കാര്യക്ഷമമായ ഭരണം കൊണ്ട് മിച്ചം കിട്ടുന്ന തുകയാണ് കെജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകുന്നത്, അല്ലാതെ AAP യുടെ പാർട്ടി ഫണ്ട് അല്ല

138

സുനിൽ പള്ളിപ്പാട്ട്

ഡൽഹിക്ക് പ്രത്യേകതകൾ അനവധിയാണ്. രാജ്യതലസ്ഥാനത്തെ MINI INDIA എന്ന് ചിലർ വിശേഷിപ്പിച്ചു കണ്ടിട്ടുമുണ്ട്. അതിശയോക്തി തീരെയില്ലാത്തൊരു വിശേണമാണത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്കൃതികളും ജീവിത ശൈലികളും കൂടിച്ചേരുന്ന ഒരിടം. ഗുപ്‌തയും നായരും അഗ്ഗർവാളും മൂർത്തിയും ഖാനും വർഗീസും സിങ്ങും മിശ്രയും ബാനർജിയും ജയിനും അയൽപക്കമാവുന്ന ഇന്ത്യയുടെ ഹൃദയഭൂമി! ഒന്ന് ചെവിയോർത്താൽ ഹിന്ദിയും പഞ്ചാബിയും ബംഗാളിയും തെലുങ്കും മറാഠിയും കൊങ്കിണിയും ഒറിയയും കന്നഡയും ഗുജറാത്തിയും മലയാളവും ഒരുപോലെ കേൾക്കാനാവുന്ന ഇന്ത്യയുടെ മനസ്സ് !

വൈവിധ്യങ്ങളുടെ ഈ വിളനിലത്തിലാണ് വരുന്ന 8 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. CAA പ്രാബല്യത്തിൽ വന്നതിനു ശേഷം രാജ്യത്ത് ആദ്യമായി നടക്കുന്ന ഈ തെരെഞ്ഞെടുപ്പിന് മാനങ്ങൾ പലതാണ്. അരവിന്ദ് കെജ്‌രിവാൾ നേതൃത്വo നൽകുന്ന AAP സർക്കാരിന്റെ ജനോപകാരപ്രദങ്ങളായ നടപടികളുടെ മാത്രം വിലയിരുത്തൽ ആയല്ല LAST BUZZ ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. CAA പോലുള്ള കാടൻ നിയമങ്ങൾ ജനതയ്ക്ക് മേലെ അടിച്ചേൽപ്പിക്കുന്നവരുടെ നേർക്ക് പിടിക്കുന്ന കണ്ണാടിയാണ് ഡൽഹി തെരെഞ്ഞെടുപ്പ്. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ അടുത്ത ചുവട്. ജനാധിപത്യത്തിന്റെ മരണമണികൾ ഒരുപാട് തവണ കേട്ട ഡൽഹിയിലെ വോട്ടർമാർ രാജ്യത്തിനൊപ്പം അണിചേരുമെന്നു LAST BUZZ ഉറച്ചു വിശ്വസിക്കുന്നു. CAA യെന്ന കുടിലതക്കെതിരെയുള്ള സമരങ്ങൾ രാജ്യത്തെ ജനങ്ങൾ നെഞ്ചേറ്റിയിട്ടുണ്ടെങ്കിൽ ഈ തെരഞ്ഞെടുപ്പ് തോൽവിയോടെ സംഘപരിവാറിന്റെ മുന്നോട്ടുള്ള വഴികളിൽ തല്ക്കാലത്തേക്കെങ്കിലും ഇരുട്ട് വീഴും. പക്ഷെ, ജനാധിപത്യമര്യാദകൾക്ക് “മാർഗ്ഗദർശക് മണ്ഡൽ” ന്റെ വിലപോലും കൊടുക്കാത്ത ഒരു ഭരണകൂടത്തിൽ നിന്നും അത്തരം മര്യാദകളൊക്കെ പ്രതീക്ഷിക്കുന്നത് അവരുടെ ഇന്നലെകളെ കുറിച്ച് തീരെ അറിവില്ലാത്ത നിഷ്കളങ്കർ മാത്രമായിരിക്കും

AAP ക്കും കേജ്രിവാളിനും അഭിവാദ്യങ്ങൾ.

വിട്ടുപോയത് : AAP സർക്കാർ അധികാരമേറിയതിനു ശേഷം വെള്ളത്തിനും വൈദ്യുതിക്കും ബസ്/മെട്രോ അടക്കമുള്ള മറ്റു ദൈനംദിന സൗകര്യങ്ങൾക്കും ഡൽഹിയിലെ മുഴുവൻ ജനങ്ങളും വളരെ കുറഞ്ഞ നിരക്കാണ് കൊടുക്കുന്നത്. AAP ക്ക് വോട്ട് ചെയ്യുന്നില്ല എന്ന് കരുതി AAP സർക്കാരിന്റെ ഈ നേട്ടങ്ങളൊക്കെ അനുഭവിക്കുന്ന BJP ക്കാർക്ക് ലജ്ജ തോന്നേണ്ട കാര്യമൊന്നുമില്ല. കാര്യക്ഷമമായ ഭരണം കൊണ്ട് മിച്ചം കിട്ടുന്ന തുകയാണ് കെജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകുന്നത്. അല്ലാതെ AAP യുടെ പാർട്ടി ഫണ്ട് അല്ല! AAP യുടെ ഭരണം കൊണ്ടുണ്ടാകുന്ന എല്ലാ ആനുകൂല്യങ്ങളും നാണക്കേട് കൂടാതെ തന്നെ തുടർന്നും അനുഭവിക്കാനുള്ള എല്ലാ അവകാശവും നിങ്ങൾക്ക് നമ്മുടെ ഭരണഘടന ഉറപ്പുവരുത്തുന്നുണ്ട്…. (ഇതെഴുതുന്നതു വരെ !!)