ഒരു കോഴിക്കോടൻ അവിയൽ കഥ

676

രേഖ ശാരദയുടെ കുറിപ്പ് 

അമ്മായിനോട് ഒരു ലിറ്റർ പാൽ ചോദിച്ചു വെച്ചിട്ടുണ്ട്… സൊസൈറ്റിയിൽ കൊടുക്കുന്നതിൽ നിന്നും മാറ്റി വെക്കും… പോയി വേടിച്ചു കൊണ്ടു വാ… അമ്മായി,അമ്മായി… വിളിച്ചു വീട് ചുറ്റും നടന്നു.. ആരു കേൾക്കാൻ… താഴെ കോലായിൽ ഇരുന്നു.ഇപ്പൊ വരുമായിരിക്കും… ആ ഞാൻ പറഞ്ഞില്ലേ അതാ

രേഖ ശാരദ

വരുന്നു… ചാലിപാടത്തു പോയതായിരുന്നു ന്റെ കുട്ട്യേ… രണ്ടു പച്ചപ്പുല്ല് ഇട്ടു കൊടുത്തില്ലേൽ ശരിയാവില്ല… വൈക്കോലിനോക്കെ വില കൂടി… പോയി കൊണ്ടൊരാൻ കൃഷ്ണസനോട് പറഞ്ഞിട്ട് ചെവി കൊള്ളിണില്ല കുട്ട്യേ… അയ്യോ കാലിൽ നിന്നതാ ചോര ഒഴുകുന്നു… അതെടി അട്ട അല്ലെ ചാലിയിൽ നിറച്ചും… അര്യാ കത്തി കൊണ്ടു അരിഞ്ഞു ഇട്ടു… പാവം അമ്മായിന്റെ കാലൊന്നും കണ്ടൂട… അട്ട കടിച്ചു കറുത്ത കല മാത്രം…

പാലും വാങ്ങി വീടെത്തിയ വഴി തന്നെ അമ്മ ചെമ്പിൽ ഒഴിച്ച് കാച്ചാൻ തുടങ്ങി… നന്നായി വേവിച്ചു തിളപ്പിച്ച്‌ വാങ്ങി വെച്ചു.. ചെറിയ ചൂടായപ്പോൾ ഉറ ഒഴിക്കാൻ മാറ്റി വെച്ച തൈര് ചേർത്തു… പിറ്റേന്ന് നോക്കുമ്പോ നല്ല കട്ട തൈര്… റാക്കിന്റെ അടിയിൽ നിന്നും ആ പച്ചക്കറി എല്ലാം ഇങ്ങെടുത്തേ… വട്ട ചെമ്പിലെ വെള്ളത്തിൽ ഇട്ടു വെക്കു… അര മണിക്കൂർ കഴിഞ്ഞു ഞാനും, അമ്മയും ഓരോ പലകയും എടുത്തു വെച്ച് മുറിക്കാൻ തുടങ്ങി…ഒന്ന് മുറിച്ചു കാണിച്ചു തന്നു. രണ്ടിഞ്ച് വലുപ്പത്തിൽ ഇങ്ങനെ എല്ലാ കഷ്ണം മുറിച്ചെടുക്കണം… ഞാനാണേൽ ഓരോന്നും അളവ് എടുത്തു മുറിക്കാൻ തുടങ്ങി…

ഉരുളി എടുത്തു ചേന,മുറിച്ചു അടിയിൽ ഇട്ടു, മേലെ കായ, ക്യാരറ്റ്, കൊത്തമരാ, ബീൻസ്, കൈപ്പ ചെറിയതൊന്നു, വെള്ളരി, ഇളവൻ, എറ്റവും മുകളിൽ മുരിങ്ങക്കായ… ഒരു നുള്ള് മഞ്ഞൾ പൊടിയും, അര സ്പൂൺ മുളക് പൊടിയും, കുറച്ച് വെള്ളവും ചേർത്ത് ചെറിയ തീയിൽ വേവിച്ചു. ഇടക്കിടെ എടുത്തു കുടഞ്ഞിടും.. കഷ്ണം വെന്തു കഴിഞ്ഞപ്പോൾ പാകത്തിന് ഉപ്പു ചേർത്ത്, നാളികേരവും, പച്ചമുളകും ചേർത്തു തരി തരിയായി അരച്ച അരപ്പിൽ ഉണ്ടാക്കി വെച്ച തൈര് ചേർത്ത് കലക്കി ഒഴിച്ചു, ചൂടായപ്പോൾ പച്ചവെളിച്ചെണ്ണയും, കാര്യോപ്പിലയും ചേർത്തു ഇറക്കി വെച്ചു… തലേന്ന് ഉണ്ടാക്കി വെക്കും ഓണവും, വിഷു, പിറന്നാൾ എല്ലാം വരുമ്പോൾ.. ഒന്നൂടെ സ്വാദ് കൂടും അപ്പോൾ…

അങ്ങനെ അവിയൽ ഉണ്ടായി..മഹാഭാരതത്തോളം പഴക്കമുണ്ട് അവിയലിനും.. കൗരവരോട് ചൂതിൽ തോറ്റ പാണ്ഡവർ 14വർഷം വനവാസം. ആ സമയം വിരാട രാജധാനിയിലെ അരിവെപ്പുകാരനായിരുന്നു ഭക്ഷണപ്രിയനായ ഭീമൻ.. ഊണിനു സമയമായി. കറി ഒന്നും ആയിട്ടും ഇല്ല. അവസാനം കണ്ണിൽ കണ്ട പച്ചക്കറി എല്ലാം ഒരു വിരലോളം നീളത്തിൽ മുറിച്ചു വേവിച്ചു. അടപ്രഥമന് പിഴിഞ്ഞ നാളികേരത്തിന്റെ പീര ചേർത്തു പുതിയൊരു കറി ഉണ്ടാക്കിയത്രേ… അതാണ് ഇന്ന് പല ദേശത്തും പല രുചിയിൽ വെക്കുന്ന നമ്മുടെ മലയാളികളുടെ അവിയൽ….

ദേശം മാറുന്നത് അനുസരിച്ചു പുളി, മാങ്ങാ, തക്കാളി, തൈര്, ജീരകം, വെളുത്തുള്ളി കിഴങ്ങു വർഗ്ഗങ്ങൾ, വഴുതന ചേർക്കും… ഞാൻ പറഞ്ഞത് കാലിക്കറ്റ്‌ അവിയൽ ആണ്…..