പരിധിയില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

0
526

യാതൊരു ലക്കും ലഗാനുമില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി. സ്വന്തം പേരില്‍ വിവിധ കമ്പനികളില്‍ നിന്നും കോടിക്കണക്കിനു ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങിയ ശേഷം അക്കൌണ്ടില്‍ ഇല്ലാത്ത 624 മില്ല്യന്‍ ദിര്‍ഹത്തിന്റെ ചെക്കാണ് വിവിധ കമ്പനികള്‍ക്കായി ഇദ്ദേഹം എഴുതി നല്‍കിയിരുന്നത്.

ഒടുവില്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യു എ ഇ കമ്പനികള്‍ പോലിസിനെ സമീപിപ്പിച്ചതോടെ ദുബായ് പോലിസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ നാട്ടില്‍ നിന്നും യു എ ഇയില്‍ എത്തിച്ചു എയര്‍പോര്‍ട്ടില്‍ വെച്ച് കയ്യോടെ പിടികൂടുകയായിരുന്നു.

പെട്രോളിയം പ്രോഡക്റ്റുകള്‍ വിപണനം നടത്തുന്ന കമ്പനി നടത്തി വരികയായിരുന്നു ഇദ്ദേഹം. ദുബായിലെ മൂന്നു പ്രധാന പെട്രോളിയം കമ്പനികളില്‍ നിന്നും വണ്ടി ചെക്ക് നല്‍കി സാധനങ്ങള്‍ വാങ്ങിയ ഇദ്ദേഹം ആ സാധനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി ദുബായ് വിടുകയായിരുന്നു. ഒടുവില്‍ മാസങ്ങളായി ഇന്ത്യയില്‍ ഇദ്ദേഹം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

ഇതിനു മുന്‍പ് 1 ബില്ല്യന്റെ ബിസിനസ് ഈ കമ്പനികളുമായി നടത്തി ഇദ്ദേഹം അവരുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു. ഒടുവില്‍ പുതുവത്സര അവധിക്ക് ബാങ്കുകള്‍ പൂട്ടുന്ന സമയം നോക്കി ചെക്കെഴുതി നല്‍കി ഇദ്ദേഹം മുങ്ങുകയായിരുന്നു. അവസാനം മറ്റൊരു ബിസിനസ് ഡീല്‍ എന്ന വ്യാജേന അദ്ധേഹത്തെ ദുബായില്‍ വരുത്തിയാണ് ദുബായ് പോലിസ് അദ്ധേഹത്തെ വരുതിയിലാക്കിയത്.