ഓസ്കാർ വേദിയിൽ കേട്ട ഒറിജിനൽ സോങ്ങ്, കാര്‍പെന്‍റേഴ്സ് എന്നിവയൊക്കെ എന്താണ് ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉സിനിമയുടെ ആവശ്യത്തിന് മാത്രമായി എഴുതി കമ്പോസ് ചെയ്ത് റിക്കോഡ് ചെയ്ത പാട്ടാണ് ഒറിജിനൽ ഗാനം എന്ന് അറിയപ്പെടുന്നത്. ഒരു ഗാനത്തിന്റെ ആദ്യ റെക്കോർഡ് പതിപ്പ് പാട്ട് എഴുതിയത് ആരായാലും ഒരു ‘ഒറിജിനൽ’ ഗാനമായി കണക്കാക്കപ്പെടുന്നു. ആരെങ്കിലും പണ്ട് എഴുതി കമ്പോസ് ചെയ്ത പാട്ട് റീമിക്സ് ചെയ്ത് സിനിമയിൽ ഉപയോഗിച്ചാലോ അല്ലെങ്കിൽ അതിന്റെ പുതിയ ഒരു പതിപ്പ് റീ റിക്കോഡ് ചെയ്ത് ഉപയോഗിച്ചാലോ ഒറിജിനൽ സോങ് ആയി പരിഗണിക്കില്ല. സിനിമക്ക് അല്ലാതെ ഉണ്ടാക്കിയ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയാലും പരിഗണിക്കില്ല .
ഇന്ത്യൻ സിനിമകളിൽ ഭൂരിഭാഗവും ഒറിജിനൽ സോങ്സ് ആണ് ഉപയോഗിക്കുന്നത്. പഴയത് റീമിക്സ് ചെയ്യുന്നതും സിനിമക്ക് വേണ്ടി അല്ലാതെ ഉണ്ടാക്കിയ പാട്ടുകൾ സിനിമയിൽ ഇടുന്നതും അപൂർവമാണ്. എന്നാൽ ഹോളിവുഡിൽ അങ്ങനെയല്ല. പല ബാന്റുകളുടെയും, ഗായകന്റെയും ഗാനങ്ങൾ ആവശ്യം വന്നാൽ സിനിമയിൽ ഉപയോഗിക്കാറുണ്ട്.
സാധാരണയായി ഒരു യഥാർത്ഥ ഗാനത്തിന്റെ പുനർവ്യാഖ്യാനത്തെ കവർ സോങ്ങ് എന്ന് വിളിക്കുന്നു. അതായത് യഥാർത്ഥ ഗാനത്തിന്റെ ക്രമീകരണം മാറ്റുക അല്ലെങ്കിൽ മറ്റൊരു മെലഡി കൊണ്ടുവരാൻ വരികൾ ഉപയോഗിക്കുക എന്നൊക്കെയാണ് ഇതിനർത്ഥം . സംഗീതത്തിൽ പലപ്പോഴും മറ്റൊരാളുടെ ഹിറ്റ് ഗാനം ഉപയോഗിക്കുന്നു. ഒരു കവർ ഗാനം തത്സമയം അവതരിപ്പിക്കുകയാണെങ്കിൽ, പകർപ്പവകാശവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ റെക്കോർഡ് ചെയ്‌ത് വിൽക്കണമെങ്കിൽ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യണമെങ്കിൽ പാട്ടിന്റെ പ്രസാധകനിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്.
സംഗീത പകർപ്പവകാശത്തിന് രണ്ട് പ്രധാന ഭാഗങ്ങൾ ഉണ്ട്.പ്രസിദ്ധീകരണ അവകാശങ്ങളും , പാട്ടിലെ പകർപ്പവകാശങ്ങളും . പകർപ്പവകാശശബ്ദ റെക്കോർഡിംഗിനെ മാസ്റ്റർ റൈറ്റ്സ് എന്നാണ് അറിയപ്പെടുന്നത്. (ഗാനരചനയും , സംഗീതവും, വരികളും ഉൾപ്പെടെ) പ്രസിദ്ധീകരണ അവകാശം മാത്രമേ പ്രസാധകൻ കൈകാര്യം ചെയ്യുകയുള്ളൂ. ഒരു യഥാർത്ഥ ഗാനത്തിന്റെ കവർ പതിപ്പിന്റെ പ്രസിദ്ധീകരണ അവകാശം യഥാർത്ഥ എഴുത്തുകാരുടെയും , അവരുടെ പ്രസാധകരുടെയും ഉടമസ്ഥതയിലാണ്.സാങ്കേതികമായി സ്വതന്ത്ര ഗാനരചയിതാവ് തന്നെ പ്രസാധകനാണ് .
പല കലാകാരന്മാരും അവരുടെ ആ ഗാനത്തിലുള്ള അവകാശങ്ങൾ ഒരു ഒരു നിശ്ചിത സമയത്തേക്കോ പകർപ്പവകാശത്തിന്റെ ദൈർഘ്യത്തിനോ (വ്യക്തി മരിച്ച് 70 വർഷത്തിനുശേഷം ) കരാർ ഉണ്ടാക്കുന്നു. ഒരു കവർ ഗാനത്തിന്റെ പതിപ്പ് റെക്കോർഡുചെയ്‌ത് അത് റിലീസ് ചെയ്യണമെങ്കിൽ ഗാനത്തിന്റെ വരികളും , കുറിപ്പുകളും പോലുള്ള ഗാനത്തിന്റെ സംഗീത രചനയുടെ പകർപ്പുകൾ നിർമ്മിക്കാനുള്ള അവകാശമായ ‘മെക്കാനിക്കൽ ലൈസൻസ്’ എന്നറിയപ്പെടുന്നത് ആവശ്യമാണ്.
തനിച്ചിരുന്ന് ഒരാൾ പാട്ടുപാടുമ്പോൾ അവിടെ സംഗീതോപകരണങ്ങളുടെ അകമ്പടിയുണ്ടാകില്ല. മറിച്ച് ഈണം അനുകരിച്ച് വരികൾ പാടുകയാണു ചെയ്യുന്നത്. കവർ ഗാനങ്ങൾ പാടുമ്പോൾ പക്ഷേ ആദ്യം ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളൊക്കെ അതേപടി ഉപയോഗിക്കുന്നു. ഇഷ്ടമുള്ള പാട്ടുകൾക്കാണ് ഗായകർ കവർ പതിപ്പുകളൊരുക്കുന്നത്. അല്ലെങ്കിൽ അത്രത്തോളം ജനശ്രദ്ധയാകർഷിച്ച പാട്ടുകൾക്കാണ് കവർ പതിപ്പുകൾ പുറത്തു വരുന്നത്. അതൊക്കെ ഓരോരുത്തരുടെയും താത്പര്യത്തിൽ നിന്നുണ്ടാകുന്ന സൃഷ്ടികളാണ്. ഒരു പാട്ടെടുത്തിട്ട് അതിനെ മറ്റൊരുതരത്തിൽ അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും എന്നുള്ള ചിന്തയാണ് കവർഗാനങ്ങൾക്കു പിന്നിൽ. ഒരു പാട്ട് വരുമ്പോൾ അതിനെ ആ രീതിയിൽ തന്നെ ഇഷ്ടപ്പെടുന്നു എന്നുള്ളതുകൊണ്ടാണ് പലരും ആ പാട്ട് തിരഞ്ഞെടുത്ത് വീണ്ടും മറ്റു തരത്തിൽ അവതരിപ്പിക്കുന്നത്.
💢 വാൽ കഷ്ണം💢
👉’കാര്‍പെന്‍റേഴ്സ്’ എന്നത് അമേരിക്കയില്‍ ഒരുകാലത്ത് വന്‍ തരംഗമുണ്ടാക്കിയ ബാന്‍ഡ് സംഘമാണ്. 60 കളിലും 70 കളിലും ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച അമേരിക്കൻ പോപ്പ് ബാൻഡ് രൂപീകരിച്ചത് സഹോദരങ്ങളായ കരേൻ, റിച്ചാർഡ് കാർപെന്‍റര്‍ എന്നിവർ ചേർന്നാണ്. സംഗീത ലോകത്തെ ഇളക്കിമറിച്ച വോക്കൽ ആൻഡ് ഇൻസ്ട്രുമെന്റൽ ബാന്റാണിത്. 1968ൽ അമേരിക്കയിലെ ഡൗണിയിൽ ആണ് കാർപെന്റേഴ്സ് ബാന്റ് രൂപം കൊള്ളുന്നത്.
⚡ഐ വോണ്ട് ലാസ്റ്റ് എ ഡേ വിതൗട് യു,
⚡ഓൺലി യെസ്റ്റർഡേ,
⚡ടച്ച് മി വെൻ യു ആർ ഡാൻസിംഗ്,
⚡ഇഫ് ഐ ഹാഡ് യു,
⚡ ലവ് മി ഫോർ വാട്ട് അയാം,
⚡ക്ലോസ് ടു യു…
ഇങ്ങനെ പോകുന്നു കാർപെന്‍റേസ് ബാൻഡിന്‍റെ ഹിറ്റായ പ്രണയഗാനങ്ങള്‍. അക്കാലത്ത് യുവജനങ്ങള്‍ക്കിടയില്‍ കാര്‍പെന്‍റേഴ്സ് ബാന്‍ഡുണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ല. 14വർഷത്തോളം മികച്ച ഗാനങ്ങളുമായി ഈ ബാന്റ് മുൻപന്തിയിൽ നിന്നിരുന്നു. കാർപെന്റേഴ്‌സ് 10 ആൽബങ്ങളും , നിരവധി സിംഗിൾസും , നിരവധി ടെലിവിഷൻ സ്പെഷ്യലുകളും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 14 സ്റ്റുഡിയോ ആൽബങ്ങളും , രണ്ട് ക്രിസ്മസ് ആൽബങ്ങളും, രണ്ട് ലൈവ് ആൽബങ്ങളും, നിരവധി കോംപിലേഷൻ ആൽബങ്ങളും കാർപന്റേഴ്സ് സൃഷ്ടിച്ചിട്ടുണ്ട്.
1946-ൽ ജനിച്ച റിച്ചാർഡ് കാർപെന്റർ ആയിരുന്നു ബാൻഡിലെ ഒരു അംഗം. പ്രഗത്ഭനായ കീബോർഡ് പ്ലെയറും, സംഗീത സംവിധായകനും, അറേഞ്ചറും കൂടിയായിരുന്നു അദ്ദേഹം. 1950-ൽ ജനിച്ച കാരെൻ മനോഹരമായ ശബ്‌ദം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു ഡ്രമ്മർ കൂടിയായിരുന്നു റിച്ചാർഡിന്റെ സഹോദരി.1960 കളുടെ അവസാന പകുതിയിലാണ് ഇരുസഹോദരങ്ങളും ഒരുമിച്ച് സംഗീത ജീവിതം ആരംഭിച്ചത്.

1969 ഒക്ടോബറിൽ കാർപെന്റേഴ്സ് അവരുടെ ആദ്യ ആൽബം ‘ഓഫറിംഗ്’ പുറത്തിറക്കി ( തലക്കെട്ട് പിന്നീട് ‘ടിക്കറ്റ് ടു റൈഡ്’ എന്നാക്കി മാറ്റി). ഒരു വർഷത്തിനുള്ളിൽ, അവർ പ്രശസ്തിയിലേക്ക് ഉയർന്നു. 1970 കളുടെ ആദ്യ പകുതിയിൽ വലിയ ഹിറ്റുകൾ സൃഷ്ടിച്ച കാർപെന്റേഴ്സ് ലോകമെമ്പാടും വലിയ വാണിജ്യ വിജയം നേടി. 1970 കളിൽ യുകെയിലെ ഔദ്യോഗിക റെക്കോർഡ് ചാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഏഴാമത്തെ ആൽബം ആർട്ടിസ്‌റ്റുകളായി ഇവർ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ബിൽബോർഡ് റാങ്കിങ്ങിലെ ആദ്യ പത്തിലും ഇടം നേടിയിട്ടുണ്ട് കാർപെന്റേഴ്സ്. 2005 ആയപ്പോഴേക്കും ലോകമെമ്പാടും അവരുടെ 100 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റഴിക്കപ്പെട്ടു എന്ന് കരുതുന്നു.
കുട്ടിക്കാലത്തേ പിയാനോ പാഠങ്ങൾ പഠിച്ചയാളാണ് റിച്ചാർഡ്. സഹോദരി കാരെൻ ഡ്രംസും പഠിച്ചിട്ടുണ്ട്. 1965-ലാണ് അവർ ആദ്യമായി സഹകരിച്ചു പ്രവർത്തിച്ചത്. 1979-ൽ ക്വാലുഡ് (Quaalude) എന്ന ന്യൂറോൺ രോഗത്തെ തുടർന്ന് റിച്ചാർഡ് ഒരു വർഷം ബാൻഡിൽ നിന്ന് അവധി എടുത്തു.ഇതേ സമയത്ത് കാരെന് അനോറെക്സിയ നെർവോസ (anorexia nervosa) എന്ന രോഗം ബാധിച്ചു. ഭക്ഷണം കഴിക്കുന്നതിലെ പേടി മൂലമുള്ള പാകപ്പിഴകൾ മൂലം ശരീര ഭാരം കണ്ടമാനം കുറയുന്നതാണ് ലക്ഷണം. ഈ രോഗത്തിന്റെ സങ്കീർണതകളേ തുടർന്ന് ഹൃദയസ്തംഭനം മൂലം 1983-ൽ കാരെൻ മരിച്ചതോടെ ബാൻഡിനും തിരശീല വീണു. എങ്കിലും അവരുടെ സംഗീതം തുടർന്നും നിരൂപക പ്രശംസയും , വാണിജ്യ വിജയവും നേടിക്കൊണ്ടേയിരുന്നു. തങ്ങളുടെ ബാൻഡ് കരിയറിൽ മൂന്ന് ഗ്രാമി അവാർഡുകൾ നേടിയ ഇരുവരും സംഗീത ലോകത്തെ മറ്റ് നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.