പോലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ വിഘടനവാദിയായ ഗുരുവിനെ പോലീസ് ഉപയോഗിക്കുകയായിരുന്നു

0
271

BY S A Ajims

( Vinod K. Jose) വിനോദ് കെ ജോസിന്റെ നേതൃത്വത്തില്‍ ഫ്രീ പ്രസ് എന്നൊരു പ്രസിദ്ധീകരണം ഡെല്‍ഹിയില്‍ നിന്നിറങ്ങിയിരുന്നു. മലയാളത്തിലും അതിന്റെ പതിപ്പ് ലഭ്യമായിരുന്നു. ഡെല്‍ഹി പോലീസ് റെയ്ഡ് ചെയ്ത് പൂട്ടിക്കുന്നത് വരെ അതിന്റെ ഒട്ടുമിക്ക കോപ്പികളും എന്റെ കൈവശമുണ്ടായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്ത വിനോദ് ജോസിന്റെ സ്‌റ്റോറി അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ചില്ല. ഇതെ തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് വിട്ട വിനോദ് തുടങ്ങിയ ഫ്രീ പ്രസ് ആയിരുന്നു പാര്‍ലമെന്റ് ആക്രമണത്തിലെ ദുരൂഹതകള്‍ ഒന്നൊന്നായി പുറത്തു കൊണ്ടു വന്നത്. എസ്എആര്‍ ഗീലാനിയെ കുറിച്ചുള്ള ഫ്രീപ്രസിലെ കവര്‍‌സ്റ്റോറി ഡെല്‍ഹി പോലീസിനെ പ്രകോപിപ്പിക്കുകയും അത് റെയ്ഡ് ചെയ്ത് പൂട്ടുന്നതിലേക്ക് വരെ അതെത്തി. ഗീലാനിയെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി.

പാര്‍ലമെന്റ് ആക്രമണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്ക് എന്താണ് എന്നത് സംബന്ധിച്ച് അന്നേ സംശയങ്ങളുണ്ടായിരുന്നു. അഫ്‌സല്‍ ഗുരു എഴുതിയ കത്തും അദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴികളും അതിന് കാരണമായി. പോലീസിന്റെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചിരുന്ന മുന്‍ വിഘടനവാദിയായ ഗുരുവിനെ പോലീസ് ഉപയോഗിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഗുരു എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയ പോലീസ് ഉദ്യോഗസ്ഥനാണ് ദേവീന്ദ്ര സിങ്. പാര്‍ലമെന്റ് ആക്രമിച്ച ഭീകരരെ ഡെല്‍ഹിയിലെത്തിക്കാന്‍ തന്നെ നിയോഗിച്ചത് ദേവീന്ദ്ര സിങായിരുന്നുവെന്നും അവര്‍ ഭീകരരാണെന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഗുരു പറഞ്ഞിരുന്നത്. രാജ്യത്തിന്റെ പൊതുവികാരം കണക്കിലെടുത്ത് ഗുരുവിന് വധശിക്ഷ നല്‍കി കോടതി. അത് നടപ്പാക്കുകയും ചെയ്തു.

2005 മുതല്‍ ഫേസ്ബുക്ക് തുടങ്ങുന്നത് വരെയുള്ളത് ഓര്‍ക്കുട്ടിന്റെ കാലമായിരുന്നു. അന്ന് പാര്‍ലമെന്റ് ആക്രമണത്തില്‍ ഉയര്‍ന്ന് വന്ന സംശയങ്ങള്‍ ഉന്നയിച്ചാല്‍ രാജ്യദ്രോഹി പട്ടം പതിവായിരുന്നു ഓര്‍ക്കുട്ടില്‍. ഇന്ന് അഫ്‌സല്‍ ഗുരു അന്ന് പറഞ്ഞ ദേവീന്ദ്ര സിങ് ഭീകരരോടൊപ്പം അറസ്റ്റിലായിരിക്കുന്നു. അന്ന് അഫ്‌സല്‍ ഗുരുവിനോടൊപ്പമാണ് ഭീകരരെ ഡെല്‍ഹിക്കയച്ചതെങ്കില്‍ ഇന്ന് ദേവീന്ദ്ര സിങ് നേരിട്ടാണ് ലോജിസ്റ്റിക്. ആരുടെയോ ഭാഗ്യത്തിന് പോലീസിന്റെ കണ്ണില്‍ പെട്ടു.
അന്ന് കാര്‍ഗില്‍ ശവപ്പെട്ടി കുംഭകോണം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെയാണ് പാര്‍ലമെന്റ് ആക്രമണം ഉണ്ടായത്. ഇന്ന് ബിജെപി സര്‍ക്കാര്‍ വേറൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കെയാണ് ദേവീന്ദര്‍ സിങ് ഭീകരര്‍ക്കൊപ്പം പിടിയിലാവുന്നത്.

അന്ന് ഉന്നയിക്കപ്പെട്ട സംശയങ്ങളെല്ലാം കോണ്‍സ്പിരസി തിയറിയാക്കുന്നത് സംഘ്പരിവാറുകാര്‍ മാത്രമായിരുന്നില്ല, ഓര്‍ക്കുട്ടില്‍ ഈ സംശയങ്ങളുന്നയിച്ചവരെ രാജ്യദ്രോഹികളാക്കിയവര്‍ ഫേസ്ബുക്കില്‍ നിശബ്ദരാണ്.

ഇന്ത്യയില്‍ ഒരു ഡീപ്‌സ്റ്റേറ്റ് ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അത് പോലീസിലും സൈന്യത്തിലും മാത്രമല്ല പ്രവര്‍ത്തിക്കുന്നത്. ആ ഡീപ്‌സ്റ്റേറ്റിന്റെ പ്രവര്‍ത്തനം കൊണ്ടാണ് ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചാല്‍ പോലും സംഘ്പരിവാര്‍ അജന്‍ഡ ഇന്ത്യയില്‍ നടപ്പായിരുന്നത്. 2001 മുതല്‍ 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറുന്നത് വരെ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളെല്ലാം പുനരന്വേഷിച്ചാല്‍ ഈ ഡീപ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം വ്യക്തമാകും. അതിന് പല അവസരങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിന് പോലും അത് സാധിക്കാതിരുന്നതും ആ ഡീപ്‌സ്റ്റേറ്റിന്റെ സ്വാധീനം മൂലമാണ്.

കേരളത്തിലെ പോലീസിലുമുണ്ട് ആ ഡീപ് സ്റ്റേറ്റ് എന്ന് സെന്‍കുമാര്‍ വിരമിച്ചപ്പോഴെങ്കിലും മനസിലായിട്ടുണ്ടാകും പലര്‍ക്കും. ആ ഡീപ് സ്റ്റേറ്റിനെ ചെറുക്കുന്നതില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് വിജയിച്ചില്ലെങ്കില്‍ ഒരു സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് അത് സാധിക്കണമെന്നാഗ്രഹിക്കുന്നത് അത്യാഗ്രഹമാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ സംഘിവല്‍ക്കരണത്തില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ആ ഡീപ് സ്റ്റേറ്റിന്റെ സ്വാധീനത്തെക്കുറിച്ചാണ് പഠിക്കേണ്ടത്. ഒരു പക്ഷേ നിസഹായനായ ആഭ്യന്തര മന്ത്രിയാകും അദ്ദേഹം.