കൊറിയോഗ്രാഫർ ബ്രിന്ദ മാസ്റ്റർ തന്റെ രണ്ടാം ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തഗ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത മലയാള താരമായ അനശ്വര രാജൻ ആണ്. മുഴുനീള ആക്ഷൻ ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ആമസോണിൽ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് തഗ്സ്.
അനശ്വര രാജൻ നായകനോടൊപ്പം ഇഴുകി ചേർന്നഭിനയിച്ചിരിക്കുന്ന ഈ റൊമാന്റിക് ഗാനത്തിന്റെ ലിറിക്ക് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എയ് അഴകിയേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് വിവേകും ഇതിന് ഈണം പകർന്നിരിക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ സാം സി എസുമാണ്. കപില്‍ കബിലൻ, ചിൻമയി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
പ്രവീൺ ആന്റണി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രിയേഷ് ഗുരുസ്വാമിയാണ്. ചിത്രത്തിൽ ബോബി സിംഹ, ആർ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങി ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സും ജിയോ സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.