90-ാം മിനിറ്റിൽ സെൽഫ് ഗോൾ അടിച്ച പോലായി ചെന്നിത്തലയുടെ കാര്യം

116

C S Rajesh Kuzhiyadiyil
.
90-ാം മിനിറ്റിൽ സെൽഫ് ഗോൾ അടിച്ച പോലായി ചെന്നിത്തലയുടെ കാര്യം. എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും തികഞ്ഞ സ്ത്രീവിരുദ്ധത തന്നെയാണ് അദ്ദേഹത്തിൻ്റെ നാവിൽ നിന്ന് പുറപ്പെട്ടത്. പണ്ട് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ നായനാർക്കും ഇതേ വിഷയത്തിൽ നാക്കു പിഴച്ചതോർക്കുന്നു. സ്ത്രീ സമൂഹത്തിൻ്റെ അന്തസ്സ് ഉയർന്നു നില്ക്കുമ്പോഴാണ് ഒരു നാടിൻ്റെ അന്തസ്സ് ഉയർന്നു നില്ക്കുന്നത്. പരസ്പരം കുറ്റവാളികളുടെ രാഷ്ട്രീയം ചികയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏത് പാർട്ടിക്കാരനായാലും എങ്ങനെയാണൊരു ബലാത്സംഗക്കാരൻ ആ പാർട്ടിക്കാരനാകുന്നത് ? അയാളെ കുറ്റവാളിയെന്ന് മാത്രം വിളിക്കുന്നതല്ലേ മാന്യത. കോവിഡ് കാലമുണ്ടാക്കിയ സവിശേഷ സാഹചര്യമാണ് ആറന്മുള – തിരുവനന്തപുരം പീഡനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രതികൾ അർഹിക്കും വിധത്തിൽ തന്നെ ശിക്ഷിക്കപ്പെടട്ടെ. ആറന്മുളയിലെ പെൺകുട്ടി ദളിത് കുട്ടിയാണ് . തിരുവനന്തപുരത്തേത് വീട്ടുവേലക്ക് നില്ക്കുന്ന കുട്ടിയും. ഫലത്തിൽ രണ്ടും ദളിത് തന്നെ. അവർക്കു രണ്ടു പേർക്കും നേരിടേണ്ടി വന്നത് രണ്ടുതരത്തിലെ ഭീകരാനുഭവങ്ങളാണ്. ഇവരോടൊക്കെ എന്തുമാകാം , ആരു ചോദിക്കാൻ ആരു ശിക്ഷിക്കാൻ എന്ന വരേണ്യ മനോഭാവമാണ് പ്രതികളെക്കൊണ്ട് ഈ മഹാ ക്രൂരത ചെയ്യിച്ചിരിക്കുന്നത്. ഇവർ പിടിക്കപ്പെട്ടെന്നേയുള്ളൂ. ഇതേ മനോഭാവം പുലർത്തുന്ന അനേകം പേർ ഇനിയുമുള്ള സമൂഹമാണിത്. അതുകൊണ്ട് വീട്ടിലെ പാവകളുടെ വില പോലും നാട്ടിലെ പാവങ്ങൾക്ക് കല്പിക്കാത്ത ആർക്കും പാഠമാകും വിധമുള്ള മാതൃകാ ശിക്ഷ തന്നെയാണ് ഇവർക്ക് ലഭിക്കേണ്ടത്. എല്ലാവരും കൂടി ചേർന്ന് അണിയറയിൽ ഉഡായിപ്പ് കാണിച്ച് അതില്ലാതാക്കരുത്.