നീതുവിനെ പേടിച്ച് ക്യാൻസർ

0
127

ലിജി പന്തലാനി, പാലാ

നീതുവിനെ പേടിച്ച് ക്യാൻസർ
…………………………….
‘ഷി ബസ്’ ” ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ സാലി ഡബിൾബെല്ലടിച്ച് നിർത്തി.’ ലിജി ഓടി വാ.. കയറ് ‘ ഒന്നും ആലോചിച്ചില്ല, വിളിച്ചത് എന്റെ സാലിയല്ലേ. ചാടിക്കയറി.ബസിൽ പത്തിരുപത് സുന്ദരികളായ പെണ്ണുങ്ങൾ.ലേഡീസ് ഒൺലിയാണ്. എല്ലാവരും തമാശകൾ പറയുന്നു. പൊട്ടിച്ചിരിക്കുന്നു.. പാട്ടു പാടുന്നു.. ആകെ സന്തോഷമയം.എന്റെ തല പോലെ തന്നെ പലരുടെയും തലകൾ നല്ല ക്ലീൻ ഷേവ്ഡ് ആണ്.. സുന്ദരി മൊട്ടകൾ… മറ്റു ചിലരുടെ തലയിൽ പുല്ല്കിളുക്കും പോലെ മുടി കിളിർത്തു തുടങ്ങിയിരിക്കുന്നു… വേറെ ചിലർക്ക് നല്ല നീണ്ട മുടിയുണ്ട്. അവരുടെ കണ്ണുകളിലെ തിളക്കം. വാക്കുകളിലെ ആത്മവിശ്വാസം. മുഖത്തെ സൂര്യതേജസ്സ്… എന്നെ ആലീസിന്റെ വണ്ടർലാൻഡി ലെന്ന പോലെ അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

ഷിബസ് കേരളത്തിന്റെ തിരക്കേറിയ നിരത്തുകളിലൂടെ ഓടുകയാണ്… മറ്റെല്ലാ വണ്ടികളെയും ഓവർ ടേക്ക് ചെയ്ത്.. കുണ്ടിലും കുഴിയിലും ചാടാതെ.. അപകടങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി.. വിജയ ഹോൺ മുഴക്കി ഞാൻ ഓരോരുത്തരെയായി പരിചയപ്പെട്ടു തുടങ്ങി. ബസിന്റെ മുൻനിരയിൽ വെളുത്ത് മെല്ലിച്ച് സുന്ദരിയായ ഒരു പെൺകുട്ടി.. കോഴിക്കോട് കാരിയായ നീതു രാജ് എന്ന നീതു വേദ് കിരൺ . തിളക്കമാർന്ന അവളുടെ കണ്ണുകളിലൂടെ ആരെയും ത്രസിപ്പിക്കുന്ന ഒരു കഥ ഞാൻ വായിച്ചെടുത്തു.
പഠനം നീതുവിന് എന്നും ഒരു ആവേശമാണ്. എത്ര പഠിച്ചാലും അവൾക്ക് മതിയാവില്ല. ആർത്തിയോടെ പഠിച്ച് പരീക്ഷകളിലെല്ലാം അവൾ ഒന്നാമതായി ജയിച്ചു കയറി. അറിവിന്റെ കൊടുമുടി ഇങ്ങനെ ഓടിക്കയറുമ്പോൾ ഈശ്വരന് ഒരു തമാശ തോന്നി.. ഇവളെ ഒന്നു പരീക്ഷിക്കാൻ. ഒരു പ്രാക്ടിക്കൽ പരീക്ഷ ഇട്ടു കൊടുത്തിട്ട് അവളെ വെല്ലുവിളിച്ചു. തിയറി പരീക്ഷകളിലെല്ലാം കാണിക്കുന്ന സാമർത്ഥ്യം ഈ പ്രാക്ടിക്കൽ പരീക്ഷയിൽ ഞാനൊന്നുകാണട്ടെ.

കുളിക്കുന്നതിനിടയിൽ കഴുത്തിനും തോളിനു മിടയ്ക്ക് ചെറിയ ഒരു തടിപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടു.അന്ന് എന്റെ അനിയത്തി കുട്ടിക്ക് പ്രായം 21. മൈസൂർ യൂണിവേഴ്സിറ്റിയിൽ Msc ജെനിറ്റിക്സിന് (ഒന്നാം വർഷം) പഠിക്കുന്നു.എണ്ണ തേച്ചതിന്റെ നീരിറക്കം ആവുമെന്ന് അമ്മ.ക്യാൻസർ ബയോളജി എന്ന ഒരു പേപ്പർ പഠനത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാവാം FNAC ക്ക് ഡോക്ടറോട് അവൾ അങ്ങോട്ട് നിർദ്ദേശിച്ചു.ആദ്യ FNA C യിൽ തൃപ്തി വരാതെ മറ്റൊരു ഹോസ്പിറ്റലിൽ FNA C ആവർത്തിച്ചു. പിന്നീടെല്ലാം പെട്ടന്നായിരുന്നു ഡോക്ടർ ബയോപ്സിക്ക് നിർദ്ദേശിച്ചു ബയോപ്സിക്ക് വിധേയയായപ്പോൾ അവൾ ഡോക്ടറോട് പറഞ്ഞു എന്റേത് hodgkins lymphoma എന്ന ക്യാൻസറാണ്.ടെസ്റ്റ് റിസൾട്ട്പോലും വരുന്നതിനു മുമ്പ് ഡയഗണൈസ് ചെയ്യാൻ നീയാര് ഡോക്ടറോ എന്ന മട്ടിൽ ആ ഡോക്ടർ അവളെ പരുഷമായി നോക്കി.. അത് ഞങ്ങള് തീരുമാനിച്ചോളാം എന്ന താക്കീതും നൽകി വിട്ടു. എന്തായാലും 10 ദിവസം കഴിഞ്ഞ് ബയോപ്സി റിസൾട്ട് വന്നപ്പോൾ ഡോ ക്ടർ ഒരു പേപ്പറിൽ അവൾക്ക് കുറിച്ച് നൽകി.. hodgkins lymphoma.സെക്കൻഡ് സ്റ്റേജാണ്.അവൾ മുൻകൂട്ടി കണ്ടത് തന്നെ. ഡോക്ടർ അവളെ അത്ഭുതത്തോടെ നോക്കി. അവളാണേൽ മധുരമായ ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി.

യാതൊരു ലക്ഷണങ്ങളുമില്ല.. ആരോഗ്യമുള്ള ശരീരം.. അച്ഛന്റെ യോ അമ്മയുടെ യോ കുടുംബത്തിലോ അടുത്ത തലമുറകളിലോ ഒന്നും ആർക്കും ക്യാൻസർ കേട്ടിട്ട് പോലും ഇല്ല.. അതുകൊണ്ടുതന്നെ ഇതറിഞ്ഞപ്പോൾ എല്ലാവരും ഷോക്കായി, നീതു ഒഴിച്ച്.
അവളുടെ മിഴികൾ നനഞ്ഞില്ല. ….മുഖത്തെ പുഞ്ചിരി മാഞ്ഞില്ല…ഈ പ്രാക്ടിക്കൽ പരീക്ഷയിൽ ജയിച്ചേ മതിയാവൂ. ഈശ്വരന്റെ വെല്ലുവിളി അവൾ ഏറ്റെടുത്തു. ആത്മവിശ്വാസത്തിന്റെ കരളുറപ്പിൽ ,രോഗവിവരം കേട്ട് തകർന്നു പോയ മാതാപിതാക്കൾക്കും അനുജത്തിക്കും മറ്റു ബന്ധുക്കൾക്കും അവൾ ധൈര്യം പകർന്ന് മുന്നിൽ നിന്നു.മൈസൂറിലെ പഠനം അവസാനിപ്പിച്ച് കേരളത്തിലേക്ക് വരാനും ഇവിടെ RCC യിൽ ചികിത്സിക്കാനും വീട്ടുകാർ നിർബന്ധിച്ചു. എന്നാൽ ഇതിനു വേണ്ടി പഠനം ഉപേക്ഷിക്കാൻ അവൾ തയ്യാറായില്ല. അതവൾക്ക് ക്യാൻസറിനേക്കാൾ ഭയാനകവും മരണ തുല്യവുമായിരുന്നു.

MBBS എടുക്കാനായിരുന്നു താല്പര്യം എങ്കിലും അതിനായി ഒരു വർഷം എൻട്രൻസ് പഠിക്കാനുള്ള മടി കാരണം വെറുതെ പോയി എഴുതിയപ്പോൾ BAM S ആണ് ലഭിച്ചത്.അതിന് താല്പര്യം ഇല്ലാതിരുന്നതുകൊണ്ട് മെഡിക്കൽ റിലേറ്റഡ് ആയ ഒരു വിഷയം തന്നെ എടുക്കുന്നതാവും നല്ലതെന്ന് പ്ലസ് ടു അദ്ധ്യാപകൻ ( NSS കല്പറ്റ) ബാബു പ്രസന്നകുമാർ സാർ നിർദ്ദേശിച്ചതനുസരിച്ചാണ് ഏറെ വ്യത്യസ്തവും അധികമാരും എടുക്കാത്തതുമായ ജനിതക ശാസ്ത്രം (genetics) ഡിഗ്രിക്ക് എടുത്തത്.കേരളത്തിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ മാത്രമേ ഈ ഒരു വിഷയം ഉണ്ടായിരുന്നുള്ളു.അങ്ങനെ AWH കോളേജ് കോഴിക്കോട് നിന്ന് ഇഷ്ട വിഷയം പഠിച്ചിറങ്ങി.നല്ല ഫാക്കൽറ്റിയും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്ള ഒരു യൂണിവേഴ്സിറ്റി ക്യാമ്പസിൽ തന്നെ Msc ചെയ്യണമെന്ന ആഗ്രഹവും അന്വേഷണവും ആണ് സൗത്ത് ഏഷ്യയിലെ നമ്പർ വൺ ഡോർ സോഫി ല (drosophila) സ്റ്റോ ക് സെന്ററും ,മറ്റു രാജ്യങ്ങളിലെ ഗവേഷകരും അദ്ധ്യാപകരും കോളേജുകളും പോലും ജെനറ്റിക്സ് പഠനത്തിനായി ആശ്രയിക്കുന്ന മൈസൂർ യൂണിവേഴ്സിറ്റി(manasagangotri campus) തന്നെ തിരഞ്ഞെടുത്തത്.അങ്ങനെ ഏറെ ആഗ്രഹിച്ച് നേടിയ അഡ്മിഷനാണിത്. അന്ന് കേരളത്തിൽ നിന്ന് നീതുവിന് മാത്രമാണ് അവിടെ പ്രവേശനം ലഭിച്ചത്.

ഇതാണ് ക്യാൻസറിന്റെ പേരിൽ ഉപേക്ഷിക്കണമെന്ന് പറയുന്നത്… ഇല്ല.. ചികിത്സ ഒരു സൈഡിലേക്ക് മാറ്റി പഠനം മെയിനായി തന്നെ കൊണ്ടുപോകാൻ അവൾ തീരുമാനിച്ചു.ചികിത്സയ്ക്കു വേണ്ടി തന്റെ ക്ലാസുകൾ നഷ്ടപ്പെടുത്താൻ അവൾ തയ്യാറല്ലായിരുന്നു.അങ്ങനെ ബാംഗളൂരുള്ള Kidwai oncology hospital ൽ ചികിത്സ നടത്താൻ അദ്ധ്യാപകരും സുഹൃത്തുക്കളും നിർദ്ദേശിച്ചു.
അതിനായി കോഴിക്കോട്ടെ വീട് മൈസൂറിലേക്ക് മാറ്റി. താങ്ങും തണലുമായി അമ്മയും അച്ഛനും കൂടെ നിന്നു .അനുജത്തിയെ മൈസൂർ പ്ലസ് വണിന് ചേർത്തു.

ആരുടെയും സഹതാപത്തിനോ കണ്ണീരിനോ അവൾ ചെവികൊടുത്തില്ല.. ആർക്കും വേണ്ടി കാത്തു നിന്നതുമില്ല.. അമ്മയും അനുജത്തിയും സുഹൃത്തുക്കളും നൽകിയ ഊർജം..പഠനത്തോടുള്ള അടങ്ങാത്ത പ്രണയം.. ഇവയെല്ലാം ഏതൊരു ക്യാൻസർ സെല്ലിനേയും ചുട്ടെരിക്കാനുള്ള അഗ്നിയായി അവളുടെ മനസ്സിൽ ആളിക്കത്തിക്കൊണ്ടിരുന്നു.കീമോതെറാപ്പി, റേഡിയേഷൻ… ചികിത്സയുടെ ദിനങ്ങളിലേക്ക് പ്രവേശിക്കും മുമ്പ് ആശ് പത്രിയിൽ നിന്ന് ഒരു കൗൺസിലിങ്ങ്. രോഗത്തിന്റെ ഭീകരതയേയും അനന്തരഫലങ്ങളെയും കുറിച്ച് വളരെ നെഗറ്റീവായി പറഞ്ഞു തന്ന ആ കൗൺസിലിങ് എന്തിനായിരുന്നു എന്ന് അന്നും ഇന്നും അവൾക്കറിയില്ല. തീക്കട്ടയോടാണ് തീപ്പെട്ടി കൊള്ളിയുടെ കളി!!!

ആകെയുള്ള ഒരു ചെറിയ സങ്കടം പാരമ്പര്യമായി കിട്ടിയ നീണ്ട ഇടതൂർന്ന മുടി നഷ്ടപ്പെടുന്നതിൽ മാത്രമായിരുന്നു. ഒന്ന് ഷേപ് ചെയ്യുക പോലും ചെയ്യാതെ ഒരു സ്വകാര്യ അഭിമാനമായി കൊണ്ടു നടന്ന മുടിക്ക് പക്ഷേ അവളെ തളർത്താനുള്ള ശേഷിയുണ്ടായിരുന്നില്ല. അവൾക്കറിയാമായിരുന്നു ഇല പൊഴിയും ശിശിരകാലത്തിനു ശേഷം നിറയെ പൂക്കളുമായി വസന്തകാലമെത്തുമെന്ന്.കിഡ് വായി ക്യാൻസർ ആശുപത്രി… ഏറ്റവും മികച്ച ക്യാൻസർ ചികിത്സ, പ്രഗത്ഭരായ ഡോക്ടർമാർ. ഫോർമൽ ആയ ഡോക്ടർ – രോഗീ ബന്ധം. മാനസികമായ യാതൊരടുപ്പവും അവർ തമ്മിലില്ല. ആയിരത്തോളം ക്യാൻസർ രോഗികൾ അവിടുണ്ടായിരുന്നു. കേരളത്തിലെ പോലെ രോഗികൾ തമ്മിലും ഡോക്ടറും രോഗിയും തമ്മിലുമുള്ള മാനസികമായ ഇഴയടുപ്പം അവിടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. എന്തായാലും വിജയകരമായി 6 കീമോയും പൂർത്തിയാക്കി.

എല്ലാ ക്യാൻസർ രോഗികളുടെയും പോലെ മുടിയെല്ലാം കൊഴിഞ്ഞു പോയി. ദേഹമാകെ കറുത്ത് കോലം കെട്ടു. ഛർദ്ദി.. ക്ഷീണം.. വേദന.. എല്ലാം കൂട്ടിനെത്തി. ‘വയ്യാ’ എന്നൊരു വാക്ക് അവളുടെ വായിൽ നിന്ന് വന്നില്ല. ഒരിക്കൽ പോലും മിഴികൾ നനഞ്ഞില്ല. ആരേയും ആകർഷിക്കുന്ന വശ്യമായ ആ പുഞ്ചിരിക്ക് യാതൊരു ഇടിവും സംഭവിച്ചില്ല.തന്റെ വേദനകൾക്കു മുന്നിൽ കണ്ണീരുമായി നിന്നവർക്ക് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി സമ്മാനിച്ച് മടക്കി അയച്ചു.20 റേഡിയേഷനാണ് ഡോക്ടർ നിർദ്ദേശിച്ചത്.ദിവസവും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് റേഡിയേഷൻ മൈസൂറുള്ള ഭാരത് ക്യാൻസർ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ്ചികിത്സ, മികച്ച സൗകര്യങ്ങൾ, ബാംഗ്ലൂരെക്കാളും കുറച്ചു കൂടി മനുഷ്യത്വപരമായ ഇടപെടൽ.

ഇതിനിടയിൽ ക്ലാസ് നഷ്ടപ്പെടുത്താനോ അസൈൻമെന്റിന് അവധി ചോദിക്കാനോ അവൾ മുതിർന്നില്ല.. കാരണം പഠനത്തെ അവൾ അത്രയേറെ പ്രണയിച്ചിരുന്നു. അവളുടെ ആദ്യത്തെ സെമിനാറു പോലും Hodgkins lymphoma leukemia എന്ന സ്വന്തം അസുഖത്തെക്കുറിച്ചായിരുന്നു!! മുടിയില്ലാതെ, രൂപവും കോലവും മാറി ക്യാമ്പസിലെത്തിയ നീതുവിനെ സഹപാഠികളോ അദ്ധ്യാപകരോ സഹതാപത്തോടെ നോക്കിയില്ല.. പരിഭവം പറഞ്ഞില്ല.. വേദനിപ്പിച്ചില്ല. പകരം എന്തിനും ഏതിനും താങ്ങായി തണലായി കൂടെ നിന്നു.
ഹൈ റേഡിയേറ്റീവ് മെഡിസിനുകൾ സിരകളിലൂടെ ഇങ്ങനെ കത്തി പടരുമ്പോൾ അവളുടെ ശരീരത്തിന് താങ്ങാനാവാതെ പ്രാക്ടിക്കൽ ലാബുകളിൽ പലവട്ടം തലചുറ്റി വീണിട്ടും പരീക്ഷ കംപളീറ്റ് ആക്കിയിട്ടേ അവൾ പിൻ വാങ്ങിയുള്ളു. കണ്ടു നിന്ന അദ്ധ്യാപകർക്ക് സഹിക്കാനായില്ലെങ്കിലും അവളുടെ നിശ്ചയദാർഡ്യത്തിനു മുന്നിൽ എല്ലാവരും തല കുനിച്ചു. റെസ്റ്റ് എടുത്തിട്ട് ജൂണി യേഴ്സിന്റെ കൂടെ പരീക്ഷ എഴുതാം എന്ന് തന്റെ ഏറെ പ്രിയപ്പെട്ട അധ്യാപിക ഡോ. B V ശ്യാമള സ്നേഹപൂർവ്വം ഉപദേശിച്ചെങ്കിലും അതിനു വേണ്ടി ഒരു വർഷം കളയാൻ അവൾ ഒരുക്കമല്ലായിരുന്നു.. നടക്കാൻ കഴിയില്ലെങ്കിൽ ഇഴഞ്ഞാണെങ്കിലും വന്ന് പരീക്ഷ എഴുതുമെന്ന് അവൾ ഉറപ്പിച്ചിരുന്നു.

അവൾ ക്യാൻസറിനെ ഭയപ്പെട്ടില്ല… ക്യാൻസർ അവളെ ഭയപ്പെട്ട് ഓടുകയായിരുന്നു.അങ്ങനെ 2015ടെ ഒരു വർഷം നീണ്ടു നിന്ന പോരാട്ടം വിജയകരമായി പൂർത്തിയായി. ഒപ്പം ടോപ് 5 ൽ ഒരാളായി ജെനിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേഷനും സ്വന്തമാക്കി.
ഈശ്വരനോട് അവൾ വിളിച്ചു പറഞ്ഞു … ഇതാ ഞാൻ.. അങ്ങ് തന്ന പ്രാക്ടിക്കൽ പരീക്ഷയിൽ ഒന്നാമതായി ജയിച്ചു വന്നിരിക്കുന്നു. തേൽക്കാൻ എനിക്ക് മനസ്സില്ല.. കരയാൻ സമയവും… അറിവിന്റെ ലോകത്ത് കയ്യെത്തിപ്പിടിക്കാൻ ഇനി ഒരുപാടുണ്ട്.. പരീക്ഷണവുമായി വാശി പിടിപ്പിക്കാൻ എന്റെ പിന്നാലെ വരരുത്.. നീ തോറ്റു പോകും.അതേ.. നീതു എന്ന പോരാളിയുടെ തേരോട്ടം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.ബാങ്ക് ജോലിക്ക് നോക്കാൻ വീട്ടുകാർ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ സ്വയം പഠിച്ച് പരീക്ഷ എഴുതി.SBI ടെ പ്രൊബേഷണറി ഓഫീസറായി ആദ്യ ചാൻസിൽ തന്നെ സിലക്ഷൻ.. പക്ഷേ അത് തന്റെ വഴിയല്ലെന്ന് തിരിച്ചറിഞ്ഞ് അവളത് ഉപേക്ഷിച്ചു.. അതിനിടയിൽ Forensic science, medicine & toxicology യിൽ ഡിപ്ളോമ എടുത്തു.
GATE ഉം SLET ഉം ക്ലിയർ ചെയ്തു.

കോയമ്പത്തൂർ ഭാരതിയാർ യുണിവേഴ്സി റ്റി യിലെ Dr. V ബാലചന്ദറിനു കീഴിൽ (dept.of human genetics& molecular biology) ഇപ്പോൾ ജൂണിയർ റിസേർച്ച് ഫെലോ (JRF) ആണ്. autism spectrum disorder ആണ് വിഷയം. ഓട്ടിസത്തെ കുറിച്ചുള്ള ഒരു പേപ്പറിന്റെ അവസാന മിനിക്കു പണികളിലാണ് നീതു. ഉടൻ തന്നെ അത് പ്രമുഖ ജേർണലുകളിൽ പ്രസിദ്ധീകരിക്കും. ജനിതകമല്ലാത്ത, പാരിസ്ഥിതിക ജീവിതശൈലി പ്രശ്നങ്ങൾക്കൊണ്ടുണ്ടാകുന്ന ഓട്ടിസത്തിനെതിരെയുള്ള ഒരു ബോധവത്കരണ ശ്രമം കൂടിയാണിത്.
Phd ക്ക് മൈസൂർ യൂണിവേഴ്സിറ്റി ഉൾപ്പെടെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ കിട്ടിയെങ്കിലും JRF ചെയ്യുന്ന ഭാരതീയർ യൂണിവേഴ്സിറ്റിയിൽ തന്നെ രജിസ്റ്റർ ചെയ്തു.

വിഷയം തീരുമാനിച്ചിട്ടില്ലെങ്കിലും cancer& stemcells therapy യുമായി ബന്ധപ്പെട്ടതാവാനാണ് സാധ്യത. സ്കോളർഷിപ്പോടെയാണ് ഗവേഷണം. വിമൻ സയന്റിസ്റ്റ് ഫെലോഷിപ്പിനും അപേക്ഷിച്ചിട്ടുണ്ട്.അടുത്തെയിടെ നടന്ന ഇന്ത്യൻ ഇന്നവേഷൻ കോണ്ട സ്റ്റിൽ പങ്കെടുത്ത് മെഡിക്കൽ ഇന്നവേറ്റീവ് മാസ്കി നെക്കുറിച്ച് ഒരു വീഡിയോ സബ്മിറ്റ് ചെയ്യുകയുണ്ടായി.JRF ന്റെ ഭാഗമായി ‘stem cell derived exosomes’ എന്ന വിഷയത്തിൽ തയ്യാറാക്കിയ ഒരു പേപ്പർ മിനി റിവ്യു കഴിഞ്ഞ് പ്രശസ്ത സയൻസ് ജേർണലിൽ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നു. കൊറോണ ഗുരുതരമായി ബാധിച്ച രോഗികളിൽ കണ്ടുവരുന്ന ആന്തരീകാവയവങ്ങളിലെ കേടുപാടുകൾ എങ്ങനെ പരിഹരിക്കാം എന്നതിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാവും ഈ പേപ്പർ എന്നതിൽ സംശയമില്ല..
ഇങ്ങനെ ഉയരങ്ങൾ ഒന്നൊന്നായി കീഴടക്കുമ്പോഴും നീതുവിന് വിശ്രമമില്ല… സിവിൽ സർവീസ് മോഹം തലക്ക് പിടിച്ചു കഴിഞ്ഞു..
6 മാസം കൂടുമ്പോഴുള്ള ഫോളോ അപ് ഇപ്പോൾ വർഷത്തിൽ ഒന്നായി കുറച്ചു.മുടിയും രൂപവും കോലവും എല്ലാം പഴയ പോലായി.. മനസ് ഒന്നൂടെ സ്ടോങ്ങ് ആയി.

വീട്ടുകാർ കല്യാണ ആലോചനയിലേക്ക് കടന്നു… താനൊരു ക്യാൻസർ സർവൈവർ ആണെന്ന് കാണിച്ച് നൽകിയ മാട്രിമോണിയൽ പരസ്യത്തിന് പ്രതീക്ഷകൾ തെറ്റിച്ച് ഒരുപാട് അന്വേഷണങ്ങൾ വന്നു.. തൃശൂർ വേരുകളുള്ള ബറോഡ ക്കാരൻ വേദ്കിരണിനാണ് ഇനിയങ്ങോട്ടുള്ള പോരാട്ടത്തിൽ നീതുവിന്റെ കൈ പിടിക്കാൻ നറുക്ക് വീണത്. അങ്ങനെ 2019 ജാനുവരി 25ന് വേദ് കിരൺ നീതുവിന് സ്വന്തമായി.ഭാര്യയുടെ നാടും ഭാഷയും പഠിക്കാൻ പൂനാ വിപ്രോയിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് ട്രാൻസ്ഫർ വാങ്ങി. ഇപ്പോൾ blue print technologies ൽ senior sap consultant ആയി ജോലി ചെയ്യുന്നു.നീതുവിനെ തോൽപിക്കാൻ ആർക്കു മാവില്ല.. പ്രതിസന്ധികളിലൊന്നും അവൾ തളരാറില്ല… പക്ഷേ ബന്ധങ്ങൾക്കു മുന്നിൽ തോറ്റു പോവും… അത്രയ്ക്ക് പ്രിയപ്പെട്ടതാണ് അവൾക്ക് ബന്ധങ്ങൾ.

തന്റെ ബാച്ച് മേറ്റ് ആയിരുന്ന മാംഗളൂർകാരൻ ദീപക് ധർമ്മാധികാരിയെ അവൾക്ക് ഒരിക്കലും മറക്കാനാവില്ല.. പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മുടെ മുന്നിൽ ഈശ്വരനായി അവതരിക്കാൻ ഒരാളെങ്കിലും ഉണ്ടാവും. അല്ലെങ്കിൽ ഈശ്വരൻ പറഞ്ഞു വിടുന്ന ചിലർ.. അങ്ങനെയൊരാളായിരുന്നു ദീപക്. ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും അവൻ കൈ പിടിച്ച് കുടെ നിന്നു. ആശുപത്രിയിലേക്ക്… കോളേജിലേക്ക്… വീട്ടിലേക്ക് തന്റെ നിഴലായി ഒപ്പം നടന്നു.. മരുന്നുകൾ ശരീരത്തെ തളർത്തിയപ്പോൾ വീഴാതിരിക്കാൻ ജാഗ്രതയോടെ പിന്നിൽ നിലയുറപ്പിച്ചു. ആരും അറച്ച് മാറിനിൽക്കുന്ന തന്റെ ഛർദ്ദിലുകൾ പോലും സ്വന്തം കൈകളിൽ അവൻ ഏറ്റുവാങ്ങി..
തനിക്ക് ഒരു ആങ്ങളയോ കാമുകനോ ഭർത്താവോ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ എന്ന് നീതു സംശയിക്കുന്നു

കൂടെയുണ്ട് എന്ന വാക്കല്ല, കൂടെയുണ്ടാവുകയായിരുന്നു ദീപക് ചെയ്തത്.അത് അവളെ മാനസികമായും ശാരീരികമായും ഉന്മേഷവതിയാക്കി. ഒന്നിടറിയാലും വീഴാതെ താങ്ങാൻ രണ്ട് കൈകളുണ്ടെന്ന ബോധ്യം അവളെ കരുത്തുറ്റവളാക്കി.
ഐസ് ക്രീം നുണഞ്ഞും സിനിമ കണ്ടും കറങ്ങി നടന്നും ഹായ് പറഞ്ഞു മിന്നിമറയുന്ന സൗഹൃദങ്ങൾക്കിടയിൽ ഒരു യഥാർത്ഥ സുഹൃത്ത് ആരാണെന്നും എന്താണെന്നും ദീപക് അവൾക്ക് കാട്ടിക്കൊടുത്തു.ഇപ്പോൾ ജർമ്മനിയിൽ Phd ചെയ്യുന്ന ദീപകിനെപ്പോലെ മറ്റുള്ളവർക്ക് നല്ല സുഹൃത്തായി മാറി, അവനോടുള്ള തന്റെ നന്ദിയും കടപ്പാടും അറിയിക്കാനുള്ള ശ്രമത്തിലാണ് നീതു.
നിസ്സാര പ്രശ്നങ്ങളിൽ പോലും തളർന്ന് പോവുകയും ആത്മഹത്യയെ പ്രാപിക്കുകയും ചെയ്യുന്ന യുവത്വത്തിന് നീതുവിന്റെ ജീവിതകഥ ഒരു പാഠപുസ്തകമാവട്ടെ.ക്യാൻസറിനെ ഭയക്കുന്ന രോഗികൾക്കും പ്രചോദനമാവും നീതുവിന്റെ ഈ പോരാട്ട കഥ. ക്യാൻസർ വന്നാലും ചി കിത്സിച്ച് ഭേദമാക്കി സാധാരണ ജീവിതം നയിക്കാമെന്ന് ഇവൾ നമുക്ക് കാട്ടി തരുന്നു. മനക്കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആൾരൂപമായ ഈ പോരാളിക്ക് ഒരു ബിഗ് സല്യൂട്ട്.. ഒപ്പം അവളെ നെഞ്ചോട് ചേർത്ത വേദ്കിരണിനും. ആ പത്ഘട്ടത്തിൽ കൂടെ നിന്ന സുഹൃത്ത് ദീപക്കിനും.