ബ്രാഹ്മിൺസൊന്നും വേണ്ട, അത് ബ്രാഹ്മണര് വരുമ്പം മേടിച്ചോളും, ദളിത് പൗഡറുണ്ടോ ?

322

കവി C S Rajesh Kuzhiyadiyil യുടെ ഹ്രസ്വമായ ഈ പോസ്റ്റ് ഒരുപാട് ചിന്തയ്ക്കു വഴിവയ്ക്കുന്നുണ്ട്.

“ഇന്നലെ കയറിയ സൂപ്പർ മാർക്കറ്റിലെ ഗേളിനോട് മോളേ ചട്നി പൗഡർ എവിടാണെന്ന് ചോദിച്ചു. ആളുടനെ കൂടെ വന്ന് പല കമ്പനി ചട്നി പൗഡറുകൾക്കിടയിൽ നിന്ന് ബ്രാഹ്മിൻസ് ചട്നി പൗഡർ എടുത്തു നീട്ടി. ഞാനുടനെ ‘ബ്രാഹ്മിൺസൊന്നും വേണ്ട, അത് ബ്രാഹ്മണര് വരുമ്പം മേടിച്ചോളും, ദളിത് പൗഡറുണ്ടോ’ എന്നൊരു കുസൃതിച്ചോദ്യം ചോദിച്ചു. പാവം, ആ വാക്കു തന്നെ ആദ്യമായി കേൾക്കുന്ന ഏതോ കുട്ടിയാണ്. ഒന്നൂടൊന്നോടിച്ച് നോക്കിയിട്ട് ‘ആ കമ്പിനീടെ കാണുന്നില്ല സാർ , തീർന്നതായിരിക്കും’ എന്ന് ആത്മാർത്ഥമായി പറഞ്ഞു. അതിന്റെ തിരയൽ കണ്ട് ചിരിച്ചോണ്ട് നിന്ന ഞാൻ ‘തീർന്നതല്ല മോളേ വരാനേ സാധ്യതയില്ല – എന്ന് പറഞ്ഞ് വേറൊന്നെടുത്തു സ്പോട്ട് വിട്ടു. 😀
ഇന്നേവരെ ബ്രാഹ്മിൺസ് വാങ്ങിയിട്ടില്ല. മേലിൽ വാങ്ങാനും പോകുന്നില്ല. ഇന്ത്യയുടെ ഒന്നാം നമ്പർ പ്രതിയുടെ പേരാണത്. അതിന്റെ ഏതു തരം പ്രയോഗം എവിടെ പ്രത്യക്ഷപ്പെട്ടാലും ചെറുക്കുന്നതാണെന്റെ രാഷ്ട്രീയം. അതിനാ പേരിടുന്നതിലൂടെ അവര് ഉദ്ദേശിച്ചതെന്താണോ അതിന്റെ ഓപ്പോസിറ്റ് ഉദ്ദേശങ്ങളോടെയാണ് ഞാനത് ഉപേക്ഷിക്കുന്നതും. Every action, there is an equal and opposite reaction – എന്ന ന്യൂട്ടൻ പ്രമാണ പ്രകാരവും ന്യായമാണ് നിലപാട്. അഥവാ അടുക്കള വഴി പോലും ബ്രാഹ്മണിസം വീട്ടിൽ കയറാൻ പാടില്ലെന്ന് തന്നെയാണ്. 😎”