാവയെ പിന്നീട് ബെൽജിയൻ സംഘടനയായ APOPO പരിശീലനം നൽകി. കംബോഡിയ, അംഗോള, സിംബാബ്വെ, മൊസാമ്പിക് തുടങ്ങിയ രാജ്യങ്ങളിലെ ലാൻഡ് മൈനുകൾ കണ്ടെത്തി നിർവീര്യമാക്കുന്നതിൽ വ്യാപൃതരായ സംഘടനയാണ് APOPO.APOPO പരിശീലനം നൽകിയതിൽ ഏറ്റവും വിജയം നേടിയ ഏലിയാണ് മഗാവ. 20 ഫുട്ബോൾ ഫീൽഡുകൾക്ക് തുല്യമായ 1.41 ലക്ഷം ചതുരശ്ര മീറ്ററിലധികം സ്ഥലത്തെ മൈനുകൾ കണ്ടെത്താൻ മഗാവ സഹായിച്ചിട്ടുണ്ട്. നിശ്ചയദാർഢ്യമുള്ള ജോലിക്കാരനും, എല്ലാവരോടും ഇണങ്ങുന്ന കൂട്ടത്തിലുമുള്ള കക്ഷിയാണ് മഗാവ എന്ന് PDSA നിരീക്ഷിച്ചു. തീരുമാനങ്ങൾ പെട്ടെന്നെടുക്കാനുള്ള വൈദഗ്ധ്യമാണ് മഗാവയെ വ്യത്യസ്തനാക്കുന്നത്.
ഇടവേളയിൽ ലഘുഭക്ഷണം കഴിക്കാനും മഗാവയ്ക്ക് ഏറെ ഇഷ്ടമാണ്. ലാൻഡ്മൈനുകൾ കണ്ടെത്തിയാൽ തന്റെ പ്രിയപ്പെട്ട വാഴപ്പഴം തനിക്ക് ലഭിക്കുമെന്ന് മഗാവയ്ക്ക് നന്നായറിയാം. നിലക്കടല, തണ്ണിമത്തൻ എന്നിവയും മഗാവയ്ക്ക് ഏറെ ഇഷ്ടമാണ്.മഗാവയ്ക്ക് മുൻപ് PDSA ഗോൾഡ് അവാർഡ് നേടിയത് എല്ലാം പട്ടികൾ ആയിരുന്നു.