കാർ മൂടി സൂക്ഷിക്കുന്നതു ശരിയാണോ?
അറിവ് തേടുന്ന പാവം പ്രവാസി
👉നമ്മുടെ നാട്ടില്‍ പൊതുവെ കാണുന്ന ശീലമാണ് കാറുകള്‍ മൂടി സൂക്ഷിക്കുന്നത്. വീടിന്റെ കാര്‍ പോര്‍ച്ചിലാണ് വാഹനം കിടക്കുന്നതെങ്കിലും മൂടി സൂക്ഷിക്കാറുണ്ട് ചിലര്‍. വാഹനത്തില്‍ പൊടി പിടിക്കാതെ സൂക്ഷിക്കാന്‍ ഇത്തരത്തില്‍ മൂടുന്നത് നല്ലതാണെങ്കിലും കാര്‍ മുടുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നത് എല്ലാവരേയും ഒരു പോലെ കണ്‍ഫ്യൂഷനാക്കുന്ന ഘടകമാണ്.
വാഹനത്തില്‍ പൊടി പിടിക്കാതിരിക്കാനും, പക്ഷികള്‍ കാഷ്ഠിക്കാതിരിക്കാനുമെല്ലാം കാര്‍ കവര്‍ നല്ലതാണ്. കൂടാതെ ഗുണമേന്മയുള്ള കാര്‍ കവറുകള്‍ യുവി കിരണങ്ങളില്‍ നിന്ന് കാറിനെ സംരക്ഷിക്കുന്നു. കൂടാതെ കൂടുതല്‍ വെയില്‍ ഏല്‍ക്കുന്നതു മൂലമുള്ള നിറം മങ്ങലും (അകത്തും, പുറത്തും) മൂടി സൂക്ഷിക്കുന്നത് ഇല്ലാതാക്കും. ചെറിയ സ്‌ക്രാച്ചുകളില്‍ നിന്നും ചെറിയ കേടുപാടുകളില്‍ നിന്നും രക്ഷിച്ചേക്കാം.
എന്നാല്‍ ഗുണം പോലെ തന്നെ ദോഷ വശങ്ങളും കാര്‍ മൂടിവെയ്ക്കുന്നതു കൊണ്ടുണ്ട്. പോളിത്തീന്‍, നൈലോണ്‍, പ്ലാസ്റ്റിക് നിര്‍മിത കാര്‍ കവറുകള്‍ ഉപയോഗിച്ച് കാര്‍ മൂടുമ്പോള്‍ കാറിലോ ,കവറിലോ ഈര്‍പ്പം ഉണ്ടെങ്കില്‍ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാന്‍ ഇടയാക്കും. ഇത് കാര്‍ പോളിഷ് ചെയ്താലേ പോകൂ. കാര്‍ മൂടിവയ്ക്കുമ്പോള്‍ ഈര്‍പ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും നല്ലതല്ല.