മലയാളത്തില്‍ തന്നെ തലക്കെട്ട് എഴുതണം എന്ന് കരുതിയതാണ്. എന്നാല്‍, തുടര്‍ന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ബ്രേക്ഫാസ്റ്റ് എന്ന ഇംഗ്ലീഷ് പേര് തന്നെയാവും കൂടുതല്‍ അനുയോജ്യം എന്ന് തോന്നി. മലയാളത്തിലെ പ്രഭാതഭക്ഷണം ഇംഗ്ലീഷില്‍ ബ്രേക്ക് ഫാസ്റ്റ് ആണ്. അതായത്, BreakTheFast എന്നര്‍ത്ഥം. അത്താഴത്തിന് ശേഷം നീണ്ട ഉറക്കത്തിന്റെ സമയം അത്രയും ആഹാരം ഒന്നും ശരീരത്തിലേയ്ക്ക് ചെല്ലാത്ത അവസ്ഥയ്ക്ക് വിരാമമിടുന്ന ഭക്ഷണമാണ് ബ്രേക്ഫാസ്റ്റ്. അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും പ്രഭാതഭക്ഷണം തന്നെ.
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാല്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍
- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് കിട്ടാതെ വരുമ്പോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും.
- പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍ പേശികളില്‍ ലഭ്യമായ ഗ്ലൂക്കോസ് അത്രയും ശരീരം പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കും.
- സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, അമിതഭാരം എന്നിവയ്ക്കുള്ള സാദ്ധ്യതയും കൂടുതല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ല എന്ന് ഞാന്‍ പറയാതെ തന്നെ മനസിലായിട്ടുണ്ടാവുമല്ലോ. പലപ്പോഴും ജോലിക്ക് പോകാനുള്ള തിരക്കിലാണ് മുതിര്‍ന്നവര്‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത്. കുട്ടികളാവട്ടെ, പരീക്ഷാക്കാലത്തും. എന്നാല്‍, സമയം ലാഭിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് വഴി ആരോഗ്യം തന്നെയാണ് നഷ്ടപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവണം. അപ്പോള്‍, എന്തെങ്കിലും ഒരു വഴി കണ്ടെത്തി പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ സാധിക്കും.