‘സമ്മതമല്ല…’ എന്നൊരു സ്ത്രീ ശബ്ദം കേട്ട് പള്ളിമേട ഞെട്ടി വിറച്ചു ! (video)

2149

 

സമ്മതമല്ല എന്നൊരു സ്ത്രീ ശബ്ദം കേട്ട് പള്ളിമേട ഞെട്ടി വിറച്ചു

സമ്മതം എന്ന ഒറ്റ ചോയിസുള്ള മനസമ്മതത്തിനു അങ്ങനെയാദ്യമായി പൂർത്തീകരണം സംഭവിച്ചു. സമ്മതമല്ല എന്നൊരു ശബ്ദം കേട്ട് പള്ളിമേട ഞെട്ടി വിറച്ചു. ഒരു ചോദ്യത്തിന് രണ്ടുത്തരമുണ്ടെന്നു ആദ്യമായി സഭയ്ക്കും നോ പറയേണ്ടിടത്തു നോ പറയണമെന്ന് മണവാട്ടികൾക്കും അങ്ങനെ ആദ്യമായി മനസ്സിലായി.

പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് നമ്മുടെ സമൂഹത്തിലുള്ള സ്വയം തിരഞ്ഞെടുപ്പ് എത്രമാത്രമുണ്ടെന്നു ബോധ്യപ്പെടാൻ ഈ ഒറ്റഉദാഹരണം ധാരാളം. സമ്മതമെന്നു പറഞ്ഞിരുന്നേൽ മറ്റേതൊരു വിവാഹവും പോലെ നമ്മളാരും അറിയാതെ നടന്നേക്കാവുന്ന മറ്റനേകം “പരസ്പര സമ്മത” വിവാഹങ്ങളില്‍ ഒന്നു മാത്രമായേനെ ഇതും.

അവിടെ ഉയരാൻ പോവുന്ന ചോദ്യങ്ങളിൽ ചിലത് –

1) പള്ളി വരെ എത്തിക്കാതെ തുറന്നു പറഞ്ഞൂടായിരുന്നോ?
ചോദിക്കുന്നവർക്കൊക്കെ അറിയാം അതിന്‍റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന്. മാതാപിതാക്കൾ തീറ്റിപ്പോറ്റിയ കാലികളെ മറ്റൊരാൾക്ക് പിടിച്ചു കൊടുക്കുമ്പോ അവരുടെ സമ്മതം ചോദിക്കാത്തതു പോലെ അവരുടെ ഇഷ്ടത്തിന് ജീവിതം അറക്കാൻ വിട്ടുകൊടുക്കാത്ത ആ മിടുക്കി പെൺകുട്ടിയോട് പെരുത്തിഷ്ടം.

2) ആ ചെറുക്കനോട് ഇത്രയ്ക്ക് വേണമായിരുന്നോ?
ആ ചെറുക്കനോട് അവൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഇതു തന്നെയാണ്. ഇഷ്ടമില്ലാതെ കഴുത്തു കുനിച്ചു കൊടുത്തു വെറുപ്പോടെ ഒരു കൂരയ്ക്ക് കീഴിൽ പുകഞ്ഞു ജീവിക്കുന്നതിലും എത്രയോ ഭേദമാണ്., ഒത്തുപോവില്ലെന്നു ഉറപ്പാവുമ്പോ കാലങ്ങളോളം കുടുംബകോടതി കേറിയിറങ്ങുന്നതിലും എത്രയോ ഭേദമാണിത്.

3) പോറ്റിവളർത്തിയ മാതാപിതാക്കളുടെ മാനം.
മാതാപിതാക്കളുടെ മാനത്തിന്‍റെയോ ദുരഭിമാനത്തിന്‍റെയോ ബാധ്യത മക്കളുടെ മുതുകിലല്ല കെട്ടിവെയ്‌ക്കേണ്ടത്. ഒപ്പം ജീവിക്കേണ്ട ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പരസ്പരം ജീവിക്കുന്നവർക്ക് മാത്രമാണ്, അല്ലാതെ വല്ലകാലത്തും എത്തിനോക്കുന്ന കുടുബക്കാർക്കല്ല.

പ്രായപൂർത്തിയാവുന്നതോടെ അവളുടെ എല്ലാ സ്വപ്നങ്ങളും പൂട്ടിക്കെട്ടി വെച്ചു മറ്റൊരുത്തന്‍റെ കൈയ്യിൽ ഏൽപ്പിക്കുന്നതാണ് അഭിമാനം എന്ന മിഥ്യാധാരണയൊക്കെ ഇനിയെങ്കിലും മാറ്റിപ്പിടിക്കണം. നിങ്ങൾ തിരഞ്ഞെടുത്തു കൊടുക്കുന്നതിനെയല്ല അവർ തിരഞ്ഞെടുക്കുന്നതിനെയാണ് ചോയ്‌സ് എന്നും വ്യക്തിസ്വാതന്ത്ര്യമെന്നും പറയുന്നത്.

സമ്മതമാണോ എന്ന ചോദ്യത്തിന് അല്ല എന്നൊരു ഉത്തരം കൂടിയുണ്ടെന്ന് ഓർമപ്പെടുത്തിയ പെൺകുട്ടിയ്ക്ക് ഉമ്മ, പൂച്ചെണ്ടുകൾ