ചന്ത്രോത്ത് ചന്തുണ്ണിയെ അവതരിപ്പിക്കുന്ന അച്യുതന്‍ എന്ന പതിനൊന്നു വയസ്സുകാരനാണോ മാമാങ്കത്തിലെ യഥാർത്ഥ ഹീറോ ?

195

Bucker Aboo

മാമാങ്കം

മനസ്സിന്റെ അകം നിറഞ്ഞ ദേശബോധത്താല്‍ വള്ളുവക്കോനാതിരിക്ക് വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായ ചാവേറുകളുടെ വീരഗാഥയെ ചരിത്രം രേഖപ്പെടുത്തുമ്പോള്‍, ഇരുതലമൂര്‍ച്ചയുള്ള ഉലയുന്ന ഉറുമിയെപ്പോലെ സാമൂതിരിയെ വെട്ടി നുറുക്കാന്‍ നിലപാട് തറയിലേക്ക് കുതിച്ച ഒരു ബാലന്‍റെ കഥയിലൂടെയാണ് മാമാങ്കം എന്ന സിനിമ വികസിക്കുന്നത്.

ചന്ത്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്യുതന്‍ എന്ന പതിനൊന്നു വയസ്സുകാരനാണോ മാമാങ്കത്തിലെ യഥാർത്ഥ ഹീറോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ നമ്മള്‍ രണ്ടുനാള്‍ കൂടി കാത്തിരിക്കണം.

ഭാരതപ്പുഴയുടെ തീരത്ത് ചൈനക്കാരും, അറബികളും, മാര്‍വാഡികളും, ചെട്ടികളും,ബ്രാഹ്മണന്മാരും, പങ്കെടുത്ത പേരുകേട്ട മേളയായിരുന്നു മാമാങ്കം. മാമാങ്കത്തിന്‍റെ രക്ഷാധികാരിയായി ഭരണതലവന്‍ വള്ളുവക്കോനാതിരി നിറഞ്ഞാടിയ കാലത്ത്, ആ സ്ഥാനം കൈക്കലാക്കാന്‍ സാമൂതിരി തക്കം പാര്‍ത്തിരുന്നു. ഭാരതത്തിലെ പേരുകേട്ട കരകൌശല വസ്തുക്കള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍,നാട്ടിന് പരിചയമല്ലാത്ത പുതിയതരം ഉപകരണങ്ങള്‍ മുതലായവ വാങ്ങാനും കഥകളി, ഓട്ടം തുള്ളല്‍, തുടങ്ങി പല കലാരൂപങ്ങളും ആസ്വദിക്കാനും പന്തണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ആഘോഷിച്ചു പോന്നതായിരുന്നു മാമാങ്കം മേള. ഇന്നത്തെ പെരിന്തല്‍മണ്ണ, തിരൂര്‍,മണ്ണാര്‍ക്കാട്, എന്നീ താലൂക്കുകളും പിന്നീട് നെടുങ്ങനാട്ടില്‍ നിന്നും കൂട്ടിച്ചേര്‍ത്ത പട്ടാമ്പി,ഒറ്റപ്പാലം,പൊന്നാനി താലൂക്കുകളും,ഏറനാട്,പാലക്കാട് താലൂക്കുകളുടെ ചില ഭാഗങ്ങളും ചേര്‍ന്നതാണ് പഴയ വള്ളുവനാട് ദേശം.

പതിമൂന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ തിരുനാവായ കീഴടക്കി സാമൂതിരി മാമാങ്കത്തിന്‍റെ രക്ഷാധികാരി സ്ഥാനം പിടിച്ചെടുത്തു. സാമൂതിരിയില്‍ നിന്ന് അത് തിരിച്ചു പിടിക്കാന്‍ വള്ളുവനാട്ടില്‍ രൂപപ്പെട്ടതായിരുന്നു ചാവേര്‍പട. എല്ലാ വര്‍ഷവും സാമൂതിരി രക്ഷാപുരുഷനായി വരുമ്പോള്‍ ആര്‍പ്പുവിളികളും വെടികള്‍ക്കും ഇടയില്‍ നിന്ന് നായര്‍ കുടുംബങ്ങളിലെ ചാവേറുകള്‍ ആയുസ്സിലെ അവസാനത്തെ അന്നവും കഴിച്ച് അമ്മമാരുടെ അനുഗ്രഹവും വാങ്ങി യുദ്ധക്കളത്തില്‍ വീരമൃത്യുവരിക്കാനിറങ്ങും.

ലോക ചരിത്രത്തില്‍ Patriotic suicide squad ആദ്യമായി രൂപം കൊള്ളുന്നത് ഈ പ്രദേശത്താണ്. ഇതിനു മുന്പ് ചാവേറിന്‍റെ കഥ പറഞ്ഞ ചരിത്രം എവിടെയും രേഖപ്പെടുത്തിയതായി നമ്മള്‍ കേട്ടറിഞ്ഞിട്ടില്ല.

നിലപാട് തറയില്‍ രക്ഷാധികാരി സ്ഥാനം വഹിക്കുന്ന സാമൂതിരിയെ വധിക്കാന്‍ നാല് നായര്‍ തറവാടുകളില്‍ നിന്നായി പുറപ്പെട്ടിരുന്ന ചാവേറുകളെ പോരാളികളും ബന്ധുക്കളും മിത്രങ്ങളും ഹാരമണിയിച്ച് ആശീര്‍വദിച്ച് പറഞ്ഞയക്കാറുണ്ടായിരുന്നു.

മാസ്റ്റര്‍ ജോന്സന്‍ ചരിത്രഭാഗത്തിന്‍റെ അവതരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

“എല്ലും കൊട്ടും തൊട്ട് തെറുപ്പിച്ചിട്ടില്ലാത്ത വെറും മാംസപിണ്ഡമാണ് ശരീരം എന്ന മട്ടില്‍ കുന്തക്കാരുടെ ഇടയിലൂടെ വളയുകയും പുളയുകയും,മുങ്ങുകയും നിവരുകയും ചെയ്തുകൊണ്ടും ഒട്ടനവധി ശത്രുസൈനികരെ യമപുരിക്കയച്ചുകൊണ്ടും കാണികളെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ടും ചാവേറുകള്‍ കുതിക്കുന്നു”

കൊലനിലങ്ങളില്‍ നിറഞ്ഞു നിന്ന ചോരയുടെ ഗന്ധോത്സവമായിരുന്നു മാമാങ്കം. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്‍റ അധികമാനതയില്ലാതെയും ഇമേജ് ഇരട്ടിപ്പിക്കാതെയും ഈ മഹാരക്തമേള പുനരാവിഷ്കരിക്കാന്‍ ആയിരത്തി അഞ്ഞൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍.

മദയാനകളുടെ ചവിട്ടേറ്റ് മണിക്കിണറിലേക്ക് വലിച്ചെറിയപ്പെടാന്‍ വള്ളുവനാട്ടിലെ അമ്മമാര്‍ ആൺ കുഞ്ഞുങ്ങളെ നൊന്തുപെറ്റത്, വഞ്ചനയുടെയും പകയുടെയും തീരാത്ത പ്രതികാരത്തിന്‍റെയും ഒരു ചരിത്രം, നമുക്ക് ചാവേര്‍തറയില്‍ നിന്ന് പില്‍ക്കാലത്ത് വായിച്ചെടുക്കാന്‍ വേണ്ടിയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പൌരുഷ ശബ്ദത്തിന്‍റെ ഇടിമുഴക്കം ആ കഥ നമുക്ക് പരിചയപ്പെടുത്തി തരുന്നത് തന്നെ ഇങ്ങനെയാണ്.

“മാമാങ്കത്തിന് വള്ളുവനാട്ടില്‍ നിന്നും ഒരാളെങ്കിലും ഇന്നും വരുന്നുണ്ടെങ്കില്‍ പുകഴ്പെറ്റ പകയുടെ തീകളാല്‍ പെണ്ണുങ്ങള്‍ അവരുടെ മനസ്സില്‍ ചിതയൊരുക്കുന്നത് കൊണ്ടാണ്. അങ്ങനെയുള്ളവരുടെ വയറിലാണ് ഞാനും നീയും പിറന്നത്.
കാണാകരയും കടലും കടന്ന്,പൊരുതിനേടിയ കീര്‍ത്തിയും പെരുമയും അളന്ന്,കാലം എന്നിലൂടെ കടത്തിവിട്ട വീരയോദ്ധാക്കളുടെ ഇതിഹാസത്തിന്‍റെ സാക്ഷിയാണ് മാമാങ്കം”

ചന്ത്രോത്ത് ചന്തുണ്ണിയെന്ന ഒടുക്കത്തെ ഇളയ ചാവേറും,ഉലയുന്ന വാള്‍ എന്നറിയപ്പെടുന്ന ഉറുമിയും ഇന്ത്യന്‍ സിനിമയില്‍ ചരിത്രമായിത്തീരുന്നതായിരിക്കും മാമാങ്കം എന്ന ഇതിഹാസ ചിത്രം.

(മാമാങ്കം- വിവരങ്ങള്‍ക്ക് ചരിത്ര ഏടുകളോട് കടപ്പാട്)