ഇബാദികള്‍ – ഒമാന്‍ മൊഴിയുന്ന വേറിട്ടൊരു ഇസ്ലാമിക ചരിത്രം

527
എഴുതിയത്  : Bucker Aboo
ഇബാദികള്‍ – ഒമാന്‍ മൊഴിയുന്ന വേറിട്ടൊരു ഇസ്ലാമിക ചരിത്രം
ഇസ്ലാംമത ശാഖയിലെ സുന്നികളെയും, ശിയാക്കളെയും ,അഹമ്മദിയാക്കളെയും ചരിത്രം ഒട്ടേറെ രചനകളില്‍ എടുത്ത് പറഞ്ഞപ്പോഴും അവരെ ലോകം ചര്‍ച്ച ചെയ്തപ്പോഴും മുഖ്യധാരാ വാര്‍ത്തകളില്‍ കണ്ടു വരാത്ത ചരിത്രത്തില്‍ എന്നും വേറിട്ട്‌ നിന്ന ഒരു വിഭാഗമാണ് “ഇബാദികള്‍” . ഒരു സാധാരണ ഇസ്ലാംമത വിശ്വാസിയുടെ ജ്ഞാനം പോലും ആരാണ് ഇബാദികള്‍ എന്ന വിഷയത്തില്‍ ഇന്നും വളരെ പരിമിതമാണ്. ഇന്നത്തെ ഭരണകര്‍ത്താവായ സുല്‍ത്താന്‍ ഖാബൂസ് അടക്കം സുല്‍ത്താനനേറ്റ് ഓഫ് ഒമാനിലെ ഏകദേശം എഴുപത്തഞ്ച് ശതമാനത്തോളം ജനതയും ഇബാദികളാണ്. ഇബാദികള്‍ ഭരിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യമാണ് ഒമാന്‍.
എല്ലാമതവിഭാഗത്തിലെ ജനങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും നല്‍കി ബഹുമാനിച്ചു പോന്നും, മതസംഘര്‍ഷങ്ങള്‍ക്ക് ഇടം നല്‍കാതെ ഭരിച്ചും, ഒമാനിലെ ഇബാദി സുല്‍ത്താന്‍ അറബ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തനാവുന്നു. അടിസ്ഥാനപരമായി ഭരണഘടന ഇസ്ലാമിക ശരീയത്താണെങ്കിലും കുറ്റവാളികളെ പരസ്യമായി തലവെട്ടുകയോ, ശിക്ഷിക്കുകയോ ചെയ്യാത്ത, “”മതം മാറിയാല്‍”” വധശിക്ഷ വിധിക്കാത്ത ഒരു രാജ്യമാണ് ഇബാദികളുടെ ഒമാന്‍.
ലിംഗപരമായ വകതിരിവില്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നത് ഒമാനില്‍ നിയമപരമായി നിരോധിച്ചിരിക്കുന്നു. പുരുഷന്‍റെയും സ്ത്രീയുടെയും ലീഗല്‍ സാക്ഷിത്വത്തിന് ഇവിടെ തുല്യത പ്രഖ്യാപിച്ചിട്ടുമുണ്ട്. സ്വന്തം മതത്തിലെ പുരുഷനെ വിവാഹം ചെയ്യുന്നതില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ല എന്ന്‍ നിയമമാക്കിയത് ഈ അറബ് രാജ്യത്തിന്‍റെ മറ്റൊരു പ്രത്യേകതയും കൂടിയാണ്.
The 2012 report by the Bertelsmann Stifting says that the government passed a law in 2008, men’s and women’s legal testimonies should be considered equal. Since 2008 women have enjoyed the same property ownership rights as men, and as of 2010,women can marry without parental consent.
ശരീയത്ത് നിയമങ്ങള്‍ നടപ്പില്‍ ഉണ്ടെങ്കിലും സിവില്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇബാദിസം ഒമാനില്‍ ഒരു തടസ്സമേ ആവുന്നില്ല. ഒമാന്‍ ഭരണഘടനയിലെ Basic Law യിലെ “ Article 17” പ്രകാരം
“All Citizens are equal before the law, regardless of GENDER, origin,race,language,religion,sect,or social status” . Basic law prohibits gender discrimination.
ഇബാദികള്‍ സുന്നികളെയോ ശിയാക്കളെയോ പ്രതിനിധീകരിക്കുന്നവരല്ല. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍, സുന്നികളില്‍ ഹനഫി,ഹമ്പലി,മാലികി,ഷാഫി വിഭാഗങ്ങളും ബരെല്വി, ദിയോബന്ത് എന്നീ രണ്ട് ഉപവിഭാഗങ്ങളുമുണ്ട്. ഷിയാക്കളില്‍ ഇസ്മയിലി, സെവനര്‍, നിസാരി, മുസ്തലി, ഖരാര്‍നിത, ഡ്രൂസ്, തയ്യിബി, പിന്നെ, അവരില്‍ നിന്നും വന്ന ബോറ മുസ്ലിം : ദാവൂതി ബോറ, ജഫന്‍ ബോറ, സുലൈമാനി ബോറ, അലവി ബോറ, ഹെബിട്ടാസ് ബോറ, പ്രോഗ്രെസ്സിവ് ദാവൂദി ബോറകള്‍ വേറെയുമുണ്ട്. ഷിയാക്കളുടെ മറ്റൊരു പ്രബല വിഭാഗത്തില്‍ ജഫ്രി, സൈദിയ, ട്വെല്‍വര്‍, അലാവി, അലെവി, അക്ബറി, ഉസുലി ഷെയ്ക്കി എന്ന ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഇതിന് പുറമേ പതിനൊന്നോളം സൂഫി ഗ്രൂപ്പുകളും അഹമ്മദിയക്കള്‍, ഖാദിയനികള്‍, ഖവാരിജുകള്‍ എന്നീ അവാന്തരവിഭാഗങ്ങള്‍ വേറെയും നിലനില്‍ക്കുന്നു. എന്നാല്‍ ജീവിതശൈലി കൊണ്ടും സാംസ്കാരിക ഇടപെടലുകള്‍ കൊണ്ടും ഇവരില്‍ നിന്നെല്ലാം ഇതരരായി അസ്തിത്വമുള്ളവരാണ് ഇബാദികള്‍.
ഇബാദികള്‍ അവരെ വിശേഷിപ്പിക്കുന്നത് “The People of Straightness” ( അഹല്‍ -അല്‍- ഇസ്തിക്കാമ} വളച്ചുകെട്ടില്ലാതെ സത്യസന്ധമായി ജീവിക്കുന്നവര്‍ എന്നര്‍ത്ഥത്തിലാണ്. ഒമാന്‍, ഈസ്റ്റ് ആഫ്രിക്ക, അള്‍ജീരിയ, ലിബിയ,ടുണീഷ്യ എന്നീ രാജ്യങ്ങളില്‍ ഇന്നും ഇബാദി ജനത ജീവിച്ചു പോരുന്നുണ്ട്. ഇസ്തിക്കാമയെ അടുത്തറിയുന്ന കിത്താബാണ് മുഹമ്മദ്‌ ഇബ്ന്‍ സൈദ്‌ കദമി എഴുതിയ “കിത്താബ് അല്‍ ഇസ്തിക്കാമ”
ലോകത്തെമ്പാടുമുള്ള രണ്ട് ബില്ലിയന്‍ മുസ്ലിം ജനതയില്‍ ഏകദേശം മൂന്ന് മില്ലിയന്‍ മാത്രമേ ഇബാദികളെ ഇന്ന് പ്രതിനിധീകരിക്കുന്നുള്ളൂ. മുഹമ്മദ്‌ നബിയുടെ മരണാനന്തരം ഇരുപത് വര്ഷം കഴിഞ്ഞാണ് ഖവര്‍ജികളുടെ ഖിലാഫത്തിനെതിരെയുള്ള എതിര്‍പ്പ് ഉടലെടുക്കുന്നത്. തുടര്‍ന്ന് മൂന്നാം ഖലീഫ ഉസ്മാന്ബിന്‍ അഫ്ഫന്‍റെ കൊലപാതകത്തിന് അദ്ദേഹത്തിന്‍റെ ഭരണപരാജയം തന്നെയാണ് കാരണം എന്ന് അഭിപ്രായപ്പെട്ട ഖവര്‍ജികള്‍ നാലാം ഖലീഫയായ അലിയുമായി ഭിന്നത ഉണ്ടായി സിഫിന്‍ യുദ്ധത്തില്‍ നിന്ന് പിന്മാറിപ്പോവുകയും ചെയ്തു. ഖവര്‍ജികളുടെ ഈ നയത്തോട് പൊരുത്തപ്പെടാന്‍ കഴിയാതെ സൌമ്യരായി മാറിപ്പോയവര്‍ പിന്നീട് ഇബാദികള്‍ എന്ന് അറിയപ്പെട്ടു. ബസ്രയിലാണ് ഇബാദി ആശയത്തിന്‍റെ ജനനം. തങ്ങളുടെ പൂര്‍വ്വികര്‍ ഖവര്‍ജികളാണെന്ന് പറഞ്ഞു കേള്‍ക്കാന്‍ താല്പര്യമില്ലാത്ത ഈ വിഭാഗത്തിന്‍റെ ചരിത്രമാണ് ഇന്നത്തെ ഒമാനിന്‍റെ ചരിത്രം.
ഖവര്‍ജികളില്‍ നിന്നും വിമതരായി വേര്‍പെട്ടുപോയ ബനൂതമീം ഗോത്രത്തിലെ അബ്ദുല്ല ഇബ്ന്‍ ഇബാദ് ആയിരുന്നു ഇബാദി ആശയം മുന്നോട്ടുവച്ചതെങ്കിലും ഒമാനിലെ ജാബിര്‍ ഇബ്ന്‍ സയ്യിദ് ആണ് ഇതിന്‍റെ സ്ഥാപകനായി ചരിത്രത്തില്‍ അറിയപ്പെടുന്നത്.
ഉമയ്യാദ് ഖലീഫയായ മര്‍വാന്‍ രണ്ടാമനുമായി ഇബാദികള്‍ പലതവണ ഏറ്റുമുട്ടേണ്ടി വന്നിരുന്നു. മര്‍വാന്‍റെ മരണശേഷം ഉമയ്യാദ് ജനറല്‍ അല്‍ ഹജ്ജാജ് ബിന്‍ യുസഫുമായി ഇബാദി നേതാവ് ജാബിര്‍ ഇബ്നു സയ്യിദ് നല്ല സൌഹൃദ ബന്ധം സ്ഥാപിച്ചു. ഖവര്‍ജികളിലെ തീവ്രചിന്താഗതിക്കാരെ നേരിടാന്‍ ഇബാദികളുടെ മൃദുല സമീപനം ഉപയോഗപ്പെടുത്തുകയായിരുന്നു അല്‍ ഹജ്ജ്ജാജിന്‍റെ ലക്‌ഷ്യം. എന്നാല്‍ ഇബാദിള്‍ക്കിടയിലെ രഹസ്യങ്ങള്‍ അറിയാന്‍ ഉമയ്യാദ് ജനറല്‍ അയച്ച ചാരനെ വധിക്കാന്‍ ജാബിര്‍ ഇബ്നു സയ്യിദ് നല്‍കിയ നിര്‍ദ്ദേശത്തിന്‍റെ ഫലമായി ഒട്ടനവധി ഇബാദികള്‍ ഒമാനിലേക്ക് നാട് കടത്തപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ഒമാന്‍റെ ഉള്‍പ്രവേശങ്ങളില്‍ “ഇമാമത്ത്” സ്ഥാപിച്ചു കൊണ്ട് ഇബാദികള്‍ ഒമാന്‍റെ ഭരണരംഗത്ത് പ്രവേശിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെടുന്ന ഇമാമിന് രാഷ്ട്രീയ, സൈനീക, ആധ്യാത്മിക വിഷയങ്ങളുടെ ചുമതലയുണ്ടായിരുന്നു. AD 1200 ആവുമ്പോഴേക്കും ഒമാനിന് പുറമേ വെസ്റ്റെന്‍ സഹാറ രാജ്യങ്ങളിലേക്കും സെന്സിബാര്‍ സുല്‍ത്താനെറ്റ് വരെയും ഇബാദിസം വളര്‍ന്നു വലുതായി. 1920 മുതല്‍ 1954 വരെ ഒമാന്‍റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ ഭരിച്ച മുഹമ്മദ്‌ ബിന്‍ അബ്ദുള്ള അല്‍ ഖലിലി ആയിരുന്നു ഒമാനിലെ ഏറ്റവും ഒടുവിലത്തെ ഇമാം.
ഇബാദികള്‍ മതവിഷയത്തിലും പ്രബോധനത്തിലും അല്‍പമായ ഇടപെടലുകള്‍ നടത്തുന്നവരും ഇതരമതങ്ങളോട് അന്ധമായ വിരോധം ഇല്ലാത്തവരുമാണ്. നാലാം നൂറ്റാണ്ട് മുതല്‍ സൊഹര്‍ തുറമുഖത്ത് നിന്ന് ചൈനയിലേക്ക് കച്ചവടക്കപ്പല്‍ പ്രയാണം നടത്തിയിരുന്ന ഒമാനികള്‍ പത്തൊമ്പതാം നൂറ്റാണ്ട് ആവുമ്പോഴേക്കും ഏഷ്യയുടെയും ആഫ്രിക്കയുടെയും നാവിക സാമ്രാജ്യത്തിന്‍റെ അധിപന്മാരായി അറിയപെട്ട് പോന്നു. എന്നാല്‍ ഈ രാജ്യങ്ങളിലൊന്നും എണ്ണയുടെ കണ്ടെത്തലിന് ശേഷമുള്ള സൌദിയെപ്പോലെ മതവിളംബരവുമായി ഇബാദികള്‍ ചെന്നെത്തിയിരുന്നില്ല. ഒമാന്‍ യാത്രികരിലൂടെ ഇസ്ലാമിനെ അവര്‍ ചെന്നെത്തിയ രാജ്യക്കാര്‍ക്ക് പരിചിതമായി എന്നത് മാതമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌.
British observes of Omani rule in East Africa commented that Ibadis are the least fanatic and sectarian of all Muslims and openly associated with people of all faiths and pray together with Sunni Muslims.
പുതിയകാലത്ത് സുന്നികളും ഷിയാക്കളും ഇബാദികളും ഒന്നിച്ച് സയ്യിദ മസൂന്‍ മസ്ജിദില്‍ നമസ്കാരം നിര്‍വ്വഹിച്ച് ആ ഒരു പാരമ്പര്യം ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്.
സാമൂഹ്യവിരുദ്ധമായും ദേശവിരുദ്ധമായും തീവ്രമത ചിന്താഗതികള്‍ ജനങ്ങളില്‍ വളരാതിരിക്കാനും,വഹാബിസത്തിനെയും സലഫിസത്തിനെയും അകറ്റിനിര്‍ത്താനും, മസ്ജിദുകളില്‍ രാഷ്ട്രീയം പറയാതിരിക്കാനും ഇമാമുകള്‍ക്ക് സംസാരിക്കേണ്ട വിഷയം എല്ലാ മാസവും നല്‍കുന്നത് ഒമാനിലെ Ministry of Religious Affairs and Endowment Department ആണ്. അതിന്‍റെ ഫലമെന്നോണം ഒമാനില്‍ വഹാബിസത്തിനോ സലഫിസത്തിനോ വേരുറപ്പിക്കാനും ഇന്നേവരെ സാധിച്ചിട്ടില്ല.
International Centre for the Study of Radicalization and Political Violence (ICSR) നടത്തിയ പഠനത്തില്‍ ഇറാഖിലും സിറിയിലും തീവ്രവാദി ഗ്രൂപ്പായ ഐ എസ് നടത്തുന്ന നരഹത്യയില്‍ ഒമാനികളാരും പങ്കെടുത്തതിന് വ്യക്തമായ തെളിവ് ഇല്ല എന്ന് പ്രസ്താവിച്ചതായി കാണാം.
ഇസ്ലാമേതര മതവിശ്വാസികള്‍ സമാധാനപരമായി ജീവിച്ചു പോരുന്ന ഒമാനില്‍ മറ്റ് അയല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഷിയാക്കള്‍ക്ക് ഒന്നാംതരം പൌരത്വം നല്‍കുന്ന ഒരു സംസ്കാരമാണ് ഇബാദികള്‍ പുലര്‍ത്തിപ്പോരുന്നത്. ഇന്ത്യയില്‍ നിന്നും പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും ഒമാനില്‍ കുടിയേറിപ്പാര്‍ത്ത ഷിയാവിഭാഗമായ ‘ലവതിയ’ ഇന്ന് മസ്കറ്റിലും മത്തരയിലും അറിയപ്പെടുന്ന സമ്പന്നരാണ്. ഒമാന്‍ നാഷണല്‍ ബാങ്കിന്‍റെയും ഒമാന്‍ ഓയിലിന്‍റെയും മുഖ്യ ഷെയറുകള്‍ കൈവശം വെച്ചിരിക്കുന്നതും ഈ ഗ്രൂപ് തന്നെയുമാണ്. വിദ്യാഭ്യാസരംഗത്ത് വളരെ ഉയരത്തില്‍ നില്‍ക്കുന്ന ഈ സമൂഹത്തില്‍ നിന്ന് ക്യാബിനറ്റ് മന്ത്രിമാരും വിദേശരാജ്യങ്ങളിലെ അംബാസഡര്‍മാരും രാജകീയ കോടതിയിലെ ദിവാന്‍ മെമ്പര്‍മാരുപോലുമുണ്ട്.
ലോകത്തിലെ ഒരേയൊരു ഹിന്ദു ഷെയ്ക്കിന് ആ പദവി കൊടുത്തതും ഇബാദിയായ ഒമാന്‍ സുല്‍ത്താനാണ്. 149 വര്‍ഷമായി ഒമാനെ സേവിക്കുന്ന, സ്നേഹിക്കുന്ന ഒരു കുടുംബമാണ് ഗുജറാത്തിലെ വൈഷ്ണവ വിഭാഗത്തില്‍ നിന്നും ഒമാനിലേക്ക് 1870ല്‍ കച്ചവടത്തിന് പോയ ഖിമ്ജി രാംദാസ് കുടുംബം. എണ്ണയോ എണ്ണപ്പാടങ്ങളോ സമ്പത്തോ ഇല്ലാതിരുന്ന ഒരു കാലത്താണ് ഖിമ്ജി രാംദാസ് ഒമാനില്‍ കച്ചവടത്തിന് പോയിരുന്നത്. അന്ന് സുല്ത്താന് പണം കടം കൊടുക്കുന്ന ഒരേയൊരു കച്ചവടക്കാരനും ഇദ്ദേഹമായിരുന്നു. ഇന്നത്തെ സുല്‍ത്താന്‍റെ പിതാവ് അധികാരമേറ്റപ്പോള്‍ ഖിമ്ജിരാമദാസിന് ഒമാന്‍ പൌരത്വം നല്‍കുകയും ഷെയിക്ക് പദവി നല്‍കി അന്ഗീകരിക്കുകയും ചെയ്തു. സുല്‍ത്താനും ഈ കുടുംബവും തമ്മിലുള്ള ഒന്നര നൂറ്റാണ്ടിന്‍റെ അടുപ്പത്തില്‍ ഒരു വൈവാഹിക ബന്ധവും രണ്ട് കുടുംബങ്ങളും തമ്മില്‍ ഉണ്ടായിട്ടുണ്ട്.
ഒമാനിലെ ഒരു മുസ്ലിം കുടുംബവും മതത്തിന് പുറത്ത് പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കൊടുത്ത് പറഞ്ഞയക്കാറില്ല. എന്നാല്‍ ഖിമ്ജി രാംദാസ് കുടുംബത്തിലെ ഋഷി ഖിമ്ജി, സയ്യിദ് ശബീബ് അല്‍ സയ്യിദിന്‍റെ മകള്‍ താനിയ സയ്യിദയെയാണ് വിവാഹം ചെയ്തത്. രാജകുടുംബമാണ് സയ്യിദ് കുടുംബം.
.
ഇബാദി ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ അവരുടെ ഭരണ പിന്ഗാമികള്‍ സ്വന്തം കുടുംബത്തിലോ ഗോത്രത്തിലോ ഉള്ളവരാവണം എന്ന അറേബ്യന്‍ ആശയത്തെ അനുകൂലിക്കുന്നവരല്ല.
Traditionally, Omani Ibadism reject monarchy and hereditary rule and Ibadhi leaders were elected.
അവരുടെ പ്രമാണ പ്രകാരം
It is not necessary for the ruler of the Muslims to be descended from the Quraysh tribe, which was the tribe of Prophet Muhammad. It is unnecessary to have one leader for the entire Muslim world, and if no single leader is fit for the job, Muslim communities can rule themselves.
സുന്നികളും ഷിയാക്കളും വിശ്വസിക്കുന്നത് പോലെ വിധിന്യായത്തിന്‍റെ നാളില്‍ ദൈവം മനുഷ്യര്‍ക്ക്‌ വെളിപ്പെടും എന്ന് വിശ്വസിക്കാത്തവരാണ്
ഇബാദികള്‍.
ഒരു വിശ്വാസ വൃക്ഷത്തിന്‍റെ പലശാഖകളില്‍ ഒമാനും സൌദിയും വേരുകളില്‍ വേര്‍പെട്ട് പോവുന്നത് ഒരു ദേശത്ത് ജീവിക്കുന്ന ജനതയോടുള്ള സഹിഷ്ണുതാ സമീപനത്തിലാണ്. പതിനഞ്ച് ലക്ഷത്തില്‍ അധികം വരുന്ന ക്രിസ്ത്യാനികള്‍ക്കും ഇരുപത് ലക്ഷത്തോളം വരുന്ന ശിയാക്കള്‍ക്കും നിയമപരമായി ആരാധനാ സ്വാതന്ത്യം നല്‍കാത്ത സൌദി അറേബ്യയില്‍ നിന്നും വ്യത്യസ്തമായി, ഇബാദിസം ഉണ്ടായ കാലം മുതലേ ഒമാനികള്‍ അവരെ സ്വന്തം ജനതയായി പരിഗണിച്ചു വന്നിട്ടുണ്ട്.
ഇസ്ലാമിന്‍റെ ആഗമനത്തിനു മുന്പ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ചു പോന്ന ഒരു കൂട്ടര്‍ ഒമാനിലുണ്ടായിരുന്നു. അവരോടൊപ്പം ഹിന്ദു,ക്രൈസ്തവ മതവിശ്വാസികളും അതേ കാലയളവില്‍ അവിടെ ജീവിച്ചിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ഇബാദിസത്തിന്‍റെ വരവോടു കൂടി ഇതരമത വിശ്വാസികള്‍ ഒമാനില്‍ നിന്നും പുറത്താക്കപ്പെടെണ്ടി വന്നിട്ടില്ല.
സഹവര്‍ത്തിത്വത്തോടും പരസ്പരധാരണയോടുമുള്ള പുലരല്‍ അവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ചരിത്രം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്.
മാനവീയമായ പാരസ്പര്യ ബന്ധങ്ങളുടെ ശ്രദ്ധേയമായ അസാന്നിദ്ധ്യം സൌദിയെ അവരില്‍ തന്നെയായി ഒതുക്കി നിര്‍ത്തിയപ്പോള്‍ ഇബാദിസം ഗോത്രങ്ങള്‍ക്കും മതത്തിനും അതീതമായി ബഹുജനമനസ്സിലേക്ക് ഇറങ്ങിച്ചെന്ന ചരിത്രവുമായി ഒമാനില്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും നിറഞ്ഞു നില്‍ക്കുന്നു. അതോടൊപ്പം വിശ്വാസത്തിന് രാഷ്ട്രീയത്തിന്‍റെയും ബോംബിന്‍റെയും, മതവ്യവസായത്തിന്‍റെയും മുഖങ്ങള്‍ ചേരില്ല എന്ന് അവര്‍ കൃത്യമായി പറഞ്ഞുവെക്കുന്നുമുണ്ട്. #ബക്കര്‍ അബു#
Advertisements