കാഡ്ബറീസ് എന്ന ചോക്ലേറ്റ് കമ്പനിക്ക് ഇന്ത്യക്കാരുടെ ഇടയിൽ ഒരു സ്ഥിരം സ്ഥാനം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പരസ്യത്തിന് പിന്നിലെ യഥാർത്ഥ സംഭവം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

കാഡ്ബറീസ് എന്ന ചോക്ലേറ്റ് കമ്പനിക്ക് ഇന്ത്യക്കാരുടെ ഇടയിൽ ഒരു സ്ഥിരം സ്ഥാനം നേടിയെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് വർഷങ്ങൾക്ക് മുമ്പ് 1993 ൽ ഇറങ്ങിയ അവരുടെ ഒരു പരസ്യമായിരുന്നു. ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങിയ ആ പരസ്യത്തിൽ ബാറ്റ്സ്മാൻ ഒരു സിക്സ് അടിക്കുമ്പോൾ ഗാലറിയിൽ കാഡ്ബറീസും നുണഞ്ഞ് കളി കണ്ടുകൊണ്ടിരുന്ന യുവതി സെക്ക്യൂരിറ്റിയേയും മറികടന്ന് ഗ്രൗണ്ടിൽ ഇറങ്ങി ആഹ്‌ളാദം പ്രകടിപ്പിക്കുന്നു. ഡയറി മില്‍ക്ക് ചോക്ലേറ്റുമായി ഓടിയെത്തുന്ന കാമുകിയും, ഒടുക്കം ഒന്നിച്ച് ഇരുവരും ഡയറി മില്‍ക്ക് കഴിക്കുന്നതുമാണ് പരസ്യത്തിന്‍റെ ഉള്ളടക്കം.ക്രിക്കറ്റർ ആകാശത്തേക്ക് ബാറ്റ്കൊണ്ട് പന്തടിച്ചുയർത്തിയപ്പോൾ ഒരുവേള മോഡൽ ഷിമോണ റാഷി അവതരിപ്പിച്ച ഫ്ലോറൽ ഉടുപ്പിട്ട യുവതിയുടെ ആകാംക്ഷയ്ക്കൊപ്പം അന്ന് പരസ്യം കണ്ട പ്രേക്ഷകരും ആകാംക്ഷ കൂറി. ക്യാച്ച് ആയി അവസാനിക്കുമെന്ന് കരുതിയ ആ ഹിറ്റ് ബൗണ്ടറി കടക്കുമ്പോൾ സന്തോഷത്തിന്റെ സകല നിയന്ത്രണവും വിട്ട് ഗാലറിയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഓടി വരികയാണ് യുവതി. അതിമനോഹരമായ പാട്ടിനൊപ്പം സന്തോഷത്തിന്റെ പരകോടിയിൽ ഉൻമാദ നൃത്തം ചെയ്യുന്ന യുവതി 90കളിലെ ദൂരദർശൻ പ്രേക്ഷകരുടെ മനമിളക്കിയ പരസ്യമാണ്. ഇന്ത്യന്‍ ടെലിവിഷനില്‍ നിരന്തരം ഒരു കാലത്ത് മാറി മറിഞ്ഞ പരസ്യമായി .

വലിയൊരു തരംഗം തന്നെയായിരുന്നു ആ പരസ്യം അന്ന് സൃഷ്ടിച്ചത്. ഈ പരസ്യം ഇല്ലാത്ത ഒരു ക്രിക്കറ്റ് മത്സരം പോലും ടിവിയിൽ കാണിച്ചിരുന്നില്ല.ഈ പരസ്യത്തില്‍ അഭിനയിച്ച ഷിമോണ റാഷി ‘കാഡ്ബറി ഗേള്‍’ എന്നാണ് അറിയപ്പെട്ടത്. ചോക്ക്ലേറ്റ് എന്നത് കുട്ടികളുടെ ഉത്പന്നമാ ണെന്ന കാഴ്ച്ചപ്പാടിനെ തന്നെ തിരുത്തി കുറിച്ച പരസ്യമായിരുന്നു കാഡ്ബറിയുടെ “കുച്ച് ഖാസ് ഹേ” എന്ന ഈ പരസ്യം .അത്തരമൊരു പരസ്യം ചെയ്യാന്‍ പ്രചോദനമായത് യഥാര്‍ത്ഥത്തിൽ രണ്ട് മത്സരത്തിലെ സംഭവങ്ങളെ ആധാരമാ ക്കിയുള്ള സംഭവങ്ങൾ ആണ്. അവ ഇങ്ങനെയാണ്.

1960-ൽ കാൺപൂരിൽ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരങ്ങൾ നടക്കുന്നു. ഇന്ത്യൻ താരമെന്ന നിലയിൽ അബ്ബാസ് അലി ബെയ്ഗ് അർധ സെഞ്ചുറി നേടി കുറച്ച് സമയം കഴിഞ്ഞപ്പോൾ ഏകദേശം 20 വയസ്സുള്ള ഒരു പെൺകുട്ടി ഗ്രൗണ്ടിലെത്തി മത്സരത്തിനിടെ തന്നെ അബ്ബാസ് അലി ബെയ്ഗിനെ ചുംബിച്ചു. ഈ ദൃശ്യം കണ്ട് എല്ലാവരും ഞെട്ടി.സ്റ്റേഡിയത്തിൽ പൂർണ്ണ നിശബ്ദത തളം കെട്ടി നിന്നു. ഈ രംഗം കണ്ട് കമന്ററികളും നിശബ്ദരായി.കുറച്ച് കഴിഞ്ഞ് കാണികൾ കൈയടി തുടങ്ങി. എന്താണ് സംഭവിച്ചതെന്ന് അബ്ബാസിന് മനസ്സിലായില്ല. ഇത് കണ്ട് ഓൾ ഇന്ത്യ റേഡിയോയിൽ മുൻ ക്രിക്കറ്റ് താരം വിജയ് മെർച്ചന്റ് തമാശയായി പറഞ്ഞു – “ഞാൻ ഒരു സെഞ്ചുറിയും , ഡബിൾ സെഞ്ചുറിയും നേടിയപ്പോൾ ഈ പെൺകുട്ടികൾ എവിടെയായിരുന്നു?” എന്ന് .

ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന പല സംഭവങ്ങളും ചിലപ്പോൾ ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെടും. മത്സരത്തിനിടെ ആ പെൺകുട്ടി ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചുംബിച്ചത് ക്രിക്കറ്റ് ചരിത്രം ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ്.കാരണം ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒന്ന് സംഭവിക്കുന്നത്.ഇത് പോലെ ഒരു സംഭവം പിന്നീട് വീണ്ടും ഉണ്ടായത് 1975ല്‍ ഇന്ത്യന്‍ താരം ബ്രിജേഷ് പട്ടേലിന്റെ കടുത്ത ആരാധികയായ ഒരു സ്ത്രീ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സെക്യൂരിറ്റിക്കാരെ മറികടന്ന് പിച്ചിലെത്തി അദ്ദേഹത്തിന് ചുംബനം സമ്മാനിച്ച് തിരിച്ച് അവര്‍ പവലിയനിലേക്ക് ഓടിയപ്പോഴാണ് . ഇന്ത്യയും , വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരത്തിനിടെയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ആ പഴയ പരസ്യം കാഡ്ബറീസ് ഈ വർഷം വീണ്ടും പുനസൃഷ്ടിച്ചിരുന്നു . അന്ന് സിക്സർ കണ്ട് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയത് യുവതി ആയിരുന്നെങ്കിൽ പുതിയ പരസ്യത്തിൽ ഗാലറിയിൽ കാഡ്ബറീസ് നുണഞ്ഞു കൊണ്ട് ഇരിക്കുന്നത് യുവാവും ,സിക്സർ അടിക്കുന്നത് വനിതാ ക്രിക്കറ്ററുമാണ്. പരസ്യത്തിന്റെ റീമേക്കിൽ കളികാണുന്ന കാഴ്ചക്കാരിയുടെ റോളിൽ നിന്ന് സ്ത്രീ കഥാപാത്രത്തിന്റെ പ്രാധാന്യം ക്രിക്കറ്റർ റോളിലേക്ക് മാറി. പഴയ പരസ്യത്തിൽ പുരുഷ ക്രിക്കറ്ററുടെ സിക്സറിൽ കാണിയായ സ്ത്രീ(കാമുകിയോ , സുഹൃത്തോ ആവാം) ആണ് ഉൻമാദ നൃത്തം ചവിട്ടുന്നതെങ്കിൽ പുതിയ പരസ്യത്തിൽ കാണി പുരുഷനായി മാറി. മാത്രവുമല്ല കളി കാണുന്ന കോട്ടിട്ട പ്രധാനികളിലും സ്ത്രീ സാന്നിധ്യത്തെ കാണാം. തലയിൽ കൈവെച്ച് നിരാശ പ്രകടിപ്പിക്കുന്ന യാൾ പഴയ പരസ്യത്തിൽ പുരുഷനാണെങ്കിൽ പുതിയ പരസ്യത്തിൽ അത് സ്ത്രീയായി മാറി.ഐ പി എല്ലിന് മുന്നോടിയായി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് കാഡ്ബറീസ് ഈ പരസ്യം അതിന്റെ സൃഷ്ടാക്കളായ ഒഗ്ലിവി ആഡ് ഏജൻസി പുനസൃഷ്ടിച്ചത് .

ക്രിക്കറ്റ് എന്നത് പുരുഷ ക്രിക്കറ്റിനു പര്യായമായി പതിറ്റാണ്ടുകളായി ആഘോഷിക്കപ്പെടുന്നിടത്ത് കാഡ്ബറി പരസ്യം വ്യത്യസ്തമായ ഒരു വീക്ഷണകോണാണ് പ്രദാനം ചെയ്തത്. സാമൂഹിക മാധ്യമങ്ങളൊന്നാകെ പുതിയ പരസ്യത്തിന്റെ വാഴ്ത്തുപാടലുകളാൽ നിറഞ്ഞിരുന്നു.

💢 വാൽ കഷ്ണം💢

അബ്ബാസ് അലി : 1939 മാർച്ച് 19 ന് ഹൈദരാബാദിൽ ജനിച്ച വലംകൈയ്യൻ ബാറ്റ്‌സ്മാൻ അബ്ബാസ് അലി 10 ടെസ്റ്റുകളിൽ 18 ഇന്നിംഗ്‌സുകളിൽ നിന്ന് 1 സെഞ്ചുറിയും ,2 അർദ്ധ സെഞ്ചുറിയും സഹിതം 428 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച സ്കോർ 112 ആയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 235 മത്സരങ്ങളിൽ നിന്ന് 29 തവണ പുറത്താകാതെ 12367 റൺസും നേടി. ഇതിനിടയിൽ 21 സെഞ്ചുറികളടക്കം 64 അർധസെഞ്ചുറികളാണ് അബ്ബാസ് അലി നേടിയത്.

ബ്രിജേഷ് പട്ടേൽ :ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിലെ അതികായന്മാരിൽ ഒരാളായ ബ്രിജേഷ് പട്ടേൽ കർണാടകയ്ക്ക് വേണ്ടിയും ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.തന്റെ ബാറ്റിംഗ് കഴിവുകൾ കൂടാതെ പട്ടേൽ ഒരു മികച്ച ഫീൽഡർ കൂടിയായിരുന്നു . പ്രത്യേകിച്ച് ബൗണ്ടറി ലൈനുകൾക്ക് സമീപം നിന്ന് എടുക്കുന്ന അതിശയിപ്പിക്കുന്ന ക്യാച്ചുകൾ . രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച റൺ സ്കോററായിരുന്നു അദ്ദേഹം. വിരമിച്ച ശേഷം പട്ടേൽ ദേശീയ സെലക്ടറായും, കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഭരണപരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.

You May Also Like

ഒരുപറ്റം മനുഷ്യർ ബിരിയാണി ഉണ്ടാക്കാനായി ഒത്തുകൂടിയ ഒരു ആൺരാത്രിയുടെ കഥ

ജിയോ ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസ് ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം…

സിമ്പു അഭിനയിച്ച ‘പത്തു തല’ എന്ന ചിത്രത്തിൽ നടൻ ആര്യയുടെ ഭാര്യയുടെ ഐറ്റം ഡാൻസ്

നടൻ സിമ്പു അഭിനയിച്ച, ‘പത്തു തല’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഐറ്റം ഗാനമായ ‘രാവടി’  യുടെ…

പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുറത്തിറങ്ങി

പ്രശാന്ത് വർമ്മയുടെ ‘ഹനു-മാൻ’ ! സൂപ്പർ ഹീറോ ഹനുമാൻ ഗാനം പുറത്തിറങ്ങി പ്രശാന്ത് വർമ്മയുടെ ആദ്യ…

ആൻഡ്രിയയുടെ പ്രകടനമാണ് സിനിമയെ മുഴുവൻ വഹിക്കുന്നത്

Anel Meley Pani Thuli Megha Pradeep ചെന്നൈയിലെ സ്‌പോർട്‌സ് സ്റ്റോറിൽ ഓപ്പറേഷൻസ് മാനേജരായി മാധി…