ഡിജിറ്റൽ ഇന്ത്യയെ അറിയാത്ത ഉത്തർപ്രദേശും വിദ്യാഭ്യാസത്തിലൂടെ പ്രതീക്ഷ പുലർത്തിയ ബംഗാളും

381

C S Suraj ✍️

ഇന്ത്യയെന്താണെന്നും, ഇന്ത്യയുടെ പൊതു വികാരമെന്താണെന്നുമറിയണമെങ്കിൽ, പോകൂ.. പോയി ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് നോക്കൂ..! തെറ്റ്! ഇന്ത്യയെന്താണെന്നും, ഇന്ത്യയുടെ പൊതു വികാരമെന്താണെന്നുമറിയണമെങ്കിൽ, പോകൂ.. പോയി ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിന പരേഡൊന്നു നോക്കൂ..!അതിൽ തന്നെ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ നിശ്ചലദൃശ്യങ്ങളേതെന്നു (tableau) നോക്കൂ..!ജനാധിപത്യ-മതേതര മൂല്യങ്ങളിലധിഷ്ഠിതമായ, ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി നമ്മളാഘോഷിക്കുന്നത്. ഈ ദിവസവുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നാണ്, വിവിധ സേന വിഭാഗങ്ങളുടെ മാർച്ച്‌ പാസ്റ്റും, സംസ്ഥാനങ്ങളിൽ നിന്നും, മറ്റു വിവിധ വകുപ്പുകളിൽ നിന്നുമുള്ള നിശ്ചലദൃശ്യങ്ങളും (tableau) അണിനിരക്കുന്ന റിപബ്ലിക് ദിന പരേഡ്.

നമ്മളും, വളർന്നു വരുന്ന അടുത്ത തലമുറയും, നമ്മുടെ രാജ്യവും, ലോകവുമെല്ലാം ശ്രദ്ധിക്കുന്ന, ഇത്തരമൊരു പരേഡിൽ എങ്ങനെയായിരിക്കണം, നിശ്ചലദൃശ്യങ്ങളുണ്ടാവേണ്ടത്?മതേതര ഭരണഘടനയാണ് നമ്മുടേത്. അതുകൊണ്ട് തന്നെ, മതത്തെ ആ വഴിയിൽ പോലും കണ്ടു പോകരുത്!ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാനായി, ആഹ്വാനം ചെയ്യുന്നൊരു ഭരണഘടനയാണ് നമ്മുടേത്, അതുകൊണ്ട് തന്നെ അശാസ്ത്രീയമായതൊന്നും, അവിടെയുണ്ടാവരുത്!ഭരണഘടനയുടെ ലക്ഷ്യം, പുരോഗതിയാണ്! പുരോഗമനമായൊരു ജനതയാണ്! അതുകൊണ്ട് തന്നെ, സംസ്‍കാരമെന്നോ, ആചാരമെന്നോ ഓമന പേരിട്ടു വിളിക്കുന്ന കാലഹരണപ്പെട്ടുപോയ ഒന്നുമവിടെയുണ്ടാവരുത്! പകരം, സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ള നിശ്ചലദൃശ്യങ്ങൾ സംസാരിക്കേണ്ടത്, പുരോഗമനത്തേ കുറിച്ചാണ്, ഇതിനകം നടപ്പിലാക്കി കഴിഞ്ഞ, ഇനി നടപ്പിലാക്കാൻ പോകുന്ന, പദ്ധതികളെ കുറിച്ചാണ്!
ഇനി, ഇന്ന് നടന്ന നമ്മുടെ റിപ്പബ്ലിക്ക് ദിന പരേഡിലേക്കൊന്നു വരിക..

നമ്മുടെ ഭരണഘടനയോട്, പുരോഗമന ചിന്തകളോട്, നീതി പുലർത്തുന്ന എത്ര നിശ്ചലദൃശ്യങ്ങളവിടെ നമുക്ക് കാണാൻ കഴിഞ്ഞു?
പ്രബുദ്ധ കേരളം പോലും ഇക്കാര്യത്തിൽ തോറ്റുപോയപ്പോൾ, ഒരിറ്റ് പ്രതീക്ഷയെങ്കിലും പങ്കു വെച്ചു പോയ പശ്ചിമ ബംഗാളിനെ മാത്രമേ.. നമ്മുക്കവിടെ കാണാൻ കഴിഞ്ഞുള്ളൂ!ഇനിയിപ്പോൾ, ഭരണഘടനയോട് കൂറ് പുലർത്തിയില്ലെങ്കിൽ കൂടി, എന്തിനാണ് നിങ്ങൾ ഭരണഘടനാ മൂല്യങ്ങളുടെ കഴുത്തിൽ കത്തി വെച്ച് കൊണ്ടൊരു പരേഡ്, രാജ്യ തലസ്ഥാനത്തവതരിപ്പിച്ചത്?

ചില പ്രത്യേക മതത്തിന്റെ ആരാധനാലയങ്ങൾ, അവരുടെ സ്തുതി ഗീതങ്ങൾ, മത-ആചാരങ്ങളുമായി ബന്ധപ്പെട്ട പ്രച്ഛന്ന വേഷങ്ങൾ.. തുടങ്ങിയവയെല്ലാമെങ്ങനെയാണൊരു സെക്കുലർ സ്റ്റേറ്റിന്റെ പരിപാടിയിലിടം പിടിക്കുക?! അങ്ങനെയിടം പിടിച്ചിട്ടുണ്ടെങ്കിൽ അതിനെയാണ് ഭരണഘടനാ വിരുദ്ധമെന്ന് പറയുക. സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിലെവിടെയെല്ലാം മതം കലർത്തുന്നുവോ, അതെല്ലാം തന്നെ സെക്കുലറായൊരു ഭരണഘടനക്ക് വിരുദ്ധം തന്നെയാണ്. അതുകൊണ്ട് തന്നെ, ഇത്തരം അശ്ലീലങ്ങളെ “ഭരണഘടനാ വിരുദ്ധം” എന്ന് തന്നെ നമ്മൾ വിളിക്കേണ്ടതുണ്ട്.

ഒരു പ്രത്യേക കഥയിൽ വിശ്വസിക്കുന്ന, ഒരു കൂട്ടമാളുകളുടെ നായക കഥാപാത്രത്തിനെ ആരാധിക്കാൻ വേണ്ടി, മറ്റൊരു കഥക്കാരുടെ ആരാധനാലയം പൊളിച്ചു കൊണ്ട് പണികഴിപ്പിക്കാൻ പോവുന്നൊരു സൗധത്തിന്റെ മാതൃക, ഒരു സെക്കുലർ സ്റ്റേറ്റിന്റെ, ഭരണഘടന നിലവിൽ വന്ന ദിവസത്തെ, ആഘോഷ പരിപാടിയിൽ കെട്ടിയെഴുന്നള്ളിച്ച് കൊണ്ടു വരുന്നത് കണ്ട്, അവിടെയിരുന്നിരുന്ന, മന്ത്രിമാരുൾപ്പടെയുള്ള ജനങ്ങൾ, എഴുന്നേറ്റു നിന്ന് കാഹളം മുഴക്കി, കയ്യടിച്ചതിനെ സ്വീകരിച്ചെങ്കിൽ.. പാഠ പുസ്തകങ്ങളിൽ മാത്രം കേട്ടു പോന്നിരുന്ന, ഫാസിസമെന്നതിന്റെ യഥാർത്ഥ മുഖം നമ്മളോരുത്തരും വരും നാളുകളിൽ, അത്രമേൽ ക്രൂരമായി അനുഭവിക്കാൻ പോവുകയാണെന്ന് വേണം മനസ്സിലാക്കാൻ!!