ദൈവം ബുള്ളറ്റിന്റെ രൂപത്തിലുള്ള ബുള്ളറ്റ് ബാബ ക്ഷേത്രം

147

ദൈവം ബുള്ളറ്റിന്റെ രൂപത്തിലുള്ള ബുള്ളറ്റ് ബാബ ക്ഷേത്രം.

ദൈവം തൂണിലും തുരുമ്പിലുമുണ്ടെന്നാണ് ഹിന്ദു മതവിശ്വാസികളുടെ വിശ്വാസം. അങ്ങനെയെങ്കില്‍ 350 സിസി ഡീസല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിലും ദൈവം ഉണ്ടാകാതെ തരമില്ല! രാജസ്ഥാനില്‍ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റിനെ ദൈവമായി ആരാധിക്കുന്നത്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിനെ ഇവിടെ ദൈവമായി ആരാധിക്കാൻ തുടങ്ങിയത്.

ബുള്ളറ്റിനെ ദൈവമായി ആരാധിക്കുന്നതിന് കാരണമായി ഗ്രാമവാസികൾ പറയുന്ന കഥ ഇങ്ങനെയാണ്- ഛോട്ടില ഗ്രാമത്തലവന്റെ മകനായിരുന്നു ഓംസിംഗ് റാത്തോഡ്. താൻ പുതുതായി വാങ്ങിയ ബുള്ളറ്റിൽ യാത്ര ചെയ്യവെ ബുള്ളറ്റ് ഒരു മരത്തിൽ ഇടിച്ച് റാത്തോഡ് മരണമടഞ്ഞു. തുടർന്ന് പോലീസുകാരെത്തി ബുള്ളറ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. എന്നാൽ പിറ്റേ ദിവസം അപകടം നടന്ന സ്ഥലത്ത് തന്നെ ബുള്ളറ്റ് തിരിച്ചെത്തി. ആരെങ്കിലും എടുത്തുകൊണ്ട് പോയതാകുമെന്ന് വിചാരിച്ച് പോലീസുകാർ വീണ്ടും ബുള്ളറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച് പെട്രോൾ ഊറ്റിക്കളഞ്ഞു. പിറ്റേ ദിവസവും അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് എത്തി. ഈ സംഭവം ആവർത്തിച്ചപ്പോൾ പോലീസുകാർ ബുള്ളറ്റ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവർ അത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ അവിടെ നിന്നും ബുള്ളറ്റ് തിരിച്ചെത്തിയതോടെ ബുള്ളറ്റിന് ദൈവീക ശക്തിയുള്ളതായി ജനങ്ങൾ വിശ്വസിച്ചു തുടങ്ങി. തുടർന്ന് ബൈക്കിനെ ദൈവമായി പ്രതിഷ്ഠിക്കുകയും ചെയ്തു. 1991ൽ ആണ് ഈ സംഭവങ്ങൾ നടന്നത്.

വാഹന യാത്രയ്ക്കിടെ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് ആളുകൾ ഇവിടെ എത്തി പ്രാർത്ഥിക്കുന്നത്. ഈ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺമുഴക്കുന്നതാണ് ബാബയ്ക്കുള്ള വഴിപാട്. ഇതുകൂടാതെ ബിയറും വഴിപാടായി നൽകാറുണ്ട്. ക്ഷേത്രത്തിന് മുന്നിൽ എത്തി ഹോൺ മുഴക്കി ബാബയ്ക്ക് പ്രണാമം അർപ്പിക്കാതെ പോയാൽ വീട്ടിൽ എത്തില്ലെന്ന ഒരു വിശ്വാസവും നിലവിൽ ഉണ്ട്. ആളുകൾ ആഗ്രഹ സഫലീകരണത്തിനായി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഉണങ്ങിയ മരത്തിൽ തുവാലകൾ കെട്ടിത്തൂക്കുന്നതും പതിവാണ്. എല്ലാ ആഗ്രഹങ്ങളും ബുള്ളറ്റ് ബാബ സാധിച്ച് നൽകുമെന്നാണ് വിശ്വാസം. ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്ര കാര്യങ്ങൾ നോക്കാൻ പൂജാരിമാരും ഇവിടെയുണ്ട്.

Previous articleസെക്സും ഒരല്പം സാമൂഹിക കാര്യങ്ങളും
Next articleഇച്ചീച്ചി – ധര്‍മരാജ് മടപ്പള്ളി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.