കാൻസർ വാർഡിലെ ചിരി : ഇന്നസെന്റ് (വായന :ശ്രീജവാര്യർ )

0
984

കാൻസർ വാർഡിലെ ചിരി .( ഓർമ്മക്കുറിപ്പുകൾ .. മാതൃഭൂമി ബുക്ക്സ് , വില 115/..) ഇന്നസെന്റ്

വായന :ശ്രീജവാര്യർ (Sreeja Warrier)

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ശ്രീ. ഇന്നസെന്റ് എഴുതിയ ഓർമ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥത്തിലുള്ളത് . ചിരിയും ചിന്തയും സമാസമം ചാലിച്ചെഴുതിയ ഈ അനുഭവക്കുറിപ്പുകൾ നല്ലൊരു ഉണർവ് നമുക്ക് നൽകുന്നു . പലകാരണങ്ങളാലും മനസ്സുമടുത്ത് തളർന്ന് ജീവിതം ഉന്തിത്തള്ളി നീക്കുന്നവർക്ക് ഇതൊരു ഉത്തേജനമരുന്നാണ് .
‘ ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള മരുന്നാണ് ‘ ( ഡോ . വി.പി. ഗംഗാധരൻ ) . ‘ തനിക്ക് തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ് കാണിച്ചുതന്നു ‘ ( സാരാ ജോസഫ് ) . ‘ എഴുതാത്ത ബഷീർ എന്നാണ് ഞാൻ പണ്ട് ഇന്നസെന്റിനെ വിളിച്ചിരുന്നത് .ഇപ്പോൾ അദ്ദേഹം എഴുതുന്ന ബഷീർ ആയി ( സത്യൻ അന്തിക്കാട് ) . ഇവരുടെയൊക്കെ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ് ഈ പുസ്തകം.
മഴക്കണ്ണാടി ( കഥകൾ ) , ഞാൻ ഇന്നസെന്റ്‌ , ചിരിക്ക് പിന്നിൽ ( ആത്മകഥ ) എന്നീ ഗ്രന്ഥങ്ങളും ഇന്നസെന്റ് രചിച്ചിട്ടുണ്ട് . വെറും എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം പിന്നീട് വളർന്നതും പ്രശസ്തനായതും സ്വതസിദ്ധമായി കിട്ടിയ നർമ്മഭാഷണംകൊണ്ടും അഭിനയമികവുകൊണ്ടുമാണ് . മലയാളസിനിമയിൽ പകരംവെയ്ക്കാനില്ലാത്ത ഹാസ്യനടന്മാരിൽ ഒരാളായി നമ്മെ ചിരിച്ചും ചിന്തിപ്പിച്ചും മുന്നേറുന്നതിനിടയിലാണ് അദ്ദേഹത്തെ കാൻസർ പിടികൂടുന്നത് . കാൻസർ രോഗികൾക്ക് ഒരു ആശ്വാസകേന്ദ്രമായ ആൽഫ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക് എന്ന സ്ഥാപനത്തിന്റെ പേട്രൻ ആയി സ്ഥാനമേറ്റതിനുശേഷം ഇന്നസെന്റിന് കാൻസർ രോഗികളുടെ അവസ്ഥ മനസ്സിലായിരുന്നു . പക്ഷേ താൻ ഒരു കാൻസർ രോഗിയാകുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചില്ല .

കാൻസർ രോഗം തന്നെ പിടികൂടിയെന്നറിഞ്ഞപ്പോൾ ആദ്യമൊന്ന് പതറി . എങ്കിലും മെല്ലെ അതുമായി പൊരുത്തപ്പെട്ടു . പിന്നെ ജന്മസിദ്ധമായ നർമ്മത്തിലൂടെ കാൻസറിനെ പ്രതിരോധിക്കുവാൻ ശ്രമിച്ചു . അതിൽ വിജയിക്കുകയും ചെയ്തു . പക്ഷേ , ഭാര്യ ആലീസിനും കാൻസർ ആണെന്നറിഞ്ഞപ്പോൾ ഈ ധൈര്യമൊന്നും ഇല്ലായിരുന്നു . അവിടെയും നർമ്മയുദ്ധം തുടങ്ങുവാൻ അല്പം സമയമെടുത്തു . ‘ ഒരു സന്തുഷ്ട കാൻസർ കുടുംബം ‘ എന്നു വിശേഷിപ്പിച്ച് അവർ നർമ്മത്തിലൂടെത്തന്നെ കാൻസറിനെ നേരിട്ടു . ഇപ്പോൾ രണ്ടുപേരും ആ രോഗത്തിൽനിന്നും മോചിതരായി .

രോഗത്തെക്കുറിച്ച് അറിയുകയും രോഗികളുടെ അനുഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതിൽ നിന്നു വളരെ വ്യത്യാസമുണ്ട് ആ രോഗാവസ്ഥയിൽ ജീവിക്കക എന്നത് . കാൻസർ പോലെയുള്ള മാരകമായ രോഗമാണെങ്കിൽ ആ അവസ്ഥ ഏറെ ഭീകരവുമാണ് . മനോധൈര്യമാണ് ഏറ്റവും ഫലപ്രദമായ മരുന്ന് എന്ന് ഇന്നസെന്റിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും . ഓരോ പേജിലും നിറഞ്ഞുനിൽക്കുന്ന ഹാസ്യരസം എടുത്തുപറയേണ്ടതാണ് . അത് വായിച്ചുതന്നെ ആസ്വദിക്കണം . അത്തരമൊരു അവസ്ഥയിലും അങ്ങനെയൊക്കെ പെരുമാറുവാനും പറയുവാനും അദ്ദേഹത്തിനുമാത്രമേ സാധിക്കൂ . പൊട്ടിച്ചിരിക്കുന്ന , ചിരിപ്പിക്കുന്ന ആ കണ്ണുകളിലൂറുന്ന നനവ് സൂക്ഷിച്ചുനോക്കിയാൽ കാണാനും സാധിക്കും . ഉള്ളിൽ കരയുമ്പോഴും പുറമേ ചിരിച്ചഭിനയിക്കേണ്ടതായ ഒരു രംഗമായി ഇത്തരം പ്രതിസന്ധികളെ കാണണം , അങ്ങനെ ചിരിച്ചുകൊണ്ടുതന്നെ മുന്നോട്ടു നീങ്ങിയാൽ ഏതു വലിയ ശത്രുവും ഒന്നു ഭയന്നു പിന്മാറും . അതാണ് ഇന്നസെന്റ് ഇതിലൂടെ പകർന്നുതരുന്ന പാഠം . ഒരു പനി വരുമ്പോഴേയ്ക്കും തളർന്നുവീഴുന്നവരാണ് നമ്മളിൽ പലരും . ഇനിയും വായിക്കാത്തവർ ഈ പുസ്തകമൊന്നു വായിക്കൂ . ഒരുപാടൊരുപാട് കാര്യങ്ങൾ ഈ കൊച്ചുപുസ്തകത്തിലൂടെ ശ്രീ . ഇന്നസെന്റ് നമുക്ക് പറഞ്ഞുതരുന്നു . അനുഭവപാഠത്തിലൂടെ അദ്ദേഹം പഠിച്ചെടുത്ത കാര്യങ്ങൾ ഒരിക്കലും വെറുതെയാകില്ല . എന്നും മലയാളികളുടെ മനസ്സിലൊരു പൊട്ടിച്ചിരിയായി വിടരുന്ന ശ്രീ . ഇന്നസെന്റിന് ഇനിയും ഒരുപാടുകാലം ആരോഗ്യത്തോടെ ജീവിക്കുവാനാകട്ടെ . സ്വന്തം അനുഭവങ്ങൾ മറ്റുള്ളവർക്കുകൂടി പകർന്നുനൽകി , അതിലൂടെ അവരെ കൂടുതൽ ഉണർവുള്ളവരാക്കിത്തീർത്ത ആ നല്ല മനസ്സിനു മുന്നിൽ കൈകൂപ്പുന്നു … . ആശംസകൾ .