തിരുവിതാംകൂറില്‍ നായികയെ ലാലിന്, കൊച്ചിമുതൽ കോഴിക്കോട് വരെ മമ്മൂട്ടിക്കു, കണ്ണൂരിൽ പിണറായിവിജയന് !
ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ
229 total views

സിനിമ ഫ്രെയിമുകള്ക്കുപുറത്തെ അപൂര്‍വ കാഴ്ചകളെക്കുറിച്ച് ക്യാമറാമാനും സംവിധായകനും എഴുത്തുകാരനുമായ വേണു എഴുതുന്നു
വാള്‍ട്ട് ഡിസ്നിയുടെ ‘ദ ലയണ്‍ കിങ്’ എന്ന ആനിമേഷന്‍ ചിത്രം തൊണ്ണൂറുകളില്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു. ആഫ്രിക്കന്‍ പുല്‍മേടുകള്‍ അടക്കിവാണിരുന്ന മുഫാസ എന്ന സിംഹരാജാവിന്റെയും മകന് സിംബായുടേയും കഥ. എല്ടന് ജോണ്‍ ഒരുക്കിയ മനോഹര ഗാനങ്ങളായിരുന്നു സിനിമയുടെ ഒരു സവിശേഷത. ശക്തനും തന്ത്രശാലിയുമായ അച്ഛന്റെ സ്നേഹവും സംരക്ഷണവും ഏറ്റുവാങ്ങി കളിച്ചുനടക്കുന്ന സിംബായെയാണ് സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ നാം കാണുന്നത്.
ഒരു രാത്രി അനന്തമായ ആഫ്രിക്കന്‍ ആകാശത്തെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങള്‍ക്കുകീഴില്‍ മുഫാസ മകന് ജിവിതത്തിലെ അന്തര്‍ധാരകളുടെ സങ്കീര്‍ണതകള്‍ പറഞ്ഞു കൊടുക്കുന്നു. അച്ഛന്റെ ആ വാക്കുകള്‍ സിംബായുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിച്ചു എന്നും, അടുത്ത രാജാവാകാന്‍ എങ്ങനെ സഹായിച്ചു എന്നതും കഥയിലെ പ്രധാന ഘടകമാണ്. ‘ലയണ്‍ കിങ്’ കേരളത്തില്‍ റിലീസായി അധികം കഴിയാതെ മലയാളത്തിലെ രണ്ട് സൂപ്പര്‍ നായകന്മാരെയും ഹിന്ദിയിലെ ഒരു സൂപ്പര്‍ നായികയെയും അണിനിരത്തി ഒരു സൂപ്പര്‍ സംവിധായകന് ഒരു സിനിമ പ്രഖ്യാപിച്ചു- മമ്മൂട്ടിയും മോഹന്‍ലാലും ജൂഹി ചാവ്ളയുമാണ് സൂപ്പര്‍താരങ്ങള്‍. ഫാസിലാണ് സൂപ്പര്‍ സംവിധായകന്. പടം ഹരികൃഷ്ണന്‍സ്.
ആനന്ദക്കുട്ടനായിരുന്നു ക്യാമറാമാന്. ഹരികൃഷ്ണന്സിന്റെ ഷൂട്ട് കൊഡൈക്കനാലില്‍ നടക്കുമ്പോള്‍ കുറച്ചു ദിവസത്തേക്ക് രണ്ടാമതൊരു ക്യാമറാമാന് കൂടി ആവശ്യമായി വന്നു. അങ്ങനെ രണ്ടാം ക്യാമറാമാനായി ഞാന്‍ കൊഡൈക്കനാലില്‍ എത്തി. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഇവര്‍ രണ്ടുപേരുമുള്ള ഒരു പടം ഞാന്‍ ചെയ്യുന്നത്. വാപ്പച്ചിയുടെ ഷൂട്ട് കാണാന്‍ കൊച്ചുകുട്ടിയായ ദുല്‍ഖര്‍ സല്‍മാനും വന്നിട്ടുണ്ട്.
എത്ര വൈകി ഉറങ്ങിയാലും നേരത്തെ എഴുന്നേല്ക്കുന്ന ശീലക്കാരനാണ് ലാല്‍. എന്നാല്‍ മമ്മൂട്ടിക്ക് അങ്ങനെയൊരു പതിവ് തീരെയില്ല. ഒരു ദിവസം രാവിലെ ഉണര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതേ അതുമിതും പറഞ്ഞു നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി ‘ഒയ്യോ, അതുകണ്ടോ’ എന്നു പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ കണ്ടത്, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് വിശ്വസിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുള്ള ഒരു കാഴ്ചയാണ്. ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ, ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു; കുടെ കുഞ്ഞു ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞു കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖര്‍ സല്‍മാനും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു – അണ്ണാച്ചി ‘ലയണ്‍ കിങ്’ സിനിമ കണ്ടായിരുന്നോ എന്ന്. ആ സിനിമ നേരത്തേ കണ്ടതാണെന്ന് ഞാനും പറഞ്ഞു.
ഹരികൃഷ്ണന്‍സിനെക്കുറിച്ച് ഒരു കാര്യം കൂടി…
രണ്ട് സൂപ്പര്‍ താരങ്ങളെ തന്റെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ഫാസിലിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു, രണ്ടു പേര്‍ക്കും ഒരേ പ്രധാന്യം എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം എന്ന്. പണമിട വ്യത്യാസം വരാതെ അളന്നുതൂക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്തുപോന്നിരുന്നത്. സംഭാഷണത്തിലും ഫ്രെയ്മിലെ സ്ഥാനത്തിലും വേഷത്തിലും എല്ലം തുല്യനീതി നിലനിര്‍ത്താന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതില്‍ അദ്ദേഹം പലപ്പോഴും വിജയിക്കുകയും ചെയ്തു.

പക്ഷേ പടം ക്ലൈമാക്സില്‍ എത്തിയപ്പോള്‍ പ്രശ്നം ഗുരുതരമായി. നായകന്മാര്ക്ക് എല്ലാം തത്തുല്യം പകുത്തുനല്കുന്ന രീതി നായികയുടെ കാര്യത്തില്‍ സാധ്യമല്ല എന്ന് വസ്തുത ഫാസിലിനെ അലട്ടാന്‍ തുടങ്ങി. അങ്ങനെയാണ് മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്സ് ചിത്രമായി ഹരികൃഷ്ണന്‍സ് മാറുന്നത്. അന്ന് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി തുറന്ന തീരുമാനമായിരുന്നു അത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക്. അതായിരുന്നു ഇരട്ട ക്ലൈമാക്സ്.
പടം റിലീസായശേഷം ഒരു ചെറിയ സദസ്സില്‍ മുമ്പ് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഈ പുതിയ പരീക്ഷണത്തെക്കുറിച്ച് സംസാരം ഉണ്ടായി. സംവിധായകന് പവിത്രനും അവിടെയുണ്ടായിരുന്നു. പവിത്രന് ഇതിനിടയില്‍ കയറി ഇടപെട്ടു: തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്.
230 total views, 1 views today
