കൊല്ലപ്പെട്ടത്‌ ആദിവാസിയാണു, ദേശീയമൃഗമാണു അയാളെ ഭക്ഷണമാക്കിയത്, അഭിമാനിക്കാൻ ഇനി എന്തുവേണം

  97

  ഫാദർ ഫ്രാൻസിസ് മൂന്നാനാൽ
  നിരവിൽപുഴ

  ദാരുണമായ കാഴ്ചയാണു കാണാതായ യുവാവിനെ തേടി പോയവർ കണ്ടത്‌. തലയും കാലും പിന്നെ കുറെ എല്ലിൻ കഷണങ്ങളുമാണു മൃതദേഹാവശിഷ്ടങ്ങളായി കിട്ടിയത്‌. കൊല്ലപ്പെട്ടത്‌ ആദിവാസിയാണു, ദേശീയമൃഗമാണു അയാളെ ഭക്ഷണമാക്കിയത്‌: പ്രിയപ്പെട്ട സഹോദരൻ ശിവകുമാർ, നിന്നെ ഓർത്തു ഞങ്ങൾ സന്തോഷിക്കുന്നു. അഭിമാനാർഹമായ മരണമാണല്ലോ നിന്റേത്. നമ്മുടെ ദേശിയ മൃഗമല്ലേ നിന്നെ തിന്നത്. അതുകൊണ്ടാവാം ആനക്ക് വേണ്ടി വിലപിച്ച ആരെയും കാണാത്തത്. M.L.A, M. P, മന്ത്രി ആരെയും കാണാനില്ല. നിന്റെ കാര്യം തീരുമാനിച്ചത് DFO. ഒരാൾക്കു ജോലി, 10 ലക്ഷം രൂപ. 24 വയസുള്ള ഒരു യുവാവിന്റെ വില. ഞങ്ങളും കാത്തിരിക്കുകയാണ് ഞങ്ങളുടെ ഊഴം.

  പശ്ചിമഘട്ടം മുഴുവൻ ഞങ്ങൾക്കുവേണ്ടി വനം ആക്കിതരണമെന്നു പറഞ്ഞവർ നൽകുന്ന കോടികൾ ഉണ്ട് ഇങ്ങനെ ചാകുന്നവർക് പിച്ച കൊടുത്തുനിർത്താൻ. ആദിവാസികൾക്കുവേണ്ടി ചത്തു പണിയെടുക്കുന്ന ഉദ്യോഗസ്ഥർ, എന്തിനും ഏതിനും റാലി നടത്തുന്നവർ ആരുമില്ല നിന്നെ ഓർക്കാൻ. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയെ എന്നുപാടിയവർക്കും ഇപ്പോൾ മിണ്ടാട്ടമില്ല. വയൽ നമ്മുടേതായി. ഉടമസ്ഥൻ ജീവനൊടുക്കി. പൈങ്കിളികൾക്കു സമരം കഴിഞ്ഞു പണിയെടുക്കാൻ നേരമില്ലാതായി. ഓരോ വർഷവും പൂട്ടികെട്ടിയ, നാടുവിട്ട വ്യവസായങ്ങൾ. സ്ഥാപനം നടത്തുന്നവൻ, ജോലി സാഹചര്യം ഉണ്ടാക്കുന്നവർ ബൂർഷ്വ ആണെന്നും വെറുതെ ഇരുന്നു അനർഹമായ കൂലി വാങ്ങുതാണ് തൊഴിലെന്നും വിപ്ലവമെന്നും പഠിപ്പിച്ചവർ, സർക്കാർ ജോലിക്കാർ മാത്രമാണ് രാജ്യം എന്നു നടിച്ചവർ ഇന്നെവിടെ?

  ഫൈവ് സ്റ്റാർ ഹോട്ടലുകളും തീം പാർക്കുകളും ഹോസ്പിറ്റലുകളും നടത്തുന്നവർക്കും 5ഏക്കർ സ്ഥലത്തു കൃഷി ചെയ്തു കാണിക്കാൻ പറ്റുന്നില്ല. ഫ്ളാറ്റുകളിലും ഹോട്ടലുകളിലും ഇരുന്ന് കർഷകരെ തെറി വിളിക്കുന്നവർ വരിക. വന്നു കൃഷി ചെയ്യുക. ആനപിണ്ഡവും കാട്ടുപോത്തിന്റെ ചാണകവും പന്നിക്കാഷ്ഠവും തിന്നുകാണിക്കുക. ആഘോഷമായ ജീവിതം. പ്രിയപ്പെട്ട കർഷകരെ, വിലാപത്തിന്റെയും അപേക്ഷകളുടെയും കളി നിർത്താം. കൃഷി ചെയ്യാത്ത വിയർപ്പിന്റെ വിലയറിയാത്ത നിസ്സഹായന്റെ നിലവിളി കേൾക്കാത്തവർ ഭരണാധികാരികൾ ആകുമ്പോൾ, മൗലികാവകാശം പോലും നിഷേധിക്കപ്പെടുമ്പോൾ, ഏറ്റവും അവസാനമാണ് നിസ്സഹായൻ കൈ ഉയർത്തുക. കൃഷി ചെയ്യാൻ മാത്രമായി മണ്ണിനെ സ്നേഹിക്കാനും മരങ്ങളെ വളർത്താനും മാത്രമായി നമ്മൾ ഉപയോഗിക്കുന്ന ആയുധങ്ങൾ പലതിനും പലർക്കുമെതിരെ ഉയർത്തേണ്ട സമയം ആയിരിക്കുന്നു. അഭിമാനത്തോടെ ജീവിക്കാൻ, ജനിച്ച നാട്ടിൽ നില നിൽക്കാൻ എനിക്കും അവകാശമുണ്ട് എന്നു പ്രഖ്യാപിക്കാൻ നമുക്ക് സാധിക്കട്ടെ. പാറ്റയേക്കാളും പാമ്പിനെക്കളും വിലയുള്ള എന്റെ ജീവിതം സംരക്ഷിക്കാൻ ഉള്ള നമ്മുടെ അവകാശത്തിനുവേണ്ടി നമുക്ക് നിലകൊള്ളാം.

  ഇത് വായിക്കുന്നവർ ഞാൻ തീവ്രവാദി ആണെന്നോ നക്സലൈറ്റ് ആണെന്നോ വിധി എഴുതിയാലും ഭയമില്ല. 60വർഷം പ്രായമുള്ള 25 ഏക്കർ തോട്ടത്തിൽ 6 വർഷം രാപകലില്ലാതെ കഷ്ടപെട്ടിട്ടും 2 നേരം ആഹാരം കഴിക്കാൻ കഴിയാത്തവന്റെ വേദനയാണ്. ആനക്കും പോത്തിനും പാമ്പിനും വേണ്ടി വരുന്ന ഒരുത്തനും ആഹാരം കഴിച്ചോ എന്നു ചോദിക്കുകയും ഇല്ല. ആനയും കടുവയും പന്നിയും കൊന്ന എന്റെ സഹോദരങ്ങൾക്കുവേണ്ടി, ജീവിതം കൈ വിട്ടുപോകുന്ന കർഷകർക്കു വേണ്ടി എന്റെ സഹോദരൻ ശിവകുമാറിന്റെ കുടുംബത്തിന്റെ വേദനയിൽ കണ്ണുനീരോടെ …