ലോകം ഭയപ്പെടുന്ന ഇറാന്‍റെ ന്യുക്ളിയര്‍ ബോംബ്‌

371

എഴുതിയത്  : Bucker Aboo

ലോകം ഭയപ്പെടുന്ന ഇറാന്‍റെ ന്യുക്ളിയര്‍ ബോംബ്‌

ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധങ്ങളുടെ നിര്‍മ്മാണത്തിലേക്കുള്ള നീക്കമാണെന്ന് അമേരിക്കയും സഖ്യരാജ്യങ്ങളും ഭയപ്പെടുന്ന സമയത്തൊക്കെ ഐക്യരാഷ്ട്രസഭയും യുറോപ്പ്യന്‍ യുണിയനും അവരോട് സഹകരിക്കുന്ന മറ്റ് രാജ്യങ്ങളും ഇറാനെതിരെ ഉപരോധവുമായി മുന്നോട്ടു വന്നിട്ടുള്ളതാണ് അവരുടെ ഉപരോധ ചരിത്രം. ഈ ഉപരോധ ചരിത്രത്തില്‍ കടലില്‍ ഇറാന്‍റെ എണ്ണ ടാങ്കറുകളും ആകാശത്തില്‍ ഇറാനെതിരെ സാറ്റലൈറ്റ്കളും കൂടി കഥാപാത്രമാവുമ്പോള്‍ ഇന്ന് ഉപരോധത്തിന് പുതിയ അദ്ധ്യായങ്ങള്‍ എഴുതപ്പെടുന്നു.

ആകാശത്തിലുള്ള അമേരിക്കന്‍ സാറ്റലൈറ്റുകള്‍ക്ക് ഇന്നൊരു പ്രത്യേക ദൌത്യമുണ്ട്. ഇറാന്‍റെ എണ്ണക്കപ്പലുകളുടെ സമുദ്ര സഞ്ചാരം ട്രാക്ക് ചെയ്യുക എന്ന അതിവിശേഷപ്പെട്ട ജോലി. കപ്പലുകളുടെ സഞ്ചാരഗതി പ്രക്ഷേപണം ചെയ്യുന്ന Automatic Identification System (AIS) സ്വിച്ച് ഓഫ് ചെയ്തും കപ്പലുകളുടെ ദേശീയ റെജിസ്ട്രേഷന്‍ മാറ്റിയും കടല്‍ യാനം നടത്തുന്ന ഇറാനിയന്‍ ഓയില്‍ ടാങ്കറുകളെ കരയിലും കടലിലും ആകാശത്തില്‍ നിന്നും നിരീക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ ചാരകണ്ണുകളെ അതിജീവിച്ചുകൊണ്ട് ഉപരോധ സമയത്ത് ഇറാന്‍ എങ്ങിനെ ഓയില്‍ വില്പന നടത്തുമെന്ന ഈ നൂറ്റാണ്ടിലെ ഒരു വലിയ വെല്ലുവിളിയുമായാണ് ഇറാനിയന്‍ ഓയില്‍ ടാങ്കറുകള്‍ കടലിലൂടെ സഞ്ചരിക്കുന്നത്.

ഇരുപത് ലക്ഷം ബാരല്‍ ക്രൂഡ് ഓയിലുമായി പോവുന്ന ADRIAN DARYA 1 എന്ന എണ്ണക്കപ്പലിനെ അമേരിക്ക പിന്തുടരുന്നതിന്‍റെ പിന്നില്‍ ഇറാന്‍റെ ആണവായുധ നിര്‍മ്മാണം എങ്ങിനെയാണ് ഒരു കാരണമാവുന്നത് എന്ന് ഒരു പക്ഷേ നിങ്ങള്‍ സംശയിച്ചേക്കാം. “Petrol is the blood stream of Planet Earth” എന്ന് എപ്പോള്‍ പറഞ്ഞുവോ അന്ന് തുടങ്ങിയതാണ്‌ കറുത്തപൊന്നിന്‍റെ പേരിലുള്ള ഈ രാഷ്ട്രീയ യുദ്ധം.

സാമ്പത്തിക ഉപരോധം, നയതന്ത്ര സമ്മര്‍ദ്ദം,അന്താരാഷ്‌ട്ര നിയമ നടപടികള്‍ ഇവകൊണ്ടെല്ലാം തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ പോയ ഇറാന്‍റെ സൂപ്പര്‍ ടാങ്കറാണ് ADRIAN DARYA 1 . 2019 ഏപ്രില്‍ രണ്ടാംവാരത്തില്‍ ഇറാനില്‍ നിന്ന് യാത്രയാരംഭിച്ചത് മുതല്‍ അമേരിക്ക ഈ കപ്പലിനെ പിടിച്ചെടുക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. ക്രൂഡ് ഓയില്‍ ഷിപ്‌മെന്‍റ് ട്രാക്കിംഗ് നടത്തുന്ന അന്താരാഷ്ട്ര ടാങ്കര്‍ ട്രാക്കെര്‍സിന് പിടികൊടുക്കാതിരിക്കാന്‍ Long range identification tracking transponder നിര്‍വ്വീര്യമാക്കിക്കൊണ്ടാണ് കപ്പല്‍ ആഫ്രിക്കയും മെഡിറ്ററെനിയനും പിന്നിട്ടത്. ആ പ്രയാണത്തിന്‍റെ ഒടുവില്‍ ജിബ്രാള്‍ട്ടറില്‍ വെച്ച് ബ്രിട്ടീഷ് നേവി Grace 1 എന്ന മുന്‍പേരിലുള്ള ഈ കപ്പലിനെ പിടിച്ചെടുത്തു. അമേരിക്കന്‍ -ബ്രിട്ടീഷ് അധികാരികള്‍ ഈ കപ്പല്‍ ഉപരോധത്തെ അവഗണിച്ച് സിറിയക്ക് എണ്ണ നല്‍കുവാനാണ് യാത്രതിരിച്ചത് എന്ന തീരുമാനത്തിലാണ് ഈ കപ്പലിനെ ട്രാക്ക് ചെയ്ത് തുടങ്ങിയത്.

Image may contain: textഇറാന് നേരെയുള്ള എണ്ണയുടെ ഉപരോധം, സിറിയയിലെ അസദ് ഗവര്‍മ്മെണ്ടിനെതിരെയുള്ള പടയൊരുക്കവും നയതന്ത്ര വിഘാതവും എന്നീ കാരണങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍ ഒരു ഭാഗത്തും, ഇതിന് പുറമേ, പണമിടപാടുകളില്‍ ബാങ്കിനെ വഞ്ചിച്ചെന്ന കുറ്റവും ചാര്‍ത്തി കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്ക മറുഭാഗത്തും ഒരുങ്ങിയിരുന്നു. അമേരിക്കന്‍ നിയമ നടപടികളെ തള്ളിക്കൊണ്ട് ജിബ്രാള്‍ട്ടര്‍ ഗവര്‍മ്മെണ്ട് ആഗസ്റ്റ്‌ പതിനാറിന് ഈ ഓയില്‍ ടാങ്കറിനെ സ്വതന്ത്രമാക്കി, തുടര്‍ന്ന് Grace 1 അതിന്‍റെ പേരുമാറ്റി ADRIAN DARYA 1 എന്ന പുതിയ നാമത്തില്‍ ഒരറിയപ്പെടാത്ത ലക്ഷ്യത്തിലേക്ക് അഖിലേഷ് കുമാര്‍ എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍റെ കമാണ്ടില്‍ യാത്രയാവുകയും ചെയ്തു. അമേരിക്ക ആവശ്യപ്പെടുന്ന ഒരു ലക്ഷ്യത്തിലേക്ക് ഈ കപ്പല്‍ കൊണ്ട് ചെന്നെത്തിച്ചാല്‍ ക്യാപ്റ്റനും കുടുംബത്തിനും എന്നെന്നേക്കുമായി ജീവിക്കാന്‍ ആവശ്യമുള്ളത്ര മില്ലിയന്‍ ഡോളര്‍ അമേരിക്കന്‍ വാഗ്ദാനം നിരാകരിച്ചു കൊണ്ടാണ് കപ്പല്‍ മെഡിറ്ററെനിയനിലൂടെ തുടര്‍യാത്ര ചെയ്തത്. ആ ഓഫര്‍ വാര്‍ത്ത ഫിനാന്‍ഷ്യല്‍ ടൈംസിലും USA Today അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

“ I am Brian Hook, I work for Secretary of state Mike Pompeo and serve as the U.S. Representative for Iran. “ I am writing with good news”. Hook confirmed to USA Today that he sent the email, which was first reported by the Financial Times. Hook proceeded to offer the ship’s captain several million dollars, if he agreed to steer the vessel to a port where the U.S. could seize it. “ with this money you can have any life you wish and be well-off in old age”. If you choose not to take this easy path.life will be much harder for you”.

ഈ വാഗ്ദാനങ്ങളിലും ഭീഷണിയിലും ക്യാപ്റ്റന്‍ കുമാര്‍ വഴങ്ങാതിരുന്നപ്പോള്‍ ആഗസ്ത് മുപ്പതിന് കപ്പലിനും ക്യാപ്റ്റനും നേരെ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍റ്റ്മെന്‍റ് സാമ്പത്തിക വിലക്ക് ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ നാലിന് ഈ സൂപ്പര്‍ ടാങ്കര്‍ സിറിയയില്‍ നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് കണ്ടതായി സാറ്റലൈറ്റ് ഇമെജുകള്‍ പുറത്ത് വരികയും ചെയ്തു. ലോകരാജ്യങ്ങളെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയക്ക് ഒരു തുള്ളി എണ്ണ കൊടുക്കാതിരിക്കുകയും ചെയ്യാന്‍ ഇറാന്‍റെ ആണവായുധ നിര്‍മ്മാണം എങ്ങിനെ കാരണമാവുന്നു എന്നതാണ് ചരിത്രത്തിന്‍റെ മറുഭാഗം.

ഇസ്രെയലിന്‍റെ ആണവായുധ നിര്‍മ്മാണത്തില്‍ അയല്‍ രാജ്യങ്ങള്‍ ആശങ്കപ്പെട്ടപ്പോള്‍ മിഡില്‍ ഈസ്റ്റിനെ Nuclear weapon free zone ആക്കിത്തീര്‍ക്കാന്‍ 1974ല്‍ ഒരു ജോയിന്‍റ് റെസലൂഷനിലൂടെ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ച രാജ്യമായിരുന്നു ഇറാന്‍. അങ്ങനെയുള്ള ഇറാനെ മിഡില്‍ ഈസ്റ്റ്ലുള്ള രാജ്യങ്ങള്‍ ഇന്ന് ഭയപ്പെടാന്‍ മാത്രം എന്ത് മാറ്റമാണ് ഉണ്ടായത്?

Atoms for Peace എന്ന സോദ്ദേശവുമായിട്ടാണ് അമേരിക്കയുടെ സഹായത്തോടെ 1950ല്‍ ഇറാന്‍ അവരുടെ ആണവ പരിപാടി ആരംഭിക്കുന്നത്. പടിഞ്ഞാറന്‍ യുറോപ്പ്യന്‍ രാജ്യങ്ങളും അമേരിക്കയും ഈ സഹായം 1979ല്‍ ഇറാന്‍ ഭരണാധികാരി ഷാ പുറന്തള്ളപ്പെടുന്നത് വരെ തുടര്‍ന്നിരുന്നു. രണ്ടായിരത്തില്‍ ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം സമാധാനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന് ഉദ്ദേശിച്ചുള്ളതാണെന്ന് വിലയിരുത്തപ്പെട്ടപ്പോഴാണ് ഈ വിഷയം ചര്‍ച്ചചെയ്യപ്പെടുന്നത്.

NPT യോടുള്ള ഇറാന്‍റെ നിസ്സഹകരണം കാരണം 2006ല്‍ യു. എന്‍. സുരക്ഷാ കൌണ്‍സില്‍ യുറേനിയം സമ്പുഷ്ടീകരണം നിറുത്തിവെക്കാന്‍ ആവശ്യപ്പെട്ടു. International Atomic Energy Agency (IAEA) യുടെ റിപ്പോര്‍ട്ടില്‍ 2003 വരെ ആണവായുധം ഉണ്ടാക്കാന്‍ ഇറാന്‍ നടത്തിയ ശ്രമത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ 2009ന് ശേഷം ഇറാന്‍ അത്തരം നടപടികള്‍ തുടര്‍ന്നതായി വിശ്വസനീയമായ ഒരു തെളിവുമില്ല എന്ന്കൂടി 2018 മെയ് ഒന്നിന് IAEA പറഞ്ഞു. ഉപരോധങ്ങളുടെ ഫലമായി കടുത്ത സാമ്പത്തിക ദുരിതങ്ങള്‍ നേരിട്ട ഇറാന്‍ അതില്‍ നിന്നും മോചനം നേടാന്‍ 2016ല്‍ അവരുടെ ആണവപരിപാടികള്‍ വിഘടിപ്പിച്ചതായി പ്രഖ്യാപിച്ചു. അതിന് ശേഷം 2019 ഫെബ്രുവരിവരെയും ഇറാന്‍ അന്ന് നിലവില്‍ വന്ന കരാര്‍ പാലിച്ചതായി IAEA സമ്മതിക്കുന്നുമുണ്ട്.

“As of February 2019, the IAEA certified that Iran was still abiding by the International Joint Comprehensive Plan of Action of 2015.

ഇറാന്‍റെ ആണവായുധ നിര്‍മ്മാണം ലോകത്തിന് ഭീഷണിയാവുമെന്ന വാര്‍ത്ത പരന്നപ്പോള്‍ ആണവായുധം കൈവശം വെച്ചവരൊക്കെ എന്നും അജയ്യരായി ഈ ലോകത്ത് വാഴ്ന്നിട്ടുണ്ടോ എന്ന് 2008ല്‍ ഇറാനിയന്‍ പ്രസിഡന്‍റ് അഹമദിനെജാദ്‌ ചോദിച്ചിരുന്നു.

ന്യുക്ളിയര്‍ ആയുധം കൈവശം ഉണ്ടായിട്ടും സോവിയറ്റ് യൂണിയന്‍ തകരുന്നതില്‍ നിന്ന് അത് അവരെ രക്ഷപ്പെടുത്തിയോ? അമേരിക്കയുടെ അഫ്ഗാന്‍,ഇറാക്ക് അധിനിവേശം അവരുടെ കൈയ്യില്‍ ആണവായുധം ഉള്ളത് കൊണ്ടായിരുന്നോ? ന്യുക്ലിയര്‍ എനര്‍ജിയെ ന്യുക്ളിയര്‍ ബോംബുമായി തുല്യതപ്പെടുത്തുന്നത് മനുഷ്യരാശിയോടുള്ള ഉപദ്രവകരമായ അന്യായമാണെന്ന്‍ ഈ ആരോപണത്തിനെതിരെ അദ്ദേഹം തുറന്നടിച്ചു.

ആരൊക്കെയാണ് ആണവായുധം കൈവശം വെച്ചിരിക്കുന്നത്?

ആണവായുധങ്ങള്‍ ആദ്യമായി നിര്‍മ്മിക്കുകയും അത് ഉപയോഗിക്കുകയും ചെയ്ത ഒരു രാജ്യമാണ് അമേരിക്ക.
1945ല്‍ ഹിരോഷിമയില്‍ Uranium based ബോംബും നാഗസാക്കിയില്‍ Plutonium based ബോംബുമിട്ട് ഏകദേശം രണ്ടേകാല്‍ ലക്ഷം ജനങ്ങളെ അമേരിക്ക കൊലപ്പെടുത്തിയിട്ടുണ്ട്.

1949ല്‍ USSR JEO 1 എന്ന പേരുകൊടുത്ത അവരുടെ ആദ്യത്തെ fission Bomb ഖസാക്കിസ്ഥാനില്‍ ടെസ്റ്റ്‌ ചെയതോടെയാണ് ലോകത്ത് ആണവായുധ മത്സരം ആരംഭിക്കുന്നത്. ഹൈഡ്രജന്‍ ബോംബ്‌ ഉണ്ടാക്കാനുള്ള ചിന്തയില്‍ നിന്നും ഈ മത്സരത്തിലെ അടുത്ത ഐറ്റവുമായി അമേരിക്ക “Mike” fusion ബോംബുമായി രംഗത്ത് വന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണം റഷ്യയുടെ തെര്‍മോനുക്ലിയര്‍ ബോംബും പരീക്ഷണ വിധേയമായി. പിന്നീടങ്ങോട്ട് പരീക്ഷണങ്ങളുടെ ഒരു മത്സരം തന്നെയായിരുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധ (Cold War) ത്തിന്‍റെ അവസാനത്തോടെയാണ് ആണവായുധ ഉപയോഗത്തില്‍ ഒരു നിയന്ത്രണം കൊണ്ട് വരുന്നത്.

ഇന്ന് ആണവായുധ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന അഞ്ച് രാജ്യങ്ങളാണ് അമേരിക്ക, ചൈന, റഷ്യ,ഫ്രാന്‍സ്,ബ്രിട്ടന്‍.

ആണവായുധങ്ങള്‍ ഇന്ന് കൈവശമുള്ള നോര്‍ത്ത് കൊറിയയും,ഇന്ത്യയും,പാകിസ്ഥാനും,ഇസ്രെയലും ആണവായുധം കൈവശം വെക്കുന്നത് തടയുന്ന ഉടമ്പടിയില്‍ Treaty on the Non-Proliferation of Nuclear Weapons (NPT) ഒപ്പ് വെച്ചിട്ടില്ല. ഇസ്രേയല്‍ തങ്ങളുടെ കൈവശം ആണവായുധം ഉണ്ടെന്നോ ഇല്ലെന്നോ എന്ന് തുറന്ന് പറയാതെ നില്‍ക്കുന്ന ഒരു രാജ്യമായി മാറി നില്‍ക്കുന്നു.

ഇറാന്‍റെ ആണവായുധനിര്‍മ്മാണത്തെ ലോകം ഭയപ്പെടുമ്പോള്‍ ഏതൊക്കെ രാജ്യങ്ങളാണ് അത് കൈവശം വെച്ചതെന്ന ഏറ്റവും പുതിയ ലിസ്റ്റിലേക്ക് ഒന്ന് കണ്ണോടിക്കാം.

China – 290 Nuclear War heads
France – 300 Nuclear War heads
Russia : 1461 Strategic warheads deployed on 524 Intercontinental Ballistic Missiles,
Submarine launched ballistic missiles and strategic bombers.
Federation of American scientists estimates approximately : 4490 Stock pil d warheads and 2000 retired warheads for a total of roughly 6490 warheads as of early 2019.

Briton : 120 Strategic war heads, of which no more than 40 are deployed at sea on a nuclear ballistic missile submarine.
America : 1365 Strategic nuclear war heads deployed on 656 intercontinental ballistic missiles, submarine launched ballistic missiles and strategic bombers.
FAS: estimates. 3800 stock piled war heads and 2385 retired war heads for a total of 6185 war heads early 2019.

ആയുധങ്ങള്‍ ഈ ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കിയിട്ടുണ്ടോ എന്നത് മനുഷ്യന്‍റെ ആവിര്‍ഭാവ കാലം മുതല്‍ ഇന്നേവരെയുള്ള ചരിത്രത്തെ പഠനവിധേയമാക്കിയാല്‍ നമുക്ക് അറിയാവുന്നതാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര യുദ്ധത്തില്‍: അത് ഇറാന്‍ – ഇറാക്കായാലും, ഇന്ത്യ-പാകിസ്താന്‍ ആയാലും, അമേരിക്കയുടെ ഇറാക്ക്,അഫ്ഗാന്‍, വിയറ്റ്നാം അധിനിവേശമായാലും സമാധാനം പരാജയപ്പെട്ട കഥയും മനുഷ്യനും അവന്‍റെ പാര്‍പ്പിടവും ഭൂമുഖത്ത് മണ്ണടിഞ്ഞ ചരിത്രവുമേ നമ്മോട് പറയുന്നുള്ളൂ.

അവനവന്‍റെ രാജ്യത്തെ സിവില്‍ വാറുകള്‍, മനുഷ്യാവകാശത്തിനെതിരെ ചൈനയില്‍ ഉരുണ്ട ടാങ്കുകള്‍ കൊന്ന ലക്ഷങ്ങള്‍, രണ്ട് ലോക മഹായുദ്ധങ്ങള്‍, മതത്തിന്‍റെയും രാജ്യവികാസത്തിന്‍റെയും പേരില്‍ ആയുധം നിണമണിയിച്ച കോടിക്കണക്കിന് ജനങ്ങള്‍, അവരുടെ ചരിത്ര കണക്കെടുപ്പില്‍ ഇറാന്‍റെ ആണവായുധം ലോകത്തിന് ഭീഷണിയാവുമെന്ന്‍ പറയുമ്പോള്‍ ആണവായുധങ്ങളുടെ മാപ്പില്‍ ഇന്നീ ലോകത്തുള്ള പതിനാലായിരം Nuclear War headsല്‍, അതിന്‍റെ തൊന്നൂര്‍ ശതമാനത്തോളം അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണെന്ന വ്യക്തമായ തെളിവോടെയുള്ള വസ്തുതയും നമ്മെ ഭയപ്പെടുത്തേണ്ടതുണ്ട്,
പ്രത്യേകിച്ചും ഇറാനെ ആ മാപ്പില്‍ കാണാതിരിക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് (INF) Intermediate-Range Nuclear Forces Treaty യില്‍ നിന്നും പിന്മാറിയുമിരിക്കുന്ന ഇന്നത്തെ പ്രത്യേക അവസ്ഥയില്‍.

ലോകം വീണ്ടും ഒരു ശീതയുദ്ധത്തിലേക്ക് അടുക്കുന്ന ദിനങ്ങള്‍ സമാഗതമാവുന്നു, ഒപ്പം ഉപരോധത്തില്‍ ഒരു രാജ്യവും അവിടുത്തെ ജനങ്ങളും നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും നമ്മള്‍ കാണുന്നു

.ബക്കര്‍‍ അബു