ഊളസ്ഥാൻ എന്ന പേരാണെന്ന് തോന്നുന്നു അമേരിക്കക്ക് ചേരുന്നത്, എത്ര അലമ്പൻ സമീപനമാണ് അവർ കൊറോണയോട് പുലർത്തുന്നത്

167
C S Rajesh Kuzhiyadiyil
ഊളസ്ഥാൻ എന്ന പേരാണെന്ന് തോന്നുന്നു അമേരിക്കക്ക് ചേരുന്നത്. എത്ര അലമ്പൻ സമീപനമാണ് അവർ കൊറോണയോട് പുലർത്തുന്നത്. ഒറ്റയാഴ്ച കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി അത് മാറിയിരിക്കുന്നു. മരണമിപ്പോൾ 2000 കടന്നിരിക്കുന്നു. ഇപ്പോഴിതാ ഒരുലക്ഷം പേർ മരിക്കാൻ പോകുന്നു എന്ന പ്രസ്‌താവന അവിടുത്തെ ആരോഗ്യമേധാവിയിൽ നിന്നുണ്ടായിരിക്കുന്നു. അതിൻ്റെ ബാക്കിയായി പ്രസിഡൻറ് ട്രമ്പ് പറഞ്ഞതാകട്ടെ മരണം രണ്ടുലക്ഷത്തിൽ താഴെ നിർത്തിയാൽ വിജയം എന്നുമാണ് ! എത്ര നല്ല സമാധാനമാണ് ഉത്തരവാദിത്തപ്പെട്ടവർ അവിടുത്തെ ജനങ്ങൾക്ക് പകർന്നുകൊണ്ടിരിക്കുന്നതെന്ന് നോക്കൂ. ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങൾ കൈവശമുള്ള, ഏറ്റവും കൂടിയ പ്രതിരോധ ബജറ്റുള്ള ഒരു രാജ്യമാണ് ഗോളിയില്ലാത്ത ഗോൾ പോസ്റ്റ് പോലെ പരമ ദയനീയമായി ലോകത്തിനു മുന്നിലീ നിൽപ്പ് നില്ക്കുന്നതെന്നോർക്കണം. മുഖ്യശത്രു ചൈനയിൽ നിന്ന് മാസ്കും മറ്റ് അവശ്യസാധനങ്ങളുമായി ഒരു ചരക്കു വിമാനം അവിടെ ഇറങ്ങിയിരിക്കുന്നു. 20 വിമാനം കൂടി ചൈനയിൽ നിന്ന് അങ്ങോട്ട് പുറപ്പെടുന്നു ! എന്തൊരവസ്ഥയാണ് ഊളന്മാരാൽ മാത്രം നയിക്കപ്പെടുന്ന ആ രാജ്യത്തിന് !
അമേരിക്കയിലുള്ള ഒരു സുഹൃത്ത് ചാറ്റ് ചെയ്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. സർക്കാർ മേഖല എന്നൊരു സംവിധാനമേ അവിടില്ലെന്ന് . ഒരൊറ്റ സർക്കാരാശുപത്രിയില്ല. പ്രാഥമികാരോഗ്യ കേന്ദ്രമില്ല. അധികാര വികേന്ദ്രീകരണത്തിൻ്റെയോ സൗകര്യ വികേന്ദ്രീകരണത്തിൻ്റെയോ പ്രതിരോധ വികേന്ദ്രീകരണത്തിൻ്റെയോ എഞ്ചുവടി പോലും അവർക്കില്ല. വൈറസ് പോസിറ്റീവാകുന്ന ഒരാളിൻ്റെ റൂട്ട് മാപ്പ് എടുക്കലൊക്കെ അവിടെ നടന്നിട്ടുണ്ടോ? ആരെടുക്കാനാണ് ! ന്യൂയോർക്ക് സിറ്റിയിൽ തന്നെ ഇതുവരെ 500 ന്മേൽ പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അങ്ങനെയാണവിടെ കാര്യങ്ങളുടെ പോക്ക്.
കേരളം ആദ്യറൗണ്ട് പ്രതിരോധ പ്രവർത്തനത്തിൽ തന്നെ കുടുംബശ്രീ, ആശാ വർക്കർമാർ, അയൽക്കൂട്ടം, തൊഴിലുറപ്പ് കൂട്ടം ഇങ്ങനെ നിരവധി ഔദ്യോഗിക ധാരകളെ ഗംഭീരമായി ഉപയോഗിച്ചു. ഇത്തരം യാതൊരു സിസ്റ്റവും അമേരിക്കയിൽ നിലവിലില്ല. സന്നദ്ധസേനയിൽ ചെറുപ്പക്കാരെ ക്ഷണിച്ചു കൊണ്ടുള്ള കേരളസർക്കാർ സൈറ്റിൽ പതിനായിരങ്ങളാണ് പേര് കൊടുത്തു കഴിഞ്ഞിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടേതായ വിവിധ യുവജന സംഘടകൾ, ക്ലബ്ബുകൾ, ഇതര കലാ സാംസ്കാരിക സംഘങ്ങൾ തുടങ്ങിയവയാണ് കേരളത്തിൻ്റെ പ്രതിരോധയുവതയായി പെട്ടെന്ന് രൂപം പ്രാപിക്കുന്നത്. ഇതൊന്നും ആ മുതലാളിത്ത രാജ്യത്തിലില്ല. സാധ്യമേയല്ല. കൊറോണടെസ്റ്റിന് എട്ടുലക്ഷം രൂപയാണ് പ്രാരംഭഘട്ടത്തിൽ അവിടുത്തെ പ്രൈവറ്റ് ആശുപത്രികൾ ഈടാക്കിയത്. ഐസൊലേഷൻ റൂമുകൾക്കും ഭീകര ചാർജാണ് അവർ വാങ്ങുന്നത്. കേരളത്തിൽ എല്ലാ ടെസ്റ്റും ഫ്രീ, ഫുഡ്ഡും അക്കോമഡേഷനും ഫ്രീ – ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് അന്തംവിടുകയാണത്രെ അമേരിക്കക്കാർ. അമേരിക്കക്ക് മാത്രമല്ല ലോകത്തെ ഇതര രാജ്യങ്ങൾക്കും ഇന്ത്യയിലെ തന്നെ ഇതര സംസ്ഥാനങ്ങൾക്കും മാതൃകയായിരിക്കുന്ന ഈ കൊച്ചുകേരളത്തിൽ ജീവിക്കാൻ കഴിയുന്നതാണ് നിലവിൽ ഭൂമിയിലെ മഹത്തായ കാര്യം ! അക്കാര്യമാണ് ഇവിടുത്തെ ഇതര സംസ്ഥാന തൊഴിലാളി ജനസംഖ്യക്കും ബോധ്യപ്പെടേണ്ട കാര്യം. അവരുടെ നാട്ടിലേക്കാൾ അവർ സെയ്ഫാണിവിടെ. അത്ര ഫലപ്രദമായ നീക്കങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങുമിങ്ങുമായി ചില ചില പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ തന്നെയും.
ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യം, അമേരിക്കയിലെ മലയാളി സമൂഹത്തെക്കുറിച്ചാണ്. രണ്ടുലക്ഷം പേർ ഇതാ മരിക്കാൻ പോകുന്നു എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ ഒരു രാജ്യത്തു നിന്ന് അവരെ കേരളത്തിലെത്തിക്കുവാനുള്ള ശ്രമം നമ്മൾ നടത്തേണ്ടതില്ലേ? നിലവിൽ മലയാളികളെല്ലാം സുരക്ഷിതരായിരിക്കാം. പക്ഷെ തുടർന്ന് അവർ താമസിക്കുന്ന സ്ഥലങ്ങളിലും കൊറോണ ‘തടസ്സങ്ങളൊന്നുമില്ലാതെ തന്നെ ‘ കടന്നു ചെന്നേക്കാം. അങ്ങനെ ആ ഭാവനാശൂന്യന്മാരുടെ രണ്ടുലക്ഷത്തിൽ ഉൾപ്പെട്ടു പോകാൻ അവരെ അനുവദിക്കണോ ? അതുകൊണ്ട് എത്രയും വേഗം മലയാളി സമൂഹത്തെ നാട്ടിലെത്തിക്കുവാനുള്ള പരിശ്രമം തുടങ്ങണമെന്നാണ്, ഇപ്പോൾ പറയാൻ തോന്നുന്ന കാര്യം.