Connect with us

Featured

ഫുട്‌ബോളിലെ ദേവാസുരന്മാര്‍: സുനില്‍ എം എസ് എഴുതുന്നു

പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം

 101 total views

Published

on

neymar Olympics final

neymar Olympics final

ആഗസ്റ്റ് അഞ്ചിന് ഒളിമ്പിക്‌സ് 2016ന്റെ ഉദ്ഘാടനം നടന്ന റിയോ ഡി ജനൈറോവിലെ വിശ്വപ്രസിദ്ധമായ മാറക്കാനാ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഇന്നലെ (ശനിയാഴ്ച, ആഗസ്റ്റ് 20) രാത്രി ബ്രസീലും ജര്‍മനിയുമായി ഒളിമ്പിക് ഫുട്‌ബോള്‍ ഫൈനല്‍ നടന്നു. നെയ്മാര്‍ എന്ന ചുരുക്കപ്പേരില്‍ ലോകം മുഴുവനും അറിയപ്പെടുന്ന, പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം: ബ്രസീലിനും ജര്‍മനിയ്ക്കും നാലു ഗോള്‍ വീതം. ജര്‍മനിയുടെ ഫോര്‍വേഡ് നില്‍സ് പീറ്റേഴ്‌സന്‍ എടുത്ത പെനല്‍റ്റി കിക്ക് ബ്രസീലിന്റെ ഗോള്‍കീപ്പര്‍ വെവെര്‍ട്ടന്‍ പെരൈര ഡ സില്‍വ തടുത്തിട്ടിരുന്നു. നെയ്മാറിന്റെ ഷോട്ടു വല കുലുക്കിയപ്പോള്‍ ജര്‍മന്‍ ഗോള്‍കീപ്പറായ റ്റൈമോ ഹോണിനു നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ ബ്രസീല്‍ അഞ്ച്, ജര്‍മനി നാല്. ഒളിമ്പിക് സ്വര്‍ണം ബ്രസീലിന്റേത്.

പല സന്തോഷങ്ങളാണ് ഈ വിജയത്തിലൂടെ ബ്രസീലുകാര്‍ക്കുണ്ടായത്. മാറക്കാന സ്റ്റേഡിയത്തെ സംബന്ധിച്ചുള്ള സന്തോഷത്തെപ്പറ്റിത്തന്നെ വേണം ആദ്യം പറയാന്‍. 1950ലെ ഫിഫാ ലോകകപ്പിന്റെ ഫൈനല്‍ ബ്രസീലും യുറുഗ്വായും തമ്മിലായിരുന്നു. അതു നടന്നതു ബ്രസീലിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന റിയോ ഡി ജനൈറോവിലെ (ഹീയുഡ് ശനൈറൊ എന്നാണു ബ്രസീലുകാരുടെ ഏകദേശ ഉച്ചാരണമെന്നു കാണുന്നു) മാറക്കാന സ്റ്റേഡിയത്തിലായിരുന്നു. അതു വരെ ബ്രസീലിനു ലോകകപ്പു കിട്ടിയിട്ടുണ്ടായിരുന്നില്ല. അതിന്നൊരു മാസം മുന്‍പു മാത്രമായിരുന്നു, മാറക്കാനയുടെ നിര്‍മ്മാണം പൂര്‍ത്തിയായതും ഉദ്ഘാടനം ചെയ്യപ്പെട്ടതും. ബ്രസീല്‍ ലോകകപ്പു നേടുന്നതു നേരില്‍ കണ്ടാനന്ദിയ്ക്കാന്‍ 1950 ജുലായ് പതിനാറാം തീയതി മാറക്കാനയിലെത്തിച്ചേര്‍ന്നിരുന്നത് 199854 പേരായിരുന്നു. ഫുട്‌ബോള്‍ ലോകത്തിതു ലോകറെക്കോഡായി ഇന്നും നിലകൊള്ളുന്നു. ബ്രസീലിന്റെ ജയം ഉറപ്പിച്ചിരുന്ന ബ്രസീലിയന്‍ ജനതയുടെ വിശ്വാസം തെറ്റി: യുറുഗ്വായ് ബ്രസീലിനെ 21നു തോല്പിച്ചു കപ്പു നേടി. അങ്ങനെ, ഒരു ദുരന്തത്തില്‍ തുടക്കമിട്ട മാറക്കാനയില്‍ വച്ചു ലോകകപ്പു നേടാന്‍ ബ്രസീലിന് ഒരിയ്ക്കലുമായിട്ടില്ല. അതുകൊണ്ടു ശനിയാഴ്ചയിലെ ഒളിമ്പിക് നേട്ടം മാറക്കാനയുടെ ചരിത്രനേട്ടം കൂടിയാണ്.

brazil uruguay 1950

ഏറ്റവുമധികം തവണ ഫുട്‌ബോള്‍ ലോകകപ്പു നേടിയിട്ടുള്ള ബ്രസീലിന് ഒളിമ്പിക് ഫുട്‌ബോള്‍ സ്വര്‍ണത്തില്‍ മുത്തമിടാനുള്ള അവസരം മിനിഞ്ഞാന്നു വരെ സിദ്ധിച്ചിരുന്നില്ല. വിചിത്രമാണത്. പക്ഷേ, സത്യവുമാണ്. ആ ന്യൂനത നെയ്മാറിന്റെ പെനല്‍റ്റി കിക്കോടെ തിരുത്തപ്പെട്ടു. ബ്രസീലിന്റെ ടീം ഒളിമ്പിക് സ്വര്‍ണമണിഞ്ഞു.

ബ്രസീലിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണു ബെലോ ഹൊറിസോണ്ടെ. അവിടത്തെ മിനെയ്‌റാവൊ സ്റ്റേഡിയത്തില്‍ രണ്ടു വര്‍ഷം മുന്‍പ്, കൃത്യമായിപ്പറഞ്ഞാല്‍ 2014 ജുലായ് എട്ടാം തീയതി ലോകകപ്പു ഫുട്‌ബോളിന്റെ ഒന്നാമത്തെ സെമിഫൈനല്‍ മത്സരം നടന്നു. ബ്രസീലും ജര്‍മനിയും തമ്മില്‍ നടന്ന ആ മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളിനു ബ്രസീല്‍ തകര്‍ന്നു. കേവലമൊരു ഫുട്‌ബോള്‍ കളിയായിരുന്നെങ്കിലും, ഫുട്‌ബോളിനെ പ്രേമിയ്ക്കുന്ന ബ്രസീലിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം ആ തകര്‍ച്ചയൊരു ദേശീയദുരന്തം തന്നെയായിരുന്നു. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ കറുത്ത ലിപികളില്‍ വരഞ്ഞിട്ടിരിയ്ക്കുന്ന ആ തകര്‍ച്ച എത്ര മായ്ചാലും മായില്ല. എങ്കിലും, ആ ദുരന്തത്തിന്റെ സങ്കടത്തിന് ഇന്നലെ നടന്ന ഒളിമ്പിക് ഫുട്‌ബോള്‍ ഫൈനലില്‍ ജര്‍മനിയെ തോല്പിയ്ക്കാനായപ്പോള്‍ നേരിയൊരു കുറവു വന്നു. ചരിത്രം തിരുത്താനാവില്ല, പുതിയ ചരിത്രം കുറിയ്ക്കാനാകും. നെയ്മാറിന്റെ പെനല്‍റ്റി കിക്ക് ബ്രസീലിയന്‍ ഫുട്‌ബോളില്‍ പുതിയ ചരിത്രം കുറിച്ചു. സുവര്‍ണലിപികളില്‍.

ദേശീയദുരന്തമായിത്തന്നെ കണക്കാക്കപ്പെടുന്ന 2014 ലോകകപ്പിലെ ബ്രസീല്‍ജര്‍മനി സെമിഫൈനലിനു നാലു ദിവസം മുമ്പു കൊളമ്പിയയുമായി നടന്നിരുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളമ്പിയയുടെ യുവാന്‍ കാമിലോ സുനിഗയെന്ന ഫുള്‍ ബാക്കിന്റെ മുട്ടുകാല്‍പ്രയോഗമേറ്റു നെയ്മാറിന്റെ നട്ടെല്ലിലെ കശേരുവിനു പൊട്ടല്‍ വീണിരുന്നു. നിലത്തു വീണ നെയ്മാറിനെ സ്‌ട്രെച്ചറിലെടുത്തുകൊണ്ടു പോകേണ്ടി വന്നു. അതുമൂലം എട്ടാം തീയതി ജര്‍മനിയുമായി നടന്ന സെമിഫൈനലില്‍ നെയ്മാറിനു കളിയ്ക്കാനായിരുന്നില്ല. എങ്കിലും, ജര്‍മനിയില്‍ നിന്നേറ്റ പരാജയത്തിന്റെ പേരില്‍ ബ്രസീലിയന്‍ ജനത നെയ്മാറിനേയും കുറ്റപ്പെടുത്തി. ഇത്തവണ നടന്ന ഒളിമ്പിക് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പു തലത്തില്‍ ദക്ഷിണാഫ്രിക്കയും ഇറാക്കുമായി ആഗസ്റ്റ് നാലിനും ഏഴിനും നടന്ന ബ്രസീലിന്റെ ആദ്യ രണ്ടു കളികളില്‍ ഗോളുകളടിയ്ക്കാന്‍ നെയ്മാറിന്റെ നേതൃത്വത്തിലുള്ള ടീമിനായിരുന്നില്ല. ഡെന്മാര്‍ക്കുമായി പത്താം തീയതി നടന്ന മത്സരത്തില്‍ ബ്രസീല്‍ 40 എന്ന സ്‌കോറിനു ജയിച്ചിരുന്നെങ്കിലും, ക്യാപ്റ്റനായ നെയ്മാറിനു ഗോളടിയ്ക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങനെ, ആദ്യ മൂന്നു മത്സരങ്ങളിലും നെയ്മാറിനു ഗോളടിയ്ക്കാനാകാഞ്ഞതിനു ബ്രസീലിലെ ചില ഫുട്‌ബോള്‍ പ്രേമികള്‍ നെയ്മാറിനെ പരിഹസിച്ചു; എങ്ങനെ? ‘കാണ്മാനില്ല’ എന്നൊരു ശീര്‍ഷകത്തിന്‍ കീഴില്‍ നെയ്മാറിന്റെ ചിത്രം ഒട്ടിച്ച പോസ്റ്ററുകള്‍ പുറത്തിറക്കിക്കൊണ്ട്!

neymar accident

അതു മാത്രമോ! ഒളിമ്പിക്‌സിലെ വനിതകളുടെ ഫുട്‌ബോളില്‍ ആഗസ്റ്റ് ആറിനു ബ്രസീലും സ്വീഡനും തമ്മില്‍ നടന്ന മത്സരത്തില്‍ മാര്‍ത്ത ഡ സില്‍വ എന്ന ബ്രസീലിന്റെ കളിക്കാരി രണ്ടു ഗോളടിച്ചിരുന്നു. അന്താരാഷ്ട്രമത്സരങ്ങളില്‍ മാര്‍ത്ത നേടിയ തൊണ്ണൂറ്റിരണ്ടാമത്തേയും തൊണ്ണൂറ്റിമൂന്നാമത്തേയും ഗോളുകളായിരുന്നു അവ. ബ്രസീലിയന്‍ ജനത നെയ്മാറിനോടുള്ള പരിഹാസസൂചകമായി നെയ്മാറുടെ പേരു കറുത്ത മഷികൊണ്ടു വെട്ടുകയും, അതിന്റെ ചുവട്ടില്‍ മാര്‍ത്തയുടെ പേര് പ്രണയസൂചകമായ ഹൃദയചിഹ്നത്തോടൊപ്പം എഴുതിയ ടീഷര്‍ട്ടുകള്‍ ധരിച്ചുകൊണ്ടു നടക്കുകയും, പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിയ്ക്കുകയും ചെയ്തു. ഫുട്‌ബോള്‍നൈരാശ്യം മൂലം അന്ധരായിത്തീര്‍ന്നിരുന്ന ബ്രസീലിയന്‍ ജനത ക്രൂരരുമായിത്തീര്‍ന്നോ എന്ന സംശയവും അതുണ്ടാക്കി. എന്നാല്‍, ഇന്നലെ നെയ്മാര്‍ ജര്‍മന്‍ വലയില്‍ പത്താമത്തെ പെനല്‍റ്റി കിക്ക് അടിച്ചുകയറ്റിയ നിമിഷം മാറക്കാന സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന ബ്രസീലിയന്‍ ജനത നെയ്മാറിനെ അസുരപദത്തില്‍ നിന്നു മോചിപ്പിച്ച്, ദേവസ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നിമിഷം മുമ്പു വരെ അസുരന്‍, അടുത്ത നിമിഷം ദേവന്‍!

നെയ്മാറിന്റെ തോളില്‍ നിന്ന് അപമാനത്തിന്റെ മാറാപ്പ് എടുത്തു മാറ്റാനും നെയ്മാറുടെ ശിരസ്സില്‍ കിരീടമണിയിയ്ക്കാനും ബ്രസീലിയന്‍ ജനതയ്ക്കു നാലിലൊന്നു നിമിഷമേ വേണ്ടി വന്നുള്ളൂ. നിമിഷമെന്നാല്‍ ഒരു സെക്കന്റാണെങ്കില്‍, പെനല്‍റ്റി കിക്കില്‍ നിന്നുള്ള പന്തിനു വെടിയുണ്ട പോലെ 36 അടി ദൂരം കടന്ന്, ഗോള്‍പോസ്റ്റിലേയ്ക്കു പറന്നു കയറാന്‍ കാല്‍ സെക്കന്റു മാത്രം മതിയാകുമത്രേ!

Advertisement

പെനല്‍റ്റികിക്കില്‍ നിന്നു പറക്കുന്ന പന്തിന് എത്ര വേഗമുണ്ടാകും? അതിനു പരിധിയില്ല. സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍ എന്നൊരു പോര്‍ച്ചുഗീസ് ക്ലബ്ബിനു വേണ്ടി നെയ്മാറുടെ നാട്ടുകാരനായ റോന്നി ഹെബേഴ്‌സന്‍ 2006ല്‍ എടുത്തൊരു ഫ്രീകിക്കിന്റെ വേഗം മണിക്കൂറില്‍ 210 കിലോമീറ്ററായിരുന്നു. ഹെബേഴ്‌സന്റേയും, കിക്കെടുക്കുന്നതില്‍ ലോകപ്രശസ്തിയാര്‍ജിച്ചിരുന്ന റോബര്‍ട്ടോ കാര്‍ലോസിന്റേയും നാട്ടുകാരന്‍ തന്നെയായ നെയ്മാര്‍ ശനിയാഴ്ചയെടുത്ത പെനല്‍റ്റി കിക്കിന് വേഗക്കുറവുണ്ടായിക്കാണാനിടയില്ല. നെയ്മാറിനെ തങ്ങള്‍ക്കു കിട്ടാന്‍ വേണ്ടി ബാര്‍സലോണ ഫുട്‌ബോള്‍ ക്ലബ്ബു കൈമാറിയിരുന്നത് 1162 കോടി രൂപ (132.4 മില്യന്‍ ബ്രിട്ടീഷ് പൗണ്ട്) ആയിരുന്നു. 1162 കോടി രൂപ വിലയുള്ള കളിക്കാരന്റെ കിക്കിന്റെ വേഗമെങ്ങനെ കുറവായിരിയ്ക്കും!

നെയ്മാറിന്റെ പെനല്‍റ്റി കിക്ക് ബ്രസീലിനു ഫുട്‌ബോളില്‍ പ്രഥമ ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത്, ബ്രസീലിയന്‍ ജനതയെ മാത്രമല്ല, ബ്രസീലിയന്‍ ഫുട്‌ബോളിനു ലോകമെമ്പാടുമുള്ള, ഞാനുള്‍പ്പെടെയുള്ള, ആരാധകരേയും ആനന്ദിപ്പിച്ചെങ്കിലും, പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ഫുട്‌ബോളിലെ വിജയിയെ നിര്‍ണയിയ്ക്കുന്ന സമ്പ്രദായത്തോട് ഈ ലേഖകനു യോജിപ്പില്ല. ഫുട്‌ബോള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള കളിയാണ്. പതിനൊന്നു പേരടങ്ങുന്നൊരു ടീം പതിനൊന്നു പേരടങ്ങുന്ന മറ്റൊരു ടീമുമായി മത്സരിയ്ക്കുന്നു. ഒരു ടീം മറ്റൊരു ടീമിനോട് എന്ന സ്ഥിതി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇല്ലാതാകുന്നു; രണ്ടു വ്യക്തികള്‍ മാത്രം പങ്കെടുക്കുന്ന മത്സരമായി ഫുട്‌ബോള്‍ ചുരുങ്ങുന്നു. ഇരുപത്തിരണ്ടുപേരില്‍ ഇരുപതു പേര്‍ അകന്നു മാറി, കളി കണ്ടു നില്‍ക്കുന്നു. രണ്ടു വ്യക്തികള്‍ മാത്രം തമ്മിലുള്ള മത്സരത്തിനായിരുന്നെങ്കില്‍ ടെന്നീസോ ഷട്ടില്‍ ബാഡ്മിന്റനോ ടേബിള്‍ ടെന്നീസോ കണ്ടാല്‍ മതിയാകുമായിരുന്നു. ഇരുപത്തിരണ്ടു പേര്‍ പങ്കെടുക്കേണ്ട മത്സരം രണ്ടു വ്യക്തികള്‍ മാത്രം തമ്മിലുള്ളതായി ചുരുങ്ങുന്നത് ആന്റി ക്ലൈമാക്‌സാണ്.

പെനല്‍റ്റി ഷൂട്ടൗട്ടിന് ഇനിയുമുണ്ടു കുഴപ്പങ്ങള്‍. ടെന്നീസിലും ഷട്ടില്‍ ബാഡ്മിന്റനിലും ടേബിള്‍ ടെന്നീസിലും മത്സരം രണ്ടു വ്യക്തികള്‍ തമ്മിലാണെങ്കില്‍, അവരിരുവര്‍ക്കും തുല്യനീതിയുണ്ട്. അവര്‍ തുല്യമായ അവകാശങ്ങളോടെ, നെറ്റിന്റെ ഇരുവശത്തും നിന്നു കളിയ്ക്കുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലെക്കാര്യം വ്യത്യസ്തമാണ്. അവിടെ കിക്കെടുക്കുന്നയാള്‍ പൊതുവേ സ്വതന്ത്രനാണെങ്കില്‍, ഗോള്‍കീപ്പര്‍ കൂച്ചുവിലങ്ങിലാണ്. പെനല്‍റ്റി കിക്കു നേരിടുന്ന ഗോള്‍കീപ്പര്‍ കിക്കിനു മുമ്പു ഗോള്‍ലൈനില്‍ത്തന്നെ നില്‍ക്കണം എന്നാണു നിബന്ധന. അയാള്‍ ഗോള്‍ലൈനില്‍ത്തന്നെ വശങ്ങളിലേയ്ക്കു നീങ്ങുന്നത് അനുവദനീയമാണെങ്കിലും, ഗോള്‍ലൈനില്‍ നിന്നു മുന്നോട്ടു വരാന്‍ പാടില്ല. പെനല്‍റ്റി കിക്കെടുക്കുന്നയാള്‍ പന്തു തട്ടിയ ശേഷമേ, ഗോള്‍കീപ്പര്‍ ഗോള്‍ലൈനില്‍ നിന്നു മുന്നോട്ടു ചെല്ലാവൂ. ഒരാള്‍ മാത്രമടങ്ങിയൊരു ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍ ഗോള്‍കീപ്പറെ ഗോള്‍പോസ്റ്റെന്ന സാങ്കല്പികഭിത്തിയോടു ചേര്‍ത്തു നിറുത്തിയിരിയ്ക്കുന്നു; കൈകള്‍ വിടര്‍ത്തിനില്‍ക്കാമെന്ന ഒരിളവുണ്ട് എന്നു മാത്രം! ഗോള്‍കീപ്പര്‍ മുന്നോട്ടു ചെന്നിട്ടും കാര്യമില്ല. വെറും മുപ്പത്താറടി അകലത്തില്‍ നിന്നു മാത്രം, മണിക്കൂറില്‍ ഇരുനൂറു കിലോമീറ്റര്‍ വേഗത്തില്‍ വെടിയുണ്ട പോലെ ഇരച്ചുവരുന്ന പന്തിന്റെ മുന്നില്‍ച്ചെന്നു പെട്ടാലുള്ള ആപത്തു കൂടി ക്ഷണിച്ചുവരുത്തുകയാകും ഫലം.

ഇരുപത്തിനാലടിയാണു ഗോള്‍പോസ്റ്റുകള്‍ക്കിടയിലുള്ള അകലം. ക്രോസ്സ് ബാറിന്റെ ഉയരം എട്ടടിയും. ഒമ്പതിഞ്ചോളം പോലും വ്യാസമില്ലാത്ത പന്തിനു ഗോള്‍കീപ്പറെ ‘ഉപദ്രവിയ്ക്കാതെ’ കടന്നുപോകാന്‍ 192 ചതുരശ്ര അടി സ്ഥലം ധാരാളം. അതു കടന്നു പോകുകയും ചെയ്യും. 85 ശതമാനത്തോളം പ്രാവശ്യം അതങ്ങനെ കടന്നുപോയിട്ടുമുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലെ പെനല്‍റ്റി ഷൂട്ടൗട്ടുകളിലുണ്ടായ 286 കിക്കുകള്‍ കണക്കിലെടുത്തൊരു സര്‍വേയുടെ ഫലം കാണിയ്ക്കുന്നത് അതാണ്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, പെനല്‍റ്റി കിക്കെടുക്കുന്ന കളിക്കാരന് എണ്‍പത്തഞ്ചു ശതമാനം നീതി ലഭിയ്ക്കുമ്പോള്‍ കിക്കു നേരിടുന്ന ഗോള്‍കീപ്പര്‍ എണ്‍പത്തഞ്ചു ശതമാനം അനീതി അനുഭവിയ്ക്കുന്നു. ഈ സ്ഥിതിയില്‍ സാക്ഷാല്‍ ഈശ്വരന്‍ തന്നെ ഗോള്‍കീപ്പറായി വന്നു നിന്നാല്‍പ്പോലും, പെനല്‍റ്റി കിക്കെടുക്കുന്നയാള്‍ പിഴവു വരുത്തുകയോ കനിവു കാണിയ്ക്കുകയോ ചെയ്താലല്ലാതെ, ഗോള്‍ തടയാനാകുകയില്ല, തീര്‍ച്ച! കളിക്കാര്‍ക്കു തുല്യനീതി നല്‍കാത്ത പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിര്‍ണയിയ്ക്കുന്നതു വാസ്തവത്തില്‍ അവസാനിപ്പിയ്‌ക്കേണ്ടതാണ്.

മുകളിലെഴുതിയിരിയ്ക്കുന്ന അഭിപ്രായം കേട്ട്, ‘പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളയുന്നതും വിരളമല്ലല്ലോ, അപ്പോള്‍പ്പിന്നെ പെനല്‍റ്റി ഷൂട്ടൗട്ടുകള്‍ തുടരുന്നതിലെന്താ കുഴപ്പം’ എന്നൊരു ചോദ്യം വായനക്കാരില്‍ ചിലരെങ്കിലും ഉയര്‍ത്തിയെന്നു വരാം. കഴിഞ്ഞ ജൂണില്‍ രണ്ടു പ്രശസ്തകളിക്കാര്‍ പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളഞ്ഞതിനെപ്പറ്റിയുള്ള പരോക്ഷമായ പരാമര്‍ശം കൂടിയായിരിയ്ക്കാം ആ ചോദ്യം. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്താറിന് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ വച്ച് അര്‍ജന്റീനയും ചിലിയും തമ്മില്‍ നടന്ന കോപ്പാ അമേരിക്കയുടെ ഫൈനലിന്നൊടുവിലുണ്ടായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ പ്രഥമ കിക്കെടുത്തതു വിശ്വപ്രസിദ്ധനായ ലിയൊണെല്‍ മെസ്സിയായിരുന്നു. മെസ്സിയടിച്ച പന്ത് ഗോള്‍പോസ്റ്റിനു മുകളിലൂടെ കാണികളുടെ ഇടയിലേയ്ക്കു പറന്നു പോയി! അതിനു ദിവസങ്ങള്‍ മാത്രം മുമ്പ്, യൂറോ കപ്പില്‍ പോര്‍ച്ചുഗലും ഓസ്ട്രിയയും തമ്മിലുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു, ഒരു പെനല്‍റ്റി കിക്ക്. പഴയ മഹാരഥന്മാരിലുമുണ്ടു പെനല്‍റ്റി കിക്കു പാഴാക്കിക്കളഞ്ഞിട്ടുള്ളവര്‍: അര്‍ജന്റീനയുടെ ഡിയഗോ മാറഡോണ, ബ്രസീലിന്റെ സീക്കോ, സോക്രട്ടീസ്, ഇംഗ്ലണ്ടിന്റെ ഡേവിഡ് ബെക്കം, ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ, നെതര്‍ലന്റ്‌സിന്റെ മാര്‍ക്കോ വാന്‍ ബാസ്റ്റന്‍ എന്നിവരൊക്കെ. എന്തിനധികം, 1162 കോടി വിലയുള്ള നെയ്മാര്‍ പോലും പെനല്‍റ്റി കിക്കു പാഴാക്കിയ കൂട്ടത്തിലാണ്.

ലോകപ്രശസ്തരായ കളിക്കാര്‍ പോലും പെനല്‍റ്റി കിക്കുകള്‍ പാഴാക്കിക്കളഞ്ഞിട്ടുണ്ടെന്ന കാര്യം നിരസിയ്ക്കാനാവില്ലെങ്കിലും, അതു വിരളമാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിയ്‌ക്കേണ്ടതുണ്ട്. മെസ്സി അഞ്ഞൂറിലേറെ ഗോളുകളടിച്ചിട്ടുണ്ട്. അവയില്‍ കുറേയെണ്ണം പെനല്‍റ്റി കിക്കു വഴിയെടുത്തതായിരിയ്ക്കണം. മെസ്സി പെനല്‍റ്റി കിക്കുകള്‍ അധികമൊന്നും പാഴാക്കിക്കളഞ്ഞു കാണാനിടയില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും മുമ്പു പരാമര്‍ശിച്ച മറ്റുള്ളവരുടേയുമെല്ലാം സ്ഥിതിയും അതു തന്നെയായിരുന്നിരിയ്ക്കണം. പെനല്‍റ്റി കിക്കിലൂടെ അവര്‍ നേടിയ ഗോളുകളുടെ എണ്ണം അവര്‍ പാഴാക്കിക്കളഞ്ഞ പെനല്‍റ്റി കിക്കുകളുടെ പല മടങ്ങായിരുന്നിരിയ്ക്കണം. അല്ലെങ്കിലവര്‍ ഇത്രത്തോളം ലോകപ്രശസ്തരാകുമായിരുന്നില്ല.

അതുകൊണ്ടു മുകളില്‍പ്പറഞ്ഞ അഭിപ്രായം ഇവിടെ ആവര്‍ത്തിയ്ക്കുന്നു: കളിക്കാര്‍ക്കു തുല്യനീതി നല്‍കാത്ത പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ മത്സരവിജയിയെ നിര്‍ണയിയ്ക്കുന്നത് അവസാനിപ്പിയ്‌ക്കേണ്ടതാണ്.

Advertisement

 102 total views,  1 views today

Advertisement
cinema13 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema7 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement