പതിനാറ്‌ വര്‍ഷം മുന്‍പൊരു ജൂണ്മാസത്തിലെ ഇരുണ്ടൊരു പ്രഭാതത്തില്‍ കോരിച്ചൊരിയുന്ന കാലവര്‍ഷത്തിനിടയിലൂടെ നനഞ്ഞാണ്‌, കുളിര്‍ന്നാണ്‌ ഞാന്‍ ആദ്യമായി ഇത്തിത്താനം ഹൈസ്ക്കൂളില്‍ എത്തിയത്‌. തൊട്ടപ്പുറത്തെ ഗവണ്‍മന്റ്‌ എല്‍ പി സ്ക്കൂളില്‍ നിന്നും നാലാം ക്ലാസില്‍ നിന്ന് അഞ്ചാം ക്ലാസിലേയ്ക്ക്‌ ജയിച്ചുവന്നൊരു കൊച്ചുവിദ്യാര്‍ഥി. അന്ന് ആദ്യദിവസത്തില്‍ അഞ്ച്‌ സിയില്‍ പുതിയ, വലിയ സ്ക്കൂളിനെക്കണ്ട്‌ പകച്ചിരുന്ന ഞാനുള്‍പ്പെടുന്ന പുതുക്കൂട്ടത്തിന്‌ മുന്‍പിലേയ്ക്ക്‌ ആദ്യം വന്നത്‌ സംസ്കൃതം പഠിപ്പിക്കുന്ന ഗീതടീച്ചറായിരുന്നു. അന്നാണ്‌ സംസ്കൃതമെന്ന വാക്കുപോലും ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത്‌. ഇത്തിത്താനം സ്ക്കൂളില്‍ രണ്ടാം ഭാഷയായി മലയാളമോ സംസ്കൃതമോ തിരഞ്ഞെടുക്കാമെന്ന് ടീച്ചര്‍ പറഞ്ഞ്‌ ഞാനറിഞ്ഞു.

“സംസ്കൃതം പഠിച്ചാല്‍ എളുപ്പത്തില്‍ മാര്‍ക്ക്‌ വാങ്ങാം, തീരെക്കുറച്ചുപഠിച്ചാല്‍ മതി. മലയാളം പഠിച്ചാല്‍ മാര്‍ക്ക്‌ കിട്ടില്ല, ഒരുപാട്‌ പഠിക്കുകയും എഴുതുകയും വേണം താനും.” ഗീതടീച്ചര്‍ പറഞ്ഞു.

ഞാനടക്കമുള്ള എല്ലാ മടിയന്മാര്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. അഞ്ചാം ക്ലാസിലെ ആദ്യദിവസം തന്നെ ഞാന്‍ മലയാളത്തെയുപേക്ഷിച്ച്‌ സംസ്കൃതത്തെ സ്വീകരിച്ചു. കഷ്ടപ്പെടുവാന്‍ തയ്യാറായിരുന്ന ബാക്കിയുള്ള കൂട്ടുകാര്‍ മലയാളത്തെത്തന്നെ സ്വീകരിച്ചു. നീണ്ട പദ്യങ്ങളും തലപുകയ്ക്കുന്ന വ്യാകരണങ്ങളും പഠിക്കേണ്ടിവരുന്ന അവരുടെ നീണ്ട വര്‍ഷങ്ങളെ മനസില്‍ കണ്ട്‌ ഞാന്‍ അവരോട്‌ നിശബ്ദമായി സഹതപിച്ചു. കഷ്ടപ്പാടില്ലാതെ എനിക്ക്‌ കിട്ടുന്ന കൊട്ടക്കണക്കിനുള്ള മാര്‍ക്കുകളെ ഓര്‍ത്ത്‌ ഞാന്‍ ആവേശംകൊണ്ടു,

അന്നുമുതല്‍ “അഹം ഗഛാമി” “ബാലശുനക കിം രോദിതേ” തുടങ്ങിയ ചെറിയ ചെറിയ സംസ്കൃതം വാചകങ്ങള്‍ മന:പാഠമാക്കിത്തുടങ്ങി. പയ്യെപ്പയ്യെ സംസ്കൃതം പഠിക്കുവാന്‍ എളുപ്പമല്ലെന്നും അത്‌ ഒരുപക്ഷേ മലയാളത്തേക്കാള്‍ പ്രയാസമാണെന്നും മനസിലാക്കിവരുമ്പോഴേയ്ക്ക്‌ അഞ്ചാംക്ലാസ്‌ കടന്നുപോയിരുന്നു. മലയാളത്തിലേയ്ക്ക്‌ തിരിച്ചൊരു മടക്കയാത്രയിനി സാധ്യമല്ലെന്ന് അദ്ധ്യാപകരില്‍നിന്ന് മനസിലാക്കിവന്നപ്പോഴേയ്ക്കും സംസ്കൃതത്തിന്‌ പിന്നെയും കാഠിന്യമേറിയിരുന്നു. രണ്ടാം ഭാഷയുടെ മാര്‍ക്ക്‌ താഴേയ്ക്കുതാഴേയ്ക്കും വന്നുകൊണ്ടിരുന്നു. ഒടുവില്‍ പത്താംക്ലാസിന്റെ പടിയിറങ്ങുമ്പോള്‍ മന:പാഠമാക്കുന്ന വരികളല്ലാതെ സംസ്കൃതത്തില്‍ ഇന്നും സ്വന്തമായി ഒരു വാചകമെഴുതാനറിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും മലയാളഭാഷയെന്ന വിഷയം, അതിലെ കവിതകള്‍, ഗദ്യങ്ങള്‍, വ്യാകരണങ്ങള്‍… എല്ലാം മനസിലാവുന്നതിനുമപ്പുറം അന്യമായിത്തീര്‍ന്നിരുന്നു. പക്ഷേ ഞാനത്‌ കാര്യമാക്കിയില്ല. ജീവിക്കണമല്ലോ. അതിന്‌ വിദ്യാഭ്യാസം വേണമല്ലോ. പഠിച്ചു. മൈക്രോബയോളജിയില്‍ മാസ്റ്റര്‍ ബിരുദമെടുത്തു.

ഇതിനിടയിലും അത്യാവശ്യം പുസ്തകം വായന, കലാപ്രവര്‍ത്തനങ്ങള്‍ എല്ലാമുണ്ടായിരുന്നു. പഠനശേഷം പ്രണയം വിരഹമായിത്തീര്‍ന്ന ഒരു ഇരുണ്ട ഇടവേളയില്‍ മനസിനെ വഴിതിരിച്ചുവിടാനാണ്‌ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേയ്ക്ക്‌ തിരിഞ്ഞത്‌. വായന ഗൗരവമായി അറിഞ്ഞത്‌ ആ നാളുകളിലാണ്‌. മാര്‍ക്വേസിനെയും ചുള്ളിക്കാടിനെയും ബാലകൃഷ്ണനെയും ദസ്തയേവ്സ്കിയെയുമൊക്കെ വായിച്ചെടുത്ത ആ നാളുകളില്‍ നനഞ്ഞമണ്ണില്‍ നിന്നും മുള പൊട്ടിയ വിത്തുകള്‍ പോലെ ആശയങ്ങള്‍ ഉണര്‍ന്നു. അവ വളര്‍ന്ന് കാടുകയറിയപ്പോള്‍പ്പിന്നെ ഇരിക്കപ്പൊറുതിയില്ലാതെയായി. എഴുതണം. എഴുതിയേപറ്റു. ഒടുവില്‍ എഴുതാന്‍ തുടങ്ങി (ഇപ്പോഴും എഴുതാന്‍ തുടങ്ങിയിട്ടേയുള്ളു. ബാലാരിഷ്ടതയിലാണ്‌).

ഒന്നുരണ്ട്‌ കഥകളൊക്കെ എഴുതി ഇന്റര്‍നെറ്റിന്റെ ലോകത്ത്‌ അത്യാവശ്യം വിലസിനടക്കുന്നതിനിടെ ഇക്കഴിഞ്ഞ വേനലവധിക്ക്‌ അമ്മാവന്റെ മക്കള്‍ അവധിക്കാലം ചിലവിടാന്‍ വീട്ടിലെത്തി. അവരുടെ അവധിക്കാലം ഉത്സവമായി കടന്നുപോകവെ, ഒഴിവുകിട്ടിയ ഒന്നുരണ്ടുദിവസത്തിന്‌ വീട്ടിലേയ്ക്കെത്തിയ ഞാന്‍ ഒരു കഥയും ചുമന്നാണെത്തിയത്‌. അഗ്നിയുടെ ഉഷ്ണം പോലെ മനസില്‍ പുകഞ്ഞുകൊണ്ടിരുന്ന കഥയെ ഒഴിവാക്കുവാനായി പിറ്റേന്ന് ഞാനെന്റെ കമ്പ്യൂട്ടറിന്‌ മുന്‍പില്‍ നിന്ന് ഗെയിം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പുറത്തുകളിക്കുവാന്‍ പറഞ്ഞുവിട്ടിട്ട്‌ കതകടച്ചു. ഒരു പകലിന്റെ നീണ്ട വേദനയ്ക്കുശേഷം കഥയെ പെറ്റ്‌ ആശ്വാസത്തോടെയിറങ്ങിവന്ന എന്റെ മുഖത്തേയ്ക്ക്‌ അല്‍ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു കുട്ടികള്‍. അവര്‍ ആദ്യമായി കാണുകയായിരുന്നു അങ്ങനെയുള്ള വട്ട്‌. എന്റെ എല്ലാ കഥയുടെയും ആദ്യവായനക്കാരിയായ അമ്മയ്ക്കൊപ്പം അവരും വായിച്ചുകേട്ടു കഥ. അധികമൊന്നും മനസിലായില്ലെങ്കിലും അവര്‍ക്കുമെഴുതണം കഥ. പിറ്റേന്ന് ടൗണില്‍ പോയി വന്ന എന്റെ മുന്‍പിലേയ്ക്ക്‌ രണ്ട്‌ വലിയ കടലാസുകളുമായി അവര്‍ എത്തി; അവരുടെ കഥയും കൊണ്ട്‌. ഞാന്‍ വായിച്ചു. ഞാന്‍ ഞെട്ടി. പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികള്‍ക്ക്‌ ഞാന്‍ കരുതിയതിനേക്കാള്‍ ചിന്ത! പക്ഷേ അതിലധികം ഞാന്‍ ഞെട്ടിയത്‌ കടലാസിലെ വാക്കുകളില്‍ കൂടി കടന്നുപോയപ്പോഴാണ്‌. ഓരോ വാക്കിലും അക്ഷരത്തെറ്റുകള്‍. ഓര്‍ക്കണം; ഓരോ വാക്കിലും! ഒരു വാക്കുപോലും പൂര്‍ണമല്ല. വാക്കുകളില്‍ മിക്കതും പകുതിവെച്ച്‌ മുറിഞ്ഞിരിക്കുന്നു.! ഞാനോര്‍ത്തു; അവരുടെ മനസില്‍ ആശയവും വാക്കുകളുമുണ്ട്‌. പക്ഷേ അത്‌ കടലാസിലേയ്ക്ക്‌ വരുമ്പോള്‍ മനസൊരു വഴിയിലും അക്ഷരങ്ങള്‍ മറ്റൊരു വഴിയിലും ദിശമാറുന്നു.ഞാനവരെക്കൊണ്ട്‌ പത്രം വായിപ്പിച്ചു. വീണ്ടും ഞാന്‍ ഞെട്ടി. അക്ഷരങ്ങള്‍ കൂട്ടിവായിക്കുവാന്‍ സാധിക്കുന്നില്ല. പല അക്ഷരങ്ങളും വായനയ്ക്കിടയില്‍ വിട്ടുപോകുന്നു. ഹൈസ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളാണ്‌, ഹൈസ്ക്കൂളില്‍! ഞാനാദ്യം വിചാരിച്ചു പഠനവൈകല്യമാണെന്ന്. പക്ഷെ പിന്നീട്‌ ആ പ്രായത്തിലുള്ള എനിക്കറിയാവുന്ന മറ്റ്‌ കുട്ടികളെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ ഒരു കാര്യം എനിക്ക്‌ ബോധ്യമായി. ആര്‍ക്കുംതന്നെ മലയാളം നേരെചൊവ്വേ എഴുതുവാനും വായിക്കുവാനുമറിയില്ല.! ഞാനൊരു മാറ്റത്തിന്റെ പച്ചമാംസത്തിലേയ്ക്ക്‌ കണ്ണ്‍ തുറക്കുകയായിരുന്നു.

കുട്ടികള്‍ക്ക്‌ മലയാളഭാഷ അന്യമായിരിക്കുന്നു. എന്തായിരിക്കാം കാരണങ്ങള്‍? ഞാന്‍ ഗൗരവമായിത്തന്നെ ആലോചിച്ചു. ആ ആലോചന എന്നെ എന്റെ ബാല്യകാലത്തിലേയ്ക്കാണ്‌ നയിച്ചത്‌.

ആശാന്‍ കളരിയിലെ പരുക്കന്‍ മണലില്‍ പൂവിതള്‍ പോലെയുള്ള കൈവിരലാലക്ഷരമെഴുതിയ കുഞ്ഞുങ്ങളില്‍ ഞാനെന്നും ഒന്നാമതായിരുന്നു. കളരിയാശാന്റെ കൈയിലെ ചീകിമിനുക്കിയ നീണ്ട ചെമ്പരത്തിക്കമ്പ്‌ ഒരേ ഒരുതവണ മാത്രമാണ്‌ എന്നെ തൊട്ടിട്ടുള്ളതെന്നാണ്‌ ഓര്‍മ്മ; അക്ഷരവഴിയിലെ ചെറിയൊരു അലസതയ്ക്ക്‌. പിന്നീടത്‌ ഒരിക്കലും ആവര്‍ത്തിച്ചില്ല. മണലില്‍നിന്ന് അക്ഷരങ്ങള്‍ ആത്മാവിലേയ്ക്കാണെത്തിയത്‌. പതിയെ കൂട്ടിവായിക്കാന്‍ പഠിച്ചുതുടങ്ങി. ആവേശമായിരുന്നു. വായന ഒരു ആഘോഷമായിരുന്നു. ബാലരമയും പൂമ്പാറ്റയും ചിത്രകഥകളും മനസിന്റെ ആകാശത്ത്‌ നിറങ്ങളുടെ പ്രപഞ്ചങ്ങള്‍ സൃഷ്ടിച്ചു. എന്തുകിട്ടിയാലും വായിക്കുകയായിരുന്നു. ചിത്രകഥകള്‍ക്കൊപ്പം മനോരമയും മംഗളവും സഖിയും മനോരാജ്യവുമെല്ലാം ബാല്യത്തില്‍ കൂട്ടുവന്നു (സഖിയും മനോരാജ്യവുമൊക്കെ ഇപ്പോ പ്രസിദ്ധീകരിക്കുന്നുണ്ടോ ആവോ!) കടയില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകിട്ടുന്ന തുണ്ടുകടലാസുകളില്‍ പോലും അക്ഷരങ്ങളെ തിരഞ്ഞു. വായിക്കുവാനാകാഞ്ഞ അവയുടെ ബാക്കിയോര്‍ത്ത്‌ ആകാംക്ഷപ്പെട്ടു. നഷ്ടപ്പെട്ടുപോയ അവയുടെ ബാക്കിയോര്‍ത്ത്‌ പരിതപിച്ചു. വീട്ടില്‍ ബാലരമ വാങ്ങുവാനായി കൂട്ടുകാര്‍ കയറിയിറങ്ങി. അങ്ങനെ ബാലരമകളില്‍ക്കൂടിയും സൗഹൃദങ്ങള്‍ വളര്‍ന്നു. ചുറ്റുവട്ടത്തുള്ള എല്ലാ കുട്ടികളുമുണ്ടായിരുന്നു ചിത്രകഥകള്‍ക്കായി.

ഇപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ബാല്യത്തില്‍ ഞാന്‍ വളരെ ഗൗരവത്തില്‍ ജീവിച്ചിരുന്ന ഒരു പുസ്തകപ്പുഴുവായിരുന്നുവെന്ന്. പക്ഷേ ഞാനത്‌ ആയിരുന്നില്ല. ഞാന്‍ നാടന്‍പന്തും ക്രിക്കറ്റും കുട്ടിയും കോലും സാറ്റും എല്ലാം കളിച്ചിരുന്നു. പക്ഷേ എനിക്ക്‌ സമയം എന്നിട്ടും മിച്ചമായിരുന്നു. ടിവിയുള്ളത്‌ അയല്‍പക്കത്തെ ഒരു വീട്ടില്‍. കാണുന്ന പരിപാടികള്‍ ബുധനാഴ്ച ചിത്രഹാര്‍, വ്യാഴാഴ്ച ചിത്രഗീതം, ഞായറാഴച രാവിലെ മഹാഭാരതവും രാമായണവും വൈകിട്ട്‌ അഞ്ചരയ്ക്ക്‌ ഒരു സിനിമയും. തീര്‍ന്നു. ഒരാഴ്ചത്തെ ടിവി പരിപാടികളാണ്‌. ഇത്രയും കണ്ടുകഴിഞ്ഞാലും കളികളെല്ലാം കഴിഞ്ഞാലും പഠിത്തമെല്ലാം കഴിഞ്ഞാലും നാമജപമെല്ലാം കഴിഞ്ഞാലും എന്റെ ദിവസങ്ങളില്‍ ഒരുപാട്‌ സമയം ബാക്കിയാവുന്നു. ആ സമയങ്ങളെ തള്ളിനീക്കുവാന്‍ വായനയല്ലാതെ മറ്റ്‌ മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. എന്റെ സമകാലികരുടെയും അവസ്ഥ മറ്റൊന്നല്ല.

അങ്ങനെ വായനയിലൂടെ വളര്‍ന്നതുകൊണ്ട്‌ മലയാളം ഒരിക്കലും തീര്‍ത്തും അന്യമായിരുന്നില്ല എനിക്ക്‌. അല്ലെങ്കില്‍ ഞാനുള്‍പ്പെടുന്ന ആ കുട്ടികള്‍ക്ക്‌. അതുകൊണ്ടുതന്നെ വൃത്തവും അലങ്കാരവുമൊന്നും പഠിച്ചില്ലെങ്കിലും വ്യാകരണമൊന്നുമറിഞ്ഞില്ലെങ്കിലും എന്റെ അനുജന്മാരുടെ ഇപ്പോഴത്തെ പ്രായത്തില്‍ മലയാളമെനിക്ക്‌ നന്നായി വഴങ്ങിയിരുന്നു.

ഇനിയാണ്‌ വിഷയത്തിന്റെ കാതല്‍. മലയാളം എഴുതുവാനും വായിക്കുവാനുമറിയുന്ന സ്കൂള്‍ കുട്ടികളുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു. എവിടെയാണ്‌, എന്താണ്‌ മലയാളത്തിന്‌ സംഭവിച്ചത്‌?

കാരണങ്ങളാലോചിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക്‌ വരിക ടിവി തന്നെയാണ്‌. കമ്പ്യൂട്ടറും മറ്റ്‌ ഇലക്ട്രോണിക്‌ സാധനങ്ങളും രംഗത്തുണ്ടെങ്കിലും ടിവി പോലെ കൊച്ചുകുട്ടികള്‍ക്കിടയില്‍ അത്രകണ്ട്‌ വേരോടിയിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്വകാര്യചാനലുകളുടെ വരവോടെ കാഴ്ച ഒരു ഉത്സവമായപ്പോള്‍ എന്തിനെയും കുതൂഹലമായ മിഴികളോടെ കാണുന്ന കുട്ടികള്‍ അത്‌ ആവേശത്തോടെ ഏറ്റുവാങ്ങി. ടിവിയില്‍ കാഴ്ചയുടെ ഉത്സവങ്ങള്‍ മിനിട്ടുകളില്‍ നിന്ന് മണിക്കൂറുകളിലേയ്ക്ക്‌ കൊഴുത്തുനീണ്ടുതുടങ്ങിയതോടെ കുട്ടികളുടെ ഘടികാരത്തിന്റെ ആരക്കാലുകള്‍ അതില്‍ മുങ്ങിത്തുടങ്ങി. സ്വന്തമായോ അമ്മ നിര്‍ബന്ധമായോ പഠിപ്പിക്കുകുന്ന പാഠഭാഗങ്ങള്‍ വേഗം തീര്‍ക്കുന്നത്‌ ടിവിയിലേയ്ക്ക്‌ വരുവാനായിത്തീര്‍ന്നു. കളിയുടെ സമയം കുറഞ്ഞു. വായന, ചിത്രകഥകളുടെയും വാരികകളുടെയും പിന്നെ കിട്ടുന്നതെന്തിന്റെയും വായന.. അത്‌ കുറഞ്ഞുവന്നു. പിന്നെപ്പിന്നെ അത്‌ ഇല്ലാതെയായി. എത്ര കുട്ടികളുണ്ട്‌ ഇന്ന് അങ്ങനെയുള്ളതെന്തെങ്കിലും സ്വപ്രേരകമായി വായിക്കുന്നവര്‍?

ഇന്ന് കുട്ടികളെല്ലാം (കുട്ടികളെല്ലാമെന്ന് തന്നെ പറയണം) സ്കൂള്‍ വിട്ട്‌ വരുന്നത്‌ ടിവിയുടെ മുന്‍പിലേയ്ക്ക്‌. റിമോട്ട്‌ കണ്ട്രോള്‍ കൈയിലെടുത്ത്‌ ഇരുന്നാല്‍ സന്ധ്യയ്ക്ക്‌ അമ്മയുടെ ശബ്ദമുയരണം അത്‌ താഴ്ത്തുവയ്ക്കുവാന്‍. പിന്നെ പഠനം, അനുവദനീയമാണെങ്കില്‍ അതിനുശേഷം വീണ്ടും അല്‍പ്പം കാഴ്ച. ഇതിനിടയില്‍ എപ്പോഴെങ്കിലും ഭക്ഷണം. ശേഷം ഉറക്കം. ഇതിനിടയില്‍ എവിടെയാണ്‌ ചിന്തകള്‍ക്ക്‌ ചിറകുനല്‍കുന്ന വായനയ്ക്ക്‌ നേരം? അതിലൂടെ ഭാഷയെ അറിയുവാന്‍ നേരം? കുട്ടികളെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. ജീവിതരീതികള്‍ അങ്ങനെയായിത്തീര്‍ന്നിരിക്കുന്നു. അമ്മമാര്‍ക്ക്‌ സീരിയലുകളില്‍ നിന്നും കാലം മാറിയപ്പോള്‍ റിയാലിറ്റിഷോകളില്‍നിന്നും മുഖം തിരിക്കാനും കണ്ണെടുക്കാനുമുള്ള സമയവും കുറഞ്ഞിരിക്കുന്നു. എനിക്ക്‌ ചെറുതിലെ അമ്മ ജോലികളെല്ലാം തീര്‍ത്തതിന്‌ ശേഷം കഥകള്‍ പറഞ്ഞുതരുമായിരുന്നു. ആകാശവാണിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ രഞ്ജിനി കേള്‍ക്കുവാന്‍ കാതോര്‍ത്തിരിന്നു ഞാനും അമ്മയും. യേശുദാസ്‌ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന തീരത്തെക്കുറിച്ച്‌ പാടുമ്പോള്‍ അമ്മയും അമ്മയുടെ വിവരണം കേട്ട്‌ ഞാനും കുളിരണിഞ്ഞിരുന്നു. അമ്മയുടെ കഥകളിലൂടെ, പാട്ടുകളിലൂടെ, അവയുടെ അര്‍ഥവിശദീകരണങ്ങളിലൂടെ, പിന്നെ പകലത്തെ വായനകളിലൂടെ, വര്‍ത്തമാനങ്ങളിലൂടെ എന്റെ ഭാവനയുടെ ആകാശം വളര്‍ന്നു. നോക്കൂ, ഇപ്പോള്‍ ഏതൊരുമ്മയ്ക്കും അതിനുള്ള സമയം ഒന്നുകില്‍ പരിമിതമാണ്‌, അല്ലെങ്കില്‍ അത്‌ ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. അമ്മയുടെ കഥകളും ചിന്തകളും പാട്ടുകളുമെല്ലാം കുട്ടികള്‍ക്ക്‌ ലഭിക്കുന്ന അളവ്‌ പരിമിതമായിരിക്കുന്നു. അങ്ങനെ ആ വഴിയിലൂടെയും ചിന്തകളുടെ വികാസവും അക്ഷരങ്ങളിലേക്കുള്ള യാത്രയും തടസപ്പെടുന്നു.

ഇനി സ്കൂളിലേയ്ക്ക്‌ നോക്കു. എനിക്ക്‌ സ്കൂളില്‍ മലയാളം നാലാം ക്ലാസ്‌ വരെയേ പഠിക്കുവാന്‍ സാധിച്ചുള്ളു. (പിന്നീടും മലയാളം സെക്കന്റ്‌ ആഴ്ചയില്‍ രണ്ട്‌ പീരിഡ്‌ വീതമുണ്ടായിരുന്നു എന്നത്‌ മറക്കുന്നില്ല). എന്നാലും ഞാന്‍ വായനയിലൂടെ മലയാളത്തോട്‌ ചേര്‍ന്ന് നിന്നിരുന്നു. പക്ഷേ വായനയ്ക്ക്‌ സമയമില്ലാത്ത ഇന്നത്തെ കുട്ടികളോ? അവര്‍ക്ക്‌ സ്കൂളുകളിലും മലയാളം അന്യമാണ്‌. കഴിഞ്ഞ കാലത്തിനേക്കാള്‍ മലയാളത്തെ പടിക്ക്‌ പുറത്തുനിര്‍ത്തുന്ന സ്കൂളുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. മാതാപിതാക്കള്‍ ഏറിയപങ്കും കുട്ടികളുടെ ഭാവിയെക്കരുതി അങ്ങനെയുള്ള സ്ക്കൂളുകള്‍ക്കാണ്‌ മുന്‍ ഗണന നല്‍കുന്നതും. ഫലമെന്താണ്‌? ഇന്നത്തെ നല്ലൊരു ശതമാനം കുട്ടികള്‍ക്കും മലയാളം എഴുതാനും വായിക്കാനും ശരിയായി അറിയില്ല. ഇത്‌ പറയുന്ന സാഹചര്യം നിങ്ങള്‍ മനസിലാക്കുക: മലയാളം കേരളീയന്‌ ഏതെങ്കിലുമൊരു ഭാഷയല്ല; പിന്നെയോ, അവന്റെ മാതൃഭാഷയാണ്‌!

മാറ്റങ്ങള്‍ അനിവാര്യമാണ്‌, അതുസംഭവിച്ചേ തീരൂ, അവ സംഭവിക്കുകയും ചെയ്യും, മലയാളവും മാറും എന്ന് ബുദ്ധിജീവികള്‍ക്ക്‌ പറയാം. പക്ഷേ ഒന്ന് ചിന്തിച്ചുനോക്കു, മാറട്ടെ, പക്ഷേ അത്‌ ഒരു ഭാഷയെന്ന നിലയില്‍ അന്യം നിന്ന് പോകണോ? ഭാവിതലമുറയ്ക്ക്‌ അത്‌ ഒരു വാമൊഴിയായി മാത്രമൊതുങ്ങണോ? ഉദാസീനരായ ബുദ്ധിജീവികളോട്‌ എനിക്ക്‌ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കുവാനുണ്ട്‌. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌ നാട്ടിലാണ്‌ ഞാന്‍ മാസ്റ്റര്‍ ബിരുദത്തിന്‌ പഠിച്ചത്‌. പെട്ടെന്ന് വികാരം കൊള്ളുന്ന ആളുകള്‍. എന്തിനാണ്‌ അവര്‍ ഇത്രയധികം വികാരാധീനരാവുന്നതെന്നും ഇങ്ങനെ അത്‌ പ്രകടിപ്പിക്കുന്നതെന്നും ഞാന്‍ അല്‍ഭുതപ്പെട്ടു. സിനിമകളെല്ലാം വളരെ വൈകാരികം. വീണ്ടും ഞാന്‍ തമിഴരുടെ വൈകാരികതലത്തെക്കുറിച്ച്‌ ചിന്തിച്ചു മലയാളിയേപ്പോലെ പ്രബുദ്ധരല്ലാത്തതിനാലാണോ? ഞാന്‍ ആശ്ചര്യം കൊണ്ടു. അതെന്തായാലും ബിരുദസര്‍ട്ടിഫിക്കറ്റ്‌ കിട്ടിയപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെട്ടു. പേരുകേട്ട മദ്രാസ്‌ യൂണിവേഴ്സിറ്റിയാണ്‌. എന്നിട്ടും ആദ്യപകുതിയില്‍ തമിഴില്‍ ബിരുദദാനവിളംബരം. രണ്ടാം പകുതിയില്‍ അതിന്റെ ഇംഗ്ലീഷ്‌ പരിഭാഷ. അതിന്‌ ശേഷം നാട്ടില്‍ വന്ന് ജീവിക്കുന്നതിനിടയില്‍ ഹിന്ദിയെന്ന ഭാഷയ്ക്കെതിരെയുള്ള തമിഴരുടെ സമരത്തെക്കുറിച്ചുള്ള വാര്‍ത്തകളും മണ്ണിന്റെ മക്കള്‍ വാദവുമെല്ലാം കേട്ടു. എല്ലാം കൂടി കൂട്ടി വായിച്ചപ്പോള്‍ എനിക്ക്‌ മനസിലായതിതാണ്‌. തമിഴന്‌ അവന്റേതെല്ലാം അവന്റെ സ്വന്തമെന്ന്‌ അവന്‌ അഭിമാനമാണ്‌. അവയൊക്കെയും അവന്‌ വികാരങ്ങളുമാണ്‌. അവന്റെ മണ്ണ്‍, അവന്റെ പെണ്ണ്‍, അവന്റെ കുടുംബം, അവന്റെ ബന്ധങ്ങള്‍, അവന്റെ ഭാഷ.. അങ്ങനെ എല്ലാം അവന്‌ വികാരങ്ങളാണ്‌. അതുകൊണ്ടാണ്‌ അവന്‍ അവയെയൊക്കെ മറ്റുള്ളവരെ അല്‍ഭുതപ്പെടുത്തുകയും ചകിതരാക്കുകയും ചെയ്യുന്ന അഭിനിവേശത്തോടെ പുണര്‍ന്നുസൂക്ഷിക്കുന്നത്‌. തമിഴ്‌ എന്ന ഭാഷയെ ഓര്‍ത്ത്‌ തമിഴന്‍ അഭിമാനം കൊള്ളുന്നു. അതിനുവേണ്ടി അവന്‍ ദേശീയഭാഷയെ തിരസ്കരിക്കുവാന്‍ പോലും തയാറാകുന്നു. (ഇതിന്റെ രാഷ്ട്രീയം ഇപ്പോള്‍ പരാമര്‍ശിക്കേണ്ടതില്ല. നമ്മള്‍ അങ്ങനെ കടും പിടുത്തക്കാരാകണമെന്നുമില്ല). അതിനായി അവന്‍ ഭാഷാസമ്മേളനങ്ങളും ദ്രാവിഡസമ്മേളനങ്ങളും വിളിച്ചുകൂട്ടുന്നു. ചെന്തമിഴിനെ ശുദ്ധമായി സംരക്ഷിക്കുവാനാവുന്നതെല്ലാം ചെയ്യുന്നു. സ്ക്കൂളുകളിലെല്ലാം തമിഴ്‌ പഠിപ്പിച്ചിട്ടുമതി അവര്‍ക്ക്‌ മറ്റ്‌ ഭാഷകള്‍. കോളേജുകളില്‍ ഡിഗ്രിതലം വരെ തമിഴ്‌ പഠിക്കണമവിടെ!

ഇനി കേരളത്തിലേയ്ക്ക്‌ നോക്കൂ. ഒന്നാം ക്ലാസില്‍ പോലും മലയാളം പഠിക്കണമെന്ന് ഇവിടുത്തെ ഗവണ്മെന്റിന്‌ യാതൊരു നിര്‍ബന്ധവുമില്ല. സ്കൂളുകള്‍ക്ക്‌ ഒട്ടുമില്ല. കുട്ടികള്‍ മലയാളം പഠിക്കാതെ, വായിക്കാതെ വളരുന്നു. ഫലമോ മലയാളത്തോട്‌ കുട്ടികള്‍ക്ക്‌ അവജ്ഞപോലുമായിത്തുടങ്ങിയിരിക്കുന്നു. ഇത്‌ പറയാന്‍ കാരണമുണ്ട്‌. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഞാനെത്തിയിട്ട്‌ ഒരു വര്‍ഷത്തോളമായി. ടിവിയില്‍ ഒരു നല്ല മലയാളം പരിപാടിയോ മലയാളം സിനിമയോ ഉള്ളപ്പോള്‍ അത്‌ വയ്ക്കാന്‍ പറഞ്ഞാല്‍ കുട്ടികള്‍ക്ക്‌ താല്‍പര്യമില്ല. എന്നേക്കാള്‍ നാലോ അഞ്ചോ വയസ്‌ മാത്രം പ്രായക്കുറവുള്ളവരാണ്‌. കൂടുതലും എം എസ്‌ സി കുട്ടികള്‍. ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷ്‌ ചാനലുകള്‍ മാത്രമേ കാണൂ. പ്രിഡേറ്റര്‍ എന്ന സിനിമ അവിടെ ചെന്നതിന്‌ ശേഷം ഞാനൊരു നാല്‍പത്‌ തവണ കണ്ടിട്ടുണ്ട്‌ (എല്ലാത്തവണയും ഞാനത്‌ മുഴുവന്‍ ഇരുന്നുകണ്ടു എന്ന് അര്‍ഥമില്ല അതിന്‌. ടിവി മുറിയില്‍ എത്തുമ്പോഴോ അതിലേ കടന്നുപോകുമ്പോഴോ ഒക്കെ കാണുന്നതാണ്‌). ഞാന്‍ ചിലരോടു ചോദിച്ചു, ഒരു മടുപ്പുമില്ലേ ഇങ്ങനെ കണ്ടതുതന്നെ കണ്ടോണ്ടിരിക്കുന്നതിനെന്ന്. എന്നാലും രസമല്ലേ കാണാന്‍ എന്നായിരുന്നു മറുപടി. രസമാവട്ടെ. പക്ഷേ അത്‌ മാത്രമേ കാണൂ എന്നായാല്‍? മലയാളം ചാനലുകള്‍ വെക്കുവാന്‍ പറയുമ്പോഴേ അതൃപ്തിയാണ്‌. ആരെങ്കിലും അഥവാ മലയാളം വെച്ചാല്‍ പകുതി ആളുകളും എഴുന്നേറ്റുപോകും. അവര്‍ക്ക്‌ അന്യഭാഷകള്‍ മതിയെന്നായിരിക്കുന്നു. ഇത്‌ അതിശയോക്തിയല്ല. ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നതാണ്‌. മലയാളത്തെ എത്രത്തോളം (ഞാനടങ്ങുന്ന) പുതിയ തലമുറ അകറ്റിനിര്‍ത്തുന്നു എന്ന് മനസിലാക്കുക.

മാറ്റം അനിവാര്യമാണ്‌. പക്ഷേ ഈ മാറ്റം നാശത്തിനാണ്‌. നമ്മുടെ ഭാഷയുടെയും അതുവഴി പുതുതലമുറയുടെ ചിന്തകളുടെയും അതിന്റെ ആഴങ്ങളുടെയും!

ഇതിനെതിരെ ഇപ്പോള്‍ എന്തെങ്കിലും ചെയ്യുവാന്‍ സാധിക്കുന്നത്‌ ഗവണ്മെന്റിനാണ്‌. ഭാഗ്യവശാല്‍ ഞാനീ കുറിപ്പ്‌ എഴുതുമ്പോഴേയ്ക്കും മലയാളം ഒന്നാം ഭാഷ ആക്കുവാനുള്ള തീരുമാനം ഗവണ്‍മന്റ്‌ കൈക്കൊണ്ടിരിക്കുന്നു. തീരുമാനം വേഗം നടപ്പിലാക്കണം. അത്‌ പക്ഷേ പേരിന്‌ പോരാ, കേരളത്തിലെ ഒന്നൊഴിയാതെ (സ്വകാര്യസ്ക്കൂളുകള്‍ ഉള്‍പ്പെടെ) എല്ലാ സ്ക്കൂളുകളിലും സ്റ്റേറ്റ്‌ സിലബസെന്നോ കേന്ദ്രസിലബസെന്നോ നോക്കാതെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണം. അത്‌ മാത്രമല്ല, ഡിഗ്രി രണ്ടാം വര്‍ഷം വരെ ഇംഗ്ലീഷിനൊപ്പം മലയാളവും പഠിപ്പിക്കണം. ഡിഗ്രി തലത്തില്‍ എന്തിന്‌ ഹിന്ദി? പ്ലസ്ടു വരെ പഠിച്ച ഒരാള്‍ക്ക്‌ അത്യാവശ്യം ഹിന്ദി വായിക്കുവാനും കേട്ടാല്‍ മനസിലാക്കുവാനും അറിയാം. അത്‌ പോരേ ഹിന്ദിയോടുള്ള ആത്മാര്‍ഥത? പിന്നെയും ഹിന്ദി പഠിക്കണമെന്നുള്ളവര്‍ ഹിന്ദി ബിരുദമായെടുത്ത്‌ പഠിക്കട്ടെ. ഹിന്ദിക്ക്‌ പകരം നമ്മുടെ ഭാഷ കുട്ടികള്‍ ബിരുദതലം വരെ പഠിക്കട്ടെ. സ്ക്കൂളിലേയ്ക്ക്‌ വരിക. ഇപ്പോള്‍ സര്‍ക്കാര്‍ മലയാളത്തിനായി കണ്ടിരിക്കുന്നത്‌ ഐ ടിയുടെ പീരിഡാണ്‌. ഞാനൊന്ന് ചോദിക്കട്ടെ. ലക്ഷക്കണക്കിന്‌ മലയാളികള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉയോഗിക്കുന്നു. ജീവിതമാര്‍ഗമായും നേരം പോക്കായും. അതില്‍ ഞാനും നിങ്ങളുമൊക്കെ ഉള്‍പ്പെടും. ഈ നമ്മളില്‍ ഏതെങ്കിലുമൊരാള്‍ ഐടി സ്ക്കൂളില്‍ പഠിച്ചവരാണോ? അത്‌ പഠിച്ചിട്ടല്ലല്ലോ ഇന്ന് കമ്പ്യൂട്ടറുപയോഗിച്ച്‌ ജോലി ചെയ്യുന്ന ആരും ജോലിക്ക്‌ യോഗ്യത നേടിയത്‌. കമ്പ്യൂട്ടര്‍ ഉപയോഗം വളരെ ലളിതവും മനസിലാക്കാന്‍ എളുപ്പവുമാണ്‌. കുട്ടികളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ പെട്ടെന്ന് കാര്യങ്ങള്‍ പിടിച്ചെടുക്കും. അതിനാല്‍ത്തന്നെ ഐടി എന്നൊരു വിഷയം വര്‍ഷങ്ങളോളം കുട്ടികള്‍ക്ക്‌ പാഠ്യവിഷയമായി പഠിപ്പിക്കേണ്ടതില്ല. സ്ക്കൂളുകളില്‍ വര്‍ഷങ്ങള്‍ക്കൊണ്ട്‌ അവര്‍ പഠിക്കുന്നത്‌ കമ്പ്യൂട്ടറിന്റെ അടിസ്ഥാനങ്ങള്‍ മാത്രം. ഇത്‌ തന്നെ മാസങ്ങള്‍ മാത്രം നീളമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകളും ചെയ്യുന്നു. സത്യത്തില്‍ അതിന്റെ ആവശ്യമല്ലേയുള്ളു. സര്‍ക്കാറിന്റെ അവധിക്കാല കോഴ്സുകളോ മറ്റോ മതിയാവും ഐടിയുടെ അടിസ്ഥാനം ലഭിക്കുവാന്‍. പിന്നെയുള്ളതൊക്കെ ആവശ്യാനുസരണം പഠിതാവ്‌ ലഭ്യമായിടത്തുനിന്ന് ആര്‍ജിച്ചെടുക്കേണ്ടതാണ്‌. ഐടി വേണ്ടെന്നോ മോശമാണെന്നോ അല്ല. അത്‌ വളരെ ലളിതവും സമയമധികം വേണ്ടാത്തതും, പിന്നീടും പഠിക്കുവാന്‍ അവസരവുമുള്ള ഒരു വിഷയമാകയാല്‍ നാം അതിന്‌ സ്ക്കൂള്‍ തലത്തില്‍ ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ്‌ വ്യംഗ്യം. ആ സമയം കൂടി പിന്നീട്‌ പഠിക്കുവാന്‍ അവസരമില്ലാത്ത, ചെറുപ്രായത്തിലേ പഠിക്കേണ്ട (പ്രായമായാല്‍ ചെറുപ്രായത്തിലെ ഗ്രാഹ്യശക്തികാണില്ല എന്ന് ഓര്‍ക്കുക) ഭാഷയെയും ഭാഷാവ്യാകരണങ്ങളെയും അതിന്റെ സാഹിത്യവഴികളെയും കഥകളെയും കവിതകളെയും ഒക്കെ പഠിക്കേണ്ട രീതിയില്‍ പഠിക്കുവാനായി ചിലവഴിക്കേണ്ടതല്ലേ? പ്രത്യേകിച്ചും നമ്മുടെ മാതൃഭാഷയെ? അതുവഴി നമ്മുടെ പുതുതലമുറയ്ക്ക്‌ മലയാളം ഒരു വാമൊഴി എന്നതിലുപരി ഒരു വരമൊഴിയാണെന്നും അത്‌ നമ്മുടെ സ്വന്തമാണെന്നും അതിനെ നമ്മുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിക്കേണ്ടതുണ്ടെന്നും ബോദ്ധ്യമാക്കിക്കൊടുത്തുകൂടേ? അങ്ങനെ കുട്ടികള്‍ക്ക്‌ അന്യമാവുന്ന നമ്മുടെ ഭാഷാസ്നേഹത്തെ വീണ്ടെടുത്തുകൂടേ?

ഇത്‌ മാറ്റങ്ങളെ വികാരപരമായി സമീപിക്കുന്ന, ബുദ്ധിജീവിയല്ലാത്ത ഒരു മകന്റെ മാതൃഭാഷയുടെ ശോഷണത്തെക്കുറിച്ചുള്ള വിലാപമാണ്‌. നമ്മുടെ അമ്മയ്ക്ക്‌ മാറ്റങ്ങള്‍ സംഭവിക്കാം. അമ്മ മറ്റൊരാളായിത്തീരാം. കാലം അങ്ങനെ മാറ്റങ്ങള്‍ കൊണ്ടുവന്നേയ്ക്കാം. പക്ഷേ അമ്മ എപ്പോഴും നമ്മുടെ സ്വന്തം അമ്മയായിരിക്കുവാനല്ലേ എല്ലാ മക്കളുമാഗ്രഹിക്കുക. മാറ്റങ്ങളില്ലാത്ത, ബാല്യത്തിലെ അമ്മ. അതുപോലെ തന്നെയല്ലേ മലയാളിക്ക്‌ മലയാളവും? ബുദ്ധിജീവിജാഡകളെ മാറ്റിവച്ച്‌ ചിന്തിച്ചുനോക്കൂ.

(ഇവിടെ ഞാന്‍ എന്നെയും എന്റെ സമകാലികരെയും അനുജന്മാരെയും പരാമര്‍ശവിഷയമായും താരതമ്യപഠനവിഷയമായുമെടുത്തത്‌ ഞങ്ങളെല്ലാം പുതുതലമുറയിലെ, ഒരേ തലമുറയിലെ അംഗങ്ങളാണെന്നത്‌ കാണിക്കുവാനാണ്‌. എന്റെ സമപ്രായക്കാരും എന്നേക്കാള്‍ അധികം പ്രായം കുറവില്ലാത്തവരും. ഇത്‌ പ്രത്യേകം എടുത്തുപറയുവാന്‍ കാരണം ഞാനുള്‍പ്പെടുന്ന എന്റെ തലമുറയോട്‌ ചില കാര്യങ്ങളില്‍ ഞാന്‍ കലഹിക്കുകയാണ്‌. ചില നന്മകളെച്ചൊല്ലി.. ചില ഗൃഹാതുരത്വങ്ങളെ ചൊല്ലി.. ചില പൈതൃകങ്ങളെ ചൊല്ലി.. ചില കൈവശവസ്തുക്കളെയും വസ്തുതകളെയും ചൊല്ലി.. നാടിനെയും നാട്ടുഭാഷയെയും ചൊല്ലി..)

You May Also Like

ഒളിഞ്ഞു നോക്കുന്നവര്‍…..

മനം മടുപ്പിക്കുന്ന ആശുപത്രി മുറിയുടെ അതെ ഗന്ധം. കണ്ണുനീരും കറുത്തു പോയ മോഹങ്ങളും പെയ്തു പോയ ഇരുണ്ട, നീണ്ടൊരിടനാഴി. ആ നിറം മങ്ങിയ ചുവരുകള്‍ക്കിടയില്‍, നിന്നും ഇരുന്നും, അവളൊഴിച്ച് എല്ലാവരും കാത്തിരുന്നത് ഒരേ ഒരു വാക്കു മാത്രമായിരുന്നു. “മരിച്ചു…”

പൊതു കുളിപ്പുരയെന്ന ഒരു പെണ്ണിടവും അവിടെ നിലവിളിച്ചാർക്കുന്ന സ്ത്രീകളുടെ ആത്മരോഷങ്ങളും

1995 ലെ ഇസ്ലാമിക ഭരണകാലത്ത് അൾജീരിയൻ സ്ത്രീ സമൂഹം അനുഭവിച്ച വ്യക്തിപരവും മതപരവും സാമൂഹികവുമായ വിലക്കുകളുടെയും ഭരണകൂട മത ഭീകരതയുടെയും കഥനകഥയാണ്

“അവൾ മാത്രം കേക്കും കഴിച്ചു സുഖമായിരുന്നാൽ പോരല്ലോ ” ഇരയുടെ പേര് വെളിപ്പെടുത്തി വിജയ്ബാബു

സിനിമയില്‍ അവസരങ്ങള്‍ നൽകാമെന്ന വാഗ്ദാനത്തിന്മേൽ തന്നെ ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് നടനും നിര്‍മ്മാതാവുമായ…

ലഗാന്റെ ഉത്ഭവം വളരെ സംഭവബഹുലവും രസകരവുമാണ്

നവയുഗ ഹിന്ദി സിനിമാ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്ര സൃഷ്ടി – ‘ലഗാൻ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വർഷങ്ങൾ.അശുതോഷ് ഗോവരിക്കർ എന്ന യുവസംവിധായകന്