കാൻസർ രോഗിയും പൂമ്പാറ്റയും പല്ലിയും ‘മറ്റൊരാളും’

779

ആശുപത്രിമുറിയിൽ അർബുദത്തോട്‌ പൊരുതുന്ന അവനിപ്പോൾ രോഗത്തിന്റെ അവസാനഘട്ടത്തിലാണ്. കാർന്നുതിന്നുന്ന വേദനയിൽ എന്തിനാണിനിയും ജീവിക്കുന്നതെന്ന ചിന്തയോടെ കാഴ്ചകളെ വിലക്കുന്ന ചുവരിലവന്റെ കണ്ണുകൾ ദേശാടനം നടത്തുമ്പോൾ മനോഹരമായൊരു ചിത്രശലഭത്തെ കാണുന്നു. അവൻ മൗനമായി പറയുന്നു, ആ ശലഭത്തെ പോലെ അൽപായുസെങ്കിൽ എന്നേ ഈ വേദനയുടെ കൂടൊഴിഞ്ഞു പോയേനെ. പുഴുക്കുത്തുവീണ മസ്തകവുമായി എന്നെയിങ്ങനെ അനിശ്ചിതമായി വിട്ടിട്ടു മൃത്യുദേവനെവിടെപ്പോയി. ദൈവം സ്വർഗ്ഗത്തിലയാളെ ബന്ധിച്ചുവോ. ഈ വിധ ചിന്തകളെ ഖണ്ഡിച്ചുകൊണ്ടു, കുറച്ചകലെയായി വേട്ടക്കാരന്റെ കുതന്ത്രങ്ങൾ ആവാഹിച്ചുകൊണ്ടൊരു ഗൗളി പതിയെപ്പതിയെ അതിന്റെ ചുവടുകൾ വയ്ക്കുന്നു. പെട്ടന്ന് ആ മുറിയുടെ വാതിൽ ശക്തമായി തുറക്കുന്നു. ആരുമില്ല, പകരം ഉള്ളിലേക്ക് കാറ്റ് പ്രവേശിച്ചു. അത് മുറിയിലാകെ ചുറ്റിയടിച്ചു അവനെ തഴുകി ജാലകകർട്ടനെ തട്ടിക്കളിച്ചുകൊണ്ടു അങ്ങനെ കടന്നുപോയി. അപ്പോഴേയ്ക്കും ശലഭം ഗൗളിയുടെ വായിലായിക്കഴിഞ്ഞിരുന്നു. ആ കാഴ്ചയ്ക്കൊപ്പം തന്നെ വാതിൽ പഴയതുപോലെ അടയുകയും ചെയ്തു. അവനാകെ ഭയപ്പെട്ടു . അതെ മൃത്യുദേവൻ തന്നെയാണ് വന്നിട്ടുപോയത്. ശലഭത്തിന്റെ ആയുസായിരുന്നു ഉന്നം. അല്പായുസുള്ള ഒരു ജന്മത്തിനു പോലും ആയുസു പൂർണ്ണമാക്കാൻ എന്ത് കഷ്ടപ്പാടാണ് ഭൂമിയിൽ. അവന്റെ ചിന്തകളുടെ തുടർച്ചയ്ക്കിടെ പല്ലി തന്റെ മാളത്തിലേക്കോടിപ്പോയിരുന്നു. പെട്ടന്ന് വീണ്ടും ആ മുറിയുടെ വാതിൽ തനിയെ തുറന്നു. അവൻ ചകിതനായി. ഇത്തവണ ഉന്നം ഞാൻ തന്നെ. അവൻ അതിജീവനത്തിനായി കണ്ണുകൾകൊണ്ട് ചുവരിൽ പരതി. ഇല്ല ഇനിയൊരു ശലഭം അവിടെയില്ല. കണ്ണുകളടച്ചു അവൻ കിടന്നു. (ദർശനവൈരുദ്ധ്യം എന്ന എന്റെയൊരു കവിതയുടെ ആശയം )

ജീവിതത്തെ ഏറ്റവും സ്നേഹിക്കുന്നവരാണ് എപ്പോഴും മരണത്തെ കുറിച്ച് ചിന്തിക്കുന്നതും. പ്രതീക്ഷാരാഹിത്യത്തിന്റെ അവസാനമില്ലാത്ത കടലിൽ തുഴഞ്ഞാലും ഒരു തുരുത്തിന്റെ സ്വപ്നം അവനിലുണ്ടാകും. അടിത്തട്ടിലേക്ക് ആഴ്ന്നുപോകുമ്പോഴും ജീവന്റെ അവസാനത്തെ കുമിളയ്ക്കുള്ളിൽ രക്ഷിക്കണേ എന്ന ശബ്ദത്തിന്റെ വായു തന്നെയാണ്. ജീവിതത്തിനും മരണത്തിനും ഇടയിലെ അബോധത്തിന്റെ നൂൽപ്പാലത്തിൽ നിൽക്കുമ്പോഴും എവിടെനിന്നോ നീണ്ടുവരുന്ന കൈകൾ അവൻ സ്വപ്നം കാണും. ഏതൊരു വേദനയുടെ മൂർദ്ധന്യത്തിലും തന്നെ തഴുകിയുണർത്താനെത്തുന്ന ആരോഗ്യത്തിന്റെ നാളെകളെ അവൻ സ്വപ്നംകാണും. ജീവിതം അത്ര മനോഹരമാണ്. ഒരു കയറിൽ തൂങ്ങിനിൽക്കുമ്പോഴും കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ പ്രാണന്റെ പിടച്ചിലിൽ സാധ്യതയുടെ ഒരു തുള്ളിവെള്ളത്തിൽ അവൻ നീന്തിത്തുടിക്കുന്നുണ്ടാകും.

Advertisements