സി മുഹമ്മദ് അജ്മൽ
SSLC പരീക്ഷ നമ്മുടെ കുട്ടികളുടെ ഭാവി തകർക്കാതിരിക്കട്ടെ!!!
തമാശയല്ല, ട്രോളല്ല- വളരെ ഗൗരവത്തിൽ ആലോചിച്ചെഴുതിയ തലക്കെട്ടാണ്. അനാവശ്യമായി ഗ്ലോറിഫൈ ചെയ്യപ്പെട്ട ഒരു പരീക്ഷയാണ് SSLC. നമ്മുടെ നാട്ടിൽ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമായി നാട്ടുകാരും അധ്യാപകരും രക്ഷിതാക്കളും പ്രൊജക്റ്റ് ചെയ്യുന്ന ഒരു വാർഷിക മാമാങ്കം. അടിസ്ഥാനപരമായി SSLC യിൽ നല്ല മാർക്ക് വാങ്ങുന്ന കുട്ടിക്ക് അക്കാദമികമായി എന്താണ് ഗുണം? ഇന്ന് അവന് ഇഷ്ടപ്പെട്ട സ്കൂളിൽ +1ന് അഡ്മിഷൻ വാങ്ങാം എന്നല്ലാതെ മറ്റൊരു ഗുണവുമില്ല, ഇന്നലെ വന്ന റിസൽറ്റ് അനുസരിച്ച് ആ ഗുണം പോലും കിട്ടില്ല- ഞാൻ +1,+2 പഠിച്ച, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുന്ന എടരിക്കോട് PKMMHSSൽ 600ൽ അധികം കുട്ടികൾക്കാണ് മുഴുവൻ A+, അവിടുത്തെ +1 സീറ്റ് 300ഉം!! അതായത് സ്വന്തം സ്കൂളിൽ പഠിക്കാൻ പോലും ഉന്നത വിജയം നേടിയ കുട്ടിക്ക് കഴിയില്ല എന്നർത്ഥം!
ഇനി, കൂടുതൽ കുട്ടികൾ ജയിക്കുന്നതും- പ്രത്യേകിച്ച് കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പഠിച്ച് മുന്നിലോട്ട് വരുന്നതും വളരെ അഭിനന്ദനാർഹമാണ്(ആരെയും തോൽപ്പിക്കരുത് എന്നാണ് എന്റെ അഭിപ്രായം). എന്നാൽ അത് കുട്ടികൾക്ക് അവരെ കുറിച്ച് തന്നെ അമിത പ്രതീക്ഷകൾ നൽകിയാവരുത്. പൊതു പരീക്ഷകൾ Reality checks ആണ് ആവേണ്ടത്- അല്ലാതെ എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഒരു സിസ്റ്റം അല്ല. എന്നിട്ട് ഈ പരീക്ഷക്ക് മേലെ കുട്ടികളും രക്ഷിതാക്കളും തലകുത്തി മറിയുന്നു. സ്കൂളിന് പുറമേ റ്റ്യൂഷൻ, (കോവിഡ് അല്ലെങ്കിൽ) സ്പെഷ്യൽക്ലാസുകൾ, രാത്രി ക്യാമ്പുകൾ- ഇതിന് പുറമേ കാക്കത്തൊള്ളായിരം ഇനം ഗ്രേസ് മാർക്കുകൾ, ഉദാരമൂല്യനിർണയം. ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയോടും രക്ഷിതാവിനോടും നിങ്ങൾ ഇന്ത്യയിലേ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിച്ച് തുടങ്ങാൻ ഇപ്പോഴേ തയ്യാറെടുക്കണം എന്ന് പറഞ്ഞാൽ, “അതിനൊക്കെ സമയമുണ്ടാകുമോ, പത്താം ക്ലാസ് അല്ലേ” എന്ന മറുപടിയും!
കുട്ടികളുടെ ഭാവിയെ തകർക്കുന്ന രീതിയിലേക്ക് അമിത പ്രാധാന്യം നാമിന്ന് SSLC പരീക്ഷക്ക് കൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു!കുട്ടികളെ, ഈ കോവിഡ് കാലത്ത് സകല പ്രതിസന്ധികളെയും അതിജീവിച്ച്, ക്ലാസുകൾ ലഭിക്കാതെ, പി പി ഇ കിറ്റുകൾ വരെ ധരിച്ച്, രോഗികളായിരിക്കെ, ഉറ്റവർ വെന്റിലേറ്ററിൽ കിടക്കുന്ന സമയത്ത് പരീക്ഷ എഴുതിയ നിങ്ങൾ എ പ്ലസ് കിട്ടിയാലും ഇല്ലെങ്കിലും വിജയികളാണ്. എന്നാൽ കിട്ടിയ മാർക്കും എ പ്ലസിന്റെ എണ്ണവും കണ്ട് അമിത പ്രതീക്ഷകൾ വെക്കരുത്, നിരാശരാവുകയും പാടില്ല. എസ് എസ് എൽ സി എന്തോ വലിയ സംഭവമാണ് എന്ന് കൊട്ടി ഘോഷിക്കുന്നവരുടെ മുന്നിൽ ചെവികളടക്കുക. ഈ പരീക്ഷക്കോ പരീക്ഷാ ഫലത്തിനോ ഇന്നത്തെ കാലത്ത് അക്കാദമികമായി യാതൊരു പ്രസക്തിയുമില്ല എന്നത് വേദനാജനകമായ സത്യമാണ്. നിങ്ങൾക്കിഷ്പ്പെട്ട മേഖലയിൽ ഉന്നത പഠനത്തിനുള്ള സാധ്യതകൾ അന്വേഷിക്കുക, അവക്ക് തയാറെടുക്കുക!
കോവിഡ് കാലത്തെ നിങ്ങളെല്ലാവരും A+++ വാങ്ങി അതിജീവിച്ചു.. എല്ലാ ക്ലാസിലും പരീക്ഷ എഴുതിയ എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും, ജയിച്ചവർക്കും തോറ്റവർക്കും അഭിനന്ദനങ്ങൾ!
പിഎംഎ ഗഫൂർ നടത്തിയ ഒരു പ്രസംഗം ഇതിനോടൊപ്പം പങ്ക് വക്കുന്നു
https://www.facebook.com/saif.nisar.14/videos/840688813550403