ആദ്യമായി അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തിയരാജ്യം . റിപ്പബ്ലിക് ഓഫ് മാലിദ്വീപ്.
ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം :
സമുദ്രജലത്തിനുള്ളിൽ വച്ച് ഒരു ഗവർമെണ്ടിന്റെ ക്യാബിനറ്റ് മീറ്റിംഗ് .ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റ് എന്നറിയപ്പെട്ട ആ പരിപാടി അരങ്ങേറിയത് ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രത്തിലാണ്. Republic of Maldives എന്നറിയപ്പെടുന്ന മാലിദ്വീപിൽ .രാജ്യം ഭരിക്കുന്ന പ്രസിഡണ്ടും അദ്ദേഹത്തിന്റെ മന്ത്രിമാരും മറ്റുദ്യോഗസ്ഥരും ഒക്കെ ഉൾപ്പെട്ട ഒരു സംഘമാണ് സമുദ്രജലത്തിലിറങ്ങി അതിന്റെ ആഴത്തിൽ ഇരുന്ന് ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതും പ്രമേയങ്ങൾ പാസാക്കുന്നതുമായ ആ മീറ്റിംഗ് നടന്നത്.
2009 ഒക്ടോബർ മാസം 17 ആം തീയതിയിൽ ആയിരുന്നു പ്രതീകാത്മകമായ ആ മീറ്റിംഗ് 2009 ഡിസംബറിൽ കോപ്പൻഹേഗനിൽ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ എത്തുന്നവരുടെ ശ്രദ്ധ ക്ഷണിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു അതിന് തൊട്ടു മുൻപ് ഒക്ടോബറിൽ നടത്തിയ ആ മീറ്റ് .തങ്ങളുടെ മനോഹരമായ ദ്വീപസമൂഹത്തിന് ആഗോളതാപനം വരുത്തിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച് ഇതര ലോക രാജ്യങ്ങളുടെ ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു മാർഗമെന്ന നിലയിലാണ് മാലിദ്വീപിന്റെ ഭരണാധികാരികൾ ഇങ്ങനെ കടലിന്റെ അടിത്തട്ടിൽ ഒത്തുകൂടിയത്. തലസ്ഥാനമായ മാലെയിൽ നിന്ന് ഏകദേശം 35 നോട്ടിക്കൽ മൈൽ അകലെയുള്ള ഗിരിഫുഷി ദ്വീപിലെ നീല ജലാശയത്തിൽ ആയിരുന്നു അതരങ്ങേറിയത്.
പ്രസിഡന്റ് മുഹമ്മദ് നഷീദ് ആയിരുന്നു അധ്യക്ഷൻ.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 11 കാബിനറ്റ് മന്ത്രിമാർ എന്നിവർ ഉൾപ്പെട്ട 13 അംഗ ക്യാബിനറ്റാണ് സമുദ്രോപരിതലത്തിൽ നിന്ന് 6 മീറ്റർ ആഴത്തിൽ മീറ്റിംഗ് നടത്തിയത്.സ്‌കൂബ സ്യൂട്ടുകൾ ധരിച്ച മന്ത്രിമാർ സ്പീഡ് ബോട്ടുകളിൽ യോഗസ്ഥലത്തെത്തി, തുടർന്ന് കാബിനറ്റ് മീറ്റിംഗിനായി കടലിലേക്ക് ഡൈവ് ചെയ്തു. വെറ്റ്‌സ്യൂട്ടുകളും തോളിൽ കംപ്രസ്ഡ് എയർ ടാങ്കുകളും ധരിച്ചായിരുന്നു അവർ കടലിലെ മീറ്റിംഗിനായി ജലത്തിലിറങ്ങിയത്.മന്ത്രിമാരുടെ മീറ്റിംഗിന് ആവശ്യമായ സംവിധാനങ്ങൾ നേരത്തേ കടലിനടിയിൽ ഒരുക്കിയിരുന്നു. മേശ, കസേര, ഫയൽ , ഒപ്പിടാനായി വാട്ടർ റെസിസ്റ്റന്റായ പേന , പേപ്പർ ,കടലിനടിയിലെ മീറ്റിൽ സംസാരിക്കാൻ പറ്റില്ലെന്നതിനാൽ അവർ തങ്ങളുടെ തീരുമാനങ്ങൾ അറിയിക്കാൻ അതെഴുതിയ വൈറ്റ് ബോർഡുകൾ ഉയർത്തിക്കാട്ടി. ഹാൻഡ് സിഗ്നലുകളും ഉപയോഗിച്ചു.
അങ്ങനെ,ലോകത്തിലെ ആദ്യത്തെ അണ്ടർവാട്ടർ ക്യാബിനറ്റ് മീറ്റിംഗ് നടത്തിക്കൊണ്ട് ആഗോള താപനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ മാലദ്വീപ് സർക്കാർ ലോക രാഷ്ട്രങ്ങളോട് അഭ്യർത്ഥന നടത്തി.ലോകത്തിലെ പ്രമുഖ വികസിത, വികസനോന്മുഖ രാജ്യങ്ങൾ നിത്യേന അന്തരീക്ഷത്തിലേക്ക് വിക്ഷേപിക്കുന്ന കാർബൺ ആഗോള താപനത്തിന് കാരണമാകുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ അസാധാരണ യോഗ നടപടി.
കാർബൺ ബഹിർഗമനം കുറച്ചില്ലെങ്കിൽ ഇരു ധൃവങ്ങളിലേയും മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരും .അങ്ങനെ കടൽ നിരപ്പുയരുമ്പോൾ മാലിദ്വീപ് പോലെ സമുദ്ര നിരപ്പിൽ നിന്ന് അത്രയൊന്നും ഉയരത്തിലല്ലാത്ത പ്രദേശങ്ങൾ കടലിൽ മുങ്ങിപ്പോകും.വികസിത രാജ്യങ്ങൾ കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമുദ്രനിരപ്പ് ഉയർന്ന് തങ്ങളുടെ ദ്വീപസമൂഹം കടലിനടിയിലാകുമെന്ന ഭയം രാജ്യത്തിന്റെ പ്രസിഡന്റ് മുഹമ്മദ് നഷീദ് അന്ന് ആ അണ്ടർ വാട്ടർ കാബിനറ്റ് മീറ്റിൽ ഉന്നയിച്ചു.സമുദ്രനിരപ്പിൽ നിന്ന് ആറ് മീറ്റർ താഴെ , ഏകദേശം 20 അടിയോളമാഴത്തിൽ, 30 മിനിറ്റ് നേരത്തോളം നടന്ന ആ കാബിനറ്റ് യോഗം മാലിദ്വീപിന്റെ ഭാവി എന്തായിരിക്കുമെന്ന് കാണിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ലോക രാഷ്ട്രങ്ങൾ കനിഞ്ഞില്ലെങ്കിൽ തങ്ങൾ കടലിൽ മുങ്ങിപ്പോകും എന്നറിയിക്കാൻ .
രാജ്യത്തെ 350,000 നിവാസികൾ സമുദ്രത്തിൽ നിന്ന് ശരാശരി 2.1 മീറ്റർ മാത്രം ഉയരത്തിലുള്ള 1,192 പവിഴ ദ്വീപുകളിലാണ് താമസിക്കുന്നത്. ആഗോള താപനം മൂർച്ഛിച്ചാൽ 2100 ആകുമ്പോഴേക്കും മാലിദ്വീപ് പൂർണമായും കടലിലാണ്ടു പോകും എന്നാണ് വിദഗ്ദമതം.അത്തരമൊരു ദുരന്തം ഒഴിവാക്കാൻ എല്ലാ രാജ്യങ്ങളും തങ്ങളുടെ കാർബൺ ഉദ്‌വമനം വെട്ടിക്കുറയ്ക്കാൻ അഭ്യർത്ഥിക്കുന്ന ഒരു തീരുമാനം കാബിനറ്റ് മീറ്റിൽ എടുത്തു.ആ രേഖയിൽ ഒപ്പിട്ടപ്പോൾ മന്ത്രിമാർ കൈ സിഗ്നലുകളും വൈറ്റ് ബോർഡുകളും ഉപയോഗിച്ച് ആശയവിനിമയം നടത്തി.
താപനില ഉയരുന്നത് തടയാൻ എല്ലാവരും ഒന്നിക്കണം. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ എല്ലാവരുടെയും അവകാശങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാണ് എന്ന സന്ദേശം ലോകത്തിന് നൽകാനായിരുന്നു മീറ്റിംഗ് .’ഭൂമിയിൽ എല്ലാ രാജ്യക്കാരും അതിജീവിക്കേണ്ടതുണ്ടെന്നും അതിന് എല്ലാവരും സഹകരിക്കേണ്ടതുണ്ടെന്നും അത്തരമൊരു പ്രതീക്ഷയോടെ ജലത്തിൽ നടക്കുന്ന ഈ മീറ്റിൽ നിന്ന് പുറത്തുവരാൻ നമുക്ക് കഴിയട്ടെയെന്നും പ്രസിഡണ്ട് ജലത്തിനടിയിൽ നിന്ന് പ്രത്യാശ പ്രകടിപ്പിച്ചു.കടലിലാഴുന്നതിൽ നിന്ന് മാലിദ്വീപിനെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, ലോകത്തിന്റെ മറ്റു ഭാഗങ്ങളും നമ്മൾ അനുഭവിക്കുന്ന അതേ ദുരന്തം താമസിയാതെ അനുഭവിക്കാനിടയുണ്ട് എന്ന് മനസ്സിലാക്കണം. ആരും ആഗോള താപനത്തിന്റെ കെടുതിയിൽ നിന്ന് മുക്തരല്ല.
മീറ്റിൽ പ്രസിഡണ്ട് വെളിപ്പെടുത്തി.’കാലാവസ്ഥാ വ്യതിയാനം പരിശോധിച്ചില്ലെങ്കിൽ എന്താണ് സംഭവിക്കുന്നതെന്നും മാലിദ്വീപിന് എന്ത് സംഭവിക്കുമെന്നും ലോകത്തെ അറിയിക്കാൻ ഞങ്ങൾ സ്വീകരിച്ച വഴിയാണിത്”മീറ്റിംഗിന് ശേഷം കടലിനുള്ളിൽ നിന്ന് ഉയർന്നുവന്ന ശേഷം തങ്ങളെ കാത്തിരിക്കുന്ന പത്ര ലേഖകരോടായി മാലി പ്രസിഡണ്ട് പറഞ്ഞതിതാണ്.ഈ മീറ്റിംഗിനായി അല്പം നീണ്ട തയ്യാറെടുപ്പുകൾ മാലി ഭരണാധികാരികൾ നടത്തിയിരുന്നു.പ്രസിഡന്റ് നഷീദ് ഒരു സർട്ടിഫൈഡ് ഡൈവർ ആയിരുന്നു. അതിനാൽ വെള്ളത്തിൽ ഓക്സിജൻ സിലിണ്ടറുമായി ഏറെ നേരം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിയും.
മന്ത്രിസഭയിലെ ഭൂരിഭാഗം പേർക്കും പക്ഷേ മീറ്റിംഗിനുള്ള തയ്യാറെടുപ്പിനായി ആഴ്ചകൾ നീണ്ട ഡൈവിംഗ് പാഠങ്ങൾ പഠിക്കേണ്ടി വന്നു
ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്രമാണ് റിപ്പബ്ലിക് ഓഫ് മാലിദ്വീപ്. 1200 നടുത്ത് വരുന്ന ചെറു ദ്വീപുകളുടെ ഒരു കൂട്ടമാണ് മാലി രാഷ്ട്രം.ദ്വീപുകൾ മിക്കതും സമുദ്രനിരപ്പിൽ നിന്ന് കഷ്ടിച്ച് 2 മീറ്റർ മാത്രം ഉയർന്നതാണ്, ഇത് മൂലം കാലാവസ്ഥാ വ്യതിയാനം സംഭവിച്ച് ജലനിരപ്പുയർന്നാൽ ദ്വീപുകൾ മുഴുവനും മുങ്ങാനിടയാകും. മാലി എന്ന രാഷ്ട്രം തന്നെ ഇല്ലാതാകും.
സമീപ വർഷങ്ങളിൽ, ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ സംഭവവും വർദ്ധിച്ചതും മാലിയ്ക്ക് ഭീഷണിയാണ്. ഇങ്ങനെ കാലാവസ്ഥയെ ഏറെ ഭയക്കുന്ന സ്ഥിതിയിലാണ് മാലി.ദ്വീപുകൾ വെള്ളത്തിനടിയിലായാലോ എന്ന ഭയം മൂലം തന്റെ രാഷ്ട്രത്തിലെ മൂന്നര ലക്ഷത്തിലേറെ വരുന്ന ജനങ്ങളെ മുഴുവനും പുനരധിവസിപ്പിക്കാനായി ധാരാളം ഒഴിവ് ഭൂമിയുള്ള ഓസ്ട്രേലിയ പോലെ ഏതെങ്കിലും ഒരു ഭൂഖണ്ഡത്തിൽ കുറെ സ്ഥലം വാങ്ങി അവിടെ ഒരു മാലി രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പ്രസിഡണ്ട് നഷീദ് നേരത്തേ ആലോചിച്ചിരുന്നു.എന്നാൽ അത് ഫലപ്രാപ്തിയിലെത്തിയില്ല. ശേഷമാണ് ഈ ആഴക്കടൽ ക്യാബിനറ്റ് .കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാൻ മാലിദ്വീപിൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുകയാണ് ഇപ്പോൾ മാലിദ്വീപ്.