ക്യാപ്റ്റൻ: ഇതിൽ കളിയുടെയും കളിക്കാരന്റെയും പ്രാണനുണ്ട് – റിവ്യൂ

352

ഓണ്‍ലൈന്‍ ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ശ്രീ. എം അബ്ദുല്‍ റഷീദ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത റിവ്യൂ

കോഴിക്കോട് കൊട്ടാരം റോഡിലെ ഒരു വാടകവീട്ടിൽ വെച്ച്, ബയന്റു ചെയ്ത ഒരു തടിയൻ പുസ്തകം തന്നിട്ട് ചങ്ങാതി പ്രജേഷ് സെൻ പറഞ്ഞു, “ക്യാപ്റ്റന്റെ പൂർത്തിയായ തിരക്കഥയാണ്. ഇപ്പോൾത്തന്നെ ഒന്ന് വായിച്ചു നോക്കണം.”

ക്യാപ്റ്റന്റെ ചിത്രീകരണ മുന്നൊരുക്കങ്ങൾക്കായി പ്രജേഷും സംഘവും ഓടിപ്പായുന്ന ആ വീടിന്റെ മുകൾ നിലയിലിരുന്നു, ആ തിരക്കഥ വായിച്ചു തുടങ്ങുമ്പോൾ സത്യത്തിൽ എനിയ്ക്കു വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല.
കാരണം, ഒരു ഫുട്‍ബോളറുടെ ജീവിതത്തിൽ, അതും ജീവിത മത്സരത്തിന്റെ പകുതിയിൽവെച്ചു കളിനിർത്തി ഇറങ്ങിപ്പോയ ഒരു കളിക്കാരന്റെ ജീവിതത്തിൽ സിനിമാറ്റിക്കായ എന്താണ് ഉള്ളതെന്ന് അപ്പോൾ എനിയ്ക്കു ഊഹിയ്ക്കാൻ കഴിഞ്ഞില്ല.

സിനിമയെന്ന ചടുലവും സുന്ദരവുമായ മാധ്യമത്തിലേയ്ക്ക് പകർത്താൻ മാത്രം നിറമുള്ള എന്താണ് വി പി സത്യന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതെന്ന് ‘ക്യാപ്റ്റന്റെ’ തിരക്കഥ തുറക്കുമ്പോൾ പോലും ഞാൻ ശങ്കിച്ചു.

എന്റെ സംശയങ്ങൾക്കുള്ള സുന്ദരമായ ഉത്തരമായിരുന്നു പ്രജേഷിന്റെ ആ തിരക്കഥ.
ഓരോ രംഗവും പൂർണ്ണതയോടെ മനസ്സിൽകണ്ടുള്ള, കുറ്റമറ്റ ആ തിരക്കഥയിൽ ഒരു സിനിമയ്ക്ക് വേണ്ട എല്ലാമുണ്ടായിരുന്നു. പ്രണയം, വിജയം, പരാജയം, മത്സരം, വാശി, കളി, കളിക്കളം, പോരാട്ടം, വികാരം, വിക്ഷോഭം, സ്നേഹം, നിരാസം, എല്ലാമെല്ലാം…

അതൊരു യഥാർത്ഥ ക്യാപ്റ്റന്റെ കഥയായിരുന്നു. പലതുകൊണ്ടും ഇന്ത്യയിൽ തോറ്റുപോയ ഫുട്ബാൾ എന്ന കായികകലയുടെ ഒരിക്കലും തോൽക്കാത്ത ക്യാപ്റ്റന്റെ ജീവിതകഥ. മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക്.
എല്ലാ മനോഹാരിതയോടും സത്യസന്ധതയോടും വി പി സത്യന്റെ ജീവിതത്തെ പ്രജേഷ് ആ തിരക്കഥയിൽ പകർത്തിവെച്ചിരുന്നു.

മാസങ്ങൾക്കു ശേഷം, കൊച്ചിയിലെ ഒരു സ്റ്റുഡിയോ മുറിയിൽ ക്യാപ്ടന്റെ പണി തീർന്ന പതിപ്പ് തിരശീലയിൽ കണ്ടപ്പോൾ അത്ഭുതം ഇരട്ടിച്ചു. തിരക്കഥ വായിച്ചപ്പോൾ മനസ്സിൽ പതിഞ്ഞതിനേക്കാൾ സുന്ദരമായി ക്യാപ്റ്റനെ പ്രജേഷ് സെൻ തിരശീലയിൽ പകർത്തിയിരിക്കുന്നു.
സത്യസന്ധമായ ജീവിതാഖ്യാനങ്ങൾ സിനിമയിൽ സജീവമായ ഈ കാലത്തു പ്രജേഷിന്‌ കാണികളോട് ധൈര്യമായി പറയാം, “ഇതാ, ഇന്ത്യയുടെ ഒരേയൊരു ക്യാപ്റ്റന്റെ സത്യസന്ധമായ ചലച്ചിത്രാഖ്യാനം. മലയാളത്തിന്റെ ആദ്യ സ്പോർട്സ് ബയോപിക്”

സിനിമയിലെ ജീവിതകഥകൾ പലപ്പോഴും ഇഴഞ്ഞുനീങ്ങി പ്രേക്ഷകനെ മുഷിപ്പിക്കും. ജീവിതത്തിന്റെ പതിഞ്ഞ താളത്തെ ചടുലത ആവശ്യമുള്ള ചലച്ചിത്ര രൂപത്തിലേക്ക് മാറ്റിയെടുക്കുക എളുപ്പമല്ല.

പക്ഷെ, ക്യാപ്റ്റൻ ഒരു നിമിഷംപോലും കാണികളെ മുഷിപ്പിക്കുന്നില്ല. കാല്പന്തിനെ നെഞ്ചേറ്റിയ ഒരു മനുഷ്യനൊപ്പം, അയാളുടെ സ്വപ്നങ്ങൾക്കൊപ്പം, അയാളുടെ വേദനയ്ക്കും സന്തോഷത്തിനും പ്രണയത്തിനും നിരാശയ്ക്കും തോൽവിയ്ക്കും വിജയത്തിനുമൊപ്പം നമ്മളും സഞ്ചരിയ്ക്കുകയാണ്… കാല്പന്തിനെ പ്രാണവായുവായി നെഞ്ചേറ്റിയ വടക്കൻ കേരളത്തിന്റെ ഹൃദയം ഈ സിനിമയിലെമ്പാടുമുണ്ട്.

ജയസൂര്യ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വേഷപ്പകർച്ചകളിൽ ഒന്നാണ് വി പി സത്യൻ. സത്യന്റെ ജീവിതത്തിന്റെ യെവ്വനത്തേയും സായാഹ്നത്തെയും രണ്ടു വ്യത്യസ്ത ഭാവങ്ങളിലൂടെ, ചലനങ്ങളിലൂടെ ജയസൂര്യ സുന്ദരമാക്കി.

പ്രജേഷ് ഒരു കഥ പറഞ്ഞു, ക്യാപ്ടന്റെ ചിത്രീകരണത്തിന് മുൻപായി സത്യന്റെ വീട്ടിൽ എത്തിയപ്പോൾ ഒരു പഴയ പെട്ടി തുറന്നു നോക്കി. സത്യന്റെ മരണ ശേഷം ആരും തുറക്കാത്ത ഒരു പെട്ടിയായിരുന്നു അത്.
ഇന്ത്യൻ ക്യാപ്ടനായപ്പോൾ വിദേശയാത്രയിൽ സത്യൻ ഉപയോഗിച്ച ഒരു കോട്ട് അതിൽ ഉണ്ടായിരുന്നു. പ്രാർത്ഥനയോടെ, എല്ലാവരുടെയും അനുമതിയോടെ അത് ജയസൂര്യയെ അണിയിച്ചു നോക്കി.
അളവെടുത്തു തയിച്ചതുപോലെ പാകം!
ആ പാകവും പാകതയും സത്യനെ തിരശീലയിൽ അവതരിപ്പിച്ചപ്പോഴും ജയസൂര്യ പുലർത്തി.

ക്യാപ്ടന്റെ ജീവിതസഖിയായ അനിതയായി അനു സിത്താരയും മനോഹരമായി അഭിനയിച്ചു. അതൊരു സാധാരണ സ്റ്റീരിയോ ടൈപ് നായികയല്ല.
വിചിത്രമായ വിഭ്രാന്തികളോടെ, തലയിലും ഹൃദയത്തിലും ഫുടബോൾ മാത്രം നിറച്ചു ജീവിച്ചുതീർത്ത ഒരു തോൽക്കാത്ത ക്യാപ്ടന്റെ ജീവിത നായികയുടെ വേഷമാണ്. “പന്തുകളിക്കാരെയും പോലീസുകാരെയും കണ്ണിനുകാണാൻപോലും ഇഷ്ടമില്ലാതിരുന്നിട്ടും” ഇത് രണ്ടുമായ ഒരാളുടെ ജീവിതസഖിയാകേണ്ടി വന്ന ഒരു പെണ്ണിന്റെ കണ്ണീരും ചിരിയും പ്രണയവും മോഹവും വിരഹവും എല്ലാം അനു സിതാര സുന്ദരമാക്കി.

ഈ സിനിമയിൽ ഓരോ രംഗത്തിനും ജീവനുണ്ട്. ഓരോ കഥാപാത്രത്തിനും ആത്മാവുണ്ട്. സിദ്ധീക്കിന്റെ മൈതാനവും രഞ്ജി പണിക്കരുടെ കോച് ജാഫറും സത്യന്റെ മകളായി വരുന്ന അന്നയും ദീപക്കിന്റെ ഷെറഫലിയും എല്ലാം അവരവരുടെ സ്ഥാനത്തെ ഭംഗിയായി അടയാളപ്പെടുത്തുന്നു.

സിനിമയുടെ അവസാന രംഗങ്ങളിൽ ഒന്നിൽ, സ്വന്തം ശ്വാസംകൊണ്ട് ഊതിവീർപ്പിച്ച പന്ത് മകൾക്കു നൽകി സത്യൻ പറയുന്നു, “കളയരുത്. ഇതിൽ അച്ഛന്റെ പ്രാണനുണ്ട്. ”

കാണികളായ നമ്മളും ഈ സിനിമയെ വിട്ടുകളയരുത്, ഇതിൽ കളിയുടെയും കളിക്കാരന്റെയും പ്രാണനുണ്ട്.

അഭിനന്ദനങ്ങൾ പ്രജേഷ്, ആദ്യ സിനിമയെ അർത്ഥപൂർണ്ണമാക്കിയ സമർപ്പണത്തിന്.

എം. അബ്‌ദുൾ റഷീദ്