ഒരു റോബോട്ടിന്റെ പിറന്നാള്‍ ആഘോഷം !!!
ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല.
139 total views, 1 views today

സ്വന്തം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ഒരു വിലപ്പെട്ട സമ്മാനം ഏറ്റവും പ്രീയപ്പെട്ടവരില്‍ നിന്നും ലഭിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. എന്നാല്‍ നളിനിയുടെ ജീവിതത്തില്‍ അങ്ങനെയൊന്ന് സംഭിവിക്കാറില്ല. ഭാര്യയായി അമ്മയായി ജീവിക്കുന്ന നളിനിക്ക് ഒരു പിറന്നാളുണ്ടെന്ന് അവളുടെ ഭര്‍ത്താവോ മകനോ മകളോ ഒരിക്കലും ഓര്‍ക്കാറില്ല. ജന്മദിനം ഒരു സ്വപ്നത്തിലെ ഓര്‍മ്മയായി സൂക്ഷിക്കുന്ന അവള് അത് മുന്‍കൂട്ടി അവരെ അറിയിച്ച ഒരു കാലം ഉണ്ടായിരുന്നു. മക്കള്‍ വലുതായതോടെ ആ പതിവ് മാറി. തന്റെ ജീവിതംപോലെ, മഴക്കാര് മൂടിയ ആകാശത്തിനു സമാനമായി; ശോകമൂകമായി ആ ദിനവും കടന്നുപോകാന്‍ തുടങ്ങി.
അവളുടെ കുട്ടിക്കാലത്ത് അവള്‍ക്കും ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ ആദ്യത്തെ കണ്മണിയായ അവള് പിറന്നാള്‍ ദിവസം രാവിലെ കുളിച്ചൊരുങ്ങി പുത്തന്‍ ഉടുപ്പ് അണിഞ്ഞ് അമ്പലത്തില്‍ പോയി തിരിച്ച് വരുമ്പോഴേക്കും വീട്ടില്‍ അമ്മ പാല്പായസം വിളമ്പി വെച്ചിട്ടുണ്ടാവും. പിന്നെ ഉച്ചനേരത്തെ സദ്യ കഴിഞ്ഞ് അച്ഛനും അമ്മയും അവളും ഒന്നിച്ച് ടൌണില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രി ഏതെങ്കിലും ടാക്കീസില്‍ കയറി സിനിമ കാണും. എന്നാല്‍ കല്ല്യാണത്തോടെ നളിനിക്ക് അവളുടെ പിറന്നാളുകള്‍ നഷ്ടസ്വപ്നങ്ങളായി മാറി.
ബിസ്നസ് കാരനായ ഭര്‍ത്താവ്, ജീവിതം ലാഭനഷ്ടക്കണക്കുകളില്‍ എഴുതിച്ചേര്‍ക്കാന്‍ തുടങ്ങിയതോടെ അവളുടെ ജീവിതം പ്രമേഹരോഗം ഇല്ലെങ്കിലും പ്രമേഹരോഗിയെപോലെ മധുരമില്ലാത്തത് ആയിതീര്‍ന്നു. പണക്കാരനായ അയാള്‍ക്ക് വീട്ടിലെ അടുക്കളയില്‍ എല്ലാ ജോലിയും ചെയ്യാന്‍ ധാരാളം യന്ത്രങ്ങള്‍ ഉണ്ട്. ആ യന്ത്രങ്ങളെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും ഒരു ‘റോബോട്ട് ആയി’ ഭാര്യയും ഉണ്ട്. അങ്ങനെയുള്ള റോബോട്ടിന് എന്ത് പിറന്നാള്‍ ആഘോഷം!
അവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ മകനും മകളും വലുതായി. മക്കളുടെ വളര്‍ച്ചയില്‍ അഭിമാനിക്കുന്ന നളിനി അവരിലൂടെ സ്വപ്നങ്ങള്‍ നെയ്തു. എന്നാല്‍ അവര്‍ക്കും ആവശ്യം വിവരമില്ലാത്ത ഒരു വേലക്കാരിയെ ആയിരുന്നു. (വേലക്കാരിക്ക് വിവരം വെച്ചാല്‍ അവള് വേലക്കാരിയല്ലാതാവും) ഏത് സമയത്തും ഭക്ഷണം റഡിയാക്കുന്ന, വസ്ത്രം അലക്കി ഇസ്ത്രിവെക്കുന്ന, വീട് വൃത്തിയാക്കുന്ന, ‘അല്പജ്ഞാനിയായ’ ഒരു വേലക്കാരി ആക്കി അമ്മയെ രൂപാന്തരപ്പെടുത്താന്‍ മക്കള്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വന്നില്ല.
അവളുടെ പിറന്നാള്‍ മക്കളോ ഭര്‍ത്താവോ ഓര്‍ക്കറില്ലെങ്കിലും, മക്കളുടെയും ഭര്‍ത്താവിന്റെയും പിറന്നാള്‍ ദിനം ഓര്‍ത്തുവെച്ച് സദ്യ ഒരുക്കാന്‍ നളിനി ഒരിക്കലും മറക്കാറില്ല. ആദ്യമൊക്കെ അക്കൂട്ടത്തില്‍ തന്റെ പിറന്നാള്‍ കൂടി മുന്‍കൂട്ടി ഓര്‍മ്മപ്പെടുത്തി പതിവ് ആഘോഷങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഭര്‍ത്താവിന് വലിയ താല്പര്യം ഇല്ലെന്ന് മനസ്സിലായപ്പോള്‍ സ്വന്തം പിറന്നാള്‍ മറ്റ് കുടുംബാഗംങ്ങളെ അറിയിച്ച് ആഘോഷം പിടിച്ചു വാങ്ങുന്ന രീതി നളിനി നിര്‍ത്തലാക്കി. സ്നേഹം അല്പമെങ്കിലും ഉണ്ടെങ്കില്‍ അത് അറിയുമല്ലോ. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതൊരു സാധാരണ ദിനമായി കടന്നുപോകാന്‍ തുടങ്ങി.
അവരുടെ ജീവിതത്തില്‍ കാറ്റും മഴയും ഇടിയും മിന്നലും ഇടയ്ക്കിടെ ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സംഭാഷണം വഴക്കിലും ചിലപ്പൊള്‍ അടിയിലും അവസാനിക്കാന്‍ തുടങ്ങി. കുടുംബം തകരാതിരിക്കാന്‍ എല്ലാ കുറ്റങ്ങളും ഏറ്റെടുത്ത് നളിനി മൌനം ഭാര്യക്ക് ഭൂഷണമായി കരുതി.
അങ്ങനെയിരിക്കെ മക്കളെല്ലാം വലുതായി സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരായി. ഇനിയവരുടെ വിവാഹമാണ് കുടുംബത്തിന്റെ മുഖ്യ വിഷയം. അങ്ങനെയുള്ള ഒരു നാളില്‍ നളിനി തന്റെ പിറന്നാളിനെ കുടുംബസദസ്സില്‍ അറിയിച്ചു.
‘ഈ മാസം പതിമൂന്നാം തീയതി എന്റെ പിറന്നാളാണ്’
‘പതിമൂന്നിനോ? മുന്‍പ് നീ ഇരുപത്തിമൂന്ന് എന്നെല്ലെ പറഞ്ഞത്’
ഭര്‍ത്താവ് പ്രതികരിച്ചു.
‘ഈ അമ്മയെന്തിനാ തേര്‍ട്ടീന്‍ എന്ന മോശം ഡേയില്‍ ജനിച്ചത്. ഇന്നത്തെപോലെ സിസേറിയന് ചെയ്ത് നല്ല ദിവസം ജനിക്കുന്ന ഏര്‍പ്പടൊന്നും അക്കാലത്ത് ഇല്ലെ?’
മകന് പരിഹസിക്കുന്നത് മനസ്സിലാകാത്ത ഭാവത്തില്‍ നിന്നു.
‘ഈ പിറന്നാള്‍ നമുക്കൊന്ന് ഗംഭീരമായി ആഘോഷിക്കണം. അന്ന് സണ്‍ഡേയാ’
മകള്‍.
‘പിന്നെ അതിന്റെ തലേദിവസം എന്നെ ഓര്‍മ്മപ്പെടുത്തണം. ഞാന്‍ വല്ലാത്ത മറവിക്കാരനാ’
ഭര്‍ത്താവ് പറഞ്ഞു.
പിറന്നാളിന്റെ തലേദിവസം ഉറക്കം തഴുകാന്‍ തുടങ്ങിയ നേരത്ത് നളിനി കണവനോട് പറഞ്ഞു,
‘നാളെയാണ് എന്റെ ജന്മദിനം’
‘ഓ അതെന്താ എനിക്ക് ഓര്‍മ്മയില്ലെ. നാളെ രാവിലെ നമുക്ക് കടയില്‍പോയി സദ്യക്കു വേണ്ട സാധനങ്ങള്‍ വാങ്ങി വരാം. നമുക്കൊന്ന് ആഘോഷിക്കണം’
ഭര്‍ത്താവ് പറഞ്ഞതു കേട്ടപ്പോള്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയതായി അവള്‍ക്ക് തോന്നി.
രാവിലെ ചായ ഒഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ടെലിഫോണ്‍ മണിയടിച്ചത്.
‘എടി ആ ഫോണെടുത്ത് അതില്‍ ആരായാലും ഞാനിവിടെയില്ല എന്ന് പറ. ഇന്നൊരു ഞായറാഴ്ച പുറത്തെവിടെയും പോകാന്‍ വയ്യ’
പത്രം വായിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവ് വിളിച്ച് പറഞ്ഞു.
നളിനി ഫോണെടുക്കുമ്പോള്‍ ഓര്‍ത്തു, ‘തലേ ദിവസം രാത്രി പറഞ്ഞ പിറന്നാള്‍കാര്യം മറന്നോ? ഇനി ഫോണില്‍ എത്ര കള്ളങ്ങള്‍ തനിക്ക് പറയേണ്ടി വരും’.
‘ആരാ ഫോണ്‍ വിളിച്ചത്?’
പത്രത്തില്‍നിന്നും മുഖം ഉയര്‍ത്താതെ അദ്ദേഹം ചോദിച്ചു.
‘അത് എന്റെ ഏട്ടനാണ്. മകന് ഗള്‍ഫില്‍ പോകാന്‍ വിസ ശരിയായിട്ടുണ്ട് എന്ന് പറയാനാണ്’
‘അതെന്താ അവന് അത് എന്നോട് പറയാഞ്ഞത്? ആ കള്ളന്റെ മോന് ഗള്‍ഫില്‍ പോകുന്ന കാര്യം പെങ്ങള് മാത്രം അറിഞ്ഞാല്‍ മതി എന്നായിരിക്കും’
ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായ മറുപടിയില്‍ നളിനി പകച്ചു നിന്നു.
‘അതിന് വിളിച്ചത് വിസ ശരിയായ കാര്യം പറയാനാണ്; അല്ലാതെ ഗള്‍ഫില്‍ പോകുന്നത് പറയാനല്ല. പിന്നെ നിങ്ങള്‍ക്ക് ഫോണ്‍ എടുത്തുകൂടായിരുന്നോ?’
അവള് കാര്യം പറഞ്ഞു.
‘ഫോണില്‍ അളിയനാണെന്നറിഞ്ഞാല്‍ എനിക്ക് തന്നുകൂടെ, അവനെന്താ എന്നെ വിളിച്ചാല്‍; ഓ നിന്റെ വീട്ടുകാരൊക്കെ അഹങ്കാരികളല്ലെ’
ഭര്‍ത്താവിന്റെ ദേഷ്യം അവള്‍ക്ക് പുത്തിരിയല്ല. എന്ത് സംസാരിച്ചാലും അതില്‍ നെഗറ്റീവ് കണ്ടെത്തുന്നത് ഇപ്പോള്‍ പതിവാണ്.
‘അതിന് നിങ്ങളിവിടെയില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞില്ലെ; പിന്നെ എങ്ങനെയാ ഫോണ്‍ തരുന്നത്?’ കരച്ചില് ഉള്ളിലൊതുക്കി അവള് കാര്യം പറഞ്ഞു.
‘രാവിലെതന്നെ തര്‍ക്കുത്തരം പറയുന്നോ? നിന്റെ അമ്മയുടെ സ്വഭാവം ഇവിടെ വേണ്ട. ആ തെമ്മാടികള്‍ക്ക് ഏത് സമയത്തോ ഉണ്ടായ നിന്നെയല്ലെ എന്റെ തലയില്‍ കെട്ടിവെച്ചത്. എങ്ങിനെ നന്നാവാനാണ്; എന്റെ കഷ്ടകാലം’
ഭര്‍ത്താവ് ഭാര്യയുടെ കുടുംബപുരാണം അവതരിപ്പിക്കുകയാണ്.
‘ഈ അമ്മക്ക് നമ്മളെക്കാള്‍ ഇഷ്ടം മാമനോടാണ്. അവരെ കുറ്റംപറയുമ്പോള്‍ ദേഷ്യം വരും’
മകളുടെ വകയാണ്. കല്ല്യാണം കഴിയാത്ത അവള്‍ക്ക് സംഭവങ്ങള്‍ ഇനിയെത്ര വരാനുണ്ടെന്ന് അവള് ഓര്‍ത്തുകാണില്ല.
‘ഇതിനൊക്കെ എന്റെ അച്ഛനെയും അമ്മയെയും എന്തിനാ പറയുന്നത്?’
അത്രമാത്രം ഒരു മകള്‍ ചോദിക്കേണ്ടത് തന്നെ ചോദിച്ചു.
‘അടിച്ചു ഞാന്‍ ശരിയാക്കും. ഇത്രയും കാലമായിട്ടും ഒരു ഭര്‍ത്താവിനോടും മക്കളോടും സ്നേഹമില്ലാത്ത കഴുത. എന്റെ ഗതികേടിനാണ് ആ ജന്തുക്കള്‍ക്ക് ആ സമയത്ത് ഇങ്ങനെയൊരു മകള്‍ ഉണ്ടായത്. അതുകൊണ്ടല്ലെ ഇങ്ങനെയൊന്നിനെ കല്ല്യാണം കഴിക്കേണ്ടി വന്നത്’
എന്നിട്ടും നളിനി കരഞ്ഞില്ല. ഇന്ന് അവളുടെ ജന്മദിനമാണല്ലൊ; ജന്മം നല്കിയ അച്ഛനെയും അമ്മയെയും പറ്റി ഇത്രയും കേട്ടുനില്‍ക്കേണ്ട അവള്‍ക്ക് ഇനി എന്തിന് വേറൊരു ജന്മദിനാഘോഷം.
140 total views, 2 views today
