ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപ്പട്ടം

526

ബുദ്ധമയൂരിക്ക് സംസ്ഥാന ശലഭപ്പട്ടം
സാഗാ ജയിംസിന്റെ (Saga James)പോസ്റ്റ്

രാജ്യത്തെ ശലഭങ്ങളിൽ ഏറ്റവും ഭംഗിയേറിയവയായ ബുദ്ധമയൂരിയെ കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭായി പ്രഖ്യാപിച്ചെന്ന ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി.

പാപ്പിലിയോണിഡേ കുടുംബത്തിലെ അംഗമായ ബുദ്ധമയൂരി [മലബാർ ബാൻഡഡ് പീ കോക്ക്) യെ പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളിലാണ്‌ കൂടുതലായി കാണപ്പെടുന്നത് .കേരളത്തിൽ മലബാർ പ്രദേശങ്ങളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. വിടർത്തുമ്പോൾ 90 മുതൽ 100 മില്ലീമീറ്റർ വരെ വീതിയുള്ള ഇവയുടെ ചിറകുകളിൽ പൊൻവെയിലിൽ തിളങ്ങുന്ന മയിൽപ്പീലി വർണ്ണങ്ങൾ കാണപ്പെടുന്നു. അപ്പോൾ പിന്നെ മയൂരി എന്ന് വിളിക്കാതെ തരമില്ലല്ലോ.

ഹനുമാൻകിരീടം എന്നറിയപ്പെടുന്ന പൂക്കളിലെയും തെച്ചിപ്പൂക്കളിലെയും വെള്ളിലപ്പൂക്കളിലെയും തേനാണ്‌ ബുദ്ധമയൂരിയുടെ ഇഷ്ട ഭക്ഷണം.ഇതിന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന പുഴുവിന്റെ ഭക്ഷണമാകട്ടെ മുള്ളിലവിന്റെ തളിരിലകളും. ഇല പൊഴിക്കും മരമാണ് മുള്ളിലവ്. മഴക്കാലത്തിന്റെ ആരംഭത്തിൽ മാത്രമാണ് ഇതിൽ തളിരിലകൾ പ്രത്യക്ഷപ്പെടുക. അതിനാൽ മൺസൂണിനു ശേഷം ജൂലായ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ബുദ്ധമയൂരിയെ കൂടുതലായി കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ വർഷത്തിൽ ഇവയുടെ ഒരേ ഒരു തലമുറ മാത്രമാണ് ഉണ്ടാകാൻ സാധ്യത.

അലങ്കാരത്തിനായി ഇവയെ പിടിക്കുന്നതും നിത്യഹരിത വനങ്ങൾ നശിപ്പിക്കുന്നതും ബുദ്ധമയൂരിയുടെ ജീവന് ഭീഷണിയാണ്. സംസ്ഥാന ശലഭപ്പട്ടം കിട്ടിയ ബുദ്ധമയൂരിയെ വംശനാശം സംഭവിക്കാതെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്.അതിനാൽ
ഇവയുടെ ആവാസവ്യവസ്ഥയും നിറയെ മുള്ളുകളുള്ളതും വിപണനമൂല്യമില്ലാത്തതുമായ മുള്ളിലവും സംരക്ഷിക്കപ്പെടുമെന്ന്‌ തന്നെ നമുക്കാശ്വസിക്കാം.

Advertisements
Previous articleബ്രെക്സിറ്റ്‌:ചുമ്മാ ചില ചോദ്യങ്ങൾ
Next articleഒരു കുട്ടി കൂടി കരയുമ്പോൾ …
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.