Capernaum (2018)
Nadine Labaki
Spoiler Alert

Thanooja Nizam

ലെബനനീസ് ഡയറക്ടർ Nadine Labakiയുടെ ഏറ്റവും പ്രശസ്തമായതും ഏറെ നിരൂപകപ്രശംസ നേടിയതുമായ, അവർ ഏറ്റവും ഒടുവിൽ ആയി സംവിധാനം ചെയ്ത ചിത്രമാണ് Capernaum. 91ആം ഓസ്കറിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടിയ ചിത്രം 2018 Cannes Film Festival ൽ Palme d’Or ന് വേണ്ടി മത്സരിക്കുകയും Jury Prize നേടുകയും ചെയ്തു.Capernaum എന്ന അറബിക് പദത്തിന്റെ അർത്ഥം ‘Chaos’ എന്നാണ്, ചിത്രത്തിന്റെ ടൈറ്റിലിന്റെ പരിഭാഷയായി എഴുതിക്കാണിക്കുന്നതും ‘Chaos’ എന്നാണ്. Capernaum എന്ന പദത്തിന് ‘Chaos’ (ക്രമഭംഗം എന്ന് വേണമെങ്കിൽ മലയാളത്തിൽ പരിഭാഷപ്പെടുത്താം എന്ന് തോന്നുന്നു) എന്ന അർത്ഥം ഉരുത്തിരിഞ്ഞത് ബൈബിളിൽ നിന്നാണ്. തങ്ങളുടെ ദുരിതങ്ങൾക്ക് മേൽ ക്രിസ്തു അത്ഭുതങ്ങൾ പ്രവർത്തിച്ച് ആശ്വാസം പ്രദാനം ചെയ്തിട്ടും തങ്ങളുടെ തെറ്റുകളിൽ പശ്ചാത്തപിക്കാൻ തയ്യാറാകാത്ത, അതിനാൽ വെറുക്കപ്പെട്ടതെന്ന് ക്രിസ്തു കുറ്റപ്പെടുത്തിയ നഗരമാണ് Capernaum. Labakiയുടെ ‘Caramel’, ‘Where do we go now’ എന്നീ ചിത്രങ്ങ ളിൽ കാണുന്ന Beirut നഗരത്തിന്റെ ഇമേജിൽ നിന്ന് വിഭിന്നമായി, Labakiയുടെ ക്യാമറക്കണ്ണിലൂടെ കാണുന്ന, സമാധാനമില്ലാത്ത, കരുണയില്ലാത്ത, ചിട്ടയില്ലാത്ത, ജീവിതം നീറുന്ന ഈ ചിത്രത്തിലെ Beirut നഗരത്തിനന്റെ പേരിന് പര്യായമായി ‘Capernaum’ എന്ന പേര് സംവിധായിക ഉപയോഗിച്ചിരിക്കുന്നു.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ തന്നെ, ജനനിബിഡം ആയ ചെറുതെരുവുകളും, നിയമവിരുദ്ധം ആയ കാര്യങ്ങൾ ചെയ്ത് ഉപജീവനം മാർഗ്ഗം തേടുന്ന മനുഷ്യരും, ജനിച്ചതിനോ ജീവിക്കുന്നതിനോ യാതൊരു ആധികാരികരേഖകളും ഇല്ലാത്ത, സുരക്ഷിതത്വമോ ബാലവകാശങ്ങളോ ഇല്ലാത്ത കുഞ്ഞുങ്ങൾ തിങ്ങിപ്പാർക്കുന്ന താൽക്കാലിക ഭവനങ്ങളും ഉള്ള ബെയ്‌റൂട്ടിന്റെ മുഖമാണ് ചിത്രത്തിൽ നമ്മെ കാത്തിരിക്കുന്നത്.

വളരെ ധൈര്യശാലി ആയ, ഏതാണ്ട് 12 വയസ്സ് പ്രായമുള്ള Zain (Zain Al Rafeea) എന്ന, സിറിയൻ അഭയാർത്ഥി ആയ ബാലൻ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ചിരിക്കാത്ത മുഖവും വിളറി വെളുത്ത വലിയ കണ്ണുകളുമായി Zain തന്റെ Chaotic ആയ ജീവിതത്തിലൂടെ നമ്മെ കൈ പിടിച്ചു നടത്തുന്നു. ചിത്രത്തിലൂടെ ദാരിദ്ര്യം, ബാലവിവാഹം, സിറിയൻ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ, gender based ആയ അതിക്രമങ്ങൾ എന്നിങ്ങനെ പല തരത്തിലുള്ള ആഗോളപ്രശ്നങ്ങൾ സംവിധായിക നമ്മോട് പങ്കു വയ്ക്കുന്നുണ്ട്. മതിയായ രേഖകൾ ഇല്ലാത്തത് കാരണം Zainഓ അവന്റെ സഹോദരങ്ങളോ ഒന്നും സ്കൂളിൽ പോകുന്നില്ല. Zainന്റെ പ്രായം എത്ര എന്ന് അവനോ അവന്റെ മാതാപിതാക്കൾക്കോ അധികാരികൾക്കോ പോലും കൃത്യമായ അറിവില്ല. പ്രേക്ഷകനും. മെലിഞ്ഞ്, വിളറിയ, നിസ്സഹായനായ അവനെ കണ്ടാൽ അവൻ 12 വയസ്സിലും ചെറുപ്പമാണോ എന്ന് പ്രേക്ഷകന് തോന്നിയേക്കാം. അതേസമയം അവന്റെ ധിക്കാരം നിറഞ്ഞ സംസാരരീതിയും അവന്റെ കഠിനാധ്വാനവും ഉല്പതിഷ്ണുതയും അവൻ അതിലും മുതിർന്ന ഒരു കുട്ടിയാണോ എന്നും ചിലപ്പോഴൊക്കെ നമ്മിൽ സംശയം ജനിപ്പിക്കും.

നാം ആദ്യം Zainനെ കാണുന്നത് കോടതിയ്ക്കുള്ളിൽ വച്ചാണ്. തന്റെ സഹോദരീഭർത്താവിനെ കുത്തിയ കുറ്റത്തിന് 5 വർഷം തടവ്ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന Zain. കോടതിമുറിയിലെ രംഗങ്ങളിൽ നിന്ന് നമ്മെ അവന്റെ മുൻകാല ജീവിതത്തിലേക്കാണ് സംവിധായിക കൂട്ടികൊണ്ട് പോകുന്നത്. മക്കളെ വളർത്തുന്നതിൽ ഉപേക്ഷ കരുതുന്ന, അബ്യുസീവ് ആയ തന്റെ മാതാപിതാക്കളിൽ നിന്നും, അടുക്കും ചിട്ടയുമില്ലാത്ത, അരക്ഷിതമായ തന്റെ കുടുംബാന്തരീക്ഷത്തിൽ നിന്നും അവൻ പുറത്ത് കടക്കുന്നതും ആശ്വാസം കണ്ടെത്തുന്നതും അവന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരി സഹദ് (Cedra Izam) മായുള്ള ചങ്ങാത്തത്തിലൂടെ ആണ്. Zain മുഴുവൻ സമയവും ഓട്ടത്തിൽ ആണ്, അയല്പക്കത്തെ ചെറുകിടകച്ചവടക്കാരനായ അവരുടെ വീട്ടുടമയുടെ മകൻ Asaadന് വേണ്ടി സാധനങ്ങൾ എത്തിച്ചു കൊടുക്കുക മുതൽ ജയിലിനുള്ളിൽ അനധികൃതമായി ലഹരി കടത്തുന്നത് പോലെയുള്ള അവന്റെ മാതാപിതാക്കളുടെ നിയമവിരുദ്ധമായ ഉപജീവനമാർഗ്ഗങ്ങളിൽ സഹായിക്കുക വരെ. അവന്റെ 11 വയസ്സുള്ള സഹോദരി Sahar ഋതുമതി ആയി എന്ന് തിരിച്ചറിയുന്ന Zain, മുന്നിലുള്ള അപകടം മണത്ത്, ഈ വിവരം രഹസ്യമായി സൂക്ഷിക്കാൻ സഹോദരിയെ ചട്ടം കെട്ടുന്നു. അവൻ അവളുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കഴുകുകയും Aasadന്റെ കടയിൽ നിന്ന് sanitary napkins മോഷ്ടിച്ച് അവൾക്ക് കൊടുക്കുകയും ചെയ്യുന്നു. പക്ഷെ ഈ വിവരം അറിഞ്ഞ ഉടൻ തന്നെ അവന്റെ വീട്ടുകാർ അവളെ ഒരു അതിജീവനോപാധി ആയി കണ്ട്, കുറച്ച് കോഴികൾക്ക് പകരമായി അവളെക്കാൾ ഒത്തിരി പ്രായത്തിന് മുതിർന്ന Aasadന് വിവാഹം ചെയ്ത് കൊടുക്കുന്നു. അതിൽ നിന്ന് അവരെ തടയാൻ കഴിയാതെ വരുമ്പോൾ, നിസ്സഹായനും നിരാശനും ആയ Zain അവന്റെ വീട്ടിൽ നിന്നും അവിടുത്തെ ജീവിതത്തിൽ നിന്നും രക്ഷപ്പെടുന്നു. ഒരു പഴയ മുഷിഞ്ഞ അമ്യൂസ്മെന്റ്റ് പാർക്കിൽ ൽ അഭയം തേടുന്നു. അവിടെ വച്ച് അവൻ എത്യോപ്യൻ അഭയാർഥിയായ ഒരു ശുചീകരണതൊഴിലാളി ആയി ജോലി ചെയുന്ന Rahil (Yordanos Shiferaw) നെ കണ്ടു മുട്ടുന്നു. മതിയായ നിയമരേഖകൾ ഇല്ലാത്ത കാരണത്താൽ അധികാരികൾ തന്റെ കൈക്കുഞ്ഞിനെ അവളുടെ പക്കൽ നിന്ന് കൊണ്ട് പോകുമോ എന്ന് ഭയപ്പെട്ട്, രഹസ്യമായി ആണ് അവൾ തന്റെ കുഞ്ഞിനെ വളർത്തുന്നത്. അവൾ Zainനെ അവളുടെ ദാരിദ്ര്യത്തിനൊപ്പം, അവളുടെ കുഞ്ഞിനോടൊപ്പം, അവളുടെ കൂടെ അവളുടെ അടച്ചുറപ്പില്ലാത്ത ഷെഡ് പോലത്തെ വീട്ടിലേക്ക് കൊണ്ട് പോകുന്നു.

പകരം Rahil ജോലിയ്ക്ക് പോകുന്ന സമയത്ത്, അവളുടെ ഒരു വയസ്സ് തികയാത്ത കുഞ്ഞ് Yonasനെ നോക്കുകയും പരിപാലിക്കുകയും ചെയ്യുന്നു Zain. പണത്തിന് പകരമായി തനിക്ക് വേണ്ടി കൃത്രിമരേഖകൾ ഉണ്ടാക്കാൻ സഹായിക്കുന്ന, കുടിലബുദ്ധിക്കാരൻ ആയ Aspro (Alaa Chouchnieh) എന്ന കച്ചവടക്കാരനെയും Zain കണ്ടുമുട്ടുന്നു, Rahilനെ Aspro അവളുടെ കുഞ്ഞിനെ തനിയ്ക്ക് വിൽക്കാൻ പറഞ്ഞ് നിരന്തരമായി ചൂഷണം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അഭയാർത്ഥികൾ ആയ Rahilന്റെയും Saharന്റെയും ജീവിതം, സ്ത്രീകളായി ജനിച്ച ഒറ്റ കാരണം കൂടുതൽ പ്രശ്നഭരിതമാകുന്നത് നമുക്ക് കാണാൻ സാധിക്കും. ശിഥിലമായ, ഇടുക്കമേറിയ, ഉറപ്പില്ലാത്ത ആ വീട്ടിൽ രണ്ട് കുഞ്ഞുങ്ങൾ ഒറ്റയ്ക്ക് കഴിയുന്നതിലെ സുരക്ഷിതത്വമില്ലായ്മ നമ്മെ ആശങ്കപ്പെടുത്തുമെങ്കിലും, ആ അവ്യവസ്ഥതകൾക്കിടയിലും അവർ തങ്ങളുടെ വഴി കണ്ട് പിടിക്കുന്നത് വളരെ രസകരമായി ആണ്. അപ്പുറത്തെ വീട്ടിൽ TV വയ്ക്കുമ്പോൾ ഒരു കണ്ണാടി എടുത്ത് വച്ച് ആ TV ഷോയുടെ പ്രതിബിംബം yonasനെ കാട്ടികൊടുക്കുന്ന, ഒരു വലിയ പാത്രം ഒരു skateboardൽ കെട്ടിവച്ച്, അതിൽ കുഞ്ഞിനേയും ഇരുത്തി തെരുവുകളിലൂടെ വലിച്ചു കൊണ്ട് പോകുന്ന Zain, ചില സമയങ്ങളിൽ ഹക്കിൾ ബെറി ഫിന്നിനെ അനുസ്മരിപ്പിക്കും. കരുണയ്ക്കും സഹവർതിത്വത്തിനും മേലെ പട്ടിണിയും ക്രൂരതയും അധികരിക്കുന്ന, മുതിർന്നവരുടെ വലിയ ലോകത്തിന്റെ ബഹളങ്ങൾക്കിടയിലൂടെ, തന്റെ മനസ്സാന്നിധ്യവും കൗശലവും കൊണ്ട് സ്വാതന്ത്രനായി അലഞ്ഞു തിരിയുന്ന ഹക്ക്. ഒരു ദിവസം ജോലിക്ക് പോകുന്ന Rahil അധികാരികളുടെ പിടിയിൽ ആകുമ്പോൾ Zainഉം Yonasഉം ഒറ്റയ്ക്കാകുകയും അവർക്ക് തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വരികയും ചെയ്യുന്നു. Yonasനെ സംരക്ഷിക്കാൻ തന്റെ മാതാപിതാക്കളിൽ നിന്ന് പഠിച്ച, നിയമവിരുദ്ധം ആയി ഉണ്ടാക്കുന്ന ലഹരിപാനീയം വിറ്റ് ചെറിയ വരുമാനം ഉണ്ടാക്കാൻ Zain ശ്രമിക്കുന്നു എങ്കിലും, അവസാനം അതിജീവിക്കാനുള്ള സർവ്വ പ്രതീക്ഷകളും അസ്‌തമിക്കുമ്പോൾ Yonasനെ സംരക്ഷിക്കാൻ മറ്റ് വഴികൾ ഇല്ലാതെ Zain അവനെ Asproയ്ക്ക് വിൽക്കുകയാണ്.

കഥ മുന്നോട്ട് പോകുമ്പോൾ, Zainനൊപ്പം നാമും അറിയുന്നു, അവന്റെ പ്രിയപ്പെട്ട സഹോദരി 11 വയസ്സുകാരി Sahar, ഗർഭസംബന്ധമായ സങ്കീർണതകളെ തുടർന്ന് മരണപ്പെട്ടു എന്ന വാർത്ത. ക്ഷുഭിതനായ Zain, Saharന്റെ ഭർത്താവായ Asaadനെ കുത്തിവീഴ്ത്തുകയാണ്. പട്ടിണിയും ജീവിക്കുന്ന പരിതസ്ഥിതികളും അതിജീവനത്തിനായുള്ള കഷ്ടപ്പാടും എങ്ങനെ ആണ് നിഷ്കളങ്കനും സത്യസന്ധനും ആയ കുട്ടിയെ നിയമത്തിനു മുൻപിൽ ഒരു കുറ്റവാളി ആക്കി മാറ്റുന്നത് എന്ന് ചിത്രം നമുക്ക് കാട്ടി തരുന്നു. എങ്കിലും Asaad യാതൊരു തരത്തിലുള്ള നിയമപരമായ ശിക്ഷകളും ഏറ്റുവാങ്ങുന്നില്ല എന്നതും ശ്രദ്ധേയമാണ്. Zain തടവിലായിരിക്കെ അവന്റെ അമ്മ അവനെ കാണാൻ വരികയും, താൻ ഗർഭിണി ആണ് എന്ന് Zainനെ അറിയിക്കുകയും ചെയ്യുന്നു. അമ്മയ്ക്ക് Saharന് സംഭവിച്ച ദുരന്തത്തിൽ, അതിലുള്ള അവരുടെ പങ്കിൽ യാതൊരു പശ്ചാത്താപവും ഇല്ലെന്ന തിരിച്ചറിവിൽ നിരാശനായ Zain അവന്റെ മാതാവിനും (Kawthar al Haddad) പിതാവിനും (Fadi Kamel Youssef) എതിരെ കേസ് കൊടുക്കാൻ തീരുമാനിക്കുന്നു. തന്റെ തെറ്റുകൾ തിരിച്ചറിയാനോ പശ്ചാത്തപിക്കാനോ തയ്യാറാകാത്ത Capernaum നഗരത്തിന്റെ പേര് ചിത്രത്തിന് എത്രമാത്രം യോജിച്ചതാണെന്ന് വീണ്ടും തെളിയിക്കുന്നു ഈ രംഗം. തന്നെ ഈ ലോകത്തേയ്ക്ക് കൊണ്ട് വന്നതിനും, തന്നെയോ തന്റെ സഹോദരങ്ങളെയോ നല്ല രീതിയിൽ നോക്കാനും വളർത്താനും പരാജയപ്പെട്ടതിനും, തന്റെ മാതാപിതാക്കൾക്കെതിരെ കോടതിമുറിയിൽ വച്ച് ജഡ്ജിനോട് പരാതിപ്പെടുന്ന Zain, സംരക്ഷിക്കാനും നന്നായി വളർത്താനും കഴിവില്ലെന്നറിഞ്ഞിട്ടും തന്റെ മാതാപിതാക്കൾ വീണ്ടും കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെടുന്നു. തന്റെ മാതാപിതാക്കളുടെ ഉപേക്ഷയാൽ ഇനിയും കുഞ്ഞുങ്ങൾ അവനെയോ അവന്റെ സഹോദരങ്ങളെയോ പോലെ കഷ്ടപ്പെടാൻ വിധിക്കപ്പെടരുത് എന്ന് അവൻ ആഗ്രഹിക്കുന്നു. ജഡ്ജും ഇരുഭാഗത്തെയും പ്രതിനിധീകരിക്കുന്ന വക്കീലന്മാരും കോടതിനടപടികളും എല്ലാം ഉൾപ്പെടുന്ന കോടതിക്കുൾവശം പൗരാവകാശങ്ങൾ ഉറപ്പാക്കുന്ന, പ്രശ്നപരിഹാരത്തിന് ഭരണകൂടത്തിന്റെ നിയമപരമായ അധികാരം ഉള്ള, പൗരനെ ശിക്ഷിക്കാനും സംരക്ഷിക്കാനും ബാധ്യതപ്പെട്ട ഒരു ഇടത്തെ സുരക്ഷിതത്വം നമ്മിൽ ജനിപ്പിക്കുമെങ്കിലും, കോടതിയ്ക്ക് പുറത്ത് നടക്കുന്നതും നാം കാണുന്നതുമായ മറ്റെല്ലാം ഈ സുരക്ഷിതത്വബോധത്തെ, അത് തരുന്ന ഉറപ്പിനെ അപഹസിക്കുന്ന തരത്തിൽ ഉള്ളതാണ്.

Zain അവന്റെ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും മാനസികാഘാതങ്ങളും, ഔദ്യോഗികരേഖകൾ ഇല്ലാതെ അഭയാർത്ഥികൾ ആയി കഴിയുന്ന കുട്ടികളുടെ ശോചനീയാവസ്ഥയുടെ പ്രതിനിധാനം ആണ്. എങ്കിലും, തന്റെ തിരിച്ചറിയൽ രേഖയ്ക്കുള്ള ഫോട്ടോഗ്രാഫിനു വേണ്ടിയുള്ള Zainന്റെ ചിരിയുടെ വെളിച്ചം, അവനും അവനെപ്പോലുള്ള അനേകായിരം പേർക്കും ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടായേക്കാം എന്ന പ്രതീക്ഷയുടെ വെളിച്ചം കൂടിയാണ്.പട്ടിണിയ്ക്കും നിരാശയ്ക്കുമൊപ്പം മനുഷ്യത്വവും സ്നേഹവും എന്തെന്ന് കൂടി ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. Capernaum ജീവിതഗന്ധിയായ ഒരു സാങ്കല്പിക കഥയാണ്, അതേ സമയം ഒരു ഡോക്യൂമെന്ററി കൂടി ആണ്. ഒരേസമയം ഹൃദയത്തിൽ നിന്നുള്ള പ്രതിഷേധത്തിന്റെ അലമുറയും പ്രതിരോധത്തിന്റെ ഗീതവും ആണ് അത്.

You May Also Like

”പൂക്കാലം”എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസായി

വിജയരാഘവൻ, കെ.പി.എ.സി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ‘ത്തിന്…

ജാഫർ ഇടുക്കി – സിബി തോമസ് – ശ്രീകാന്ത് മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന “മാംഗോ മുറി”; ട്രെയിലർ റിലീസായി, ചിത്രം ജനുവരി 5ന് തീയേറ്റർ റിലീസിന് എത്തുന്നു

ജാഫർ ഇടുക്കി-സിബി തോമസ്-ശ്രീകാന്ത് മുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന “മാംഗോ മുറി”; ട്രെയിലർ റിലീസായി, ചിത്രം…

ഐഎംഡിബി ഈ വർഷത്തെ ഏറ്റവും ജനപ്രിയമായ 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു

ആർ ആർ ആർ എസ് എസ് രാജമൗലി സംവിധാനം ചെയ്ത RRR മാർച്ച് ആദ്യം അഞ്ച്…

അന്നയുടെ ഇത് വരെയുള്ളതിൽ ബെസ്റ്റ് തന്നെയാണ് നാരദനിലെ ഷാക്കിറ

അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി.…