ബുഫെ – കഥ
പട്ടണത്തിലെ പേരുകേട്ട അലങ്കാരവസ്തു വില്‍പ്പനശാലയില്‍ ഞങ്ങള്‍ നിന്ന് വിയര്‍ത്തു.
97 total views

ഭാര്യയുടെ ബന്ധുവിന്റെ വീട്ടില്‍ പാലുകാച്ചായിരുന്നു ഇന്ന്. കൊട്ടാരവീട് എന്ന് വിളിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. ശരിക്കും ഒരു കൊട്ടാരം പോലുള്ള വീടുതന്നെയാണല്ലോ രാജീവ് കെട്ടിപ്പൊക്കിയിരിക്കുന്നത്. അകത്തും പുറത്തും വെണ്ണക്കല്ലുകള്‍ പതിച്ച, ഒരു കൊട്ടാരം വീടുതന്നെയാണത്. ഒരു താജ്മഹല്‍ പണിയാന്‍ എത്രയോ പേരുടെ വിയര്‍പ്പും അദ്ധ്വാനവും ഉണ്ടായിരുന്നിരിക്കാമെങ്കിലും നമ്മള് ഒരു ഷാജഹാനെയും ഒരു മുംത്തസ്സിനെയും മാത്രം ഓര്‍ക്കുന്നു. അല്ലെങ്കില്‍ത്തന്നെ അത്രയധികം പേരെ ഓര്‍ത്തിരിക്കുക എന്നത് എളുപ്പവുമല്ലല്ലോ.
കൊട്ടാരസമാനമായ ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ വെറുംകയ്യോടെ പോകുന്നത് ശരിയല്ലെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഞാനും സമ്മതിക്കുകയായിരുന്നു. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും വെറും കയ്യോടെ എങ്ങനെ! പോരാത്തതിന്, അവര്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവര്‍ , ഒരു വീടുപോലെ കഴിഞ്ഞവര്‍ …
പട്ടണത്തിലെ പേരുകേട്ട അലങ്കാരവസ്തു വില്‍പ്പനശാലയില്‍ ഞങ്ങള്‍ നിന്ന് വിയര്‍ത്തു. അകത്തും പുറത്തും വെണ്ണക്കല്ലുകള്‍ പതിച്ച ആ കമാനത്തിലേക്ക് ഞങ്ങള്‍ എന്ത് സമ്മാനം കൊണ്ടുപോകും? വില്പനശാലയിലെ ചില്ലലമാരകളില്‍ അലങ്കാരവസ്തുക്കള്‍ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി.
ഓട്ടുവിളക്കുകള്‍ , ശയനമുറിയിലെ ദീപങ്ങള്‍ , വീട്ടിയില്‍ കടഞ്ഞെടുത്ത കരിവീരന്മാര് , രവിവര്‍മ്മചിത്രങ്ങള്‍ , വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന പൂക്കൂടകള്‍ , പക്ഷേ ഇവയൊന്നും രാജീവിന്റെ വീട്ടില്‍ …..! ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു വിഷമസന്ധിയില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു.
മാഡം ഇതൊന്നു നോക്കൂ…..
ഇതെത്ര നല്ലതാണ്……..
ഇത് വളരെ വിശേഷപ്പെട്ടതാണ്……..
വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതാണ്……
ഞങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സെയില്‍സ്മേന്‍ വാചാലനായി.
പക്ഷേ, ഞങ്ങള്‍ ഒരു സാധാരണ വീട്ടിലേക്കുള്ള വസ്തു വാങ്ങാന്‍ വന്നവരല്ലെന്ന് ആ സെയില്സ്മാന് അറിയില്ലല്ലോ. ഞങ്ങളുടെ കണ്ണുകള്‍ എവിടെയും ഉടക്കാതെ ചുറ്റിക്കറങ്ങി.
ഒടുവില്‍ ഭാര്യയുടെ കണ്ണിലാണ് ആ ഓട്ടുവിളക്ക് ആദ്യം ഉടക്കിയത്. സ്തൂപികാരൂപത്തില് ചുറ്റിനും കൊച്ചുകൊച്ചുവിളക്കുകള്‍ തൂങ്ങിക്കിടക്കുന്ന ഒരു സുന്ദരശില്പം തന്നെയായിരുന്നു അത്. താന്‍ ആഗ്രഹിച്ചത് താന്‍തന്നെ കണ്ടെത്തിയ അഭിമാനത്തില്‍ ഭാര്യയുടെ മുഖമൊരല്പം തെളിഞ്ഞുവോ? അലങ്കാരവസ്തുക്കള്‍ എന്നും അവളുടെ ഒരു ദൗര്‍ബല്യം തന്നെയാണല്ലോ.
കടയില്‍ നിന്നും ഇറങ്ങുമ്പോള്‍ പകല്‍ അവസാനിച്ചിരുന്നു. തെരുവ് വിളക്കുകള്‍ പകല്‍ വെളിച്ചവുമായി മത്സരം തുടങ്ങിയതേയുള്ളൂ. അവിടവിടെ പകല്‍വെളിച്ചത്തിന്റെ പോറലുകള്‍ മാഞ്ഞിരുന്നില്ല.
തെരുവില്‍ വഴിപോക്കരുടെ തിരക്കായിരുന്നു.
ബംഗാളികള്‍ …. തമിഴന്മാര് ……
പണിയെടുക്കുന്ന തൊഴിലാളികള്‍ , അവര്‍ നിഴലുകളായി കിതപ്പോടെ മുന്നോട്ടുനീങ്ങി. ക്ഷീണിതരായി….. തെരുവില്‍ അവരുടെ കിതപ്പിന്റെ താളവും വിയര്‍പ്പിന്റെ ഗന്ധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ തങ്ങളുടെ കൂടാരത്തിലേക്ക് തിരിച്ചുപോകയാണ്….. ഉറുമ്പുകളെപ്പോലെ….
ഇന്ന് രാവിലെയായിരുന്നു പാലുകാച്ചല്‍ . ഇനി വൈകീട്ടുള്ള ഒത്തുചേരല്‍ വിരുന്നാണ്. ഭാര്യ തിരക്കുകൂട്ടിയപ്പോള്‍ ഞാന്‍ ബൈക്കിന്റെ വേഗത അല്പം കൂട്ടി. മെയിന്‍ റോഡില്‍ നിന്നും തിരിഞ്ഞപ്പോള്‍തന്നെ ദീപാലങ്കാരങ്ങള്‍ തെളിഞ്ഞുതുടങ്ങിയിരുന്നു. കൊട്ടാരംവീട് അടുക്കുന്തോറും കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതത്തിന്റെ അലയൊലികള്‍ കേള്‍ക്കായി. അടുക്കുന്തോറും സംഗീതം എന്റെ നെഞ്ചിടിപ്പായി.
ഗേറ്റിനുമുമ്പില്‍ തന്നെ കേരളീയവേഷത്തില്‍ പാശ്ചാത്യസംഗീതം തൊഴുകയ്യോടെ നില്ക്കുന്നു. പിറകില്‍ രാജീവ് എളിമയുടെ മൂര്‍ത്തിമത്ഭാവമായി നിന്നു ചിരിച്ചു. രാജീവ് എന്നും അങ്ങനെയാണ്, എല്ലാം ഒരു ചിരിയിലൊതുക്കും. സത്യത്തില്‍ അവന്റെ വളര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. വെറുമൊരു സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍ ഗള്‍ഫില്‍ സ്വന്തമായി വ്യവസായം തുടങ്ങുമ്പോള്‍ ആരും കരുതിയില്ല ഇങ്ങനെ ഒരു നിലയില്‍ എത്തുമെന്ന്. ഇപ്പോള്‍ ഗള്‍ഫില്‍ മിക്കവാറും എല്ലാ എണ്ണക്കമ്പനികള്‍ക്കും ഉരുക്കുപൈപ്പുകള്‍ അവന് നിര്‍മ്മിച്ചുകൊടുക്കുന്നു.
കയ്യില്‍ സമ്മാനപ്പൊതിയുമായി തെല്ലു ജാള്യതയോടെ ഞങ്ങള്‍ പരുങ്ങിനിന്നപ്പോള്‍ റിമ വന്നു. രാജീവിന്റെ ഭാര്യ. റിമ രാജീവിനെപ്പോലെയല്ല. അവള് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. രാജീവിന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും പിറകില്‍ അവളാണെന്ന് അവളുടെ ഓരോ ചലനങ്ങളും പറയുന്നു.
ബുഫെ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന അലങ്കാരവീഥികളിലൂടെ അതിഥികള്‍ കയ്യില്‍ തീറ്റപ്പാത്രങ്ങളുമായി മുന്നേറി. ചപ്പാത്തി, പൊറോട്ട, പൂരി, ദോശ, ഇടിയപ്പം, ചിക്കന്‍ , മട്ടന്‍ , തന്തൂര്‍ , ഫിഷ്, കാടയിറച്ചി……. തങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ തേടി മേയാന്‍വിട്ട താറാവിന്കൂട്ടങ്ങളെപ്പോലെ അതിഥികള്‍ പരതിനടന്നു. ക്ഷീണിതരായി ചിലര്‍ കരയ്ക്കുകയറി നീണ്ട വരാന്തയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
റിമ ഞങ്ങളെ വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. വീടിനുചുറ്റും രണ്ട് വശങ്ങളിലും നീണ്ടുകിടക്കുന്ന വരാന്ത. ശീതീകരിച്ച സ്വീകരണമുറികള്‍ , കൊത്തുപണികളാല്‍ അലങ്കരിച്ച ശയനമുറികള്‍ , ഏതൊക്കെയോ പ്രശസ്തരായ കലാകാരന്മാരുടെ ചിത്രങ്ങള്‍ , ശില്പ്പങ്ങള് ….. ഏതോ മുഗള്‍ രാജാവിന്റെ കൊട്ടാരത്തില്‍ വന്നെത്തിയ പ്രതീതി.
റിമ കൊച്ചുകുട്ടിയെപ്പോലെ വാചാലയായി. ഞങ്ങള്‍ക്ക് എല്ലാം പറഞ്ഞു തന്നുകൊണ്ടിരുന്നു.
‘എന്നാല്‍ നിങ്ങളിനി ഭക്ഷണം കഴിച്ചോളൂ, പ്ലീസ് സെര്‍വ് യുവേര്സെല്ഫ്……’
റിമ മറ്റൊരു അതിഥിയുടെ കൂടെ ഒഴുകിപ്പോയി. ഞങ്ങള്‍ തീറ്റപ്പാത്രവുമെടുത്ത് നടന്നു. താറാവുകളേപ്പോലെ മുങ്ങിത്തപ്പാന്‍ തുടങ്ങി. ഞങ്ങള്‍ ഒരു കുളത്തില്‍ അകപ്പെട്ടിരുന്നു. ഏതു കരയിലാണ് ഞങ്ങള്‍ക്കിഷ്ടപ്പെട്ട വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത് ?
അതെ, ഞങ്ങള്‍ ശരിക്കും താറാവുകളായി മാറിയിരുന്നു.
കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതം ഞങ്ങള്‍ താറാവുകളെ ഉന്മത്തരാക്കുന്നുണ്ടായിരുന്നു.
എല്ലാം കണ്ട് രാജീവ് ആ വലിയ കൊട്ടാരംവീടിനു മുന്നില്‍ പുഞ്ചിരിയോടെ നിന്നു.
അപ്പോള്‍ ദൂരെ അറബിനാട്ടില്‍ , പിടിച്ചാല്‍ പിടിയെത്താത്ത വണ്ണത്തിലുള്ള ഉരുക്ക് പൈപ്പുകള്‍ നീക്കിയും നിരക്കിയും അവന്റെ തൊഴിലാളികള്‍ കിതക്കുകയായിരുന്നു.
മലയാളികള്‍ , തമിഴന്മാര് , ബംഗാളികള്‍ …..
പല നാട്ടില്‍ നിന്നും വന്നവര്‍ , പല ഭാഷകളില്‍ സംവദിക്കുന്നവര്‍ …..
അവരുടെ കിതപ്പിന് ഒരേ സ്വരം, വിയര്പ്പിന് ഒരേ മണം……
എന്തുകൊണ്ടോ എനിക്കെന്റെ തീറ്റ മുഴുവിക്കാന്‍ കഴിഞ്ഞില്ല. എന്റെ ഭക്ഷണത്തിന് വിയര്‍പ്പിന്റെ വല്ലാത്തൊരു ഗന്ധം എനിക്കനുഭവപ്പെട്ടു.
ബംഗാളിയുടെ, മലയാളിയുടെ, തമിഴന്റെ, ഒരു തൊഴിലാളിയുടെ……
98 total views, 1 views today
