ഭക്തിമൂത്ത നാണിയേച്ചിയും ഭക്തിയില്ലാത്ത ഞാനും

347

രവിചന്ദ്രൻ.സി

നാണിയേച്ചി

നാട്ടില്‍ പ്രായംചെന്ന ഒരു അലക്കുകാരിയുണ്ടായിരുന്നു. തല്‍ക്കാലം നാണിയേച്ചി എന്നുവിളിക്കാം. വാര്‍ദ്ധക്യസഹജമായി യാതനകള്‍ മൂര്‍ച്ഛിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു. ഞാനുമായി വലിയ കൂട്ടായിരുന്നു. നാണിയേച്ചിയുടെ പ്രത്യേകത അവരുടെ അതിഘോര ഭക്തിയായിരുന്നു. ഭക്തി മൂത്ത് ഭ്രാന്തായെന്ന് പറയാവുന്ന അവസ്ഥ. അലക്കുപണിക്ക് ശേഷം പ്രാദേശികക്ഷേത്രത്തില്‍ ചെന്ന് സകല പണിയും ചെയ്യും. മഴയും കാറ്റുമൊന്നുമില്ലെങ്കില്‍ വൈകിട്ട് സന്ധ്യാനാമം ചൊല്ലിയിട്ടേ വീട്ടില്‍ പോകൂ. അന്നൊന്നും ക്ഷേത്രങ്ങളില്‍ ഇന്നത്തെ ബഹളവും ചവിട്ടിപ്പൊളിയുമില്ല. വൈകുന്നേരമാകുമ്പോള്‍ അമ്പലത്തിന്റെ തിണ്ണയില്‍ നായ്ക്കള്‍ കയറിക്കിടക്കും. മിക്കപ്പോഴും സന്ധ്യാനാമം ചൊല്ലാന്‍ ഞാനും നാണിയേച്ചിയും മാത്രം ബാക്കിയാവും. കറണ്ടില്ലെങ്കില്‍ മൈക്കുമില്ല.

ആസ്തമയുടെ ശല്യമുണ്ടായിരുന്നതിനാല്‍ പല വരികളും പാടി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് പ്രയാസമായിരുന്നു. ഞാനാകട്ടെ, നാമംചൊല്ലിയാല്‍ ആനമുട്ട കിട്ടുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന കാലം. നാണിയേച്ചിയുടെ ഒപ്പമിരുന്ന് കഴിവതും ഉച്ചത്തില്‍ ”ഒളിച്ച് നിന്ന് ബാലിയെ തിളച്ചയമ്പിനാല്‍ കൊല കഴിച്ച രാഘവാ മുകുന്ദരാമ പാഹിമാം…..” എന്നൊക്കെ വെച്ചു കീറും. ഭക്തകുചേലനായിരുന്ന എന്നോട് അവര്‍ക്ക് വലിയ സ്‌നേഹമായിരുന്നു. അതങ്ങനെ തുടര്‍ന്നു. പിന്നീട് ഏഴാം ക്‌ളാസ്സിലൊക്കെ ആയതിന് ശേഷം എന്തുകൊണ്ടോ എനിക്ക് നാമംചൊല്ലലില്‍ ക്രമേണ താല്‍പര്യം കുറഞ്ഞു വന്നു. പിന്നങ്ങോട്ട് ആ വഴിക്ക് പോകാതെയുമായി. അമ്മ അമ്പലത്തില്‍ ചെന്നപ്പോള്‍ നാണിയേച്ചി ഇക്കാര്യം പലവുരു പരാതിയായി പറഞ്ഞിട്ടുണ്ട്.

പിന്നീട് പലയിടത്ത് വെച്ച് കാണുമ്പോഴും നാമംചൊല്ലാന്‍ വരാത്തതെന്തേ എന്നൊക്കെ തടഞ്ഞുനിറുത്തി അധികാരഭാവത്തോടെ ചോദിക്കും. ദൈവകോപം കിട്ടുമെന്നും ഭാവി കോഞ്ഞാട്ടയാകുമെന്നുമൊക്കെ ഭീഷണിപ്പെടുത്തും. വരാമെന്ന് ഏറ്റ് ഞാന്‍ സൂത്രത്തില്‍ മുങ്ങും. പിന്നെ കുറെനാള്‍ തമ്മില്‍ കാണാതായി. ട്യൂഷന്‍ സെന്ററിലൊക്കെ ക്‌ളാസ്സ് എടുക്കുന്ന ഒരു ഘട്ടത്തിലാണ് പിന്നീട് കണ്ടുമുട്ടുന്നത്. എന്റെ വേഷവിധാനമൊക്കെ കണ്ട് ജോലി കിട്ടിയെന്ന് തെറ്റിദ്ധരിച്ച് അവരെന്റെ കയ്യില്‍പിടിച്ച് എന്തൊക്കെയോ പറഞ്ഞ് കുറെ കരഞ്ഞു. ചെറിയ പ്രായത്തില്‍ ജോലി കിട്ടിയത് പണ്ട് സന്ധ്യാനാമം ചൊല്ലി നാട്ടുകാരെ പീഡിപ്പിച്ച വകുപ്പിലാണെന്നും അവര്‍ തലേദിവസവും എന്നെക്കുറിച്ച് പ്രത്യേകപ്രാര്‍ത്ഥന നടത്തിയെന്നുമൊക്കെയാണ് കരച്ചിലിനിടെ പറഞ്ഞതിന്റെ സാരം. സന്തോഷപൂര്‍വം എല്ലാം അംഗീകരിച്ച് തലയാട്ടി കേട്ടു, പത്തു രൂപയും കൊടുത്തു.

പിന്നീടങ്ങോട്ട് കാണുമ്പോഴൊക്കെ കയ്യിലുള്ളതെന്തെങ്കിലും സ്‌നേഹത്തോടെ കൊടുക്കുന്നത് ശീലമായി. സത്യത്തില്‍ അവരത് പ്രതീക്ഷിച്ചിരുന്നു. അവസാനഘട്ടമായപ്പോള്‍ അവശത കാരണം നാണിയേച്ചി വില്ലുപോലെ വളഞ്ഞുപോയി. എണ്ണയും കുഴമ്പും നടുവേദനയും ഒക്കെയായി….. പണിയെടുക്കാനൊന്നും വയ്യാതായതോടെ സ്വന്തം വീട്ടിലും അധികപ്പറ്റായി… പിന്നീടും പലയിടത്തും വെച്ചും കണ്ടിട്ടുണ്ട്. കാണുമ്പോഴൊക്കെ കുശലം പറയും, അവശതയെക്കുറിച്ച് പറയും. ജോലിയും ഐശ്വര്യവുമൊക്കെ ഉണ്ടായത് കൃഷ്ണന്‍, ശിവന്‍, ദേവി തുടങ്ങിയ ദേശീയദൈവങ്ങളുടെ കൃപ കൊണ്ടാണെന്ന് ആവര്‍ത്തിക്കും. മിണ്ടാതെ കേള്‍ക്കും, സന്തോഷത്തോടെ പിരിയും.

പക്ഷെ പെട്ടെന്നൊരു ദിവസം ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. എന്നെ ദൂരെ നിന്ന് കണ്ടതും ഒരു കടയില്‍ നിന്ന നാണിയേച്ചി കൈ കൊട്ടി വിളിച്ചു. അടുത്ത് ചെന്നപ്പോള്‍ ഒറ്റ ചോദ്യം:
”എടാ നീ ഇപ്പോള്‍ വല്യ നിരീശ്വരവാദിയാണൊന്നൊക്കെ കേട്ടു. ടി.വി ചെന്നിരുന്ന് ദൈവകോപം പറഞ്ഞെന്നോ ഒക്കെ ആളുകള് പറയുന്ന കേട്ടു.”
അത്രയുംപേര്‍ അവിടെ കൂടി നില്‍ക്കവെ അവരത് പറഞ്ഞപ്പോള്‍ വല്ലായ്മ തോന്നി. ഞാന്‍ മിണ്ടാതെ നിന്നെങ്കിലും വെടികൊണ്ട പുലിയെപ്പോലെ നാണിയേച്ചി കത്തിക്കയറി:
”എടാ, നിനക്ക് ശിവനെ അറിയില്ല. ഒറ്റനോട്ടത്തില്‍ ഭസ്മമാക്കി കളയുന്നവനാണ്. നീ മാത്രല്ല നിന്റെ കുട്യോളേം പെണ്ണുംമ്പിള്ളേം വരെ അനുഭവിക്കും. പരീക്ഷിത്തിനെ കൊന്നതെങ്ങനാന്ന് അറിയാമോ നിനക്ക്?…കളിക്കല്ലേ മോനെ ശിവനോട്…”

ആകെ ചമ്മിപ്പോയി. എന്താ പറയ്ക?! നാണിയേച്ചി അങ്ങനെ നിറുത്താതെ ഓരോന്ന് പറയുകയാണ്. കടയില്‍ നില്‍ക്കുന്നവരൊക്കെ നോക്കി ചിരിക്കുന്നു. അവസാനം സഹികെട്ട് ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു:
”നിങ്ങളോട് ഇതൊക്കെ ആരാ പറയുന്നേ? നിരീശ്വരവാദിയാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞോ?”
”ഇങ്ങോട്ടൊന്നും പറയണ്ട…നാണി പറയുന്നത് അങ്ങ് കേട്ടാച്ചാ മതി”
”നാണിയേച്ചി നമുക്കിങ്ങനെ സംസാരിക്കേണ്ട, കാശു വല്ലതും വേണമെങ്കില്‍ അത് പറഞ്ഞാല്‍ മതി”
”പോടാ അവിടുന്ന് !! നിന്റെ കാശ് നാണിയുടെ പട്ടിക്ക് വേണം! നീ ദൈവനിഷേധം പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞതായോ ഇപ്പോ എന്റെ കുറ്റം?”
ആകെപ്പാടെ വല്ലാതെ തോന്നിയെങ്കിലും സൈക്കിളില്‍ നിന്ന് വീണ ഒരു ചിരിയോടെ ഞാനന്ന് സ്ഥലം കാലിയാക്കി. അതില്‍പ്പിന്നെ നാണിയേച്ചിയെ ദൂരെ നിന്ന് കാണുമ്പോഴേ ഞാന്‍ ഒഴിഞ്ഞുമാറും. സമയവും സന്ദര്‍ഭവും നോക്കാതെ അവര്‍ വിടുവായത്തം എന്തെങ്കിലും പറഞ്ഞാലോ! പക്ഷെ ആറുമാസം കഴിഞ്ഞില്ല. പിന്നെയും പിടി വീണു. അതേ കടയില്‍ വെച്ച്! അറിയാതെ മുമ്പില്‍ ചെന്ന് പെട്ടുപോയി:
”ഡാ….!!!” -അവരുടെ വിളി കേട്ടപ്പോഴേ ഉള്ളൊന്നു കാളി.

”എന്തുണ്ട് നാണയേച്ചി…?” -കുശലം ചോദിച്ചു.
”വേണ്ട, വേണ്ട..നാണിയേച്ചിക്ക് കൊഴപ്പമൊന്നുമില്ല. നിന്റെ നിരീശ്വരവാദ ചോദ്യമൊന്നും എന്നോട് വേണ്ട മോനെ….”
ഞാനാകെ കുഴങ്ങി. വീണ്ടും പഴയ രീതിയില്‍ അപമാനിക്കാനുള്ള പുറപ്പാടിലാണ്.
”എടാ നീ എല്ലാവരേയും പറഞ്ഞു വഴിതെറ്റിച്ച് നിരീശ്വരവാദിയാക്കുന്നുവെന്ന് കേട്ടല്ലോ… ”
” ഇതൊക്കെ നിങ്ങളോടാരാ പറഞ്ഞേ. ഞാന്‍ നിങ്ങളോടായി എന്തെങ്കിലും പറഞ്ഞോ…”
”എന്നോട് പറയാനോ…. അതാപ്പം നന്നായേ! എന്നാ നീയൊന്ന് പറഞ്ഞുനോക്ക്! അപ്പോഴറിയാമല്ലോ നാണിയുടെ കൊണം…”
”എന്തോ പറയണമെന്നാ…?”
”നിന്റെ പുനാങ്കിലെ നിരീശ്വരവാദം..!”
”ഇത് വല്യ തലവലിയായല്ലോ…ഞാനെന്തിനാ നിങ്ങളോട് നിരീശ്വരവാദം പറയുന്നേ?”
”അല്ല പറഞ്ഞാലും ഗുണമൊന്നുമില്ല….അല്ലേല്‍ നീയൊന്ന് പറഞ്ഞുനോക്ക്, അപ്പോഴറിയാമല്ലോ….”
”ശ്ശെടാ, ഇതൊരു കുരിശ് തന്നെ..”
”കുരിശുമില്ല മാരണവുമില്ല… നീ നാട്ടുകാരെ മുഴുവന്‍ നിരീശ്വരവാദിയാക്കിക്കോ. പക്ഷെ നിന്റെ കളി നാണിയോട് നടക്കില്ല…നിന്നെപ്പോലുള്ള മാരീചന്‍മാരെ നേരിടാന്‍ നാണിക്കറിയാം”
”എന്റെ പൊന്നു നാണിയേച്ചി, നിങ്ങളെന്താ ഈ പറയുന്നേ? ഞാനെന്നെങ്കിലും നിങ്ങളോട് എന്തെങ്കിലും പറയാന്‍ വന്നിട്ടുണ്ടോ?..പ്‌ളീസ് എന്നെ വിട്”
”എടാ വന്നാലും നടക്കില്ലെന്നാ പറഞ്ഞേ.. നീ പലരേയും മാറ്റുമായിരിക്കും…പക്ഷെ നിന്റെ മാരീചന്‍ പണി മുഴുവന്‍ കാണിച്ചാലും നാണിയെ മാറ്റാന്‍ പറ്റില്ല”
ശ്ശൊ, ഇതൊരു വല്യ ശല്യമായല്ലോ, തള്ളേ നിങ്ങങ്ങള്‍ക്ക് ശരിക്കും വട്ടാണോ? ഞാനെന്തെങ്കിലും നിങ്ങളോട് പറയാന്‍ വന്നോ?”-എനിക്ക് ശരിക്കും ദേഷ്യം വന്നു.
”നീയൊന്നും പറഞ്ഞില്ല. പക്ഷെ പറഞ്ഞാലും നാണിയെ മാറ്റാന്‍ നിനക്ക് പറ്റില്ല. ചൊണയൊണ്ടേല്‍ നീയൊന്ന് പറഞ്ഞ് നോക്ക്”.
ആകെ ഏതാണ്ട് പോലെ. നാണിയേച്ചി ഇതുംപറഞ്ഞ് പോരുകോഴിയെപ്പോലെ ഇരമ്പുകയാണ്……… അവസാനം ഒരുവിധം അവിടെ നിന്ന് ഊരിപ്പോന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ!

പാവം നാണിയേച്ചി! അവരുടെ മതാന്ധതയാണ് വാര്‍ദ്ധക്യത്തിലും അവരെക്കൊണ്ട് അങ്ങനെയൊക്കെ പറയിപ്പിച്ചത്. എന്റെ വിശ്വാസരാഹിത്യം അവര്‍ അപമാനകരമായി കണ്ടു. കൂടെയുള്ള ഒരാള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമ്പോള്‍ സമാനമായ ചിന്തകള്‍ ഏതൊരു മതഭക്തനിലും അങ്കുരിക്കും. വിശ്വാസത്തിന് ഇളക്കം തട്ടുന്നത് ബുദ്ധിയും വിവരവും ഇല്ലാത്തതിന്റെ ലക്ഷണമാണെന്നും അക്കളി തന്നോട് നടക്കില്ലെന്നുമാണ് ആ സാധു സ്ത്രീ ഒരു കാരണവുമില്ലാതെ ആക്രോശിച്ചുകൊണ്ടിരുന്നത്. ഇത് നാണിയേച്ചിയുടെ മാത്രം പ്രശ്‌നമല്ല. മിക്ക മതവിശ്വാസികളും അടിസ്ഥാനപരമായി ‘നാണിയേച്ചി’കളാണ്. നാണയേച്ചിയെപ്പോലെ അത് തുറന്നടിക്കാനൊന്നും എല്ലാവരും തയ്യാറാവില്ലെന്ന് മാത്രം. പക്ഷെ ”ഇതൊക്കെ എത്ര കണ്ടിരിക്കുന്നു, എന്റെടുത്ത് നിന്റെ കളിയൊന്നും നടക്കില്ല, ഞാന്‍ ചരക്ക് വേറെ”എന്ന് വ്യക്തമാക്കുന്ന പല സൂചനകളും അവര്‍ ഒളിഞ്ഞുംതെളിഞ്ഞും വാരിവിതറും. സ്വന്തം ആത്മവിശ്വാസമില്ലായ്മയും ബോധ്യക്കുറവുമാണ് ഇത്തരം സാഹസങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നത്. മാറാത്തതെന്തോ അതാണ് മതം. മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം മാറാതിരിക്കുക എന്നത് പരമമായ മഹത്വമാകുന്നു. അവന്റെ കടലില്‍ അലകളില്ല. അതിലവന്‍ അഗാധമായി അഭിമാനിക്കുകയും ചെയ്യുന്നു.