ദലിത് വിദ്യാര്‍ഥിനിയുടെ ഗവേഷണ പ്രബന്ധം വൈകിപ്പിച്ച് വകുപ്പ് മേധാവി, സംഭവം കാലിക്കറ്റ് സർവ്വകലാശാലയിൽ

0
513

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില വകുപ്പ് മേധാവി ഡോ. എന്‍ തോമസ്‌കുട്ടിയുടെ ദലിത്, സ്ത്രീവിരുദ്ധത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന ആരോപണവുമായി യുവതി. എംഫില്‍ കഴിഞ്ഞ്, പിഎച്ച്ഡി ചെയ്യുന്ന സിന്ധു പി സിന്ധൂപ് ആണ് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ആഗസത് 30നാണ് മലയാള കേരള പഠനം വിഭാഗത്തില്‍ ഔദ്യോഗികമായ നടപടികള്‍ക്കുശേഷം സിന്ധു ഗവേഷണപ്രബന്ധം സമര്‍പ്പിച്ചത്. സെപ്തംബര്‍ 6 നായിരുന്നു വകുപ്പ് മേധാവിയുടെ അംഗീകാരത്തോടെ പ്രബന്ധം സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. മലയാള വിഭാഗം മേധാവി ഡോ. എന്‍ തോമസ്‌കുട്ടി കൃത്യമായ കാരണമൊന്നും പറയാതെ തിസീസ് സമര്‍പ്പണം വൈകിപ്പിക്കുകയായിരുന്നു. ദലിത് വിദ്യാര്‍ത്ഥിയായ തനിക്ക് നേരിടേണ്ടി വന്ന ഈ അവസ്ഥ മറ്റുള്ള ദലിത് വിദ്യാര്‍ത്ഥികളും നിരന്തരമായി അനുഭവിച്ചുകൊണ്ടിക്കുകയാണെന്ന് സിന്ധു തന്റെ കുറിപ്പിലൂടെ പറഞ്ഞു. സിന്ധുവിന്റെ കുറിപ്പ് വായിക്കാം

Sindu P Sindup എഴുതുന്നു

ഒടുവിൽ, Ph.D തീസിസ് സബ്മിറ്റ് ചെയ്തു. സെപ്തം.6നു വൈകിട്ട് 5മണിക്ക്, അവസാനദിവസം, അവസാന മിനുട്ടിൽ. പക്ഷെ സന്തോഷം നഷ്ടപ്പെട്ടിരുന്നു.
2009ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാള കേരള പഠന വിഭാഗത്തിന്റെ പടി കയറി, എം. ഫിൽ ബാച്ചിലെ 5പേരിൽ ഒരാൾ ആയി, പഠിപ്പിച്ച അധ്യാപകന്റെ സഹപാഠിയായി എത്താൻ കഴിഞ്ഞതിലെ, ലോകം കീഴടക്കിയ സന്തോഷം, സെമിനാർ, സംവാദങ്ങൾ, അധ്യാപകർ, പ്രിയസൗഹൃദങ്ങൾ, രാവ് പകലാക്കി നേടിയെടുത്ത jrf., സ്ത്രീ വിരുദ്ധരും വിദ്യാർത്ഥി വിരുദ്ധരുമായ അധികാരികളെ പ്രതിരോധിച്ച സംഘബോധം, വ്യക്തിപരവും സാങ്കേതികവുമായ നിരവധി കാരണങ്ങളിൽ കൈവിട്ടു പോവുകയും തിരിച്ചു പിടിക്കുകയും ചെയ്തുകൊണ്ടിരുന്ന ഗവേഷണം..ആഹ്ലാദങ്ങൾ ഒരുപാട് ഉണ്ട്.. എന്നാൽ യാതനാഭരിതമായ ഒരാഴ്ചത്തെ സബ്മിഷൻ അനുഭവങ്ങൾ കഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അതെല്ലാം നഷ്ടമായിരിക്കുന്നു.
വ്യക്തിപരമായ അനുഭവങ്ങളുടെയും അക്കാദമികമായ ബോധ്യങ്ങളുടെയും പിൻബലത്തിൽ ഗവേഷണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ, എന്റെ അധ്യാപകർക്കും സഹഗവേഷകർക്കും മുന്നിൽ കുറ്റവാളിയും ‘കുറ്റംചെയ്യാൻ സാധ്യത’ ഉള്ള ആളും ആയി വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ആരോപണത്തിന്റെ അടിസ്ഥാനരാഹിത്യം തെളിയിക്കുക എന്നത് എന്റെ അന്തസ്സിന്റെ പ്രശ്നമായതു കൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ്.
ഒഫീഷ്യൽ ആയ നടപടികൾകൾക്ക് ശേഷം കഴിഞ്ഞ ആഗസ്ത് 30നാണ് ഗവേഷണപ്രബന്ധം റിസർച്ച് ഗൈഡ് മുഖേന departmentൽ സമർപ്പിച്ചത്. സെപ്റ്റം.6ന് കാലാവധി തീരും. സെപ്റ്റം.3നും 4നുമായി രണ്ട് വട്ടം വകുപ്പധ്യക്ഷനെ നേരിൽ കണ്ട് എന്റെ ഫയൽ ഒപ്പിട്ട് forwrd ചെയ്യാൻ അഭ്യർത്ഥിച്ചെങ്കിലും സെപ്തം. 6ന് ഉച്ച വരെ അത് വകുപ്പ് തലവന്റെ മേശയിൽ ഇരുന്നു. അതിനിടക്ക് എനിക്കൊപ്പം ഡോക്ടറെൽ കമ്മറ്റി കഴിഞ്ഞ് 4നും 5നുമായി thesis വെക്കാൻ വന്നവർ എനിക്ക് മുന്നിലൂടെ മിനുട്ട്കൾക്കകം വകുപ്പ്തലവന്റെ ഒപ്പ് വാങ്ങി കടന്നുപോയി സബ്മിഷൻ നടത്തി. ഓരോ തവണയും ഓഫീസ് ജീവനക്കാർ എടുത്തു മുകളിൽ വെച്ചു കൊണ്ടിരുന്ന ഫയൽ, HoD എടുത്തു മാറ്റിവെച്ചിരിക്കുന്നതു പല തവണ കണ്ടു. ഇതു ബോധ്യപ്പെട്ടപ്പോൾ 4നു ഉച്ചക്ക് ശേഷം HoD യെ കാണാൻ വീണ്ടും കയറി. പനിയും തലവേദനയും കാരണമുള്ള അവശത, അടുപ്പക്കാരുടെ അടുത്ത് നിർത്തി പോന്ന പനി പിടിച്ച രണ്ടു വയസ്സുകാരി മകളുടെ ഓർമ്മ, സഹഗവേഷകരുടെ സഹതാപത്തിനു മുന്നിൽ വെച്ചുണ്ടായ വിവേചനത്തിന്റെയും ബഹിഷ്കരണത്തിന്റെയും മുറിവ്,, അപമാനവും നിസ്സഹായതയും ഒറ്റപ്പെടലിന്റെ മനോവേദനയും കൊണ്ട് ഇടറിയ ശബ്ദത്തിൽ എന്റെ ഫയൽ മാറ്റിവെക്കാനുള്ള കാരണം അന്വേഷിച്ചു. നിയമപരമായ വെരിഫിക്കേഷനു സമയം വേണം എന്ന് മറുപടി കിട്ടി.
ആഗസ്ത് 26നു HoD chairperson ആയ, doctoral കമ്മിറ്റികൂടി verify ചെയ്തു ആ കമ്മിറ്റിയുടെ ശുപാർശയോടെയാണ് dept. ൽ thesis സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ എന്റെ സഹഗവേഷകർക്ക് തടസ്സമില്ലാതെ കാര്യങ്ങൾ നടന്നു കിട്ടുകയും ചെയ്തു. വീണ്ടും verify ചെയ്യപ്പെടുക എന്നുള്ളത് കടുത്ത വിവേചനമാണെന്നും അവർക്ക് ആർക്കും തെളിയിക്കേണ്ടതില്ലാത്ത വിശ്വാസ്യതയും സത്യസന്ധതയും ഞാൻ തെളിയിക്കേണ്ടതുണ്ട് എന്നും മനസ്സിലായി. ഗവേഷണം, academic പ്രവർത്തനങ്ങൾ, ഒഫീഷ്യൽ ഫോര്മാലിറ്റിസ്, എന്നിവയുടെ കാര്യത്തിൽ മറ്റു ഗവേഷകരുടെ ഒട്ടും പിറകിൽ അല്ലെന്നു സ്വയംബോധ്യം ഉണ്ടായിരുന്നിട്ടും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. അന്ന്, തെറ്റ് ചെയ്യാത്തവർ എന്തിനു കരയുന്നു എന്നു ചോദിച്ചവരോട് ഒരു കാര്യം ഇപ്പോൾ പറയട്ടെ..
വീട്ടുപണിയും മറ്റു പലതരത്തിലുള്ള കൂലിപണികളും ചെയ്തും പലിശക്ക് കടം വാങ്ങിയും ഒക്കെയാണ് എന്നെപോലെയുള്ളവരെ രക്ഷിതാക്കൾ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വണ്ടിക്കൂലി തന്നു വിടുന്നത്. ഉപ്പോ വെളിച്ചെണ്ണയോ വാങ്ങാനുള്ള കാശു മറിച്ച പോക്കെറ്റുമണിയും ഹോസ്റ്റലിൽഫീസുംകൊണ്ട് ഉള്ള് കടഞ്ഞു വണ്ടികയറിയ അനുഭവം ധാരാളമുണ്ട്. അത് അനുഭവിക്കാത്ത കീഴാള -ദളിത്‌ വിദ്യാർത്ഥികൾ കുറവായിരിക്കും. ഈ കണ്ണീരും ഒരു വീടിന്റെ മുഴുവൻ നെഞ്ചിടിപ്പും ഒറ്റക്ക് പേറിയാണ് അവർ മേലധികാരിക്കു മുന്നിൽ നിൽക്കുന്നത്.അപ്പോൾ വാക്ക്കൊണ്ട്,നോക്കു കൊണ്ട് അനുഭവിക്കേണ്ടി വരുന്ന ചെറിയ ഹിംസ പോലും വ്യക്തിപരംഅല്ലാതായിത്തീരും. മകൻ/മകൾ കോളേജിൽ ആണ് എന്നു പണിസ്ഥലത്തിരുന്നു വീമ്പു പറയുന്ന പങ്കപ്പാട്കാരെ ഓർമ വരും. അവരും കൂടപ്പിറപ്പുകളും മണ്ണിനടിയിൽ ആയിപോയ അപ്പൂപ്പനും വരെ ഉള്ളിൽ നിറഞ്ഞു കവിയും.കണ്ണീരായി പുറത്ത് വരും. കവിതയായല്ല, കണ്ണീരായി. ഏതു activismത്തേക്കാളും സത്യസന്ധവും നിർമലവും ആണ് ആ കണ്ണീർ എന്നു കരുതുന്നതു കൊണ്ട് കരയുന്നത് എനിക്ക് കുറച്ചിലല്ല, മനുഷ്യത്വത്തിന്റെ ലക്ഷണമാണ്.
സെപ്റ്റം.6ന് ഉച്ചവരെയും എന്റെ ഫയൽ HoD യുടെ മേശപ്പുറത്ത് നിന്നു നീങ്ങാതിരുന്നപ്പോൾ ഗവേഷക സംഘടനയായ AKRSA ക്കു പരാതി നൽകി. Urgent ഇഷ്യൂ ആയതുകൊണ്ട് അവർ ഉടൻ HoD യെ പോയി കണ്ടു. അതോടെ അദ്ദേഹം മലക്കം മറിഞ്ഞു. അപേക്ഷയിൽ, ബോധപൂർവ്വം ഡേറ്റ് തെറ്റിച്ച് എഴുതി HoD യെ കുടുക്കാൻ കള്ളത്തരം ചെയ്തു,എന്നിങ്ങനെ പല വാദങ്ങൾ.. dptൽ പൂർവഗവേഷകർ submit ചെയ്ത രേഖകൾ നോക്കി കാര്യങ്ങൾ ചെയ്യാൻ ആയിരുന്നു ഞങ്ങൾക്ക്‌ കിട്ടിയ നിർദേശം.അതു പ്രകാരം കിട്ടിയ മാതൃകകളിൽ submission date എഴുതിയിടത്തു ഞാനും അത് എഴുതി. അതൊക്കെ objection ഇല്ലാതെ ഫോർവേഡ് ചെയ്തിട്ട് ഇത് തെറ്റായതെങ്ങനെ? ഇനി column ബ്ലാങ്ക് ആയി വെച്ച മറ്റു ഗവേഷകരുടെ ഫയൽ ഒപ്പിട്ടു കൊടുത്തത് എങ്ങനെ? . ഈ ഡേറ്റ് ന്റെ എറർ കണ്ടുപിടിക്കാൻ ഇത്രനാൾ താമസിച്ചതെങ്ങനെ?. ഉത്തരം കിട്ടി. സംശയം തീർന്നു. ഉത്തരം ഇതാണ്. ‘മറ്റു ഗവേഷകർ രേഖകളിൽ വ്യാജം കാണിക്കില്ല എന്ന് ഉത്തമബോധ്യമുണ്ട്. ഈ ഗവേഷകയെ വിശ്വാസമില്ല. കള്ളത്തരം കാണിക്കാൻ സാധ്യതയുണ്ട്’ dept ൽ വിദ്യാർത്ഥിയായിരുന്ന 8വർഷത്തിനിടക്ക്‌ അങ്ങനെഎന്തെങ്കിലും ക്രമക്കേടോ കള്ളത്തരമോ ചെയ്തിട്ടുണ്ട് എങ്കിൽ വിശദീകരിക്കാൻ AKRSA ഭാരവാഹികളും ഞാനും ആവശ്യപ്പെടുമ്പോൾ മറുപടിയില്ല. അവിശ്വാസത്തിന്റെ ആവർത്തനം മാത്രം..
ആലോചിച്ചു നോക്കുമ്പോൾ കള്ളത്തരം കാണിക്കില്ലെന്ന് HoDക്ക്‌ ബോധ്യമുള്ള;ബ്ലാങ്ക് പേപ്പറിലും അദ്ദേഹം ഒപ്പിട്ടു നൽകാൻ തയ്യാറുള്ള ഗവേഷകരിൽ നിന്നു എനിക്കുള്ള വ്യത്യാസം ഇത്രയുമാണ്
1,ഞാൻ ഒരു ദളിത് വിദ്യാർത്ഥിയാണ്
2,സംഘടനാപരമോ സാമ്പത്തികമോ പദവിപരമോ ആയ ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്തയാളാണ്.
3,HoD യുടെ വിദ്യാർത്ഥി-സ്ത്രീ വിരുദ്ധതക്കെതിരെ പല തവണ പരസ്യമായി പ്രതികരിച്ചയാളാണ്
4,ഈ HoDക്കു കീഴിൽ ഗവേഷണം തുടങ്ങി, മാനസിക പീഡനങ്ങൾ സഹിച്ചു ഒടുവിൽ യൂണിവേഴ്സിറ്റിക്ക്‌ പരാതിനൽകി, യൂണിവേഴ്സിറ്റി നിർദ്ദേശിച്ച മറ്റൊരു ഗൈഡ്നു കീഴിലേക്ക് മാറിയ p.k sobith എന്ന ഗവേഷകന്റെ ജീവിതപങ്കാളിയാണ്.
5,മേൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് ഇതേ HoD യാൽ നിരവധി തവണ ഒഫീഷ്യൽ ഓഡിറ്റിംഗ് നു ഇരയായ ആളാണ്
6.വ്യക്തിപരമായി ഒരു കൈകുഞ്ഞിന്റെ അമ്മയാണ്, തൊഴിൽ രഹിതയാണ്.
ഇതിൽ ഏതെങ്കിലും കാരണമാണോ ഇക്കാരണ ങ്ങൾ എല്ലാമാണോ എന്നെ ക്കുറിച്ചുളള മുൻവിധിക്ക്‌ കാരണം എന്നറിയില്ല. അത് എന്തായാലും ഒരു academic കമ്മ്യൂണിറ്റിയിൽ നിൽക്കുകയും അവിടെതന്നെ തൊഴിലെടുക്കേണ്ടി വരികയും ചെയ്യേണ്ടുന്ന ഒരാളെന്ന നിലക്ക് എന്റെ സത്യസന്ധതയെയും വിശ്വാസ്യതയെയും കുറിച്ചുള്ള ആരോപണങ്ങൾക്ക് അദ്ദേഹം വിശദീകരണം നൽകേണ്ടതുണ്ട്. അതു ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാതെ നിവൃത്തിയില്ല.
ഒരു കാര്യം കൂടി പറയാതെ വയ്യ. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ജന്മനാ കുറ്റവാളികൾ ആണെന്ന് സർക്കാർ സംവിധാനങ്ങൾ അടക്കമുള്ളവയുടെ തലപ്പത്ത് ഉള്ളവർ അടങ്ങുന്ന ഒരു പ്രബലവിഭാഗം വിശ്വസിക്കുന്നതായി ഒരു റിപ്പോർട്ട്‌ അടുത്തിടെ കണ്ടു. അതിൽ പുതുമയുള്ളതായി തോന്നിയില്ല. 11th ക്ലാസിൽ അഡ്മിഷനു ചെന്നപ്പോൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ന്റെ attestedcopy കാണിച്ചിട്ടും ഒറിജിനൽ എടുത്തു കൊണ്ട്വന്ന ശേഷം മാത്രം അഡ്മിഷൻ കിട്ടിയത് അനുഭവമുണ്ട്. Cautiondeposit ചോദിച്ചപ്പോൾ വണ്ടിക്കൂലി കഴിച്ചു 100രൂപ എടുത്തു നീട്ടിയതിന് ‘ഇങ്ങനെയാണെങ്കിൽ വല്ല ചില്ലറയും അങ്ങോട്ട് തരാം’ എന്ന് അധിക്ഷേപിക്കപ്പെട്ടതിന്റെ അനുഭവവും ഉണ്ട്. അധിക്ഷേപങ്ങളോട്,അപമാനങ്ങളോട് നിരന്തരം പടവെട്ടിയാണ് മിക്ക ദളിത്‌ വിദ്യാർത്ഥികളും യൂണിവേഴ്സിറ്റിപോലെ ഒരിടത്തു എത്തുന്നതെന്നാണ് പറഞ്ഞുവന്നത്. എന്നിട്ടും caste based privilageന്റെ വിപരീതം privilage ഇല്ലായ്മ എന്നല്ല ;അധിക്ഷേപം എന്നുതന്നെയാണെന്ന് 19കൊല്ലത്തിനിപ്പുറം, ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രത്തിൽ വെച്ച്, അതിന്റെ വക്താക്കളുടെയും പ്രയോക്താക്കളുടെയും മധ്യത്തിൽ വെച്ച് അനുഭവം കൊണ്ടുതന്നെ തിരിച്ചറിയുകയാണ്. അതിന് മുന്നിൽ നെഞ്ചുറപ്പോടെ നിൽക്കാൻ ശ്രമിക്കുമ്പോൾ അഭിമാനമാണോ ആത്മനിന്ദയാണോ അനുഭവിക്കുന്നതെന്നു തിരിച്ചറിയാനാവുന്നില്ല.. ഇത് ഇവിടെ തുടങ്ങിയതോ ഇവിടെ വെച്ച് അവസാനിക്കുന്നതോ അല്ല എന്ന ഉത്തമബോധ്യമുണ്ട്. അതുകൊണ്ട് ഇത് എന്റെ മാത്രം അനുഭവമല്ല എന്നുറപ്പിച്ചു പറയുന്നു.
കേരളത്തിലെ കീഴാളരായ മനുഷ്യരുടെ അതിജീവനത്തെപറ്റിയുള്ള എന്റെ അന്വേഷണങ്ങളും നിഗമനങ്ങളും സാർഥകമായി എന്ന ആശ്വാസം മാത്രമാണ് ഇപ്പോൾ ഉള്ളത്. കീഴാളവാദവും ദളിത് വാദവും പുസ്തകമെഴുതാനും പ്രസംഗിക്കാനും കരിയറിനു പോറൽവരാത്ത വിധം പ്രയോഗിക്കാനുമുള്ള academic tools ആണെന്നു കരുതുന്നവരോട്… ‘ആണോ.. വെരി നൈസ്. ‘..എന്നേ പറയാനുള്ളു.. പക്ഷെ ഏന്തിയും കിതച്ചും രണ്ടടി മുന്നോട്ട് നീങ്ങി നിവർന്നുനിൽക്കുമ്പോഴേക്കും 2നൂറ്റാണ്ടിനു പിന്നിലേക്ക് ആട്ടിയോടിക്കാൻ ശ്രമിക്കുന്ന
വരോട് ആശയപരമായി യുദ്ധം പ്രഖ്യാപിക്കാതെ ജീവിക്കാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഇത് എഴുതേണ്ടി വന്നത്.
കൂടെനിന്ന പ്രിയമിത്രങ്ങൾക്കും AKRSAക്കും ഹൃദയംനിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു…l